തിരയുക

ഫ്രാന്‍സിസ് പാപ്പാ  പൊതു കൂടികാഴ്ച്ചയില്‍ പ്രഭാഷ​ണം ചെയ്യുന്നവസരത്തില്‍... ഫ്രാന്‍സിസ് പാപ്പാ പൊതു കൂടികാഴ്ച്ചയില്‍ പ്രഭാഷ​ണം ചെയ്യുന്നവസരത്തില്‍... 

സ്നേഹിക്കുവാൻ മാത്രമറിയുന്ന ത്രീത്വൈക ദൈവം

പാപ്പാ ഫ്രാന്‍സിസ് നയിച്ച പൊതു കൂടിക്കാഴ്ച പ്രഭാഷണ സംഗ്രഹം

സി.റൂബിനി സി.റ്റി.സി

ഇറ്റലിയിലും റോമിലും തണുപ്പും,ചൂടും നിറഞ്ഞ ഒരു കാലാവസ്ഥയായിരുന്നു. ഈ ബുധനാഴ്ച. വത്തിക്കാനിൽ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിൽ പാപ്പായെ കാണുവാനും, പ്രഭാഷണം ശ്രവിക്കുവാനും, ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങൾ എത്തിയിരുന്നു. ജനങ്ങളെ അഭിവാദനം ചെയ്യുന്നതിന്പതിവുപോലെ പാപ്പാ തുറന്ന വാഹനത്തിൽ ജനങ്ങൾക്കിടയിലൂടെ സഞ്ചരിച്ചു. അംഗരക്ഷകർ തന്‍റെയടുക്കല്‍ കൊണ്ടുവന്ന കുഞ്ഞുങ്ങളെ പാപ്പാ വാഹനം നിറുത്തി തലോടുകയും പിതൃവാത്സല്യത്തോടെ ചുംബിക്കുകയും ആശീർവ്വദിക്കുകയും ചെയ്തു. പ്രസംഗവേദിയെ സമീപിക്കാറാ യപ്പോൾ വാഹനത്തിലുണ്ടായിരുന്ന കുട്ടികളെ ഇറക്കിയതിനുശേഷം പാപ്പാ പ്രസംഗവേദിയിൽ എത്തി. പ്രാദേശിക സമയം 9. 30 ന് ഇന്ത്യയിലെ സമയം ഒരു മണിയായപ്പോൾ ത്രിത്വസ്തുതിയോടു കൂടി പ്രാൻസിസ് പാപ്പാ പൊതുദർശന പരിപാടി ആരംഭിച്ചു. തുടർന്ന് വിവിധ ഭാഷകളിൽ വിശുദ്ധഗ്രന്ഥത്തിൽ നിന്നുള്ള വായന വായിക്കപ്പെട്ടു.

വിശുദ്ധ ഗ്രന്ഥപാരായണം :

"നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല., മറിച്, പുത്രസ്വീകരത്തിന്‍റെ ആത്മാവിനെയാണ് നിങ്ങൾ കൈകൊണ്ടിരിക്കുന്നത്. ഈ ആത്മാവ് മൂലമാണ് നാം ആബ്ബാ പിതാവേ എന്ന് വിളിക്കുന്നത്". (റോമാ. 8 :15)

ഈ വിശുദ്ധ ഗ്രന്ഥ വായനയ്ക്കുശേഷം “സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാർത്ഥനയെ അടിസ്ഥാനപ്പെടുത്തി, പരിശുദ്ധ പിതാവ് ബുധനാഴ്ച പൊതു കൂടിക്കാഴ്ച അവസരത്തിൽ നൽകുന്ന പ്രബോധന പരമ്പര തുടർന്നു.

എവിടെയാണെങ്കിലും പിതാവിന്‍റെ  നാമം വിളിച്ചപേക്ഷിക്കുക.

പ്രിയ സഹോദരീസഹോദരൻമാരെ,ശുഭദിനാശംസകള്‍! ഇന്ന് നാം “സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാർത്ഥനയുടെ പഠനം അവസാനിപ്പിക്കുകയാണ്. ക്രിസ്തീയ പ്രാർത്ഥനയുടെ ജനനം ദൈവത്തെ പിതാവേ എന്ന് പേരുചൊല്ലി വിളിക്കാനുള്ള ധൈര്യത്തിൽ നിന്നാണെന്നു നമുക്ക് പറയാം.  ഇതാണ് ക്രിസ്തീയ പ്രാർത്ഥനയുടെ വേര്: ദൈവത്തെ പിതാവെന്ന് പറയുക. അതിനു ധൈര്യം വേണം, ഇത് ഒരു സൂത്രവാക്യമായല്ലാ (Formula) പ്രത്യുതാ  കൃപ നൽകുന്ന പുത്രർക്കടുത്ത ഒരു സ്നേഹബന്ധത്തിലേക്കു നമ്മെ കടത്തിവിടുകയാണ്: യേശു ദൈവപിതാവിനെ വെളിപ്പെടുത്തി. പിതാവുമായി   നമുക്കുള്ള  അടുപ്പത്തെ ദാനമായി നൽകുന്നു. "യാന്ത്രീകമായി ആവർത്തിക്കാനുള്ള ഒരു ഫോർമുലാ നമുക്ക് നല്‍കുന്നില്ല. എല്ലാ അധര പ്രാർത്ഥനയേയും പോലെ പരിശുദ്ധാതമാവു ദൈവവചനത്തിലൂടെ  തങ്ങളുടെ പിതാവിനോടു പ്രാർത്ഥിക്കാൻ ദൈവമക്കളെ പഠിപ്പിക്കുന്നു.  കത്തോലിക്കാ മതബോധന ഗ്രന്ഥം 2766 ). പിതാവിനോടു  പ്രാർത്ഥിക്കാൻ യേശു തന്നെ പല വാക്കുകളും ഉപയോഗിച്ചിട്ടുണ്ട്. സുവിശേഷം ശ്രദ്ധയോടെ വായിച്ചാൽ യേശുവിന്‍റെ അധരത്തിൽ വിരിയുന്ന ഈ പ്രാർത്ഥനാ പദങ്ങളിലെല്ലാം “സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാർത്ഥനയുടെ വാക്കുകൾ ഓർമ്മയില്‍ വരും. ഉദാഹരണത്തിന്, ഗത്സെമേനിയില്‍ വച്ച് രാത്രിയിൽ യേശു ഇങ്ങനെ പ്രാർത്ഥിക്കുന്നു: "ആബ്ബാ, പിതാവേ, "എല്ലാം അങ്ങേക്ക് സാധ്യമാണ്. ഈ പാനപാത്രം എന്നിൽ നിന്നും മാറ്റി തരേണമേ! എന്നാൽ എന്‍റെ ഹിതമല്ലാ. അങ്ങയുടെ ഹിതം മാത്രം"(​മർക്കോ.14:36) നമ്മൾ നേരത്തെ മർക്കോസിന്‍റെ  സുവിശേഷത്തിലെ  ഈ വാക്യങ്ങൾ ഓർമ്മിപ്പിച്ചിട്ടുള്ളതാണ്. എങ്ങനെയാണ് നമുക്ക് ഈ ചെറിയ പ്രാർത്ഥനയിൽ പോലും “സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാർത്ഥനയുടെ ഗന്ധം കിട്ടാതെ പോകുന്നത് ? കൂരിരുളിൽ ഭയവും ,ആകുലതയും അനുഭവിച്ചുകൊണ്ട്  ദൈവത്തോടു പുത്രനടുത്ത വിശ്വാസത്തോടെ  “അബ്ബാ” എന്ന് പേരുചൊല്ലി വിളിച്ച് പിതാവിന്‍റെ  ഇഷ്ടം നിറവേറട്ടെ എന്ന് ആവശ്യപ്പെടുന്നു.

സുവിശേഷങ്ങളിൽ മറ്റൊരിടത്ത്, പ്രാർത്ഥനയുടെ ഒരു ആത്മീയത വളർത്തിയെടുക്കാൻ യേശു ശിഷ്യരെ നിർബന്ധിക്കുന്നു. സഹോദരരുമായുള്ള ബന്ധത്തിൽ ബുദ്ധിമുട്ടുകളുണ്ടാവുമ്പോൾ ശാഠ്യത്തോടെയുള്ള    പ്രാർത്ഥനയാവണമെന്നും  സഹോദരങ്ങളുടെ ഓർമ്മയുണർത്തുന്നതാവണമെന്നും  യേശു പറയുന്നു. “നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ നിങ്ങള്‍ക്ക് ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കിൽ അത് ക്ഷമിക്കുവിൻ" (മര്‍ക്കോ. 11 :25) ഇതിൽ എങ്ങനെയാണ് “സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാർത്ഥനയുടെ ശ്രുതി ശ്രവിക്കാതിരിക്കുക ? നിങ്ങൾക്കും ഒരുപാട് ഉദാഹരണങ്ങൾ ഇനിയുമുണ്ടാകാം. പൗലോസ് അപ്പോസ്തലന്‍റെ ലേഖനങ്ങളിൽ നമുക്ക് “സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാർത്ഥനയുടെ വചനങ്ങൾ കാണാൻ കഴിയുകയില്ല, എന്നാലും അതിന്‍റെ സാന്നിധ്യം  ക്രൈസ്തവന്‍റെ "ആബ്ബാ, പിതാവേ " എന്ന ഒറ്റ വാക്കിലെ  വിസ്മയകരമായ സമന്വയത്തിൽ   സാന്ദ്രീഭവിപ്പിക്കുകയാണ്.

പരിശുദ്ധാത്മാവിന്‍റെ ശക്തിയില്ലാതെ പ്രാർത്ഥിക്കുവാൻ സാധിക്കുകയില്ല

ലൂക്കായുടെ സുവിശേഷത്തിൽ,  പലപ്രാവശ്യം യേശു കൂട്ടത്തിന്‍ നിന്നും മാറി തനിച്ച് ഒരിടത്ത് പ്രാർഥനയിൽ മുഴുകുന്നത് കണ്ട ശിഷ്യർ ഒരുദിവസം അവനോടു ചോദിക്കുവാന്‍  തീരുമാനിച്ചു. അവര്‍ "കർത്താവേ, സ്നാപക യോഹന്നാൻ തന്‍റെ  ശിഷ്യരെ പഠിപ്പിച്ചതുപോലെ, ഞങ്ങളെയെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കുക" (ലൂക്കാ.11 :1)  എന്നപേക്ഷിച്ചപ്പോള്‍  ഗുരു തന്‍റെ ശിഷ്യന്മാരുടെ അപേക്ഷയെ “സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാര്‍ത്ഥന പഠിപ്പിച്ചുകൊണ്ട് പൂർണ്ണമായി നിറവേറ്റിക്കൊടുക്കുന്നു. പുതിയ നിയമത്തെ പരിശോധിക്കുമ്പോൾ എല്ലാ ക്രൈസ്തവ പ്രാർത്ഥനയുടെയും നായകൻ പരിശുദ്ധാത്മാവാണെന്ന് മനസ്സിലാക്കുവാൻ കഴിയും. പരിശുദ്ധാത്മാവിന്‍റെ ശക്തിയില്ലാതെ നമുക്കൊരിക്കലും പ്രാർത്ഥിക്കുവാൻ സാധിക്കുകയില്ല. നമ്മിൽ പ്രാർത്ഥിക്കുകയും, നന്നായി പ്രാർത്ഥിക്കുവാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നത് പരിശുദ്ധാത്മാവാണ്. നമ്മെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുവാൻ പരിശുദ്ധാതമാവിനോടു നമുക്ക് പ്രാർത്ഥിക്കാം. എന്തെന്നാൽ ആത്മാർത്ഥമായി നമ്മിൽ പ്രാർത്ഥിക്കുന്ന നായകൻ ആത്മാവാണ്‌. ക്രിസ്തു ശിഷ്യരുടെ ഹൃദയത്തിൽ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നു. ദൈവമക്കൾ എന്ന നിലയിൽ നമ്മെ പ്രാർത്ഥിക്കുവാൻ പ്രാപ്തരാക്കുന്നു. ക്രിസ്തു നമുക്ക് വേണ്ടി തിരഞ്ഞെടുത്ത വഴിയിലൂടെ പ്രാര്‍ത്ഥിക്കുവാൻ ആത്മാവ് നമ്മെ സഹായിക്കുന്നു. കൃപയിലൂടെ പരിശുദ്ധത്രിത്വത്തിന്‍റെ ശബ്ദത്താല്‍ നാം ആകർഷിക്കപ്പെടുന്നു. ഇതാണ് ക്രിസ്തീയ പ്രാർത്ഥനയുടെ രഹസ്യം.

ദൈവപിതാവിന്‍റെ ഉപേക്ഷിക്കാത്ത സ്നേഹം  

ക്രിസ്തു പ്രാര്‍ത്ഥിച്ചതിങ്ങനെയാണ്. ചിലപ്പോൾ ക്രിസ്തുവിന്‍റെ ചില പ്രകടനങ്ങൾ  "സ്യര്‍ഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാര്‍ത്ഥനയില്‍ നിന്നും വളരെ അകലെയായിരിക്കുന്നതു പോലെ കാണുവാൻ കഴിയും. 22 ആം സംഗീര്‍ത്തനത്തിന്‍റെ ആരംഭത്തില്‍ തന്നെ "എന്‍റെ ദൈവമേ എന്‍റെ ദൈവമേ, എന്ത് കൊണ്ട് നീ എന്നെ ഉപേക്ഷിച്ചു?" (മത്താ.27 :46) എന്ന് ക്രിസ്തു കുരിശിൽ കിടന്ന് പ്രാർത്ഥിച്ച  പ്രാർത്ഥനയെ നമുക്ക് വായിക്കാൻ കഴിയും. പിതാവായ ദൈവത്തിന് തന്‍റെ പുത്രനെ ഉപേക്ഷിക്കാൻ കഴിയുമോ? ഒരിക്കലുമില്ല. പിതാവ് തന്നെ ഉപേക്ഷിച്ചെന്ന് നിലവിളിക്കുന്ന അവസ്ഥവരെ ക്രിസ്തുവിനെ എത്തിച്ചത് പാപികളായ നമ്മോടുള്ള പിതാവിന്‍റെ സ്നേഹമാണ്. അവിടുന്ന് നമ്മുടെ പാപങ്ങൾക്കായി തന്നെത്തന്നെ നൽകി."എന്‍റെ ദൈവമേ എന്‍റെ ദൈവമേ, എന്ത് കൊണ്ട് നീ എന്നെ ഉപേക്ഷിച്ചു?" എന്ന നിലവിളിച്ചു കൊണ്ടുള്ള പ്രാർത്ഥനയിൽ പോലും "എന്‍റെ ദൈവം" എന്നാണ് ക്രിസ്തു വിളിക്കുന്നത്. ഇത് പിതാവിനോടുള്ള ബന്ധത്തത്തിന്‍റെയും, വിശ്വാസത്തിന്‍റെയും,  പ്രാർത്ഥനയുടെയും കേന്ദ്രബിന്ദുവായി നിൽക്കുന്നു. അതുകൊണ്ട്  ഒരു ക്രിസ്ത്യാനിക്ക് ഏതവസരത്തിലും പ്രാർത്ഥിക്കാം. ബൈബിളിലെ എല്ലാ പ്രാര്‍ത്ഥനകളയുമെടുക്കാം. പ്രത്യേകിച്ച് സങ്കീർത്തനങ്ങൾ. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള  മനുഷ്യ  ഹൃദയങ്ങളിൽ നിന്ന് പ്രവഹിച്ചിട്ടുള്ള പലതരം പദപ്രയോഗങ്ങളിലൂടെയും പ്രാര്‍ത്ഥിക്കാം.  നമ്മുടെ സഹോദരീ സഹോദരരെക്കുറിച്ച് പിതാവിനോടു വിവരിക്കാൻ നാം ഒരിക്കലും മുടക്കം വരുത്തരുത്. കാരണം അവരിലാരും, പ്രത്യേകിച്ച് ദരിദ്രർ ഒരിക്കലും ആശ്വാസമില്ലാതെയും സ്നേഹത്തിന്‍റെ ഓഹരി ലഭിക്കാതെയും പോകരുത്.  

“സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന  പ്രാർത്ഥനയെ കുറിച്ചുള്ള നമ്മുടെ മതബോധന പഠനത്തെ “സ്വർഗ്ഗത്തിന്‍റെയും, ഭൂമിയുടെയും കർത്താവായ പിതാവേ, അവിടുത്തെ ഞാൻ സ്തുതിക്കുന്നു. എന്തെന്നാൽ അങ്ങ് ഇവ ജ്ഞാനികളിൽ നിന്നും ബുദ്ധിമാന്മാരിൽ നിന്നും മറച്ചുവയ്ക്കുകയും ശിശുക്കൾക്ക് വെളിപ്പെടുത്തുകയും ചെയ്തു".(ലൂക്കാ.10:21) എന്ന് യേശു പ്രാർത്ഥിച്ച പ്രാർത്ഥനോയോടെ പൂർത്തിയാക്കാം. പ്രാർത്ഥിക്കുവാൻ നമുക്ക് നമ്മെ തന്നെ ചെറുതാക്കാം. അങ്ങനെ പ്രാര്‍ത്ഥിക്കുമ്പോള്‍ പരിശുദ്ധാത്മാവ് നമ്മിൽ വരികയും നമ്മുടെ പ്രാർത്ഥനയിൽ നമ്മെ നയിക്കുകയും ചെയ്യും. ഈ വാക്കുകളില്‍ പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു.

ആശംസകളും അഭിവാദ്യങ്ങളും

പ്രഭാഷണത്തിനു ശേഷം പാപ്പാ ഇറ്റാലിയൻ ഭാഷയില്‍ നല്‍കിയ പ്രഭാഷണ സംഗ്രഹം ഇംഗ്ലീഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ പാരായണം ചെയ്യപ്പെട്ടു. ഓരോ വായനയുടെയും അന്ത്യത്തിൽ  അതാതു ഭാഷക്കാരെ ഇറ്റാലിയൻ ഭാഷയിൽ അഭിവാദ്യം ചെയ്യുകയും ചെയ്തു. ഇംഗ്ലണ്ട്, ബെൽജിയം, ടാൻസാനിയ, ന്യൂസിലാൻഡ്, ചൈന, ഇൻഡോനേഷ്യ, ഫിലിപ്പൈൻസ്, വിയറ്റ്‌നാം, കാനഡാ, അമേരിക്കാ എന്നീ രാഷ്ട്രങ്ങളിൽ നിന്ന് വന്ന തീര്‍ത്ഥാടകരെയും പാപ്പാ അഭിവാദനം ചെയ്തു. തുടര്‍ന്ന് “സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാർത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടു. അതിനുശേഷം പിതാവായ ദൈവത്തിന്‍റെ കരുണാർദ്രമായ സ്നേഹവും, ഉത്ഥിതനായ ക്രിസ്തുവിന്‍റെ സന്തോഷവും, അവിടെ സമ്മേളിച്ചിരുന്ന ഓരോ കുടുംബാംഗങ്ങൾക്കും എല്ലാവർക്കും ലഭിക്കട്ടെ എന്നാശംസിച്ച പാപ്പാ അവിടെ സന്നിഹിതരായ എല്ലാവരെയും ആശീർവദിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 May 2019, 16:03