Vatican News
Sant'ana 2019.05.30 90th Anniversary of the parochial errection on 30 May 1929 Sant'ana 2019.05.30 90th Anniversary of the parochial errection on 30 May 1929 

വിശുദ്ധ അന്നയുടെ വത്തിക്കാനിലെ ഇടവകയ്ക്ക് 90 വയസ്സ്!

ഇടവക സ്ഥാപിച്ചതിന്‍റെ വാര്‍ഷികനാള്‍ മെയ് 30-ന് പാപ്പാ ഫ്രാന്‍സിസ് സന്ദേശം അയച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

പാപ്പായുടെ ഹ്രസ്വമായ ആശംസ!
കന്യകാനാഥയുടെ അമ്മയായ വിശുദ്ധ അന്നയുടെ നാമത്തിലുള്ള ഇ‌ടവക ദേവാലയത്തിന്‍റെ 90-Ɔο വാര്‍ഷികം ആചരിക്കുന്ന ഇടവകയും അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സകലരും സുവിശേഷത്തിനു സാക്ഷ്യംവഹിക്കുന്നതില്‍ നവമായ സമര്‍പ്പണത്തോടെ ജീവിക്കാന്‍ ഇടയാവട്ടെയെന്ന്, ആഗസ്തീനിയന്‍ സന്ന്യാസിയായ ഇടവക വികാരി, ബ്രൂണോ  സില്‍വസ്ത്രീനിക്ക് അയച്ച കത്തിലൂടെ പാപ്പാ ആശംസിച്ചു.

ഇടവക നോക്കുന്ന ‘അഗസ്തീനിയന്‍’ സഭക്കാര്‍
ഇടവകസമൂഹത്തിന്‍റെ പ്രവര്‍ത്തനങ്ങളിലും വളര്‍ച്ചയിലും സമര്‍പ്പിതരായിരിക്കുന്ന അഗസ്തീനിയന്‍ സഭാ സമൂഹത്തിനും പാപ്പാ നന്ദിയര്‍പ്പിക്കുകയും, അവരില്‍ ഓരോരുത്തരിലും പരിശുദ്ധാത്മാവിന്‍റെ വരസമൃദ്ധി വര്‍ഷിക്കപ്പെടട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. അപ്പസ്തോലിക ആശീര്‍വ്വാദത്തോടെയാണ് പാപ്പാ ഫ്രാന്‍സിസ് ഹ്രസ്വമായ സന്ദേശം ഉപസംഹരിച്ചത്.

പേപ്പല്‍ സേവകരുടെ ദേവാലയം
വത്തിക്കാന്‍ നഗരവളപ്പില്‍ സ്ഥിതിചെയ്യുന്ന ഈ ദേവാലയം പരിശുദ്ധ സിംഹാസനത്തിന്‍റെ സേവകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുംവേണ്ടി പണിതീര്‍ത്തതാണ്. 1565-ല്‍ പിയൂസ് നാലാമന്‍ പാപ്പായാണ്, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ തെക്കു കിഴക്കു ഭാഗത്തും, വത്തിക്കാന്‍-ഇറ്റലി രാജ്യാതിര്‍ത്തിയോടു ചേര്‍ന്നും, വത്തിക്കാനിലേയ്ക്കുള്ള പ്രവേശന കവാടങ്ങളില്‍ ഒന്നിനോടു ചേര്‍ന്നും പണികഴിപ്പിക്കുന്നതിനുള്ള അനുമതി നല്കിയത്.
പേപ്പല്‍ സേവകരുടെ കൂട്ടായ്മയായ Archconfraternity സംഘമാണ് നിര്‍മ്മാണത്തിന് നേതൃത്വംനല്കിയതും അതിന്‍റെ ചെലവുവഹിച്ചതും. മൈക്കിളാഞ്ചലോയുടെ സമകാലീനനായ വാസ്തുശില്പി വീഞ്ഞോളയാണ് യേശുവിന്‍റെ മുത്തച്ഛിയുടെ നാമത്തിലുള്ള ദേവാലയം രൂപകല്പനചെയ്തത്.

സവിശേഷചിത്രം – വിശുദ്ധ അന്നയും മകള്‍ മേരിയും
1583-ല്‍ ചെറുതെങ്കിലും മനോഹരമായ ദേവാലയം പണിതീര്‍ക്കപ്പെട്ടു. വിശ്വത്തരചിത്രകാരനായ കറവാജ്ജിയോ 1603-ല്‍ വരച്ച വിശുദ്ധ അന്നയുടെ എണ്ണച്ഛായാചിത്രം പ്രധാന അള്‍ത്താരയില്‍ സ്ഥാപിക്കപ്പെട്ടു. എന്നാല്‍ 1927-ല്‍ വിശുദ്ധ അന്നയും മകള്‍, കുഞ്ഞുമറിയവും ചേര്‍ന്നുനില്ക്കുന്ന എണ്ണച്ഛായാചിത്രം അര്‍ത്തൂരോ വിലിയാര്‍ദി വരച്ചത് തല്‍സ്ഥാനത്തു പ്രതിഷ്ഠിച്ചതാണ് ഇന്നും ദേവാലയത്തിന്‍റെ പ്രധാന അള്‍ത്താരയില്‍ കാണുന്നത്. കറവാജിയോ രചിച്ച വിശുദ്ധ അന്നയുടെ എണ്ണച്ഛായാചിത്രം പാര്‍ശ്വത്തിലുള്ള ചെറിയ അള്‍ത്താരയിലേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.

പാപ്പായുടെ ഇടവകദേവാലയം
മൂന്നു നൂറ്റാണ്ടുകള്‍ക്കുശേഷം, 1929 മെയ് 30-നു മാത്രമാണ് പിയൂസ്
11- Ɔമന്‍ പാപ്പാ വിശുദ്ധ അന്നയുടെ ദേവാലയം ഒരു ഇടവകയാക്കി ഉയര്‍ത്തിയത്. ഇടവക സ്ഥാപനത്തിന്‍റെ 90- Ɔο വാര്‍ഷികമാണ് മെയ് 30- Ɔο തിയതി വ്യാഴാഴ്ച വത്തിക്കാന്‍ അനുസ്മരിക്കുന്നത്.  പാപ്പായുടെ ഇടവകയായിട്ടാണ് വിശുദ്ധ അന്നയുടെ ദേവാലയം ഇന്ന് ലോകം മുഴുവനും അറിയപ്പെടുന്നത്. അതുകൊണ്ടാവണം സ്ഥാനാരോപിതനായ ശേഷം പാപ്പാ ഫ്രാന്‍സിസ് തന്‍റെ ആദ്യത്തെ ദിവ്യബലി പരസ്യമായി അര്‍പ്പിച്ചത് വത്തിക്കാനിലെ വിശുദ്ധ അന്നയുടെ ഇടവകപ്പള്ളിയില്‍, അവിടത്തെ ജനങ്ങള്‍ക്കൊപ്പം, 2013 മാര്‍ച്ച് 17-നായിരുന്നു! പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍നിന്നും തന്‍റെ ഇടവകപ്പള്ളിയിലേയ്ക്ക് ദിവ്യബലി അര്‍പ്പിക്കാന്‍ പാപ്പാ ഫ്രാന്‍സിസ് നടന്നാണ് എത്തിയത്.

വിശുദ്ധ അന്നയുടെ ഇടവകയില്‍ വിവാഹം കഴിക്കാന്‍ 
ഒരു സാധാരണ ഇടവക ദേവാലയംപോലെതന്നെ, അവിടെ ശവസംസ്ക്കാരം ഉള്‍പ്പെടെ എല്ലാതിരുക്കര്‍മ്മങ്ങളും നടത്തപ്പെടുന്നു. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നും വിശ്വാസികള്‍ ഈ ദേവാലയത്തില്‍വന്ന് വിവാഹാശീര്‍വ്വാദം, ജ്ഞാനസ്നാനം, സ്ഥൈര്യലേപനംപോലുള്ള കൂദാശകള്‍, പ്രത്യേക അനുമതിയോടെ പരികര്‍മ്മംചെയ്തുപോകുന്നത് പതിവാണ്. വിശുദ്ധ അന്നയുടെ മാദ്ധ്യസ്ഥം കുടുംബങ്ങളെ തകരാതെ കാക്കുമെന്നു വിശ്വസിക്കുന്നതിനാല്‍ വത്തിക്കാനിലെ ഇടവകയില്‍ വിവാഹം കഴിക്കാന്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നും വിവാഹാര്‍ത്ഥികള്‍ വന്നെത്താറുണ്ട്. രാവിലെയും വൈകുന്നേരവും ജനങ്ങള്‍ക്കായി ദിവ്യബലി അര്‍പ്പിക്കപ്പെടുകയും, സന്ദര്‍ശകര്‍ക്ക് പ്രാര്‍ത്ഥിക്കാനും ധ്യാനിക്കാനും കുമ്പസാരിക്കാനുമൊക്കെ ഏറെ സൗകര്യമുള്ള ആത്മീയഗേഹമാണ് വിശുദ്ധ അന്നയുടെ നാമത്തില്‍ വത്തിക്കാനിലുള്ള ഇടവകപ്പള്ളി!
 

30 May 2019, 18:59