ഫ്രാന്‍സിസ് പാപ്പാ  രോഗിയായ  വ്യക്തിയെ സ്നേഹപൂർവ്വം ആശ്ലേഷിക്കുന്നു ഫ്രാന്‍സിസ് പാപ്പാ രോഗിയായ വ്യക്തിയെ സ്നേഹപൂർവ്വം ആശ്ലേഷിക്കുന്നു  

കൃപ നമ്മെ അമാനുഷരാക്കുന്നില്ല

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ രണ്ടാം അദ്ധ്യായത്തിലെ 50-51 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തിനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ വാര്‍ത്തകള്‍

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

രണ്ടാം അദ്ധ്യായം:

വിശുദ്ധിയുടെ വഴിയില്‍ നാം അഭിമുഖികരിക്കേണ്ടി വരുന്ന രണ്ടു ശത്രുക്കളാണ് “ഗ്നോസ്റ്റിസിസം” (Gnosticism),പെലേജിയനിസം” (Pelagianism) എന്ന പാഷാണ്ഡതകള്‍. ഈ രണ്ടു പാഷണ്ഡതകളെയും സൂക്ഷിക്കാൻ പാപ്പാ നിർദ്ദേശിക്കുന്നു. എല്ലാം അറിയാമെന്ന ചിന്തയും, കരുണയില്ലാതെ നിയമങ്ങളിൽ മുറുകെ പിടിച്ചു നില്‍ക്കുന്ന മനോഭാവവും വിശുദ്ധിയുടെ മാർഗ്ഗത്തെ വിദൂരത്തിലാക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

കൃപ നമ്മെ അമാനുഷരാക്കുന്നില്ല

50. അവസാനമായി നമ്മുടെ പരിമിതികളെക്കുറിച്ചുള്ള ഹൃദയസ്പർശിയും, പ്രാർത്ഥനാ പൂർണ്ണവുമായ ഒരു അറിവിന്‍റെ അഭാവം, നമ്മുടെയുള്ളിൽ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കുന്നതിൽ നിന്ന് കൃപയെ തടയുന്നു. കാരണം ആത്മാർത്ഥവും കളങ്കമറ്റതുമായ വളർച്ചയുടെ ഭാഗമായ നന്മയ്ക്കുള്ള സാധ്യതകൾക്ക് ഒരവസരവും നൽകപ്പെടുന്നില്ല.

കൃപ വാസ്തവത്തിൽ സ്വഭാവത്തിന്‍ മേലാണല്ലോ സ്ഥാപിതമായിരിക്കുന്നത്. അതുകൊണ്ട് അത് പെട്ടെന്ന് നമ്മളെ അതിമാനുഷരാകുന്നില്ല. അത്തരത്തിലുള്ള ചിന്ത സ്വന്തം കഴിവുകളെക്കുറിച്ച് അമിതമായ ആത്മവിശ്വാസം പ്രകടമാക്കും. സത്യത്തിനായുള്ള നമ്മുടെ ശ്രദ്ധ നിമിത്തം കൃപയുടെ ആവശ്യത്തെ കുറിച്ചുള്ള നമ്മുടെ സംസാരവുമായി ഒത്തു പോവുകയില്ല. പ്രത്യേക അവസരങ്ങളിൽ അതിൽ ഒട്ടും വിശ്വാസമർപ്പിക്കാത്ത ഈ അവസ്ഥയിൽ എത്തിയേക്കാം.

ഒരിക്കൽ അവിടുത്തെ ദാനത്താൽ നാം ആകർഷിക്കപ്പെടുകയും ശക്തരാക്കപ്പെടുകയും ചെയ്തതിനുശേഷം നമ്മുടെ വസ്തുനിഷ്ഠവും പരിമിതവുമായ അവസ്ഥ നമുക്ക് അംഗീകരിക്കാൻ സാധിക്കാത്ത പക്ഷം ഓരോ നിമിഷവും കർത്താവു നമ്മിൽനിന്ന് ആവശ്യപ്പെടുന്ന യഥാർത്ഥവും സാധ്യവുമായ ചുവടുവയ്പ്പുകൾ നമുക്ക് കാണാൻ സാധിക്കുകയില്ല. കൃപ ചരിത്രത്തിൽ പ്രവർത്തിക്കുന്നു. സാധാരണമായി അത് നമ്മെ കരസ്ഥമാക്കുകയും ക്രമേണ നമ്മിൽ പരിവർത്തനം ഉണ്ടാക്കുകയും ചെയ്യുന്നു. ചരിത്രപരവും പുരോഗമനപരവുമായ ഈ യാഥാർത്ഥ്യത്തെ നാം തള്ളിക്കളയുകയാണെങ്കിൽ, നമ്മുടെ വാക്കുകൾ വഴി കൃപയെ പുകഴ്ത്തിയാൽപ്പോലും, കൃപയെ നിരസിക്കാനും തടസ്സപ്പെടുത്താനും യഥാർത്ഥത്തിൽ സാധിക്കും എന്ന് പാപ്പാ നമ്മെ പഠിപ്പിക്കുന്നു.

കൃപ നമ്മെ അമാനുഷരാക്കുന്നില്ല എന്ന് പാപ്പാ നമ്മെ ഓർമ്മപ്പെടുത്തുമ്പോൾ  ദൈവത്തിന്‍റെ മുന്നിൽ പ്രീതി നേടാൻ അമാനുഷീകമായ പെരുമാറ്റങ്ങൾ ഒന്നും ആവശ്യമില്ലെന്നാണ്. നമ്മുടെ സമൂഹത്തിൽ നാം കണ്ടു വരുന്നതും നമ്മിൽ ഒരുപക്ഷെ രൂപപ്പെടുന്നതുമായ പ്രവണതയാണ് മനുഷ്യരുടെ മുന്നിൽ നമുക്കുള്ള മഹത്വത്തെ വെളിപ്പെടുത്തുവാനും നമ്മിലെ ഇല്ലാത്ത മഹത്വത്തെ ഉണ്ടെന്ന് പ്രകടിപ്പിക്കുവാനുമുള്ള പരിശ്രമം. ഈ പരിശ്രമത്തിൽ നമുക്ക് നഷ്ടപ്പെടുന്നത് നമ്മുടെ മാനുഷീകതയാണ്. അത് കൊണ്ടാണ് ഫരിസേയരെ പോലെ കപടഭക്തരായി ജീവിക്കാതിരിക്കുവാൻ സൂക്ഷിക്കണമെന്ന് ക്രിസ്തു നമ്മോടു പറയുന്നത്. പാപ്പായുടെ പ്രബോധനത്തിൽ നാം ഇങ്ങനെ വായിക്കുന്നു.

51. ദൈവം അബ്രഹാത്തോടു സംസാരിക്കുമ്പോൾ ഇപ്രകാരം പറയുന്നു: "സർവ്വശക്തനായ ദൈവമാണ് ഞാൻ; എന്‍റെ മുമ്പിൽ വ്യാപരിക്കുക; കുറ്റമറ്റവനായി വർത്തിക്കുക." (ഉല്‍പ.17:1) എന്ന് ഓര്‍മ്മിപ്പിക്കുന്ന പാപ്പാ അവിടുന്ന് ആഗ്രഹിക്കുന്നത് പോലെ നാം കുറ്റമറ്റവരായിരിക്കണമെങ്കിൽ അവിടുത്തെ മഹത്വം ധരിച്ച് അവിടുത്തെ സന്നിധിയിൽ വിനീതരായി നാം ജീവിക്കേണ്ടതാവശ്യമാണെന്നും  നമ്മുടെ ജീവിതങ്ങളിൽ അവിടുത്തെ നിരന്തര സ്നേഹം അംഗീകരിച്ചുകൊണ്ട് അവിടുന്നുമായുള്ള ഐക്യത്തിൽ നടക്കേണ്ട ആവശ്യമാണെന്നും നമ്മുടെ നന്മയ്ക്ക് വേണ്ടി എന്നും നിലനിൽക്കുന്ന അവിടുത്തെ സാന്നിധ്യത്തിൽ നമ്മുടെ ഭയം ഉപേക്ഷിക്കേണ്ടത് ആവശ്യമാണെന്നും ദൈവം, നമുക്ക് ജീവൻ നൽകിയ സ്വർഗ്ഗസ്ഥനായ പിതാവും നമ്മെ വളരെയധികം സ്നേഹിക്കുന്നവനുമാണെന്നും പാപ്പാ തന്‍റെ പ്രബോധനത്തിലൂടെ വ്യക്തമാക്കുന്നു.

ഒരിക്കൽ നാം ദൈവത്തെ പൂർണ്ണമായി സ്വീകരിക്കുകയും, അവിടുത്തെ കൂടാതെ ജീവിക്കാനുള്ള ശ്രമം അവസാനിപ്പിക്കുകയും ചെയ്തു കഴിഞ്ഞാൽ, ഏകാന്തതയുടെ വേദന അപ്രത്യക്ഷമാകും. (cf.സങ്കീ.139: 23 -24)  അങ്ങനെ നാം കർത്താവിന്‍റെ പ്രീതികരവും, പരിപൂർണ്ണമായ ഹിതം അറിയുകയും (cf.റോമാ.12:1 2) തന്നെ  വാർത്തെടുക്കാൻ ഒരു ശിശുവിനെപ്പോലെ അവിടുത്തെ അനുവദിക്കുകയും ചെയ്യും.(cf. ഏശ.29:16). ദൈവം നമ്മിൽ വസിക്കുന്നുവെന്ന് നാം പലപ്പോഴും പറയാറുണ്ട്. എന്നാൽ കൂടുതൽ നല്ലത് അവിടുന്ന് നമ്മിൽ വസിക്കുന്നു എന്നും അവിടുത്തെ

പ്രകാശത്തിലും, സ്നേഹത്തിലും വസിക്കാൻ അവിടുന്ന് നമ്മെ പ്രാപ്തരാക്കുന്നുവെന്നും പറയുന്നതായിരിക്കും. അവിടുന്ന് നമ്മുടെ ആലയമാണ്. ജീവിതകാലം മുഴുവൻ അവിടുത്തെ ആലയത്തിൽ വസിക്കാൻ നാം അപേക്ഷിക്കുന്നു. (cf.സങ്കീ.27:4) "അന്യ സ്ഥലത്ത് ആയിരം ദിവസത്തേക്കാൾ അങ്ങയുടെ അങ്കണത്തിൽ ഒരു ദിവസം ആയിരിക്കുന്നത് കൂടുതൽ അഭികാമ്യമാണ് (സങ്കീ.84:10) " നമ്മുടെ വിശുദ്ധി അവിടുന്നിലാണ്.

നമ്മുടെ ജീവിതത്തിലും ദൈവം നൽകുന്ന കൃപകൾ നാം തിരിച്ചറിയുന്നുവെങ്കിൽ നമുക്കും വിശുദ്ധി കൈവരിക്കാൻ കഴിയും. വിശുദ്ധ ഫ്രാൻസിസ് അസീസി ദൈവവുമായി സ്നേഹത്തിലായപ്പോൾ സ്വന്തം വസ്ത്രം പോലും ഉപേക്ഷിക്കുകയും ദൈവത്തെ സ്വന്തം പിതാവായി സ്വീകരിച്ച് മാതാപിതാക്കളെയും, സമ്പത്തിനെയും താൻ ശ്രേഷ്ഠമായി കരുതിയ സകലത്തിനേയും പൂർണ്ണമായി ഉപേക്ഷിക്കുകയും ചെയ്തു.

ഈ ഉപേക്ഷ വിശുദ്ധന് അനേകം ദുരിതങ്ങള്‍ സമ്മാനിച്ചെങ്കിലും ദൈവത്തിന്‍റെ കൃപ അദ്ദേഹത്തെ എപ്പോഴും വലയം ചെയ്തു നിന്നു. എന്‍റെ ഹിതമല്ല നിന്‍റെ ഹിതം നിറവേറട്ടെ എന്ന് പ്രാർത്ഥിച്ച ക്രിസ്തുവിനെ ശരീരത്തിലും മനസ്സിലും ആവാഹിച്ച ഈ വിശുദ്ധൻ കൃപയുടെ മനുഷ്യനായി ജീവിച്ച് മരിച്ച് രണ്ടാം ക്രിസ്തുവെന്നു അറിയപ്പെടുന്നു. നമ്മുടെ ജീവിതത്തിലും ദൈവ കൃപയെ തിരിച്ചറിയുമ്പോൾ, അതിന്‍റെ രുചി സ്വീകരിക്കുമ്പോൾ മാത്രമേ ദൈവത്തോടു ചേര്‍ന്നു നിൽക്കുവാനും ഈ ലോക വസ്തുക്കളെ പുച്ഛമായി കരുതുവാനും കഴിയുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 May 2019, 15:13