തിരയുക

Vatican News
വിദേശ മാധ്യമ പ്രവർത്തകരുടെ  ഇറ്റലിയിലുള്ള സംഘടനയുമായി  ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തിയവസരത്തില്‍... വിദേശ മാധ്യമ പ്രവർത്തകരുടെ ഇറ്റലിയിലുള്ള സംഘടനയുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തിയവസരത്തില്‍...   (Vatican Media)

മാധ്യമപ്രവർത്തനം സത്യത്തിനു സാക്ഷ്യം നൽകുന്നതായിരിക്കണം

മെയ്18 ആം തിയതി ശനിയാഴ്ച, വിശുദ്ധ ക്ലമന്‍റീനാ ഹാളില്‍ വച്ച് വിദേശ മാധ്യമ പ്രവർത്തകരുടെ ഇറ്റലിയിലുള്ള സംഘടനയുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തിയവസരത്തില്‍ ആഗോള സാമൂഹിക-സാമ്പത്തിക മാധ്യമ ദിനത്തിന് ഏതാനും ദിവസം മുമ്പുള്ള ഈ കൂടിക്കാഴ്ചയ്ക്കും, സംഘടനയുടെ സ്ഥാനമൊഴിയുന്ന പ്രസിഡണ്ടായ എസ്മ ചക്കീറിനും സ്ഥാനമേൽക്കുന്ന പത്രീസ്സീയാ തോമസിനും നന്ദി പറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ പ്രഭാഷണം ആരംഭിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ വാര്‍ത്തകള്‍

സഭ മാധ്യമപ്രവർത്തകരെ ആദരിക്കുന്നു

മാധ്യമപ്രവർത്തകരുടെ ജോലിയെയും സഭയിലുള്ള മുറിവുകളിൽ അവർ കൈവെക്കുമ്പോൾ പോലും താനും, സഭയും ആദരിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ സത്യാന്വേഷണത്തിന് ആ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും, സത്യമാണ് നമ്മെ സ്വതന്ത്രരാകുന്നതെ ന്നും അറിയിച്ചു. 31 വർഷങ്ങള്‍ക്കു മുമ്പ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ പറഞ്ഞ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് നിങ്ങൾ ക്രിസ്ത്യാനികളാണെങ്കിലും, അല്ലെങ്കിലും സഭ നിങ്ങളുടെ കൂടെ നിങ്ങളുടെ ജോലിയെ മതിപ്പോടെ കാണുകയും മാധ്യമ സ്വാതന്ത്ര്യത്തെ തിരിച്ചറിയുകയും ചെയ്യുന്നു എന്നും പാപ്പാ വ്യക്തമാക്കി.

ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മാധ്യമപ്രവർത്തനം എന്നു പറഞ്ഞ പാപ്പാ അതിന്‍റെ ഉത്തരവാദിത്വത്തെ കുറിച്ചും അവരെ ഓർമ്മിപ്പിച്ചു. മാധ്യമ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്ന പദങ്ങളും, ചിത്രങ്ങളും, സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നവയും സൂക്ഷിച്ചു കൈകാര്യം ചെയ്യാൻ പാപ്പാ അവരെ ഓർമ്മിപ്പിച്ചു. സാമ്പർക്ക മാധ്യമങ്ങൾ നമ്മോടെല്ലാവരോടും തിന്മകൾ വിവരിച്ച് കാണികളാക്കി നിർത്തുന്നരീതിയിൽ നിന്ന് നാം ഓരോരുത്തരും അതിലെ അഭിനേതാക്കളാണെന്ന രീതിയിലേക്ക് കാര്യങ്ങൾ മാറണമെന്നും, മാധ്യമങ്ങൾക്ക് സമൂഹത്തിലുള്ള സ്വാധീനം ഓർമ്മിപ്പിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പാ വിശദീകരിച്ചു. അതിനാൽ മാധ്യമ ഉപകരണങ്ങളെ ഉപയോഗിക്കേണ്ടത് സത്യവും നീതിയും മുന്നിൽ കണ്ട് കെട്ടിപ്പടുക്കാനാണ് മറിച്ച് നശിപ്പിക്കാനാവരുതെന്ന് മാർപാപ്പാ ഉദ്ബോധിപ്പിച്ചു.

മാധ്യമ പ്രവർത്തകര്‍ എളിമയുള്ളവരായിരിക്കണം

മാധ്യമ പ്രവർത്തനങ്ങളിൽ എളിമയുടെ പങ്ക് എടുത്തുപറഞ്ഞുകൊണ്ട് സത്യാന്വേഷണത്തിന് എളിമ എത്രമാത്രം അത്യാവശ്യമാണെന്നും എല്ലാം അറിയാം എന്ന അനുമാനത്തിൽ നിന്നും മുഴുവനും മുന്നേ അറിയാൻ കഴിയില്ല എന്ന് വിചാരിക്കണമെന്നും പാപ്പാ വ്യക്തമാക്കി.  എളിമ സത്യത്തെ അന്വേഷിക്കാനുള്ള ആരംഭമാണ്. എളിമയുള്ള മാധ്യമപ്രവർത്തകർ മോശക്കാരല്ല. പ്രത്യുത തങ്ങളുടെ കൈവശമുള്ള ഉപകരണത്തിന്‍റെ ദൂര്‍വ്യാപകമായ ഫലങ്ങൾ തിരിച്ചറിഞ്ഞ് സത്യമെന്ന് ബോധ്യപ്പെടാത്ത ഒരു വാർത്തയെ എളുപ്പത്തില്‍ പ്രസിദ്ധീകരിക്കാനുള്ള വ്യഗ്രതയെ അടക്കാനും സമയമെടുത്ത് മനസ്സിലാക്കാനും പരിശ്രമിക്കുന്നവരാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

ഇന്നത്തെ സാമൂഹിക മാധ്യമങ്ങൾ പ്രയോഗിക്കുന്ന അക്രമാസക്തമായ വാക്കുകളിൽ തെറ്റുപറ്റിയാൽ മാധ്യമങ്ങളിൽ  ഒരു തിരുത്തൽ നടത്തിയാൽ മതിയാകും. എന്നാൽ മുറിപ്പെട്ട മനുഷ്യന്‍റെ അന്തസ്സ് തിരിച്ചുകൊടുക്കാൻ അതിന് കഴിയാതെ വരുമെന്നും മാർപാപ്പാ ഓർമ്മിപ്പിച്ചു. അതിനാൽ മാധ്യമ പ്രവർത്തകരുടെ മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് ഡി സാലസിന്‍റെ വാക്കുകളെ സ്മരിച്ചു കൊണ്ട് വൈദ്യൻ ശസ്ത്രക്രിയയ്ക്കു ഉപയോഗിക്കുന്നവയെ മാത്രം ഉപയോഗിക്കണമെന്നും, എളിമയുള്ള മാധ്യമപ്രവർത്തകൻ മുൻവിധികളിൽ നിന്ന് സ്വതന്ത്രരാണെന്നും അതിന് ധൈര്യം ആവശ്യമാണെന്നും പാപ്പാ നിര്‍ദ്ദേശിച്ചു.

മാധ്യമ പ്രവര്‍ത്തനം പ്രത്യാശയെ പ്രതിബിംബിക്കുന്ന ഒരു കണ്ണാടി

പത്രപ്രവർത്തനങ്ങൾക്കിടയിൽ വധിക്കപ്പെട്ട പ്രവർത്തകരെ ഓർമ്മിച്ച പാപ്പാ മാധ്യമസ്വാതന്ത്ര്യം ഒരു രാജ്യത്തിന്‍റെ യഥാർത്ഥ ആരോഗ്യത്തെ കാണിക്കുന്നുവെന്ന് വ്യക്തമാക്കി. ഇരകളുടെയും,പീഡിതരുടെയും, അനാഥരുടെയും ഭാഗത്തുനിന്ന് സംസാരിക്കാൻ മാധ്യമപ്രവർത്തകരെ ആവശ്യമുണ്ടെന്നും ജനിക്കുന്നതിനു മുമ്പും, ജനിച്ചയുടനെയും പട്ടിണിയാലും ആരോഗ്യസംരക്ഷണം ഇല്ലാതെയും, യുദ്ധത്താലും, നശിപ്പിക്കപ്പെടുന്ന ജീവനെക്കുറിച്ചും കുട്ടിപട്ടാളക്കാരുടെയും, പീഡിപ്പിക്കപ്പെടുന്ന കുട്ടികളുടെയും മറ്റും കഥകൾ ഞങ്ങൾക്ക് പറഞ്ഞു തരുവാനും ഓർമ്മിപ്പിക്കാനും മാധ്യമപ്രവർത്തകർ ചെയ്യുന്ന സേവനത്തിനും പാപ്പാ നന്ദി പറഞ്ഞു. മാധ്യമപ്രവർത്തകരിലുള്ള നന്മകൾ കണ്ടു ആശ്വസിക്കാറുണെന്ന് പറഞ്ഞ പാപ്പാ അപേക്ഷകളിൽ തളരാതെ, അനീതിയിൽ ചരിക്കാതെ, ക്ഷമയോടെ നിശബ്ദരായി ജോലി തുടരുവാനും ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു. മാധ്യമ പ്രവർത്തകരുടെയിടയിലുണ്ടായിരുന്ന സ്ത്രീകൾക്ക് അഭിവാദ്യങ്ങളർപ്പിച്ച പാപ്പാ അവരുടെ സേവനത്തിനും, പ്രേക്ഷിത പ്രവർത്തനത്തിനും നന്ദി അർപ്പിച്ചു. ലോകത്തിലെ സഹനങ്ങളുടെ മുന്നില്‍ പ്രത്യാശയെ പ്രതിബിംബിക്കുന്ന ഒരു കണ്ണാടിയായും, എളിമയും സ്വാതന്ത്ര്യമുള്ളവരായും ചരിത്രത്തിൽ മുദ്ര പതിപ്പിക്കാൻ അവർക്ക് സാധിക്കട്ടെ എന്നാശംസിച്ച് കൊണ്ട് അപ്പോസ്തോലിക ആശീർവാദം നൽകി പാപ്പാ തന്‍റെ പ്രഭാഷണം അവസാനിപ്പിച്ചു.

18 May 2019, 13:15