Pope Francis begins the journey to Romania Pope Francis begins the journey to Romania 

റൊമേനിയ അപ്പസ്തോലിക യാത്രയ്ക്കു തുടക്കമായി

പാപ്പാ ഫ്രാന്‍സിസ് റോമിലെ ഫുമിച്ചീനോ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും പുറപ്പെട്ടു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

മെയ് 31, വെള്ളിയാഴ്ച

കൂട്ടായ്മയുടെ ആത്മീയ വിളിയുമായി
റോമിലെ സമയം രാവിലെ 7.30-ന് വത്തിക്കാനിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍നിന്നും പാപ്പാ ഫ്രാന്‍സിസ് കാറില്‍ റോമിലെ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് പുറപ്പെട്ടു. 29 കി.മീ. യാത്രചെയ്ത് ഫുമിച്ചീനോ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ പാപ്പാ, പ്രാദേശിക സമയം 8.10-ന് റൊമേനിയയിലേയ്ക്കുള്ള “അലിത്താലിയ” എ320 പ്രത്യേക വിമാനത്തിലാണ് കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ റൊമേനിയയിലേയ്ക്ക് പറന്നുയര്‍ന്നത്. തലസ്ഥാന നഗരമായ ബുക്കാറെസ്റ്റ് ലക്ഷ്യമാക്കിയാണ് ഈ ആദ്യഘട്ടയാത്ര.  തെളിഞ്ഞ നീലാകാശവും, കിഴക്കന്‍ ചക്രവാളത്തില്‍ വത്തിക്കാന്‍ കുന്നുകള്‍ക്കും അപ്പുറം തെളിഞ്ഞ സൂര്യശോഭയും നോക്കിക്കണ്ടുകൊണ്ട്  പതിവുപോലെ തന്‍റെ  ചെറിയ കറുത്ത തുകല്‍ ബാഗുമായി പാപ്പാ വിമാനപ്പടവുകള്‍ കയറി. കവാടത്തില്‍ കാത്തുനിന്ന പൈലറ്റിനെയും മറ്റു ജോലിക്കാരെയും ആദ്യം അഭിവാദ്യംചെയ്തു. തുടര്‍ന്ന് തിരിഞ്ഞുനിന്ന്, തന്നെ യാത്രയയ്ക്കാന്‍ താഴെനിന്നിരുന്നവരെയും കരങ്ങള്‍ ഉയര്‍ത്തി അഭിവാദ്യംചെയ്തുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് ഏറെ സുസ്മേരവദനനായി വിമാനത്തിലേയ്ക്കു പ്രവേശിച്ചത്. റോമിലെ സമയം കൃത്യം 8.15-ന് പാപ്പായുടെ വിമാനം മദ്ധ്യധരണയാഴിയുടെ കിഴക്കന്‍ ചക്രവാളത്തിലേയ്ക്ക് പറന്നുയര്‍ന്നു.

വിശ്വസാഹോദര്യത്തിന്‍റെ പ്രേഷിതയാത്ര
ബഹുഭൂരിപക്ഷം ഓര്‍ത്തഡോക്സ് ക്രൈസ്തവരുള്ള റൊമേനിയയില്‍, “നമുക്കൊരുമിച്ചു നടക്കാം,” Let’s walk together എന്ന ആപ്തവാക്യവുമായി സഭൈക്യത്തിന്‍റെയും കൂട്ടായ്മയുടെയും സന്ദേശത്തിന് ആക്കംകൊടുത്തുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് ഈ പ്രേഷിതയാത്ര നടത്തുന്നത്. തലസ്ഥാനമായ ബുക്കാറെസ്റ്റ്, ഇയാസ്, ബ്ലാസ്, സുമുല്യോ-ച്യു എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഈ ത്രിദിന സന്ദര്‍ശനം.   ഏകദേശം മൂന്നു മണിക്കൂര്‍ യാത്രചെയ്യുന്ന പാപ്പാ, റൊമേനിയയിലെ സമയം 11.30-ന് തലസ്ഥാനനഗരമായ ബുക്കാറെസ്റ്റിലെ (Bucharest) ക്വാന്താ-ഒത്തോപേനി (Coanda-Otopeni) രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്നതോടെ മൂന്നു ദിവസം നീളുന്ന, ജൂണ്‍ 2 ഞായറാഴ്ചവരെയുള്ള  പ്രേഷിതയാത്രയ്ക്ക് തുടക്കമാകും.
പാപ്പായ്ക്കു പ്രാര്‍ത്ഥനാപൂര്‍വ്വം ശുഭയാത്ര നേരുന്നു!

മെയ് 31 വെള്ളിയാഴ്ചത്തെ പരിപാടികള്‍
രാവിലെ
08.10 പ്രാദേശിക സമയം റോമിലെ ഫുമിചീനോ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള തുടക്കം. 
ആദ്യദിന പരിപാടികള്‍ തലസ്ഥാനനഗരം, ബുക്കാറെസ്റ്റ് കേന്ദ്രീകരിച്ചാണ്.
റൊമേനിയയിലെ സമയം
11.30-ന് തലസ്ഥാനനഗരമായ ബുക്കാറെസ്റ്റിലെ (Bucharest) ക്വാന്താ-ഒത്തോപേനി (Coanda-Otopeni) രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങും. തുടര്‍ന്ന് ഔപചാരികവും ഹ്രസ്വവുമായ വിമാനത്താവളത്തിലെ സ്വീകരണച്ചടങ്ങാണ്.
12.05-ന് കോത്രൊചേനി (Cotroceni) പ്രസിഡെന്‍ഷ്യല്‍ മന്ദിര സമുച്ചയത്തിന്‍റെ ഉമ്മറത്തുവച്ചുള്ള രാഷ്ട്രത്തിന്‍റെ സ്വീകരണച്ചടങ്ങാണ്.
12.50-ന് പ്രസിഡെന്‍ഷ്യല്‍ മന്ദിര സമുച്ചയത്തില്‍ തന്നെയുള്ള വസതിയില്‍വച്ച് പ്രധാനമന്ത്രിയുമായി പാപ്പാ കൂടിക്കാഴ്ച നടത്തും.
01.00 മണിക്ക് കോത്രൊചേനി കൊട്ടാരത്തിലെ ഉണിരീ (Unirii) ഹാളില്‍വച്ച് രാഷ്ട്രപ്രതിനിധികളും നയതന്ത്രപ്രതിനിധികളും, പൗരപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. പാപ്പാ സന്ദേശം നല്കും (Discourse 1).

ഉച്ചതിരിഞ്ഞുള്ള പരിപാടികള്‍
03.45-ന് ബുക്കാറെസ്റ്റിലെ പാത്രിയാര്‍ക്കേറ്റ് പാലസില്‍വച്ച് റൊമേനിയയിലെ ഓര്‍ത്തഡോക്സ് സഭാ പാത്രിയര്‍ക്കിസ് ഡാനിയേലുമായി സ്വകാര്യകൂടിക്കാഴ്ച നടത്തും
04.15-ന് റൊമേനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ സ്ഥിരം സിനഡുസമ്മേളനത്തെ പാത്രിയര്‍ക്കിസ് ഡാനിയേലിന്‍റെ വസതിയില്‍വച്ച് പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്യും (Discourse 2).
05.00 മണിക്ക് പുതിയ ഓര്‍ത്തഡോക്സ് ഭദ്രാസനത്തില്‍വച്ച് പാപ്പാ ഫ്രാന്‍സിസ് വിശ്വാസികള്‍ക്കൊപ്പം കര്‍തൃപ്രാര്‍ത്ഥന ചൊല്ലി സന്ദേശം നല്കും (Discourse 3).
06.10-ന് വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമത്തിലുള്ള ബുക്കാറെസ്റ്റ് കത്തോലിക്ക അതിരൂപതയുടെ ഭദ്രാസന ദേവാലയത്തില്‍ (St. Joseph Cathedral) പാപ്പാ ഫ്രാന്‍സിസ് ദിവ്യബലിയര്‍പ്പിക്കും (Discourse 4).
തലസ്ഥാനനഗരമായ ബുക്കാറെസ്റ്റിലുള്ള വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തിലായിരിക്കും യാത്രയുടെ മൂന്നു ദിവസവും പാപ്പാ ഫ്രാന്‍സിസ് പാര്‍ക്കുന്നത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 May 2019, 08:59