തിരയുക

Pope Francis exhorts to promote communion Pope Francis exhorts to promote communion 

കൂട്ടായ്മയ്ക്കു ബലമാകേണ്ട “നെറ്റി”നെക്കുറിച്ച്...!

2019-ലെ ലോക മാധ്യമ ദിനത്തിനായി പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച സന്ദേശം. ഭാരതത്തില്‍ മാധ്യമദിനം ജൂണ്‍ 2-Ɔ൦ തിയതി ഞായറാഴ്ച

പരിഭാഷ : ഫാദര്‍ വില്യം നെല്ലിക്കല്‍ 

മാധ്യമദിന സന്ദേശം 2019 - ചിന്താമലരുകള്‍


1. “നാം ഒരേ ശരീരത്തിലെ അവയവങ്ങള്‍”

പൗലോസ് അപ്പസ്തോലന്‍ എഫേസിയര്‍ക്കുള്ള ലേഖനത്തില്‍ കുറിച്ച “നാം ഒരേ ശരീരത്തിലെ അവയവങ്ങളാണ്” എന്ന കൂട്ടായ്മയുടെ ആശയം ശീര്‍ഷകമാക്കിക്കൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് ഈ വര്‍ഷത്തെ മാധ്യമദിന സന്ദേശം പ്രബോധിപ്പിക്കുന്നത്. ഇന്നിന്‍റെ സാമൂഹ്യമാധ്യമ ശ്രൃംഖലകളുടെ ശക്തമായ ലോകത്ത് നമുക്ക് എങ്ങനെ നന്മയുള്ള മാനവിക സമൂഹം വളര്‍ത്താം എന്ന ചിന്താധാരയാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിലൂടെ വിവരിക്കുന്നത്.

2. ഇനിയും പഠനവിഷയമാക്കേണ്ട മാധ്യമപരിസ്ഥിതി
ആശയവിനമയ ലോകത്ത് അത്യപൂര്‍വ്വമായ പുരോഗതി വിന്യസിപ്പിച്ചുകൊണ്ട് “ഇന്‍റെര്‍നെറ്റ്” എന്ന ഡിജിറ്റല്‍ മാധ്യമം ചിറകുവിരിച്ചപ്പോള്‍ വ്യക്തിബന്ധങ്ങളുടെയും കൂട്ടായ്മയുടെയും ഐക്യദാര്‍ഢ്യത്തിന്‍റെയും സംസ്ക്കാരം വളര്‍ത്തുന്നതിന് അതിനെ ഉപയോഗിക്കാമെന്ന് സഭ ഏറെ ആഗ്രഹിച്ചു. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഈ മാധ്യമശക്തിയുടെ പ്രാധാന്യം ഇനിയും പഠിക്കുകയും വിലയിരുത്തുകയും പുനരാവിഷ്ക്കരിക്കുകയും വേണമെന്നാണ്. ഈ മേഖലയില്‍ സഭയ്ക്കുള്ള അടിസ്ഥാന നിലപാട്. കാരണം മനുഷ്യന്‍ ഒരു സാമൂഹ്യജീവി എന്ന നിലയില്‍ ഒരിക്കലും സമൂഹത്തില്‍ അന്യവത്ക്കരിക്കപ്പെടുകയോ, ഏകാകിയായി കഴിയാന്‍ ഇടയാവുകയോ ചെയ്യരുതെന്ന് സഭ ആഗ്രഹിക്കുന്നു. അനുദിന ജീവിത മണ്ഡലത്തില്‍നിന്ന് വേര്‍തിരിച്ചറിയാനാവാത്ത വിധം ഇന്നിന്‍റെ മാധ്യമപരിസ്ഥിതി അത്രകണ്ട് വ്യാപനശക്തിയുള്ളതാണ്. “നെറ്റ്” ഇക്കാലഘട്ടത്തില്‍ അറിവിന്‍റെ വലിയ സ്രോതസ്സും വിനിമയോപാധിയുമായി മാറിയിട്ടുണ്ട്.

3. “നെറ്റ്” ഉയര്‍‍ത്തുന്നു വെല്ലുവിളികള്‍
ഒരിക്കല്‍ അചിന്തനീയമായിരുന്ന അറിവിന്‍റെയും പരസ്പര ബന്ധങ്ങളുടെയും ഉറവിടമായി ഇന്‍റര്‍നെറ്റ് തീര്‍ന്നിരിക്കുന്നു. എന്നാല്‍ പരിപാടികളുടെ ഉല്പാദനം, വിതരണം, അവയുടെ ഉപയോഗം എന്നിവ സംബന്ധിച്ച് ആധുനിക വിവരസാങ്കേതികത കൈവരിച്ചിട്ടുള്ള ഭീമമായ പരിവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ മനുഷ്യന്‍റെ അന്വേഷണം, പങ്കുവയ്ക്കല്‍, വസ്തുതകളെക്കുറിച്ചുള്ള സത്യസന്ധമായ അറിവുകള്‍ എന്നീ മേഖലകളില്‍ അത് ഭീഷണികള്‍ ഉയര്‍ത്തുന്നുണ്ടെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. അറിവിനുള്ള അനിതരസാധാരണമായ സാദ്ധ്യതയായി ഇന്‍റെര്‍നെറ്റിനെ കാണുമ്പോഴും, അത് തെറ്റായ അറിവുകള്‍ നല്കുകയും, യാഥാര്‍ത്ഥ്യങ്ങളെ ബോധപൂര്‍വ്വം തച്ചുടയ്ക്കുകയോ വളച്ചൊടിക്കുകയോ ചെയ്യുകയും, വ്യക്തിബന്ധങ്ങളെ വികലമാക്കുകയും ചെയ്യുന്നുണ്ട്.

4. കബളിപ്പിക്കലിന്‍റെ കെണി
ഒരു വശത്ത് സമൂഹ്യമാധ്യമ ശ്രൃംഖലകള്‍ ആശയവിനിമയ സാദ്ധ്യതകളെ ത്വരിതപ്പെടുത്തുകയും, അവയെ പുനരാവിഷ്ക്കരിക്കുകയും, ദ്രുതഗതിയില്‍ അറിവ് കൈമാറാന്‍ സഹായിക്കുകയും ചെയ്യുമ്പോള്‍, മറുവശത്ത് രാഷ്ട്രീയമോ സാമ്പത്തികമോ ആയ നേട്ടങ്ങള്‍ക്കുവേണ്ടി, വ്യക്തിയെയും വ്യക്തിയുടെ അവകാശങ്ങളെയും അര്‍ഹമായ വിധത്തില്‍ മാനിക്കാതെ, വിവരങ്ങള്‍ വളച്ചൊടിക്കപ്പെടുകയാണിവിടെ! ഇതുവഴി ഇന്ന് യുവജനങ്ങളില്‍ നാലില്‍ ഒരാളെങ്കിലും ആധുനിക സാമൂഹ്യമാധ്യമ ശ്രൃംഖലകളുടെ “കബളിപ്പിക്കലിന്‍റെ കെണി”യില്‍ (Cyber bullying) അകപ്പെട്ടു പോകുന്നുണ്ടെന്ന് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.

5. കൂട്ടായ്മയ്ക്കു ബലമാകേണ്ട “നെറ്റ്”
സങ്കീര്‍ണ്ണമായ ഈ സാഹചര്യത്തില്‍ ഇന്‍റെര്‍നെറ്റിന് അടിസ്ഥാനമായ “നെറ്റ്,” അല്ലെങ്കില്‍ വല എന്ന ഉപമയെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ അതിന്‍റെ ഭാവാത്മകമായ കഴിവുകള്‍ കണ്ടെത്തുന്നതിന് നമുക്കു സാധിക്കും. തിരശ്ചീന രേഖകളുടെയും ലംബരേഖകളുടെയും ബഹുത്വമാര്‍ന്ന സംവിധാനമാണ് ഒരു വല. ഒരു കേന്ദ്രസ്ഥാനമോ, ആധികാരികതയുടെ ശ്രേണീപരമായ (hierarchical) ഘടനയോ ലംബസമാനമായ സംയോജനമോ ഇല്ലാത്ത ഒരു വലയുടെ സ്ഥിരത ഉറപ്പുവരുത്തുന്നത് അതിന്‍റെ രേഖകളായ നൂലുകളാണ്. എന്നാല്‍ അവ പലപ്പോഴും പൊതുതാല്പര്യങ്ങളെയോ, വളരെ ലോലമായ ബന്ധങ്ങളെ കോര്‍ത്തിണക്കുന്ന വിഷയങ്ങളെയോ മുന്‍നിര്‍ത്തി, പരസ്പരം അംഗീകരിക്കുകയും പിന്‍തുണയ്ക്കുകയും ചെയ്യുന്ന വ്യക്തികളുടെ കൂട്ടായ്മയായി മാറുന്നു. എന്നാല്‍ ഒരു വല ശക്തമാകുന്നത് അതിന്‍റെ എല്ലാ നൂലുകളും പരസ്പരം കൈകോര്‍ത്ത്, ഉത്തരവാദിത്ത്വങ്ങള്‍ പങ്കുവയ്ക്കുന്നതുകൊണ്ടാണ്.

6.  “നെറ്റും” മാനവിക സമൂഹവും
നരവംശ ശാസ്ത്രപ്രകാരം നോക്കിയാല്‍ “നെറ്റ്” അല്ലെങ്കില്‍ വല എന്ന ഉപമയ്ക്ക് സമൂഹം എന്ന ആഴമായ ഒരര്‍ത്ഥമുണ്ട്. എന്നാല്‍ ഒരു സമൂഹം കൂടുതല്‍ ബലവത്താകുന്നത് അത് പരസ്പരം പിന്‍താങ്ങുകയും, കൂട്ടായ്മയുള്ളതാകുകയും ചെയ്യുമ്പോഴാണ്. എന്നാല്‍ സാങ്കേതികതയ്ക്കുമപ്പുറം ആത്മവിശ്വാസത്തിന്‍റെയും, പൊതുവായ ലക്ഷ്യങ്ങളുടെയും ഘടകങ്ങള്‍ അതിനെ നയിക്കുമ്പോഴാണ് “നെറ്റ്” ഫലപ്രാപ്തി അണിയുന്നത്. ഉത്തരവാദിത്ത്വപൂര്‍ണ്ണമായ രീതിയില്‍ വ്യക്തികള്‍ തമ്മില്‍ ശ്രവിക്കുകയും, സംവദിക്കുകയും, ആശയങ്ങള്‍ കൈമാറുകയും, പങ്കുവയ്ക്കുകയും ചെയ്യുന്ന ഐക്യദാര്‍ഢ്യത്തിന്‍റെ സമൂഹം വളര്‍ത്തുന്ന ഉപകരണമാകണം ഈ നവമാധ്യമ ശ്രൃംഖല, “നെറ്റ്” .

7.  “നെറ്റ്” വളര്‍ത്തുന്ന സാമൂഹികപ്രതിസന്ധികള്‍
എന്നാല്‍ ഇന്നിന്‍റെ സാമൂഹ്യപരിസരത്ത് ആധുനിക മാധ്യമശ്രൃംഖലയായ “നെറ്റ്” മാനവിക സമൂഹത്തോട് സ്വമേധയാ സാരൂപ്യപ്പെടുന്നില്ലെന്നത് ഏറെ സ്പഷ്ടമാണ്. അടിയന്തിരമായ സാഹചര്യങ്ങളില്‍ കൂട്ടായ്മയും ഐക്യദാര്‍ഢ്യവും പ്രകടമാക്കിക്കൊണ്ട് തലപൊക്കാറുണ്ടെങ്കിലും, അവ പരസ്പര താല്പര്യവും മമതയുമുള്ള വ്യക്തികളുടെ വളരെ ദുര്‍ബലമായ കൂട്ടായ്മയായി വേറിട്ടുനില്ക്കുന്നു. മാത്രമല്ല, ഈ സാമൂഹ്യശ്രൃംഖലാ വെബ്സൈറ്റുകളുടെ തനിമ പലപ്പോഴും, ശ്രൃംഖലയുടെ കൂട്ടായ്മയ്ക്കു പുറത്തുള്ളവരെ എതിര്‍ക്കാനാണ് ശ്രമിക്കുന്നത്. അങ്ങനെ ഒത്തുചേരുകയും കൂട്ടായ്മ വളര്‍ത്തുകയും ചെയ്യുന്നതിനു പകരം, ഇന്‍റെര്‍‍നെറ്റ് സംവിധാനംവഴി നാം പരസ്പരം വിഘടിക്കുകയും ഖണ്ഡിക്കുകയുംചെയ്യുന്നു. ഇത് അന്വോന്യം സംശയം വളര്‍ത്തുകയും, ധാര്‍മ്മികവും, ലൈംഗികവും, മതപരവും, വംശീയവുമായ മേഖലകളില്‍ എല്ലാത്തരത്തിലുമുള്ള മുന്‍വിധിയും ആശയക്കുഴപ്പങ്ങളും ജനിപ്പിക്കുന്നു. മാത്രമല്ല, ഇങ്ങനെയുള്ള “വെബ് കൂട്ടായ്മകള്‍” സമൂഹത്തിലെ വൈവിധ്യങ്ങളെ എതിര്‍ക്കുകയും ഒഴിവാക്കുകയും, സാമൂഹ്യമാധ്യമ പരിസരത്ത് കടിഞ്ഞാണില്ലാത്ത വ്യക്തിമാഹാത്മ്യവാദം വളര്‍ത്തുകയും, അവസാനം സമൂഹത്തില്‍ പ്രകോപനപരമായ വെറുപ്പിനും വിദ്വേഷത്തിനും അത് വഴിതെളിക്കുകയും ചെയ്യുന്നു.

8. നവസാങ്കേതികതയുടെ “ചില്ലുകൂടുകള്‍”

അങ്ങനെ ലോകത്തിന് നന്മയുടെ ജാലകമാകേണ്ട (windows of truth) സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍, സ്വാര്‍ത്ഥതാല്പര്യവും, സ്വന്തംകാര്യങ്ങളും ശാരീരികഭംഗിയും വ്യക്തിമാഹാത്മ്യവും വര്‍ണ്ണാഭമായി പ്രദര്‍ശിപ്പിക്കുന്ന നവസാങ്കേതികതയുടെ ചില്ലുകൂടുകളായി (show cases) മാറുന്നു.

9. യുവജനങ്ങള്‍ “നെറ്റി”ന്‍റെ  ധ്യാനികള്‍
കൂട്ടായ്മ വളര്‍ത്താനുള്ള സാദ്ധ്യതകള്‍ ഒരു പരിധിവരെ നവമാധ്യമ ശ്രൃംഖലകള്‍ നല്കുന്നുണ്ട്. എന്നാല്‍ ചിലപ്പോള്‍ ഒരു വലയില്‍ കുടുങ്ങിയപോലെ അത് വ്യക്തികളില്‍ ഏകാന്തത വളര്‍ത്താനും കാരണമാകുന്നുണ്ട്. എന്നാല്‍ പരസ്പര ബന്ധങ്ങളെ മെച്ചപ്പെടുത്താനുള്ള ഏകമാര്‍ഗ്ഗം സാമൂഹ്യശ്രൃംഖലകളാണെന്ന മിഥ്യാബോധം ഇന്ന് യുവജനങ്ങളെ ഏറെ കീഴ്പ്പെടുത്തുന്നു. ഇതുവഴി സമൂഹത്തില്‍നിന്നും തങ്ങളെത്തന്നെ അവര്‍ ഒറ്റപ്പെടുത്തി, ഇന്നത്തെ യുവജനങ്ങള്‍ “സാമൂഹ്യശ്രൃംഖലയുടെ ധ്യാനികളാ”യിത്തീരുകയാണ് (Social hermits). അങ്ങനെ അവര്‍ സമൂഹത്തില്‍നിന്നും കുടുംബങ്ങളില്‍ന്നും ഒറ്റപ്പെട്ടുപോകുന്ന അപകടകരമായ ഈ പ്രതിഭാസം ഇന്ന് സര്‍വ്വസാധാരണമായിട്ടുണ്ട്. അങ്ങനെ പരസ്പര ബന്ധങ്ങളുടെ സാമൂഹിക ഘടനയില്‍ ഗൗരവകരമായ വിള്ളലുകള്‍ സൃഷ്ടിക്കുന്ന ഈ നാടകീയ സാഹചര്യം സാമൂഹ്യ മാധ്യമശ്രൃംഖലകള്‍ വളര്‍ത്തുന്നു എന്ന വസ്തുതയും ഇന്നിന്‍റെ വെളിപ്പെടുത്തലാണ്.

10. സുരക്ഷിതമായ സംവേദനോപകരണമാക്കാം
അങ്ങനെ ബഹുമുഖ നേട്ടങ്ങള്‍ ഉള്ളതും, എന്നാല്‍ അപകടകരവുമായ “നെറ്റ്” എന്ന ഈ നവ മാധ്യമ സാങ്കേതികത സാന്മാര്‍ഗ്ഗികവും സാമൂഹികവും നിയമപരവും രാഷ്ട്രീയവും സാമ്പത്തികവുമായ വിവിധ ചോദ്യങ്ങള്‍ ഉന്നയിക്കുകയും, ഒപ്പം അത് സകലരെയും വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്. “വെബ്ബി”നെ നിയന്ത്രിക്കാനും, സ്വതന്ത്രവും തുറവുള്ളതും സുരക്ഷിതവുമായ സംവേദനോപകരണമായി അതിനെ നിലനിര്‍ത്താനും ഭരണകര്‍ത്താക്കള്‍ നിയമപരമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമ്പോള്‍, “നെറ്റി"ന്‍റെ മേഖലയില്‍ ഭാവാത്മകവും ക്രിയാത്മകവുമായ ഉപയോഗത്തെ വളര്‍ത്താന്‍ സഭാസംവിധാനങ്ങള്‍ നന്മ ലക്ഷ്യമിടുന്ന മാറ്റാര്‍ക്കുമൊപ്പം പരിശ്രമിക്കേണ്ടതാണ്. “നെറ്റി”ലെ കണ്ണിചേരലുകള്‍ വര്‍ദ്ധിപ്പിച്ചാല്‍ സമൂഹത്തില്‍ പരസ്പരധാരണ വളര്‍ത്താം എന്നു ചിന്തിക്കുന്നത് മൗഢ്യമാണ്. അതിനാല്‍, ആശയവിനിമയത്തിന്‍റെ മേഖലയില്‍ നമുക്കുള്ള ഉത്തരവാദിത്ത്വങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് എപ്രകാരം തനിമയോടെ തലയുയര്‍ത്തി നില്ക്കാനാകുമെന്ന് നാം ചിന്തിക്കേണ്ടതാണ്.

11. ശരീരം - കൂട്ടായ്മയുടെ ഉപമ
സാമൂഹ്യശ്രൃംഖലയെക്കുറിച്ചു പറയാവുന്ന രണ്ടാമത്തെ ഉപമ –“ശരീരവും അതിലെ അവയവങ്ങളു”മാണ്. ഇത് പൗലോസ് അപ്പസ്തോലന്‍ എഫേസിയര്‍ക്ക് എഴുതിയ ലേഖനത്തില്‍ പ്രതിപാദിക്കുന്ന ഉപമയാണ്. ശരീരത്തെ അടിസ്ഥാനപ്പെടുത്തി കൂട്ടായ്മയുടെ സന്ദേശം നല്കാനാണ് അപ്പസ്തോലന്‍ ഇത് ഉപയോഗിച്ചത്. “വ്യാജം വെടിഞ്ഞ് എല്ലാവരും തങ്ങളുടെ അയല്‍ക്കാരോട് സത്യം സംസാരിക്കണം. കാരണം നാം ഒരേ ശരീരത്തിലെ അവയവങ്ങളാണ്” (എഫേ. 4, 25). ഒരു ശരീരത്തിലെ അവയവങ്ങള്‍പോലെ പരസ്പരം നാം ചേര്‍ന്നിരിക്കുന്നുവെന്നു പറയുന്നത് ആഴമുള്ള ബന്ധത്തിന്‍റെ ലക്ഷണമാണ്. അങ്ങനെയുള്ള കൂട്ടായ്മയില്‍ സത്യം നിലനില്ക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യും. സത്യം സംരക്ഷിക്കേണ്ട കടമയുള്ള പരസ്പര ബന്ധത്തില്‍നിന്നും കൂട്ടായ്മയില്‍നിന്നുമാണ് ഐക്യം വെളിവാക്കപ്പെടുന്നത്. എന്നാല്‍ അസത്യമാവട്ടെ, അന്തച്ഛിദ്രം വളര്‍ത്തുന്നു.

12.  കൂട്ടായ്മയും പരോത്മുഖതയും
ക്രൈസ്തവ കൂട്ടായ്മയുടെ തനിമ വെളിപ്പെടുത്തുന്ന ഉപമയാണ് “ശരീരവും അതിലെ അവയവങ്ങളും”. കൂട്ടായ്മയ്ക്കൊപ്പം അത് സമൂഹത്തിന്‍റെ പരോന്മുഖതയും (Otherness) വ്യക്തമാക്കുന്നു. ക്രൈസ്തവരായ നാം ക്രിസ്തു ശിരസ്സായുള്ള സഭാഗാത്രത്തിലെ അംഗങ്ങളാണ്. അതിനാല്‍ വ്യക്തികളെ മാത്സര്യത്തോടെയോ, ശത്രുതയോടെയോ നോക്കിക്കാണാതെ, അവര്‍ ഓരോരുത്തരുടെയും അന്തസ്സു മാനിക്കാന്‍ ഈ കാഴ്ചപ്പാടു സഹായിക്കണം. ശത്രുക്കളെപ്പോലും വ്യക്തികളായി പരിഗണിക്കാനും, അവരെ സ്നേഹിക്കാനുമാണ് ക്രിസ്തു പഠിപ്പിക്കുന്നത്. ക്രിസ്തു പ്രബോധിപ്പിച്ച സകലരെയും ആശ്ലേഷിക്കുന്ന സാകല്യസംസ്കൃതിയില്‍ ആരെയും പരിത്യജിക്കാതെ, വ്യക്തിബന്ധത്തിന്‍റെയും സാമീപ്യത്തിന്‍റെയും സമഗ്രതയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ “നെറ്റ്”വഴിയുള്ള കൂട്ടായ്മയുടെ വീക്ഷണം സഹായിക്കേണ്ടതാണ്.

13.  ദൈവം വസിക്കുന്ന ആര്‍ജ്ജവമുള്ള സ്നേഹക്കൂട്ടായ്മ
ദൈവച്ഛായയുള്ള മനുഷ്യരുടെ സ്നേഹക്കൂട്ടായ്മയിലാണ് വ്യക്തികള്‍ തമ്മില്‍ മനസ്സിലാക്കാനും ആശയവിനിമയം നടത്താനും സാധിക്കുന്നത്. ദൈവം ഏകാന്തതയല്ല, കൂട്ടായ്മയാണ്. അവിടുന്ന് പ്രതിയോഗിയല്ല, സ്നേഹമാണ്. അതിനാല്‍ അവിടുന്ന് സംവദിക്കുകയും, ആശയവിനിമയം നടത്തുകയും ചെയ്യുന്നു. സ്നേഹം സജീവമാണ്, അത് സംവദിക്കുകയും ചുറ്റും ആര്‍ജ്ജവമുള്ള സ്നേഹക്കൂട്ടായ്മ സൃഷ്ടിക്കുകയും ചെയ്യുന്നു. ചരിത്രത്തില്‍ ഉടനീളം മനുഷ്യരോടു സംവദിക്കാനും ആശയവിനിമയംചെയ്യുവാനും ദൈവം തിരഞ്ഞെടുത്തത് മനുഷ്യരുടെതന്നെ രീതിയാണ് (Vatican II Council, Dei Verbum, 2). സ്നേഹമായ ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട നാം കൂട്ടായ്മയില്‍ ജീവിക്കാനും സ്നേഹത്തില്‍ സംവദിക്കാനുമുള്ള അടിസ്ഥാന ഭാവമാണ് ഹൃദയത്തില്‍ പേറേണ്ടത്. അതുകൊണ്ടാണ്, “മറ്റുള്ളവരുമായി സൗഹൃദബന്ധത്തില്‍ ഏര്‍പ്പെടാനും, അപരനോടു കൂട്ടായ്മയില്‍ വസിക്കാനുമുള്ള അഭിവാഞ്ഛ ക്രിസ്തീയമാണെ,”ന്ന് സഭാപിതാവും മഹാപണ്ഡിതനുമായ വിശുദ്ധ ബെയിസില്‍ പഠിപ്പിച്ചത് (Rule of Monks II, I pg. 31, 917).

14.  പരോത്മുഖമായ ആശയവിനിമയം
വ്യക്തിയില്‍നിന്നും വ്യക്തിത്വത്തെ വേര്‍തിരിക്കുന്നത് ത്രിത്വത്തിന്‍റെ പ്രതിച്ഛായയും കൂട്ടായ്മയും, ക്രൈസ്തവന് അതിലുള്ള ആത്മീയ പങ്കാളിത്തവുമാണ്. എന്‍റെതന്നെ അസ്തിത്വത്തിന്‍റെ പൂര്‍ണ്ണതയ്ക്കായി ഞാന്‍ അപരനിലേയ്ക്കു തിരിയണമെന്നത് ത്രിത്ര്വൈക ദൈവത്തിലുള്ള വിശ്വാസത്തില്‍നിന്നും ഉത്ഭവിക്കുന്ന സംജ്ഞയാണ്. മനുഷ്യന്‍ വ്യക്തിയാകുന്നത് സത്യമായും അയാള്‍ മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ മാത്രമാണ്. വ്യക്തി ഒരു മുഖഭാവമാണ്, അപരനിലേയ്ക്ക് എത്തിപ്പെടുന്ന ഒരു കണ്ടുമുട്ടലാണ് വ്യക്തി. ജീവിതം കൂടുതല്‍ മനുഷ്യത്വപരമാകുന്നത് വ്യക്തി സ്വയം ഇല്ലതായി, ഒരാള്‍ മറ്റുള്ളവര്‍ക്കുവേണ്ടി കൂടുതല്‍ വ്യക്തിപരമാകുമ്പോഴാണ്. അപരനെ എതിരാളിയായി കാണുന്ന ഒറ്റപ്പെട്ട രീതിയില്‍നിന്നും അയാളെ സഹചാരിയായി അംഗീകരിക്കുന്ന യഥാര്‍ത്ഥമായ മനുഷ്യത്വത്തിന്‍റെ ജീവിതപാതയാണിത്.

15 “നെറ്റ്” നന്മയുടെ ചാലകശക്തി
ശരീരത്തിന്‍റെയും അതിലെ അവയവങ്ങളുടെയും ഉപമയില്‍നിന്ന് നാം പഠിക്കേണ്ട മറ്റൊരു കാര്യം, സാമൂഹ്യമാധ്യമ ശ്രൃംഖലകള്‍ സജീവമാകുന്നതും ഉപകാരപ്രദമാകുന്നതും അപരന്‍റെ ഹൃദയം, കണ്ണുകള്‍, നോട്ടം, നിശ്വാസം എന്നിവയിലൂടെ യാഥാര്‍ത്ഥ്യമാക്കുന്ന വ്യക്തികളുടെ കണ്ടുമുട്ടലിലൂടെയുമാണ്. അത്തരം കണ്ടുമുട്ടലിന്‍റെ തുടര്‍ച്ചയും പ്രത്യാശയുമായി “നെറ്റി”നെ കാണാനായാല്‍ സാമൂഹ്യമാധ്യമ ശ്രൃംഖലയെന്ന സംജ്ഞ ഒരിക്കലും വഞ്ചിക്കപ്പെടുകയില്ല, മറിച്ച് അതെന്നും കൂട്ടായ്മയ്ക്കുള്ള നിമിത്തമായിത്തീരും. അപ്പോള്‍ “നെറ്റി”ലൂടെ ലോക കാര്യങ്ങളുമായി ഒരു കുടുംബം കണ്ണിചേരുകയും, വീട്ടിലെ ഊണുമേശയില്‍ മുഖാമുഖം ഇരിക്കാന്‍ സാധിക്കുകയും ചെയ്യുമ്പോള്‍ ഈ സാമൂഹ്യശ്രൃംഖല യഥാര്‍ത്ഥമായ അറിവിന്‍റെയും കൂട്ടായ്മയുടെയും സ്രോതസ്സായി മറും. അതുപോലെ ഒരു ഇടവകസമൂഹം “നെറ്റ്” ഉപയോഗിച്ചു കണ്ണിചേരുകയും അജപാലനമേഖലയിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും, കര്‍ത്താവിന്‍റെ വിരുന്നുമേശയില്‍ അനുദിനം ഒത്തുചേരുകയും ചെയ്യുമ്പോള്‍ അത് ആത്മീയതയുടെ സ്രോതസ്സായി പരിണമിക്കും. അകലങ്ങളില്‍ സംഭവിക്കുന്ന നന്മയുടെയും, ഒപ്പം യാതനയുടെയും അനുഭവങ്ങള്‍ പങ്കുവയ്ക്കാനും, ജീവിതകഥകള്‍ പകര്‍ന്നുനല്കാനും “നെറ്റ്” ഉപയോഗപ്പെടുത്തുകയും, അകന്നരിക്കുവരെ പ്രാര്‍ത്ഥനയില്‍ ഒന്നിപ്പിക്കുകയും, പരസ്പരം സാന്ത്വനസ്പര്‍ശമാവുകയും ചെയ്യുമ്പോള്‍ “വെബ്ബ്” നന്മയുടെ ചാലകശക്തിയായും വളരും.

16 സഭ ആത്മീയതയുടെ വിസ്തൃത ശ്രൃംഖല
ഇങ്ങനെ സാമൂഹ്യശ്രൃംഖലയുടെ കാര്യത്തില്‍ മേല്പറഞ്ഞ രോഗലക്ഷണങ്ങളില്‍നിന്ന് നമുക്ക് യഥാര്‍ത്ഥത്തിലുള്ള ചികിത്സയിലേയ്ക്കു കടക്കാനും സാധിക്കും. സംവാദത്തിനും കൂട്ടായ്മയ്ക്കും ആനന്ദത്തിനും, സ്നേഹത്തിനും ആര്‍ദ്രതയ്ക്കുമുള്ള വഴി തുറക്കാന്‍ “നെറ്റി”നു കരുത്തുണ്ട്. ഇതാണ് ഇന്നു നമുക്ക് ആവശ്യമായ സാമൂഹ്യശ്രംഖല...! മനുഷ്യരെ കണ്ണികളുടെ കെണിയില്‍ വീഴ്ത്താനല്ല, മറിച്ച് അവരെ സ്വതന്ത്രരാക്കാനും, സ്വതന്ത്രരായ ജനങ്ങളുടെ കൂട്ടായ്മയെ സംരക്ഷിക്കാനും നേരായ വഴിയില്‍ നയിക്കാനുമാണ് “നെറ്റ്”. ദിവ്യകാരുണ്യകൂട്ടായ്മയാല്‍ മെനഞ്ഞെടുത്ത വിസ്തൃതമായ ഒരു ശ്രൃംഖലയാണ് സഭ. ഇവിടെ കണ്ണിചേര്‍ക്കപ്പെടുന്നത് “ലൈക്കുകള”ല്ല (Likes), മറിച്ച് ക്രിസ്തുവിന്‍റെ മൗതികശരീരവുമായി ഐക്യപ്പെട്ടിരിക്കുകയും, സകലരെയും സഹോദരങ്ങളായി അംഗീകരിക്കുകയും സ്വാഗതംചെയ്യുകയും ചെയ്യുന്ന സത്യം ഏറ്റുപറയുന്ന “ആമേന്‍” (Amen) എന്ന സ്തുതിപ്പായിത്തീരട്ടെ.

കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിളയുടേതാണ് ഈ ഗാനം, സംഗീതവും ആലാപനവും ശ്രീവത്സ മേനോന്‍.

ഭാരതത്തില്‍ ജൂണ്‍ 2-Ɔ൦ തിയതി സഭ ആചരിക്കുന്ന ലോക മാധ്യമ ദിനത്തിനായി പാപ്പാ ഫ്രാന്‍സിസ് നല്കിയ ചിന്താമലരുകളാണ്, അവതരിപ്പിച്ചത് ജോളി അഗസ്റ്റിനും ഫാദര്‍ വില്യം നെല്ലിക്കലും.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 May 2019, 17:00