പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികൾ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികൾ 

242 കുട്ടികൾ പ്രഥമ ദിവ്യകാരുണ്യം പാപ്പായില്‍ നിന്നും സ്വീകരിച്ചു

റാക്കോവ്സ്ക്കിയില്‍ വിശുദ്ധ മദർ തെരേസാ മാമ്മോദീസാ സ്വീകരിച്ച തിരുഹൃദയ ദേവാലയത്തിൽ ദിവ്യബലി മദ്ധ്യേ 242 കുട്ടികൾ പ്രഥമ ദിവ്യകാരുണ്യം പാപ്പായില്‍ നിന്നും സ്വീകരിച്ചു.

പ്ലോവ്ദിവ്

പ്ലോവ്ദിവ് ബൾഗേറിയായുടെ തെക്കൻപ്രദേശത്തുള്ള മരീത്സ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന  രണ്ടാമത്തെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ നഗരമാണ്. ബാൽക്കണിലെ പ്രധാന വ്യാപാര, വ്യവസായ, ശാസ്ത്ര സാംസ്‌കാരിക കേന്ദ്രമാണിത്. യൂറോപ്പിലെ ഏറ്റം പുരാതനമായ ഈ നഗരം ട്രോയ് നഗരകാലഘട്ടത്തിലുള്ളതും റോമിനെക്കാളും,ഏതെൻസിനേക്കാളും കോൺസ്റ്റാന്‍റിനോപ്പിളിനെക്കാളും പുരാതനവുമാണ്‌. ഈ നഗരത്തിന്‍റെ വികസനത്തിന് മാസിഡോണിയയിലെ ഫിലിപ്പിനോടും, റോമൻ കാലഘട്ടത്തിലെ ത്രയാനോ, മാർക്കോ ഔറേലിയോ തുടങ്ങിയവരോടു കടപ്പെട്ടിരിക്കുന്നു. നഗരത്തിന്‍റെ പൗരാണീകത അതിന്‍റെ വാസ്തുശില്പ മനോഹാരിതയിലും നമുക്ക് കാണാൻ കഴിയും. റോമൻ സ്റ്റേഡിയവും, കലാപ്രദര്‍ശന ശാലകളും നിറമാർന്ന മൊസൈക്ക്, ജലസേചന സംവിധാനങ്ങളും,കോട്ടകളും നഗരത്തിന്റെ പുരാതനപ്രൗഢി വിളിച്ചറിയിക്കുന്നു. ഇവിടെ 10 .10 ന് എത്തിയ ഫ്രാൻസിസ് പാപ്പാ അവിടെനിന്നു ഉടനെ സ്വകാര്യ വാഹനത്തിൽ   30 കി. മി. അകലെയുള്ള റാക്കോവ്സ്കിയിലെ തിരുഹൃദയദേവാലത്തിലേക്കു തിരിച്ചു.  ദേവാലയത്തിലെത്തുന്നതിനു മുമ്പ് തന്‍റെ വാഹനം മാറിയ പാപ്പാ നഗരസഭാധ്യക്ഷനെയും കുടുംബത്തെയും ഉപചാരം ചെയ്തു.

റാക്കോവ്സ്ക്കി

പ്ലോവ്ദിവിൽപ്പെട്ട റാക്കോവ്സ്ക്കി തെക്കൻ ബൾഗേറിയായുടെ മധ്യത്തിലാണ് സ്ഥിതിചെയ്യുന്നത്. പ്ലോവ്ദിവിൽ നിന്ന് 25  കി . മി. അകലെയാണ്.  1966 ൽ ജനറൽ നിക്കോളെവോ, സ്‌കിയെവോ, പേര്‍ക്കേവിച്ച്   എന്നീ 3 ഗ്രാമങ്ങൾ ചേർത്തുരൂപീകരിച്ച നഗരമാണിത്.  സോഫീയാ-പ്ലോവ്ദിവ് രൂപതയുടെ ഭാഗമായ ഇവിടത്തെ ഭൂരിഭാഗം ജനങ്ങളും കത്തോലിക്കാ വിശ്വാസികളാണ്. ജനങ്ങളുടെ ഇടയിലൂടെ സഞ്ചരിച്ച് അവരെ അനുഗ്രഹിച്ചു പാപ്പാ തിരുഹൃദയ ദേവാലയത്തിലെത്തി.

യേശുവിന്‍റെ തിരുഹൃദയ   ദേവാലയം

മഞ്ഞയും, വെള്ളയും നിറമുള്ള മുഖപ്പോടെ റാക്കോവ്സ്ക്കി ഇടവക ദേവാലയം ജനറൽ നിക്കോളെവോയുടെ പ്രധാനയിടവും 19 ആം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ സോഫിയാ - പ്ളോവ്ദീവ് രൂപതയുടെ ആസ്ഥാനവുമായിരുന്നു. 1928 ലെ ഭൂമികുലുക്കത്തിനു ശേഷം 1930ൽ അന്നത്തെ ബൾഗേറിയായിലെ അപ്പോസ്തോലിക ഡെലിഗേറ്റ് ആയിരുന്ന ആഞ്ചലോ റൊങ്കോളിയുടെ ആവശ്യപ്രകാരം കാമെൻപെത് കോവിന്‍റെ പദ്ധതിയില്‍ നിർമ്മിക്കപ്പെട്ടതാണ്. ഏതാണ്ട് 2000 വിശ്വാസികളെ ഉൾക്കൊള്ളാനുള്ള സൗകര്യമുണ്ട്. പല പ്രത്യേകതകളുള്ള ഈ ദേവാലയത്തിന്‍റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന തിരുഹൃദയരൂപം തീർത്തത് ബൾഗേറിയൻ കൊത്തുപണിക്കാരനായ സ്ത്യാവിത്കോ സിറോമാഷ്കിയാണ്. കൽക്കട്ടയിലെ വിശുദ്ധ മദർ തെരേസാ മാമ്മോദീസാ സ്വീകരിച്ചത് ഈ ദേവാലയത്തിൽ നിന്നാണ്.

11 മണിയോടെ സങ്കീർത്തി മുറിയിലെത്തിയ പാപ്പാ 11.15ന് ദിവ്യബലിയാരംഭിച്ചു. ദിവ്യബലി മദ്ധ്യേ 242 കുട്ടികൾ പ്രഥമ ദിവ്യകാരുണ്യം പാപ്പായില്‍ നിന്നും സ്വീകരിച്ചു. സമൂഹബലി ഇറ്റാലിയനിലും ബൾഗറ ഭാഷയിലുമായിരുന്നു.  ദിവ്യബലി മദ്ധ്യേ പാപ്പാ വചനസന്ദേശം നൽകി. ദിവ്യപൂജയ്ക്കു ശേഷം സങ്കീർത്തിയിൽ മടങ്ങിയെത്തിയ പാപ്പാ 12.55 ന് ഫ്രാൻസിസ്കൻ സന്യാസിനികളുടെ മന്ദിരം സന്ദർശിച്ചു.  അവിടത്തെ അന്തേവാസികളായ 11 സന്യാസികളും കൂടി പാപ്പായെ സ്വീകരിച്ചു. അവരുടെ ഊട്ടു മുറിയിൽ മൂന്ന് മെത്രാൻമാരോടുമൊപ്പം പാപ്പാ ഭക്ഷണത്തിനിരുന്നു. ബൾഗേറിയയിലെ മെത്രാൻ സമിതി രണ്ട് ലാറ്റിൻ രൂപതകളും സ്ലാവോ – ബൈസൈന്‍ടെന്‍ ബൾഗേറിയാക്കാർക്കായുള്ള ഒരു എക്സാർക്കേറ്റും അടങ്ങിയതാണ്. മോൺ.ക്രിസ്റ്റോ പ്രോയ് കോവാണതിന്‍റെ അദ്ധ്യക്ഷൻ. ഭക്ഷണത്തിനുശേഷം പരിശുദ്ധ പിതാവ് കോൺവെന്‍റ് വിടുന്നതിനു മുമ്പ് സന്യാസിനികൾ ശുശ്രൂഷിക്കുന്ന രോഗികളെ സന്ദർശിച്ചു. തുടര്‍ന്ന് സന്യാസികൾക്ക് സമ്മാനം നൽകി. അതിനുശേഷം പാപ്പാ അവിടെ നിന്നും യാത്രയായത്. 3.20 ന് 3 കി.മീ. അകലെയുള്ള വി. മിഖേൽ മാലാഖയുടെ ദേവാലയത്തിലേക്ക് യാത്ര തിരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 May 2019, 15:56