ഫ്രാന്‍സീസ് സാമൂഹ്യശാസ്ത്രങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ അക്കാദമിയിലെ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കെത്തുന്നു, വത്തിക്കാനില്‍ , ക്ലെമന്‍റയിന്‍ ശാലയില്‍, 02/05/2019 ഫ്രാന്‍സീസ് സാമൂഹ്യശാസ്ത്രങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ അക്കാദമിയിലെ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കെത്തുന്നു, വത്തിക്കാനില്‍ , ക്ലെമന്‍റയിന്‍ ശാലയില്‍, 02/05/2019 

ദേശസ്നേഹം വര്‍ഗ്ഗീയതയ്ക്കും വൈര്യത്തിനും നിമിത്തമാകരുത്!

സ്വന്തം നാടിനെ സ്നേഹിക്കുകയും അന്നാടിന്‍റെ സാംസ്ക്കാരിക വൈവിധ്യങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും നല്ല ജീവിതശൈലികളെയും ആദരിക്കുകയും ചെയ്യുന്നത് നല്ലതു തന്നെ എന്നാല്‍ ഇക്കാര്യങ്ങളിലുള്ള അഭിനിവേശം മറ്റുള്ളവരെ അവഗണിക്കുന്നതിനും വെറുക്കുന്നതിനും കാരണമാകരുത്- പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സഭ ദേശസ്നേഹവും സ്വന്തം ജനതയോടുള്ള സ്നേഹവും പരിപോഷിപ്പിക്കുന്നുവെന്നും എന്നാല്‍ ആ സ്നേഹത്തെ വികലമാക്കി വിദ്വേഷത്തിനും സംഘര്‍ഷാത്മക ദേശീയവാദത്തിനും, വര്‍ഗ്ഗീയതയ്ക്കും കാരണമാക്കുന്നതിനെ അപലപിക്കുന്നുവെന്നും മാര്‍പ്പാപ്പാ.

സാമൂഹ്യശാസ്ത്രങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ അക്കാദമി വത്തിക്കാനില്‍ ചേര്‍ന്നിരിക്കുന്ന സമ്പൂര്‍ണ്ണസമ്മേളനത്തില്‍ പങ്കെടുക്കുന്ന അമ്പതോളം പേരെ ഈ സമ്മേളനത്തിന്‍റെ രണ്ടാം ദിനമായിരുന്ന വെള്ളിയാഴ്ച (02/05/2019) പേപ്പല്‍ ഭവനത്തിലെ ക്ലെമന്‍റയിന്‍ ശാലയില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഈ മാസം 1-3 (1-3/05/2019) നടക്കുന്ന ഈ സമ്മേളനത്തിന്‍റെ ചര്‍ച്ചാ പ്രമേയം “ജനതയും രാഷ്ട്രവും, രാഷ്ട്ര-ജനത” (NATION, STATE, STATE’NATION) എന്നതാണെന്ന് പാപ്പാ അനുസ്മരിച്ചു.

സ്വന്തം നാടിനെ സ്നേഹിക്കുകയും അന്നാടിന്‍റെ സാംസ്ക്കാരിക വൈവിധ്യങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും നല്ല ജീവിതശൈലികളെയും ആദരിക്കുകയും  ചെയ്യുന്നത് നല്ലതു തന്നെ എന്നാല്‍ ഇക്കാര്യങ്ങളിലുള്ള അഭിനിവേശം മറ്റുള്ളവരെ അവഗണിക്കുന്നതിനും വെറുക്കുന്നതിനും കാരണമാകരുതെന്ന് പാപ്പാ വിശദീകരിച്ചു.

എന്നാല്‍ പലപ്പോഴും രാഷ്ട്രങ്ങള്‍ പ്രബലന്മാരുടെ സംഘങ്ങളുടെ താല്പര്യങ്ങള്‍ക്ക്, പ്രത്യേകിച്ച് സാമ്പത്തിക താല്പര്യങ്ങള്‍ക്ക്,  വിധേയമായി പ്രവര്‍ത്തിക്കേണ്ടി വരികയും അങ്ങനെ മത-വര്‍ഗ്ഗ-ഭാഷാപരങ്ങളായ ന്യൂനപക്ഷവിഭാഗങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്നുണ്ടെന്ന വ്സതുത പാപ്പാ ചൂണ്ടിക്കാട്ടി.

സ്വദേശം വിട്ടുപോകാന്‍ നിര്‍ബന്ധിതരാകുന്നവര്‍ അന്യദേശങ്ങളിലെത്തുമ്പോള്‍ അവരെ ഭൂതദയയോടെ സ്വാഗതം ചെയ്യുകയും അവര്‍ക്ക് സംരക്ഷണം ഉറപ്പാക്കുകയും ആ സമൂഹത്തിന്‍റെ ജീവിതത്തില്‍ ഉള്‍ച്ചേര്‍ക്കാന്‍ ശ്രമിക്കുകയും വേണമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

കുടിയേറ്റക്കാരെത്തിച്ചേരുന്ന നാടിന്‍റെ സംസ്ക്കാരത്തിനും ആചാരാനുഷ്ഠാനങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും ഭീഷണിയല്ല അവരെന്നും അതുപോലെതന്നെ, തങ്ങളെ സ്വാഗതം ചെയ്യുന്ന നാടുകളോടു ഇഴുകിച്ചേരാന്‍ ശ്രമിക്കുകയെന്ന കടമ കുടിയേറ്റക്കാര്‍ക്കുണ്ടെന്നും പാപ്പാ പറഞ്ഞു.

മാനവാന്തസ്സ്, പൊതുനന്മ, നമ്മുടെ ഗ്രഹം, സമാധാനമെന്ന അത്യുത്കൃഷ്‌ട ദാനം എന്നിവയോടുള്ള ആദരവില്‍ അധിഷ്ഠിതമായ നവീകൃത ഐക്യദാര്‍ഢ്യം  പരിപോഷിപ്പിക്കാനുള്ള യത്നത്തില്‍ തന്നോടു സഹകരിക്കാന്‍ പാപ്പാ സാമൂഹ്യശാസ്ത്രങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ അക്കാദമിയിലെ അംഗങ്ങളോടു അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 May 2019, 12:39