തിരയുക

10 Ambassidors from other countries to the Holy See 10 Ambassidors from other countries to the Holy See 

നയതന്ത്രപ്രതിനിധികളുമായി ഒരു നേര്‍ക്കാഴ്ച

വത്തിക്കാനിലേയ്ക്കുള്ള പുതിയ നയതന്ത്രപ്രതിനിധികളുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തി

- ഫാദര്‍ വില്യം നെല്ലിക്കല്‍

പുതിയ പത്തു നയതന്ത്രപ്രതിനിധികള്‍
തായലണ്ട്, നോര്‍വെ, ന്യൂസിലാണ്ട്, സിയെറാ ലിയോണെ, ഗ്വീനിയ, ഗ്വീനിയ-ബിസ്സോ, ലുക്സംബര്‍ഗ്, മൊസാംബിക്, എതിയോപ്യാ എന്നീ രാജ്യങ്ങളുടെ വത്തിക്കാനിലേയ്ക്കുള്ള 10 പുതിയ നയതന്ത്രപ്രതിനിധികളുമായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തിയത്. മെയ് 23-Ɔο തിയതി വത്തിക്കാനിലെ ക്ലെമന്‍റൈന്‍ ഹാളില്‍ നടന്ന കൂടിക്കാഴ്ചയിലാണ് പാപ്പാ അവര്‍ക്കു സന്ദേശം നല്കിയത്.

പ്രത്യേക പരിഗണനവേണ്ട പാവങ്ങള്‍
സമഗ്രമാനവ വികസനം രാഷ്ട്രങ്ങള്‍ തമ്മിലുള്ള സാഹോദര്യക്കൂട്ടായ്മയുടെ പ്രതീകമാണ്. മാനവികതയുടെ ഉന്നമനത്തിനായി ഓരോ രാഷ്ട്രവും നല്കുന്ന സേവനം ശ്രേഷ്ഠവും എന്നും വളരേണ്ടതുമാണ്. എന്നാല്‍ ലോകത്തെ പാവങ്ങളും വ്രണിതാക്കളുമായവരെ സംരക്ഷിക്കുന്നതിലുള്ള ഉത്തരവാദിത്തം അതിലേറെ സമുന്നതമാണെന്ന് ന്യായമായ വ്യത്യാസങ്ങളും  വേര്‍തിരിവുകളും സംസ്കാരങ്ങള്‍ തമ്മില്‍ നിലനില്ക്കെ, പാവങ്ങളായ സഹപൗരന്മാരെ രക്ഷിക്കാനുള്ള രാഷ്ട്രങ്ങളുടെ ഉത്തരവാദിത്തം ഉദാത്തവും ഗൗരവകരവുമാണ്. പാപ്പാ നയതന്ത്രപ്രതിനിധികളെ അനുസ്മരിപ്പിച്ചു.

അനുരഞ്ജന ശ്രമങ്ങള്‍ ഐക്യത്തിന്‍റെ അടയാളം
അങ്ങനെ നീതിനിഷ്ഠവും സമാധാനപൂര്‍ണ്ണവുമായ സഹവര്‍ത്തിത്വം ലോകത്ത് യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കേണ്ടത് സാമൂഹ്യ-രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉപരി മാനവികത പങ്കുവയ്ക്കേണ്ട ഐക്യദാര്‍ഢ്യത്തിന്‍റെ ലക്ഷ്യമാണ്. അത് വ്യക്തികളും, സമൂഹങ്ങളും രാഷ്ട്രങ്ങളും തമ്മില്‍ വളര്‍ത്തിയെടുക്കേണ്ട ഒരു വിശ്വസൗഹൃദത്തിന്‍റെ പ്രതീകമാണ്. എന്നാല്‍ ഈ സൗഹൃദ കൂട്ടായ്മയ്ക്ക് വിഘാതമായി നില്കുന്നത് രാഷ്ട്രങ്ങളില്‍ അരങ്ങേറുന്ന അതിക്രമങ്ങളും, സായുധപോരാട്ടങ്ങളുമാണ്. സംഘട്ടനങ്ങളിലെ ഒത്തുതീര്‍പ്പു നയങ്ങളും, അനുരഞ്ജന ശ്രമങ്ങളും, വെറുപ്പിനെയും വിഭജനത്തെയും വെല്ലുന്ന ശക്തവും ക്രിയാത്മകവുമായ ഐക്യത്തിനുള്ള അടയാളങ്ങളാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

സംവാദമാണ് സമാധാനത്തിനുള്ള മാര്‍ഗ്ഗം
രാജ്യങ്ങളിലെ സായുധ പോരാട്ടങ്ങള്‍ ഇല്ലാതാക്കാനും, അങ്ങനെ ലോകത്ത് സമാധാനം വളര്‍ത്താനുമുള്ള രാജ്യാന്തര സമൂഹത്തിന്‍റെ സമാധാന ശ്രമങ്ങളെ ശ്ലാഘിച്ച പാപ്പാ, എല്ലാറ്റിനും ഉപരിയായി സാഹോദര്യത്തിന്‍റെ സംവാദമാണ് സമാധാന ശ്രമത്തിനായുള്ള മറ്റേതു മാര്‍ഗ്ഗങ്ങളെയുംകാള്‍ മുന്‍തൂക്കം നല്കേണ്ടത്. മാനവികതയെ ഇന്നു ഏറെ ഭാരപ്പെടുത്തന്ന സാമ്പത്തികവും സാമൂഹികവും, രാഷ്ട്രീയവും, പാരിസ്ഥിതികവുമായ പ്രശ്നങ്ങള്‍ ഇല്ലാതാക്കി, സമാധാനപരമായ സഹവര്‍ത്തിത്വം ലോകത്തു വളര്‍ത്തുന്നതിന് സംവാദത്തിന്‍റെയും, പരസ്പരധാരണയുടെയും, സഹിഷ്ണുതയുടെയും, പരസ്പരമുള്ള അംഗീകാരത്തിന്‍റെയും ഒരു സംസ്കാരം വളര്‍ത്തുകയാണ് അനിവാര്യമെന്നു പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 May 2019, 10:20