ഫ്രാന്‍സീസ് പാപ്പാ സ്വിസ് കാവല്‍ഭടന്മാരുമൊത്ത്-04/05/2019 ഫ്രാന്‍സീസ് പാപ്പാ സ്വിസ് കാവല്‍ഭടന്മാരുമൊത്ത്-04/05/2019 

പുനരുത്ഥാനം ജീവിക്കാന്‍ ഉത്ഥിതന് സാക്ഷികളാകുക, പാപ്പാ

മരണസംസ്ക്കാരം പ്രബലമായിടങ്ങളില്‍ ഉയിര്‍പ്പിന്‍റെ സംസ്കൃതി പ്രസരിപ്പിച്ചുകൊണ്ട് ഉത്ഥാനത്തിന്‍റെ ആനന്ദം പ്രഘോഷിക്കണം, ഫ്രാന്‍സീസ് പാപ്പാ .

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വിസ്മയസംഭവമായ പുനരുത്ഥാനത്തിന്‍റെ മനോഹാരിത ആഘോഷിക്കുകയും യേശുവിന്‍റെ പുനരുത്ഥാനം ഫലദായകമാംവിധം ജീവിക്കുകയും ചെയ്യണമെങ്കില്‍ ഉത്ഥിതനായക്രിസ്തുവിന്‍റെ സാക്ഷികളാകണമെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍ പാപ്പായുടെ കാവലാളുകളായി പുതിയതായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന 23 പേര്‍ തിങ്കളാഴ്ച (06/05/2019) സത്യപ്രതിജ്ഞചെയ്യാന്‍ പോകുന്നതിനോടനുബന്ധിച്ച്  “സ്വിസ് ഗാര്‍ഡ്സ്” എന്നറിയപ്പെടുന്ന കാവല്‍ സൈന്യാംഗങ്ങളെ ശനിയാഴ്ച (04/05/2019) വത്തിക്കാനില്‍ ക്ലെമന്‍റയിന്‍ ശാലയില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

മരണസംസ്ക്കാരം പ്രബലപ്പെട്ടിരിക്കുന്നിടങ്ങളില്‍ പ്രത്യേകിച്ച് ഉത്ഥാനത്തിന്‍റെ സംസ്ക്കാരം പ്രസരിപ്പിച്ചുകൊണ്ട് ഉയിര്‍പ്പിന്‍റെ ആനന്ദത്തിന്‍റെ പ്രഘോഷണം കാലോചിതമാക്കിത്തീര്‍ക്കണമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

റോമിലെ വാസകാലത്ത് സ്വിസ് കാവല്‍ഭടന്മാര്‍ അവരുടെ വിശ്വാസത്തിന് സന്തോഷത്തോടെ സാക്ഷ്യം നല്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും അങ്ങനെ അവരനുഷ്ഠിക്കുന്ന സേവനത്തിന്‍റെ അരൂപി വത്തിക്കാനിലെത്തുന്ന സന്ദര്‍ശകരെ സ്പര്‍ശിക്കുമെന്നും പാപ്പാ പറഞ്ഞു.

നമ്മുടെ രക്ഷകനായ ക്രിസ്തുവിലുള്ള വിശ്വാസത്തിന്‍റെ പിന്‍ബലത്തോടെ ധൈര്യമുള്ളവരായിരിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 May 2019, 12:42