ഫ്രാന്‍സീസ് പാപ്പാ ഉത്തര മാസിഡോണിയായിലെ സ്കോപ്യെയില്‍, വിശുദ്ധ മദര്‍ തെരേസയുടെ തിരുസ്വരൂപത്തിനു മുന്നില്‍, 07/05/2019 ഫ്രാന്‍സീസ് പാപ്പാ ഉത്തര മാസിഡോണിയായിലെ സ്കോപ്യെയില്‍, വിശുദ്ധ മദര്‍ തെരേസയുടെ തിരുസ്വരൂപത്തിനു മുന്നില്‍, 07/05/2019 

പാപ്പാ ബള്‍ഗേറിയയില്‍ നിന്ന് ഉത്തരമാസിഡോണിയായിലേക്ക്!

ഫ്രാന്‍സീസ് പാപ്പായുടെ ഇരുപത്തിയൊമ്പതാം അപ്പസ്തോലിക പര്യടനം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസ് പാപ്പാ തന്‍റെ ഇരുപത്തിയൊമ്പതാം വിദേശ അപ്പസ്തോലിക പര്യടനത്തിന്‍റെ വേദികളാക്കിയത് ബള്‍ഗേറിയ, ഉത്തരമാസിഡോണിയ എന്നീ നാടുകളാണല്ലൊ. അഞ്ചാം തിയതി (05/05/2019) ഞായറാഴ്ച മുതല്‍ ഏഴാം തിയതി (07/05/2019) ചൊവ്വാഴ്ച വരെ ആയിരുന്നു പാപ്പായുടെ ഈ സന്ദര്‍ശനം. ഇതില്‍ ഞായറും തിങ്കളും, അതായത്, രണ്ടു ദിവസം ബള്‍ഗേറിയായ്ക്കും ചൊവ്വാഴ്ച ഉത്തരമാസിഡോണിയയ്ക്കും വേണ്ടി പാപ്പാ നീക്കിവച്ചു.     

ചൊവ്വാഴ്ച രാവിലെ ഫ്രാന്‍സീസ് പാപ്പാ ബള്‍ഗേറിയയുടെ തലസ്ഥാന നഗരിയായ സോഫിയായില്‍ നിന്ന് 160-ലേറെ കിലോമീറ്റര്‍ വ്യോമദൂരമുള്ള ഉത്തരമാസിഡോണിയായുടെ തലസ്ഥാനമായ സ്കൊപ്യേയില്‍ എത്തി. വിശുദ്ധ മദര്‍ തെരേസ ജനിച്ചു വളര്‍ന്ന പട്ടണമാണ് ഇതെന്ന സവിശേഷതയുണ്ട്.

വിമാനത്താവളത്തില്‍ സ്വീകരണം, ഉത്തരമാസിഡോണിയായുടെ പ്രസിഡന്‍റിന്‍റെ ഔദ്യോഗികവസതിയില്‍  ഔപചാരിക സ്വാഗതസ്വീകരണ ചടങ്ങുകള്‍, പ്രസിഡന്‍റുമായുള്ള സൗഹൃദകൂടിക്കാഴ്ച, ഉത്തരമാസിഡോണിയായുടെ പ്രധാനമന്ത്രിയുമായുള്ള നേര്‍ക്കാഴ്ച, പൗരാധികാരികളെയും നയതന്ത്രപ്രതിനിധികളെയും സംബോധനചെയ്യല്‍, വിശുദ്ധ മദര്‍തെരേസയുടെ സ്മാരക ഭവന സന്ദര്‍ശനം, പാവപ്പെട്ടവരുമായുള്ള കൂടിക്കാഴ്ച, മാസിഡോണിയ ചത്വരത്തില്‍ ദിവ്യപൂജാര്‍പ്പണം, എക്യുമെനിക്കല്‍ മതാന്തര കൂടിക്കാഴ്ച, വൈദികരും അവരുടെ കുടുംബാംഗങ്ങളും സമര്‍പ്പിതരുമായുള്ള സമാഗമം എന്നിവയായിരുന്നു പാപ്പായുടെ ഈ ഇടയസന്ദര്‍ശനത്തിന്‍റെ സമാപന ദിനമായിരുന്ന ചൊവ്വാഴ്ചത്തെ പരിപാടികള്‍. 

 പാപ്പായുടെ ഇടയസന്ദര്‍ശനത്തിന്‍റെ ഉപാന്ത്യദിനമായിരുന്ന തിങ്കളാഴ്ച (06/05/2019) ഉച്ചതിരിഞ്ഞു നടന്ന പരിപാടികളിലൂടെയൊന്നു കണ്ണോടിക്കാം.

ബള്‍ഗേറിയായിലെ കത്തോലിക്കാസമൂഹവുമായുള്ള കൂടിക്കാഴ്ച

മുഖ്യ ദൈവദൂതനായ വിശുദ്ധ മിഖായോലിന്‍റെ നാമത്തിലുള്ള ദേവാലയത്തില്‍ വച്ച് ബള്‍ഗേറിയായിലെ കത്തോലിക്കാസമൂഹവുമായുള്ള കൂടിക്കാഴ്ചയായിരുന്നു തിങ്കളാഴ്ച ഉച്ചതിരിഞ്ഞുള്ള പ്രഥമ പരിപാടി.

1928 ല്‍ ബള്‍ഗേറിയായില്‍ ഉണ്ടായ അതിശക്തമായ ഭൂകമ്പത്തിനു ശേഷം നിര്‍മ്മിക്കപ്പെട്ട ഈ ദേവാലയം 1931 ഡിസമ്പര്‍ 8 നാണ് ആശീര്‍വ്വദിക്കപ്പെട്ടത്. റക്കോവ്സ്കി എന്ന സ്ഥലത്താണ് ഇതു സ്ഥിതിചെയ്യുന്നത്.

ഈ ദേവാലയത്തിലേക്കു പേപ്പല്‍ വാഹനത്തില്‍ കടന്നുപോയ പാപ്പായെ കാണാനും ആശീര്‍വാദം സ്വീകരിക്കാനും പാതയോരങ്ങളില്‍ നിരവധിപ്പേര്‍ നില്ക്കുന്നുണ്ടായിരുന്നു. അവരെ അഭിവാദ്യം ചെയ്തുകൊണ്ടു കടന്നുപോയ പാപ്പാ ദേവാലയത്തിനു മുന്നിലെത്തി വാഹനത്തില്‍ നിന്നിറങ്ങുകയും അവിടെ ചക്രക്കസേരയിലും മറ്റും ഇരുന്നിരുന്നവരുടെ അടുത്തു ചെന്ന് തന്‍റെ സ്നേഹം പങ്കുവയ്ക്കുകയും ചെയ്തു.   തുടര്‍ന്ന് ദേവലയവാതില്‍ക്കല്‍ എത്തിയ പാപ്പായെ പാരമ്പര്യവേഷം ധരിച്ച രണ്ടു പെണ്‍കുട്ടികള്‍ പ്രതീകാത്മകമായി വലിയൊരു റൊട്ടി നല്കി സ്വീകരിച്ചു. തുടര്‍ന്ന് ദേവാലയത്തിലേക്ക് പ്രവേശിച്ച പാപ്പായ്ക്ക് ഒരു ബാലിക പൂച്ചെണ്ടു സമ്മാനിച്ചു. അവിടെ നിന്നിരുന്ന രണ്ടുകുട്ടികളും മാതാപിതാക്കളുമടങ്ങിയ ഒരു നാലംഗ കുടുബവുമായി പാപ്പാ അല്പസമയം സംസാരിക്കുകയും അവര്‍ക്ക് നാലുപേര്‍ക്കും ജപമാല സമ്മാനിക്കുകയും ചെയ്തു. ദേവാലയത്തിനകത്ത് പ്രവേശന കവാടത്തിനടുത്തായി താല്ക്കാലികമായി പ്രതിഷ്ഠിച്ചിരുന്ന വിശുദ്ധ ഇരുപത്തിമൂന്നാം യോഹന്നാന്‍ പാപ്പായുടെ തിരുശേഷിപ്പിനു മുന്നില്‍ പാപ്പാ പുഷ്പമഞ്ജരി അര്‍പ്പിക്കുകയും തിരുശേഷിപ്പ് വണങ്ങി അല്പസമയം മൗനമായി പ്രാര്‍ത്ഥിക്കുകയും ചെയ്തതിനുശേഷമാണ് വേദിയിലേക്കു നീങ്ങിയത്. ആ സമയത്ത് ദേവാലയത്തില്‍ സ്തുതിഗീതം ഉയരുന്നുണ്ടായിരുന്നു.

ദേവാലയത്തില്‍ അള്‍ത്താരയ്ക്കു മുന്നിലായിരുന്നു പാപ്പായ്ക്ക് ഇരിപ്പിടം ഒരുക്കിയിരുന്നത്. ഏതാനും യുവതീയുവാക്കളും പാപ്പായ്ക്ക് പിന്നിലായി ഇരിക്കുന്നുണ്ടായിരുന്നു. സോഫിയ പ്ലോവ്ദിവ് രൂപതയുടെ മെത്രാന്‍ ഗെയോര്‍ഗു  ഇവനോവ് യോവെച്ചെവ്വ് പാപ്പായെ സ്വാഗതം ചെയ്തു. തദ്ദനന്തരം പാപ്പാ ഇപ്പോള്‍ സംസാരിക്കാനുള്ള തന്‍റെ ഊഴമല്ലെങ്കിലും ബിഷപ്പ് ഗെയോര്‍ഗു  ഇവനോവ് യോവെച്ചെവ്വിന് ജന്മദിനാശംസകള്‍ നേരാതെ ഈ കൂടിക്കാഴ്ച ആരംഭിക്കാനാകില്ല എന്നു പറഞ്ഞുകൊണ്ട് പിറന്നാള്‍-നാമഹേതുകതിരുന്നാളാശംസകള്‍ നേര്‍ന്നു.

ഈ ആശംസകള്‍ നേര്‍ന്നതിനു ശേഷം ഒരു സന്ന്യാസിനിയുടെ സാക്ഷ്യം, പാനമയിലെ യുവജനസംഗമത്തിന്‍റെ മുദ്രാഗാനത്തിന്‍റെ പല്ലവി ആലാപനം,ഒരു വൈദികന്‍റെ സാക്ഷ്യം, അല്മായ പ്രസ്ഥാനത്തിലെ ബാലികാബാലന്മാരുടെ നൃത്തം, ഒരു കൂടുംബത്തിന്‍റെ സാക്ഷ്യം എന്നിവയോടെ സംഗമം തുടര്‍ന്നു. അതിനുശേഷം പാപ്പായുടെ പ്രഭാഷണമായിരുന്നു.പാപ്പാ

പ്രഭാഷണാനന്തരം പാപ്പാ ആശീര്‍വ്വാദം നല്കിയതോടെ ഈ കുടിക്കാഴ്ച്ചയ്ക്ക് സമാപനമായി. തുടര്‍ന്നു പാപ്പാ, നൃത്തം അവതരിപ്പിച്ച കുട്ടികളുമായി അല്പസമയം ചിലവഴിക്കുകയും അവര്‍ക്കോരോരുത്തര്‍ക്കും സമ്മാനം നല്കുകയും ചെയ്തു. ദേവാലയത്തിനു പുറത്തേക്കു നീങ്ങവേ പാപ്പാ പലര്‍ക്കും ഹസ്തദാനമേകുകയും കുഞ്ഞുങ്ങളെയും രോഗികളെയും തൊട്ടാശീര്‍വ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

വിവിധ മതങ്ങളുടെ നേതാക്കളുമൊത്ത് സമാധാന പ്രാര്‍ത്ഥന

പാപ്പായുടെ അടുത്ത പരിപാടി, സോഫിയായിലെ  സ്വാതന്ത്ര്യ ചത്വരത്തില്‍ വച്ച് ബള്‍ഗേറിയയിലെ വിവിധമതങ്ങളുടെ നേതാക്കളുമൊത്തുള്ള സമാധാന പ്രാര്‍ത്ഥനയായിരുന്നു.

സോഫിയായില്‍ കാലാവസ്ഥ മോശമായിരുന്നു. മഴയും കാറ്റും ഉണ്ടായിരുന്നതിനാല്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നവര്‍ കുടയെ ആശ്രയിക്കേണ്ടിവന്നു. 

സമാധാന പ്രാര്‍ത്ഥനയ്ക്കായി പാപ്പാ ആദ്യം റക്കോവ്സ്ക്കിയില്‍ നിന്ന് 30-ലേറെ കിലോമീറ്റര്‍ അകലെയുള്ള വിമാനത്താവളത്തിലെത്തുകയും അവിടെനിന്ന് 117 കിലോമീറ്റര്‍ വ്യോമദൂരമുള്ള സോഫിയായിലേക്ക് വിമാനത്തില്‍ പുറപ്പെടുകയും ചെയ്തു. സോഫിയായിലെ വിമാനത്താവളത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് നെത്സാവിസിമോസ്റ്റ് എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ ചത്വരം. അവിടെ ഒരു കാറില്‍ എത്തിയ പാപ്പാ വേദിയിലേക്ക് ആനയിക്കപ്പെട്ടപ്പോള്‍ യുവതീയുവാക്കളും കുട്ടികളുമടങ്ങിയ ഗായകസംഘം ഗാനം ആലപിക്കുന്നുണ്ടായിരുന്നു.

വിവിധ മതനേതാക്കളുടെ മദ്ധ്യത്തിലായി പാപ്പാ നിലകൊണ്ട വേദിയില്‍ ഒരു വശത്ത്, പാപ്പായുടെ യാത്രയുടെ മുദ്രപതിച്ച ഒരു മെഴുകുതിരി വച്ചിട്ടുണ്ടായിരുന്നു. താഴെ 6 ദീപങ്ങളും. ഈ ദീപങ്ങള്‍ അവിടെ ഏതെല്ലാം മതങ്ങളുടെ പ്രതിനിധികള്‍ സന്നിഹിതരാണോ ആ മതങ്ങളെ ദ്യോതിപ്പിക്കുന്നതായിരുന്നു. ശാന്തിയുടെ പ്രതീകമായി ഒരു ഒലിവുചെടിയും ബള്‍ഗേറിയയുടെ പ്രതീകമായി റോസാപുഷ്പങ്ങളും വേദിയിലുണ്ടായിരുന്നു.

വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയുടെ പ്രപഞ്ചസ്തുതിഗീതത്തിനും 122-Ↄ○ സങ്കീര്‍ത്തനാലാപനത്തിനും ശേഷം ഒരു ബാലന്‍ മെഴുകുതിരി കൊളുത്തുകയും അവിടെ തയ്യാറാക്കി വച്ചിരുന്ന ആറു ദീപങ്ങള്‍ പാപ്പായുടെയും ഇതര മതപ്രതിനിധികളുടെയും മുന്നിലായി വേദിയില്‍ താഴെ ഇരുന്നിരുന്ന ആറു പേരെ ഏല്‍പ്പിക്കുകയും ചെയ്തു. അവര്‍ ഈ ദിപവുമേന്തി സമാധാനപ്രാര്‍ത്ഥനയുടെ അവസാനം വരെ വേദിയില്‍ ഉണ്ടായിരുന്നു.

മെഴുകുതിരി കൊളുത്തല്‍ ചടങ്ങിനു ശേഷം, ഓര്‍ത്തഡോക്സ്, യഹൂദ, പ്രൊട്ടസ്റ്റ്ന്‍റ് , അര്‍മേനിയിന്‍, ഇസ്ലാം, കത്തോലിക്കാ വിഭാഗങ്ങളു‌ടെ പ്രതിനിധികള്‍ ഒരോരുത്തരായി പ്രാര്‍ത്ഥന ചൊല്ലി. വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയുടെ പ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ തന്‍റെ സന്ദേശം നല്കി. ഈസന്ദേശാനന്തരം ഹല്ലേലൂയ ഗീതം ആലപിക്കപ്പെട്ടു.

ഹല്ലേലൂയഗീതം അലയടിക്കവേ, പാപ്പാ എല്ലാ മതനേതാക്കള്‍ക്കും സമാധാനാശംസകള്‍ കൈമാറുകയും വേദിയില്‍ സന്നിഹിതാരായിരുന്ന കുട്ടികളെ അഭിവാദ്യം ചെയ്യുകയും ചെയ്തു. തദ്ദനന്തരം പാപ്പാ വേദിവിടുകയും അവിടെ നിന്ന് ഒരു കിലോമീറ്ററിലേറെ അകലെയുള്ള അപ്പസ്തോലിക് നണ്‍ഷിയേച്ചറിലേക്ക് കാറില്‍ പോകുകയും ചെയ്തു. നണ്‍ഷിയേച്ചറില്‍ എത്തിയ പാപ്പാ അവിടെ സേവനം ചെയ്യുന്നവരുമൊത്തു കൂടിക്കാഴ്ച നടത്തുകയും അത്താഴം കഴിച്ച് രാത്രി വിശ്രമിക്കുകയും ചെയ്തു.

ചൊവ്വാഴ്ച (07/05/2019) രാവിലെ ഫ്രാന്‍സീസ് പാപ്പാ ബള്‍ഗേറിയയോടു വിടചൊല്ലി. ഈ ഇടയസന്ദര്‍ശനത്തിന്‍റെ രണ്ടാമത്തെവേദിയായ ഉത്തരമാസിഡോണിയ ആയിരുന്നു പാപ്പായുടെ അടുത്ത ലക്ഷ്യം. അല്‍ ഇത്താലിയയുടെ എയര്‍ബസ് 321 വ്യോമയാനത്തിലായിരുന്നു ഉത്തരമാസിഡോണിയായിലേക്കുള്ള പാപ്പായുടെ യാത്ര. 

ബള്‍ഗേറിയയില്‍ നിന്ന് ഇവിടേക്ക് പാപ്പായെ യാത്രയയ്ക്കാന്‍ ബള്‍ഗേറിയായുടെ പ്രധാനമന്ത്രി വിമാനത്താവളത്തില്‍ സന്നിഹിതനായിരുന്നു. സൈനികോപചാരം സ്വീകരിച്ച പാപ്പാ വിമാനത്തിലേറുകയും വ്യോമയാനം 166 കിലോമീറ്റര്‍ അകലെയുള്ള  സ്കൊപ്യെയിലെ വിമനാത്താവളം ലക്ഷ്യമാക്കി പറന്നുയരുകയും ചെയ്തു.

പാപ്പാ ഉത്തരമാസിഡോണിയായില്‍

ഉത്തരമാസിഡോണിയയുടെ തലസ്ഥാനവും അന്നാട്ടിലെ ഏറ്റവും വലിയ നഗരവും, വിശുദ്ധ മദര്‍ തെരേസ ജനിച്ചുവളര്‍ന്ന പട്ടണവുമായ സ്കോപ്യേയിലെ വിമാനത്താവളത്തില്‍ പാപ്പായെ സ്വീകരിക്കാന്‍ ഉത്തരമാസിഡോണിയയുടെ പ്രസിഡന്‍റ് ഗ്യോര്‍ജെ ഇവനോവ്വും പ്രധാനമന്ത്രി ത്സൊറാന്‍ ത്സയേവും അന്നാട്ടിലെ അപ്പസ്തോലിക്  നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ്പ് ആന്‍സെല്‍മൊ ഗ്വീദൊ പേകൊറാരിയും സ്കോപ്യേ രൂപതയുടെ മെത്രാന്‍ കീറൊ സ്തൊയനോവ്വും ഇതര സഭാപ്രതിനിധികളും അത്മായ പ്രതിനിധികളും സന്നിഹിതരായിരുന്നു. വ്യോമയാനപ്പടവുകളിറങ്ങിയ പാപ്പായെ പ്രസിഡന്‍റും പ്രധാനമന്ത്രിയും ഹസ്തദാനമേകി സ്വാഗതം ചെയ്തു. തുടര്‍ന്ന്  പാരമ്പര്യവേഷധാരികളായ മൂന്നു യുവതികളില്‍ ഒരാള്‍ പുഷ്പമഞ്ജരി പാപ്പായ്ക്കു നല്കി. മറ്റു രണ്ടുപേര്‍ ചേര്‍ന്ന് അപ്പവും ഉപ്പും വെള്ളവും നല്കി. പാപ്പാ ആദ്യം ഉപ്പ് രുചിച്ചു. പിന്നീട് അപ്പമെടുത്തു വിഭജിച്ച് തന്‍റെ ചാരെ നിന്നിരുന്ന പ്രസിഡന്‍റിനും പ്രധാനമന്ത്രിക്കും നല്കുകയും ഒരു കഷണം ഭുജിക്കുകയും ചെയ്തു. യുവതികള്‍ക്ക് ചെറുസമ്മാനങ്ങളേകിയതിനു ശേഷം പാപ്പാ അവിടെ സന്നിഹിതരായിരുന്ന സര്‍ക്കാര്‍ സഭാപ്രതിനിധികളെ പരിചയപ്പെടുകയും ചെയ്തു. പ്രസിഡന്‍റും  പ്രധാനമന്ത്രിയും ചേര്‍ന്ന് പാപ്പായെ കാറിനടുത്തേക്കാനയിച്ചു. ഈ കാര്‍ നേരെ പോയത് വിമാനത്താവളത്തില്‍ തന്നെ വിശിഷ്ട വ്യക്തികള്‍ക്കായുള്ള ശാലയുടെ അടുത്തേക്കാണ്. അവിടെ അല്പസമയം ചിലവഴിച്ച പാപ്പാ പ്രസിഡന്‍റിന്‍റെ  ഔദ്യോഗിക വസതിയിലേക്ക് യാത്രയായി. വിമാനത്താവളത്തില്‍ നിന്ന് 20-ലേറെ കിലോമീറ്റാണ് ഇവിടേക്കുള്ള ദൂരം. പാപ്പായുടെ കാര്‍ കടന്നുപോയ വഴിയുടെ ഓരങ്ങളില്‍ നിരവധിപ്പേര്‍ പാപ്പായെ ഒരു നോക്കു കാണാന്‍ നില്പുണ്ടായിരുന്നു.

പാപ്പായും പ്രസിഡന്‍റുമായുള്ള സൗഹൃദകൂടിക്കാഴ്ച

ഉത്തരമാസിഡോണിയായുടെ പ്രസിഡന്‍റിന്‍റെ വസതിയിലെത്തിയ പാപ്പായെ അങ്കണത്തില്‍ വച്ച് പ്രസിഡന്‍റ് ഗ്യോര്‍ജ്  ഇവനോവ്വ് സ്വീകരിക്കുകയും ചുവന്ന പരവതാനി വിരിച്ച വേദിയിലേക്കാനയിക്കുകയും ചെയ്തു. വേദിയിലെത്തിയപ്പോള്‍ വത്തിക്കാന്‍റെയും ഉത്തരമാസിഡോണിയായുടെയും ദേശീയ ഗാനങ്ങള്‍ സൈനികബാന്‍റ് വാദനം ചെയ്തു.

ദേശീയ ഗാനം

 

തദ്ദന്തരം പാപ്പാ ദേശീയപതാകയെ വണങ്ങുകയും സൈനികോപചാരം സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് വത്തിക്കാന്‍റെയും ഉത്തരമാസിഡോണിയായുടെയും പ്രതിനിനിധി സംഘങ്ങളെ പാപ്പായെയും പ്രസിഡന്‍റിനെയും പരിചയപ്പെടുത്തുന്ന ചടങ്ങായിരുന്നു. അതിനുശേഷം പ്രസിഡന്‍റ് പാപ്പായെ രാഷ്ട്പതിയുടെ മന്ദിരത്തിനകത്തേക്കാനയിച്ചു. അവിടെ വച്ച് പാപ്പായും പ്രസിഡന്‍റും ഒരുമിച്ചുള്ള ഛായാഗ്രഹണത്തിനു ശേഷം ഇരുവരും തമ്മിലുള്ള സ്വകാര്യ സൗഹൃദ കൂടിക്കാഴ്ചയായിരുന്നു.

ഉത്തരമാസിഡോണിയയുടെ പ്രസിഡന്‍റായി രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെട്ട ഗ്യോര്‍ജ്  ഇവനോവ്വ് 2009 ലാണ് ആദ്യം ഈ സ്ഥാനമേറ്റത്. 2014-ല്‍ ആണ് അഞ്ചുവര്‍ഷക്കാലാവധിയോടെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. മായ ഇവനോവ് ആണ് ഭാര്യ. ഈ ദമ്പതികള്‍ക്ക് ഒരു മകനുണ്ട്.

പാപ്പായും പ്രസിഡന്‍റും തമ്മിലുള്ള സ്വകാര്യ സൗഹൃദസംഭാഷണത്തിനു ശേഷം പ്രസിഡന്‍റ് സ്വകുടുംബത്തെ പാപ്പായ്ക്ക് പരചയപ്പെടുത്തുകയും പാപ്പായും പ്രസിഡന്‍റും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു. 

പ്രധാനമന്ത്രിയുമായി സൗഹൃദസംഭാഷണം

അതിനുശേഷം പാപ്പാ ഉത്തരമാസിഡോണിയായുടെ പ്രധാനമന്ത്രി ത്സൊറാന്‍ ത്സയേവുമായും കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തിന്‍റെ കുടുംബത്തെ പരിചയപ്പെടുകയും ചെയ്തു. രണ്ടു മക്കളുടെ പിതാവായ അദ്ദേഹത്തിന്‍റെ പത്നി ത്സോറിക്ക ത്സയേവ് ആണ്.

ഈ സൗഹൃദ കൂടിക്കാഴ്ചയ്ക്കു ശേഷം പാപ്പാ “മൊസൈക്ക് ഹാള്‍” എന്ന പേരിലുള്ള ഒരു ശാലയിലേക്ക് ആനയിക്കപ്പെട്ടു. സര്‍ക്കാര്‍ അധികാരികളും പൗരപ്രതിനിധികളും നയതന്ത്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയായിരുന്നു അവിടെ അരങ്ങേറിയത്. പ്രസിഡന്‍റ് ഗ്യോര്‍ജ്  ഇവനോവ്വ് പാപ്പായ്ക്ക് സ്വാഗതമോതി

പ്രസിഡന്‍റിന്‍റെ സ്വാഗതവാക്കുകളെ തുടര്‍ന്ന് പാപ്പാ അവിടെ സന്നിഹിതരായിരുന്നവരെ സംബോധന ചെയ്തു.

വിശുദ്ധ മദര്‍ തെരേസയുടെ സ്മാരക ഭവനത്തില്‍

കൂടിക്കാഴ്ചാനന്തരം പാപ്പാ വിശുദ്ധ മദര്‍തെരേസയുടെ സ്മാരക ഭവനം സന്ദര്‍ശിച്ചു. ഇത് ഒരു ആധുനിക കെട്ടിടമാണ്. മദര്‍ തെരേസ ജ്ഞാനസ്നാനം സ്വീകരിച്ച യേശുവിന്‍റെ തിരുഹൃദയത്തിന്‍റെ നാമത്തിലുള്ള ദേവാലയം 1963 ലെ ഭൂകമ്പത്തില്‍ തകര്‍ന്നതിനെ തുടര്‍ന്ന് അവിടെയാണ് ഈ ഭവനം പണിതുയര്‍ത്തിയത്. 2008 മെയ് 9-ന് തറക്കല്ലിട്ട ഈ ഭവനം 2009 ജനുവരി 30-ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. 

പ്രസിഡന്‍റിന്‍റെ മന്ദിരത്തില്‍ നിന്ന് 3 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതിചെയ്യുന്ന അവിടെ കാറില്‍ എത്തിയ പാപ്പായെ മദര്‍തെരേസയുടെ ഭവനത്തിലെ ശ്രേഷ്ഠയും 3 സന്ന്യാസിനികളും ചേര്‍ന്നു സ്വീകരിച്ചു. ഒരു പെണ്‍കുട്ടി പാപ്പായ്ക്ക് പൂച്ചെണ്ടു സമ്മാനിച്ചു. ആ പൂച്ചെണ്ട് പാപ്പാ ഭവനത്തിനു മുന്നിലുള്ള വിശുദ്ധ മദര്‍തെരേസയുടെ രൂപത്തിനുമുന്നില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. അല്പനേരത്തെ മൗനപ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ ഈ ഭവനത്തിലെ കപ്പേളയിലേക്ക് ആനീതനായി. വിശുദ്ധ മദര്‍തെരേസയുടെ ബന്ധുക്കളും ഉണ്ടായിരുന്നു. കപ്പേളയിലെ അള്‍ത്താരയില്‍ വിശുദ്ധയുടെ തിരുശേഷിപ്പും മദര്‍തെരേസ ഉപയോഗിച്ചിരുന്ന ചില വസ്തുക്കളും അഞ്ചു മതങ്ങളുടെ പ്രതീകമായി അഞ്ചു മെഴുകുതിരികളും വച്ചിട്ടുണ്ടായിരുന്നു. തിരുശേഷിപ്പിനു മുന്നില്‍ മൗനപ്രാര്‍ത്ഥന നടത്തിയതിനു ശേഷം പാപ്പാ വിശുദ്ധ മദര്‍ തെരേസയോടുള്ള ഒരു പ്രാര്‍ത്ഥന ചൊല്ലി.

ഈ പ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ അവിടെ സന്നിഹിതരായിരുന്ന വിവിധമതനേതാക്കളെയും മദര്‍തെരേസയും ബന്ധുക്കളെയും അഭിവാദ്യം ചെയ്തു. തദ്ദനന്തരം പാപ്പാ മദര്‍തെരേസയുടെ സന്ന്യാസിനികള്‍ പരിചരിക്കുന്ന നൂറോളം പാവപ്പെട്ടവരുടെ അടുത്തെത്തി. അവര്‍ ഈ ഭവനത്തിന്‍റെ മുറ്റത്താണ് സമ്മേളിച്ചിരുന്നത്. മദര്‍തെരേസയുടെ സമൂഹത്തിന്‍റെ ശ്രേഷ്ഠയുടെ സ്വാഗതവാക്കുകളെ തുടര്‍ന്ന് ഈ സമൂഹത്തിന്‍റെ സഹായം ലഭിക്കുന്ന ഒരു മഹിളയുടെ സാക്ഷ്യമായിരുന്നു. ഈ സാക്ഷ്യത്തെത്തുടര്‍ന്ന് പാപ്പാ വിശുദ്ധ മദര്‍തെരേസയുടെ നാമത്തില്‍ പണികഴിപ്പിക്കപ്പെടാന്‍ പോകുന്ന ദേവാലയത്തിന്‍റെ പ്രഥമ ശില ആശീര്‍വ്വദിച്ചു. അതിനുശേഷം പാപ്പാ അപ്പസ്തോലികാശീര്‍വ്വാദം നല്കി.

മാസിഡോണിയ ചത്വരത്തില്‍ ദിവ്യപൂജ

അടുത്തപരിപാടി മാസിഡോണിയ ചത്വരത്തില്‍ ദിവ്യബലിയായിരുന്നു. പാപ്പാ ചത്വരത്തിലേക്ക് പോകുകയും അവിടെ സന്നിഹിതരായിരുന്ന വിശ്വാസികളെ തുറന്ന ഒരു വാഹനത്തിലേറി വലംവയ്ക്കുകയും ചെയ്തു. വിശ്വാസികളുടെ സമൂഹം കൊടികള്‍ വീശി പാപ്പായ്ക്ക് അഭിവാദ്യമര്‍പ്പിച്ചു. പതിനയ്യായിരത്തോളം വിശ്വാസികള്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നു.

പ്രവേശനഗാനം ആരംഭിച്ചപ്പോള്‍ പാപ്പായും സഹകാര്‍മ്മികരും പ്രദക്ഷിണമായി ബിലവേദിയിലെത്തി. ആമുഖ പ്രാര്‍ത്ഥനകള്‍ക്കും വിശുദ്ധഗ്രന്ഥ വായനകള്‍ക്കും ശേഷം പാപ്പാ തന്‍റെ സന്ദേശം നല്കി.

വിശുദ്ധകുര്‍ബ്ബാനനാന്തരം പാപ്പാ സ്കൊപ്യേ രൂപതയുടെ മെത്രാസന മന്ദിരത്തിലേക്കു പോയി. അവിടെ ആയിരുന്നു പാപ്പായ്ക്കും അനുചരര്‍ക്കും ഉച്ചഭക്ഷണം ഒരുക്കിയിരുന്നത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 May 2019, 07:58