തിരയുക

ഫ്രാന്‍സിസ് പാപ്പാ  പൊതു കൂടികാഴ്ച്ചയില്‍....  ഫ്രാന്‍സിസ് പാപ്പാ പൊതു കൂടികാഴ്ച്ചയില്‍....  

വിശുദ്ധിയിലേക്കുളള വിളി: കൃപയെ പ്രവർത്തികൾ കൊണ്ട് വാങ്ങാൻ കഴിയുകയില്ല

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ രണ്ടാം അദ്ധ്യായത്തിലെ 54-56 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തിനം.

സി.റൂബിനി സി.റ്റി.സി

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

രണ്ടാം അദ്ധ്യായം:

വിശുദ്ധിയുടെ വഴിയില്‍ നാം അഭിമുഖികരിക്കേണ്ടി വരുന്ന രണ്ടു ശത്രുക്കളാണ് “ഗ്നോസ്റ്റിസിസം” (Gnosticism),പെലേജിയനിസം” (Pelagianism) എന്ന പാഷാണ്ഡതകള്‍. ഈ രണ്ടു പാഷണ്ഡതകളെയും സൂക്ഷിക്കാൻ പാപ്പാ നിർദ്ദേശിക്കുന്നു. എല്ലാം അറിയാമെന്ന ചിന്തയും, കരുണയില്ലാതെ നിയമങ്ങളിൽ മുറുകെ പിടിച്ചു നില്‍ക്കുന്ന മനോഭാവവും വിശുദ്ധിയുടെ മാർഗ്ഗത്തെ വിദൂരത്തിലാക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

കൃപയെ പ്രവർത്തികൾ കൊണ്ട് വാങ്ങാൻ കഴിയുകയില്ല

54. “കൃപയുടെ ദാനം മനുഷ്യബുദ്ധിയുടെയും മനസ്സിന്‍റെയും ശക്തിയെ അതിശയിക്കുന്നുവെന്നും  ദൈവത്തെ സംബന്ധിച്ച് മനുഷ്യന്‍റെ ഒരു യോഗ്യതയ്ക്കും കർശനമായ അവകാശമില്ലായെന്നും ദൈവത്തിനും മനുഷ്യനും ഇടയിൽ അളക്കാനാവാത്ത ഒരു അസമത്വമുണ്ട് എന്നും കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം നമ്മെ അനുസ്മരിപ്പിക്കുന്നു. അവിടുത്തെ സൗഹൃദം അനന്തമായി നമുക്ക് അതീതമാണ്. നമ്മുടെ പ്രവർത്തികൾ കൊണ്ട് നമുക്ക് അത് വാങ്ങാൻ കഴിയുകയില്ല. അവിടുത്തെ സ്നേഹപൂർണ്ണമായ പ്രേരണയിൽ നിന്ന് ജനിക്കുന്ന ഒരു ദാനമാകാന്‍ മാത്രമേ അത് സാധിക്കൂ. ഇത് തീർത്തും അർഹതയില്ലാത്ത ദാനമാകയാൽ ആനന്ദപൂർണ്ണമായ കൃതജ്ഞതയില്‍ ജീവിക്കാൻ ഇത് നമ്മെ ക്ഷണിക്കുന്നു. എന്നാൽ ഒരുവൻ ഒരിക്കൽ കൃപ സ്വീകരിച്ചുകഴിഞ്ഞാൽ ആ കൃപയ്ക്ക് പിന്നീട് ഒരിക്കലും യോഗ്യതയുടെ കീഴിൽ വരുവാൻ കഴിയുകയില്ല. വിശുദ്ധൻ തങ്ങളുടെ സ്വന്തം പ്രവർത്തികളിൽ വിശ്വാസമർപ്പിക്കുന്നത് ഒഴിവാക്കിയിരിക്കുന്നു. ഈ ജീവിതസായാഹ്നത്തിൽ ഒഴിഞ്ഞ കരങ്ങളുമായി ഞാൻ അവിടുത്തെ മുന്നിൽ പ്രത്യക്ഷപ്പെടും. എന്തെന്നാൽ കർത്താവേ, എന്‍റെ പ്രവർത്തികൾ എണ്ണാൻ ഞാൻ അവിടുത്തോടു അപേക്ഷിക്കുന്നില്ല. എന്തെന്നാൽ ഞങ്ങളുടെ നീതിക്കെല്ലാം അവിടുത്തെ ദൃഷ്ടിയിൽ കളങ്കങ്ങളുണ്ട്”.

വിശുദ്ധര്‍ തങ്ങളുടെ സ്വന്തം പ്രവർത്തികളിൽ വിശ്വാസം അർപ്പിക്കുന്നത് ഒഴിവാക്കിയിരുന്നു എന്ന് ഓർമ്മിപ്പിക്കുന്ന ഫ്രാൻസിസ് പാപ്പാ നമ്മുടെ ജീവിതത്തെ ദൈവകൃപ കൂടാതെ നമുക്ക് ജീവിക്കാനാവില്ല എന്ന സത്യത്തെ ആഴത്തിൽ മനസ്സിലാക്കുവാനും ദൈവത്തെ വിസ്മരിച്ച് സ്വന്തം കഴിവിൽ ആശ്രയിച്ച് മുന്നോട്ടു പോകുവാനുള്ള മനുഷ്യന്‍റെ പ്രവണതയെ കുറിച്ച് അവബോധം ഉള്ളവരായിരിക്കാന്‍ ഉദ്ബോധിപ്പിക്കുന്നു. “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന തന്‍റെ അപ്പോസ്തോലിക പ്രബോധനത്തിൽ നമുക്ക് ലഭിച്ചിരിക്കുന്ന ദൈവകൃപ നാം അർഹിക്കാത്ത ദാനമാണെന്നാണ് പാപ്പാ വ്യക്തമാക്കുന്നത്. അതുകൊണ്ട് കൃതജ്ഞതയോടെ ജീവിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. ദൈവത്തിന്‍റെ ചിന്തയിൽ വരാൻ മാത്രം മനുഷ്യന് എന്ത് യോഗ്യതയുണ്ടെന്ന് സങ്കീർത്തകന്‍ ചോദിക്കുന്നുണ്ട്. അത്രമാത്രം ബലഹീനനായ മനുഷ്യന് ദൈവത്തിന്‍റെ കാരുണ്യമില്ലെങ്കിൽ നിലനിൽപ്പില്ല. മരണത്തിനു ശേഷമുള്ള ജീവിതത്തെ വിസ്മരിച്ച് ലോകത്തിലെ ജീവിതത്തെ ഭദ്രപ്പെടുത്താൻ നെട്ടോട്ടമോടുന്ന മനുഷ്യൻ തന്‍റെ ബലത്തെ തന്നില്‍ത്തന്നെയാണ് കണ്ടെത്താൻ ശ്രമിക്കുന്നത്. എന്നാല്‍ ഈ വിശ്വാസത്തെ അവന്‍റെ ജീവിതത്തിലുണ്ടാകുന്ന ചെറിയ ചെറിയ വിള്ളലുകൾക്ക് പോലും തകർക്കാൻ കഴിയും എന്ന് നാം ഓർക്കണം. ജീവിതത്തെ വ്യക്തമായി മനസ്സിലാക്കുകയും, ക്രിസ്തുവിന്‍റെ മൂല്യങ്ങളെ ധ്യാനിക്കുകയും, ജീവിക്കുകയും ചെയ്യുന്ന ഫ്രാൻസിസ് പാപ്പാ പറയുന്നത് നമ്മുടെ നീതി എന്ന് നാം കരുതുന്നതു പോലും ദൈവസൃഷ്ടിയുടെ മുന്നില്‍ കളങ്കങ്ങളാണെന്നാണ്. നമുക്ക് ചുറ്റുമുള്ളവരെയും നമ്മോടൊപ്പമുള്ളവരെയും നാം എങ്ങനെയാണ് സമീപിക്കുന്നത്. ദൈവത്തിൽനിന്നും ദാനമായി  ലഭിച്ച കഴിവുകളുടെ പേരിൽ അഹങ്കരിച്ച് മറ്റുള്ളവരെ വാക്കുകൾകൊണ്ടും, പ്രവർത്തികൾ കൊണ്ടും അവഹേളിക്കുകയും ചെയ്യുന്ന നമ്മുടെ മനോഭാവങ്ങൾ ദൈവത്തിന്‍റെ മുന്നിൽ നീതീകരിക്കപ്പെടുന്നുണ്ടോയെന്ന്ചിന്തിക്കാം. മറ്റുള്ളവരില്‍ ദൈവമുണ്ടെന്നും ദൈവത്തിന്‍റെ നന്മ അവരില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും തിരിച്ചറിഞ്ഞാൽ മാത്രമേ നമുക്ക് നമ്മുടെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്താൻ കഴിയുകയുള്ളു. ദൈവ സ്നേഹത്തിന്‍റെ കരവലയത്തിലായിരിക്കുന്ന നാം മറ്റുള്ളവരെ നമ്മുടെ വൈകല്യങ്ങള്‍ കൊണ്ടു വൃണപ്പെടുത്തി തടവറയിലാക്കാതിരിക്കാൻ പരിശ്രമിക്കാം.

ജീവിതം അത്യന്തികമായും ഒരു ദാനമാണ്

55. “തിരുസഭ മുറുകെ പിടിക്കേണ്ട വലിയ ബോധ്യങ്ങളിൽ ഒന്നാണിത്. അതിനെക്കുറിച്ച് ഒരു ചോദ്യവും ഉണ്ടാക്കാൻ കഴിയാത്ത വിധം ദൈവവചനത്തിൽ അത് വളരെ വ്യക്തമായി ആവിഷ്കരിച്ചിട്ടുണ്ട്. സ്നേഹത്തിന്‍റെ പരമോന്നത കല്പനപോലെ നാം ജീവിക്കുന്ന പാതയെ ഈ സത്യം സ്വാധീനിക്കണം. എന്തെന്നാൽ അത് സുവിശേഷത്തിന്‍റെ ഹൃദയത്തിൽ നിന്ന് ഒഴുകുന്നതാണ്. അതിനെ ബുദ്ധിപരമായി നാം സ്വീകരിക്കണമെന്ന് മാത്രമല്ല അതിനെ മറ്റുള്ളവരിലേക്ക് പകരുന്ന ആനന്ദത്തിന്‍റെ ഒരു സ്രോതസ്സാക്കണമെന്നും അതാവശ്യപ്പെടുന്നു. എങ്കിലും, നമ്മുടെ ഭൗതിക ജീവിതവും നമ്മുടെ സ്വാഭാവിക കഴിവുകളും അവിടുത്തെ ദാനമാണെന്ന് മനസ്സിലാക്കാത്ത പക്ഷം കർത്താവിന്‍റെ സൗഹൃദത്തിന്‍റെ ഈ സൗജന്യദാനം ആഘോഷിക്കാൻ നമുക്ക് കഴിയുകയില്ല. നമ്മുടെ ജീവിതം അത്യന്തികമായും ഒരു ദാനമാണെന്ന് നാം ആഹ്ലാദപൂർവ്വം അംഗീകരിക്കേണ്ടതും നമ്മുടെ സ്വാതന്ത്ര്യം ഒരു കൃപയാണെന്ന് തിരിച്ചറിയേണ്ടതും ആവശ്യമാണ്. എന്നാല്‍ തനിക്ക് വേണ്ടിത്തന്നെ സ്വന്തം സർഗ്ഗാത്മകതയുടെ അഥവാ സ്വാതന്ത്ര്യത്തിന്‍റെ ഫലങ്ങൾ സൂക്ഷിക്കാൻ കഴിയുമെന്ന് വിചാരിക്കുന്ന ഇന്നത്തെ ഒരു ലോകത്തിൽ ഇത് എളുപ്പമല്ല”.

ജീവനും ജീവിതവും ദൈവത്തിന്‍റെ ദാനമാണ്. മണ്ണിൽ നിന്നുമെടു ത്ത മനുഷ്യൻ മണ്ണിലേക്ക് മടങ്ങിപോകുന്നു. പുല്ലുപോലെ വാടുകയും, പുഷ്പം പോലെ കൊഴിഞ്ഞു പോകുകയും ചെയ്യുന്നു. സ്വന്തം ജീവിതാന്ത്യത്തെ നിർണ്ണയിക്കാൻ കഴിയാത്ത മനുഷ്യജീവിതം അത്യന്തികമായും ദൈവദാനമാണെന്ന് ഓർമ്മിപ്പിക്കുന്ന പാപ്പാ ഭൂമിയിൽ ജീവിക്കാൻ നമുക്ക് ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യം ഒരു കൃപയാണെന്ന് തിരിച്ചറിയാൻ ആവശ്യപ്പെടുന്നു. ഈ തിരിച്ചറിവ് നമ്മെ നയിക്കേണ്ടത് മറ്റുള്ളവരിലേക്കാണ്. എന്നാൽ തനിക്ക് വേണ്ടി മാത്രം ദൈവം നൽകിയ സ്വാതന്ത്ര്യത്തിന്‍റെ ഫലങ്ങൾ സൂക്ഷിക്കാൻ കഴിയും എന്ന് കരുതുന്ന ഇന്നത്തെ ലോകത്തിൽ ദൈവവും, സഭയും ആഗ്രഹിക്കുന്നത് പോലെ മറ്റുള്ളവരുടെ ജീവിതങ്ങളിലേക്ക് എത്തിപ്പെടാൻ സാധിക്കുകയില്ലെന്ന് പാപ്പാ ഓർമിപ്പിക്കുന്നു. ഏതൊരു ചിന്തയ്ക്കും പ്രവർത്തനത്തിനും മുമ്പ് ജീവിതത്തെക്കുറിച്ചും, ജീവിതം നൽകിയ ദൈവത്തെക്കുറിച്ചുമുള്ള ധ്യാനവും, ഒരിടവേളയും ആവശ്യമാണ്. ഈ ഇടവേളയില്‍  നമുക്ക് നമ്മെ വ്യക്തമായി കാണുവാൻ കഴിയും. നമ്മെക്കുറിച്ചുള്ള നമ്മുടെ അമിതമായ ആശ്രയം' ദൈവത്തിന്‍റെ  നന്മയെ പാഴാക്കുന്നതോടൊപ്പം നമ്മിലൂടെ ദൈവം ഒഴുക്കുന്ന കൃപയുടെ ചാലുകൾ വറ്റിപോകാനിടയാക്കുകയും ചെയ്യുന്നു.

കൃപയുടെ ജീവിതത്തിൽ വളർച്ചയെ സാധ്യമാക്കുന്ന ഉപവി

56. “സൗജന്യമായി അംഗീകരിക്കപ്പെട്ടതും വിനീതമായി സ്വീകരിക്കപ്പെട്ടതുമായ ദൈവദാനത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ ക്രമേണയുള്ള പരിവർത്തനത്തിൽ നമ്മുടെ സ്വന്തം പരിശ്രമങ്ങൾ വഴി നമുക്ക് സഹകരിക്കാൻ കഴിയൂ. അനാദിയായ ദൈവത്തിന് നമ്മെത്തന്നെ സമർപ്പിച്ചുകൊണ്ട് നാം ആദ്യം അവിടുത്തെ സ്വന്തമാകണം. നമ്മുടെ കഴിവുകളെയും, പരിശ്രമങ്ങളെയും, തിന്മകൾക്കെതിരെയുള്ള പോരാട്ടത്തെയും,സർഗ്ഗാത്മകതയെയും അവിടുത്തെ നാം ഭരമേൽപ്പിക്കണം. എന്തെന്നാൽ അവിടുത്തെ സൗജന്യദാനം നമ്മുടെയുള്ളിൽ വളരാനും, വികസിക്കാനും വേണ്ടിയാണിത്. “ആകയാൽ സഹോദരരേ, ദൈവത്തിന്‍റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു. നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിന് പ്രീതികരമായ സജീവബലിയായി സമർപ്പിക്കുവിൻ”. (റോമാ.12:1) അക്കാര്യത്തിന് കൃപയുടെ ജീവിതത്തിൽ വളർച്ച സാധ്യമാക്കുന്നത് ഉപവിയാൽ  മാത്രമാണെന്ന് തിരുസഭ എപ്പോഴും പഠിപ്പിച്ചിട്ടുണ്ട്. “എന്തെന്നാൽ സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല”. (1കൊറി.13 :2) ദൈവത്തിന്‍റെ കാരുണ്യത്തെ അനുസ്മരിച്ച് കൊണ്ട് ജീവിക്കാൻ ആവശ്യപ്പെടുന്ന പാപ്പാ ദൈവം നൽകുന്ന കൃപയുടെ ജീവിതത്തിൽ വളരുവാൻ ഉപവിയുടെ ആവശ്യത്തേയും ചൂണ്ടിക്കാണിക്കുന്നു.

ഒറ്റയ്ക്ക് ജീവിക്കേണ്ടവരല്ല നാം. ഒരുമിച്ച് സ്നേഹത്തിന്‍റെ  അരൂപിയില്‍ ജീവിക്കേണ്ടവരാണ്. സ്നേഹം  നമ്മെ ഒരുമിപ്പിക്കുകയും ഒന്നാക്കുകയും ചെയ്യുന്നു. മറ്റുള്ളവരെക്കുറിച്ചുള്ള ഓർമ്മയും അവരുമായുള്ള പങ്കുവയ്ക്കലുമാണ് സ്നേഹം. ക്രിസ്തു ഈ ഭൂമിയിലായിരുന്നപ്പോൾ പൂർത്തിയാക്കിയ ദൗത്യത്തെ ഉപവിയിലൂടെ നമുക്ക് തുടരുവാൻ കഴിയും. സ്നേഹിക്കുന്നവർക്ക് സ്നേഹം അമൂല്യമാണ്. സ്വന്തം ജീവൻ നൽകി സ്നേഹത്തെ വിശുദ്ധീകരുച്ച ക്രിസ്തുവും, സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല എന്ന് പറഞ്ഞ പൗലോസും, സ്നേഹമാണ് എന്‍റെ ദൈവവിളി എന്ന് പറഞ്ഞ വിശുദ്ധ കൊച്ചുത്രേസ്യായും ഉപവിയില്‍ ജീവിക്കുവാൻ നമ്മെ ക്ഷണിക്കുന്നു. പാവപ്പെട്ടവരെയും, സമൂഹം മാറ്റി നിർത്തിയവരെയും  സ്നേഹിക്കുകയും അവർക്കായി നിരന്തരം ശബ്‌ദമുയർത്തുകയും ചെയ്യുന്ന നവയുഗപ്രവാചകനും, സമാധാന സന്ദേശകനുമായ ഫ്രാന്‍സിസ് പാപ്പായുടെ പ്രബോധങ്ങള്‍ക്കനുസൃതമായി ജീവിക്കാൻ നമുക്കും പരിശ്രമിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 May 2019, 15:27