കൂട്ടായ്മയുടെ സന്ദേശവുമായി വത്തിക്കാനില്‍നിന്നും

കൂട്ടായ്മയ്ക്കുള്ള ആഹ്വാനവുമായി റൊമേനിയന്‍ ജനതയ്ക്ക് പാപ്പാ ഫ്രാന്‍സിസ് വീഡിയോ സന്ദേശം അയച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

നേര്‍ക്കാഴ്ചയ്ക്കുള്ള അഭിനിവേശത്തോടെ...
30- Ɔമത് അപ്പസ്തോലിക യാത്രയ്ക്ക് രണ്ടു ദിവസങ്ങള്‍ മാത്രം ബാക്കി നില്ക്കെയാണ് റൊമേനിയന്‍ ജനതയ്ക്ക് പാപ്പാ ഫ്രാന്‍സിസ് വീഡിയോ സന്ദേശം അയച്ചത്. വൈവിധ്യമാര്‍ന്ന പ്രതിസന്ധിയില്‍ കഴിയുന്ന ജനതയെ നേരില്‍ കാണുവാന്‍ ഇനിയും അധികം സമയം ആവശ്യമില്ലെന്ന വസ്തുത തനിക്ക് ഏറെ സന്തോഷം പകരുന്നതായി പാപ്പാ ആമുഖമായി പ്രസ്താവിച്ചു. മെയ് 31, വെള്ളി മുതല്‍ ജൂണ്‍ 2, ഞായര്‍ വരെയാണ് പാപ്പാ ഫ്രാന്‍സിസ് കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ റൊമേനിയ സന്ദര്‍ശിക്കുന്നത്.

തീര്‍ത്ഥാടകനും സഹോദരനും
ഒരു തീര്‍ത്ഥാടകനും സഹോദരനുമായിട്ടാണ് താന്‍ റൊമേനിയയിലേയ്ക്കു വരുന്നത്. ക്ഷണിച്ചതിനും, പരസ്പര സഹകരണത്തോടെ തന്നെ സ്വീകരിക്കാന്‍ ഒരുങ്ങുന്നതിനും രാഷ്ട്രത്തിന്‍റെ അധിപന്മാരോട് ഏറെ കടപ്പാടുണ്ട്. റൊമേനിയയിലെ പാത്രിയര്‍ക്കീസിനെയും, അവിടത്തെ ഓര്‍ത്തഡോക്സ് സഭയുടെ സ്ഥിരം സിനഡിനെയും നേരില്‍ കാണാന്‍ സാധിക്കുന്നതിലുള്ള സന്തോഷവും മുന്‍കൂട്ടി രേഖപ്പെടുത്തുന്നതായി പാപ്പാ അറിയിച്ചു.

പഴമയും പാരമ്പര്യവുമുള്ള സഭ
റോമിലെ സഭയുമായി റൊമേനിയയിലെ കത്തോലിക്കരെയും അവിടത്തെ ഇതര ക്രൈസ്തവ സമൂഹങ്ങളെയും കൂട്ടിയിണക്കുന്ന ചരിത്രത്തിന് അപ്പസ്തോലിക കാലംവരെ പഴക്കമുണ്ട്. പ്രത്യേകിച്ച് സഹോദരങ്ങളായിരുന്ന പത്രോസ്, അന്ത്രയോസ് അപ്പസ്തോലന്മാര്‍ ഒരുമിച്ചാണ് അന്നാട്ടില്‍ വിശ്വാസദീപം കൊളുത്തിയത് എന്ന പാരമ്പര്യം ഏറെ സവിശേഷതയും പ്രാധാന്യവുമുള്ളതാണ്. രക്തബന്ധമുള്ള ആ സഹോദരങ്ങള്‍ വിശ്വാസത്തെപ്രതിയും ക്രിസ്തുവിനുവേണ്ടിയും രക്തം ചിന്തി മരിച്ചുവെന്ന വസ്തുത ഇവിടെ അനുസ്മരണീയമാണ്.

രക്തസാക്ഷിത്വം ഐക്യപ്പെടുത്തട്ടെ!
ഈ അടുത്തകാലത്ത് റൊമേനിയന്‍ ക്രൈസ്തവര്‍ക്കിടയിലും, നിരവധി രക്തസാക്ഷികള്‍ ഉണ്ടായിട്ടുണ്ടെന്ന സത്യവും, അതില്‍ 7 ഗ്രീക്ക്-കത്തോലിക്കാ മെത്രാന്മാരെ ഈ സന്ദര്‍ശനത്തില്‍ താന്‍ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയ‍ര്‍ത്താന്‍ പോകുന്നതിലുള്ള സന്തോഷവും പാപ്പാ സന്ദേശത്തില്‍ ഓര്‍മ്മിച്ചു. അവര്‍ എന്തിനുവേണ്ടി രക്തംചിന്തി മരിച്ചുവെന്ന സത്യം ക്രൈസ്തവര്‍ക്കേവര്‍ക്കും മറക്കാനാവാത്തതും അമൂല്യവുമായ പൈതൃകംതന്നെയാണ്! റൊമേനിയന്‍ ജനതയെ ഒരിക്കലും പരസ്പരം അകറ്റാന്‍ പാടില്ലാത്തതും, ക്രിസ്തുവില്‍ കൂടുതല്‍ ഒരുമിപ്പിക്കേണ്ടതുമായ പൊതുവായ പൈതൃകമാണിത്.

സംരക്ഷിക്കപ്പെടേണ്ട ഐക്യവും സാഹോദര്യവും
റൊമേനിയന്‍ മണ്ണില്‍ താന്‍ കാലുകുത്തുന്നത് അവിടത്തെ ജനങ്ങള്‍ക്കൊപ്പം കൈകോര്‍ത്തു നടക്കാനാണ്. നാം ആയിരിക്കുന്ന വലിയ ക്രൈസ്തവ കുടുംബത്തിന്‍റെ മൂലവും മൂല്യവും മനസ്സിലാക്കുമ്പോള്‍, ആ കൂട്ടായ്മയും സാഹോദര്യവും ഐക്യവും സംരക്ഷിക്കുകതന്നെ വേണം. സമൂഹത്തിന്‍റെ ഭാവിയും, വളരുന്ന തലമുറയെയും, കൂടെയുള്ള സഹോദരങ്ങളെയും കാണുമ്പോള്‍, ഉള്ളില്‍ ഒളിഞ്ഞുകിടക്കുന്ന ഭീതിയും സംശയവും മറന്നും, പ്രതിബന്ധങ്ങളുടെ അതിരുകള്‍ തകര്‍ത്തും റൊമേനിയന്‍ ജനതയ്ക്ക് ഒരുമിച്ചു നടക്കാനാകണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

പ്രാര്‍ത്ഥനയോടും ആശീര്‍വ്വാദത്തോടുംകൂടെ...!
തന്‍റെ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ക്കായി അദ്ധ്വാനിക്കുന്ന എല്ലാവരെയും നന്ദിയോടെ അനുസ്മരിക്കുന്നെന്നും, ഈ ദിനങ്ങളില്‍ പ്രാര്‍ത്ഥനയില്‍ റൊമേനിയന്‍ ജനതയോട് താന്‍ പ്രത്യേകമായി ഐക്യപ്പെട്ടിരിക്കുകയാണെന്നും പ്രസ്താവിച്ചു. ഏവര്‍ക്കും അപ്പസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടും, യാത്രയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുമാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 May 2019, 17:06