തിരയുക

ലോകത്തിന്‍റെ വിവിധ  ഭാഗങ്ങളിൽ നിന്നും  പൊതു കൂടിക്കാഴ്ചയില്‍ എത്തിയ ജനം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും പൊതു കൂടിക്കാഴ്ചയില്‍ എത്തിയ ജനം 

പ്രലോഭനങ്ങളുടെ നിമിഷങ്ങളിൽ ഉപേക്ഷിക്കരുതെന്ന് അപേക്ഷിക്കാം

ഫ്രാന്‍സിസ് പാപ്പാ പൊതു കൂടിക്കാഴ്ച പ്രഭാഷണത്തില്‍ നല്‍കിയ സന്ദേശം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ വാര്‍ത്തകള്‍

ഇറ്റലിയിലും റോമിലും കാർമേഘവും,കാറ്റും, മഴയും, തണുപ്പും നിറഞ്ഞ ഒരു കാലാവസ്ഥയായിരുന്നു ഈ ബുധനാഴ്ച. എങ്കിലും ഫ്രാൻസിസ് പാപ്പാ പതിവുപോലെ പ്രതിവാര പൊതു ദർശനം അനുവദിച്ചു. വത്തിക്കാനിൽ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിൽ പാപ്പായെ കാണുവാനും, പ്രഭാഷണം ശ്രവിക്കുവാനും, ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങൾ എത്തിയിരുന്നു. ജനങ്ങളെ അഭിവാദനം ചെയ്യുന്നതിന് പതിവുപോലെ പാപ്പാ തുറന്ന വാഹനത്തിൽ ജനങ്ങൾക്കിടയിലൂടെ സഞ്ചരിച്ചു. വാഹനത്തിൽ ഏതാനും ബാലികാബാലകന്മാരുടെ കയറ്റുകയും ചെയ്തു. അംഗരക്ഷകർ തന്‍റെയടുക്കല്‍ കൊണ്ടുവന്ന കുഞ്ഞുങ്ങളെ പാപ്പാ വാഹനം നിറുത്തി തലോടുകയും പിതൃവാത്സല്യത്തോടെ ചുംബിക്കുകയും ആശീർവ്വദിക്കുകയും ചെയ്തു. പ്രസംഗവേദിയെ സമീപിക്കാറാ യപ്പോൾ വാഹനത്തിലുണ്ടായിരുന്ന കുട്ടികളെ ഇറക്കിയതിനുശേഷം പാപ്പാ പ്രസംഗവേദിയിൽ എത്തി. പ്രാദേശിക സമയം 9. 30 ന് ഇന്ത്യയിലെ സമയം ഒരു മണിയായപ്പോൾ ത്രിത്വസ്തുതിയോടു കൂടി പ്രാൻസിസ് പാപ്പാ പൊതുദർശന പരിപാടി ആരംഭിച്ചു. തുടർന്ന് വിവിധ ഭാഷകളിൽ വിശുദ്ധഗ്രന്ഥത്തിൽ നിന്നുള്ള വായന വായിക്കപ്പെട്ടു.

വിശുദ്ധ ഗ്രന്ഥപാരായണം : 1 പത്രോസ്.  5: 6-9

6.”ദൈവത്തിന്‍റെ ശക്തമായ കരത്തിന്‍ കീഴിൽ നിങ്ങൾ താഴ്മയോടെ നിൽക്കുവിൻ. അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയർത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകൾ എല്ലാം അവിടുത്തെ ഏൽപ്പിക്കുക. അവിടുന്ന് നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്.

7. നിങ്ങൾ സമചിത്തതയോടെ ഉണർന്നിരിക്കുവിൻ. 8. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങാം എന്ന് അന്വേഷിച്ചു കൊണ്ട് ചുറ്റി നടക്കുന്നു. 9. വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് അവനെ എതിർക്കുവിൻ ലോകമെങ്ങുമുള്ള നിങ്ങളുടെ സഹോദരങ്ങളോട് ഇതേ സഹനം തന്നെ ആവശ്യപ്പെട്ടിരിക്കുന്നതെന്നറിയുകയും ചെയ്യുവിൻ”.

ഈ വിശുദ്ധ ഗ്രന്ഥ വായനയ്ക്കുശേഷം “സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാർത്ഥനയെ അടിസ്ഥാനപ്പെടുത്തി, പരിശുദ്ധ പിതാവ് ബുധനാഴ്ച പൊതു കൂടിക്കാഴ്ച അവസരത്തിൽ നൽകുന്ന പ്രബോധന പരമ്പര തുടർന്നു.

“തിന്മയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ” (മത്തായി.6 :13b) എന്ന പ്രാർത്ഥനയെ അടിസ്ഥാനമാക്കിയുള്ള പ്രബോധനമായിരുന്നു. ഈ ബുധനാഴ്ച പാപ്പാ നൽകിയത്

പ്രിയ സഹോദരി സഹോദരങ്ങളെ ശുഭദിനാശംസകൾ!

തിന്മയെ അതിജീവിപ്പിക്കുന്ന പ്രാർത്ഥന 

ഇന്ന് നാം സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയിൽ തിന്മയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമെന്ന യാചനയില്‍ നാം എത്തിയിരിക്കുന്നു. ഈ പ്രാർഥനയിലൂടെ ദൈവത്തോടു നമ്മുടെ പ്രലോഭനങ്ങളുടെ നിമിഷങ്ങളിൽ ഉപേക്ഷിക്കരുതെന്ന് ചോദിക്കുക മാത്രമല്ല തിന്മയിൽ നിന്നും നമ്മെ രക്ഷിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്യുന്നു. നമ്മെ വശീകരിക്കുകയും, നശിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യുന്ന തിന്മയുടെ സാന്നിധ്യമുണ്ടെന്നും അതിൽ നിന്നുള്ള മോചനത്തിനായി ദൈവത്തോടു നാം അപേക്ഷിക്കുന്നുവെന്നുമാണ് 1പത്രോസ്.5:8 ല്‍ പറയുന്നത്.‌‌

“ഞങ്ങളെ ഉപേക്ഷിക്കരുതേ”, “രക്ഷിക്കണമേ”, എന്ന് രണ്ട് അപേക്ഷകളിലും ക്രിസ്തീയ പ്രാർത്ഥനയുടെ അത്യാവശ്യമായ ഘടകം ആവിർഭവിച്ചിരിക്കുന്നു. യേശു തന്‍റെ ശിഷ്യരോടു എല്ലാറ്റിനും മുൻപ് പിതാവായ ദൈവത്തെ വിളിച്ചപേക്ഷിക്കാനും പ്രത്യേകിച്ച് തിന്മ കാരണം  ഒരു വ്യക്തി ഭയം അനുഭവിക്കേണ്ടി വരുമ്പോള്‍ പിതാവിനോടു അപേക്ഷിക്കാനും ആഹ്വാനം ചെയ്യുന്നു. യഥാർത്ഥത്തിൽ ക്രൈസ്തവ പ്രാർത്ഥനയുടെ കണ്ണുകൾ ജീവിതത്തിന്‍റെ നേരെ അടയ്ക്കപ്പെടുന്നില്ല. അത് ശിശുതുല്യമായ പ്രാർത്ഥനയല്ല. മറിച്ച് മക്കൾക്കടുത്ത പ്രാർത്ഥനയാണ്. ക്രൈസ്തവ പ്രാർത്ഥന ദുഃഖഭരിതമായ ജീവിതത്തിൽനിന്നും ദൈവത്തിന്‍റെ പിതൃത്വത്തെ വശീകരിച്ച് മതിമയക്കുന്ന പ്രാർത്ഥനയല്ല. "സ്വർഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥനയിലെ അവസാനത്തെ വാക്കുകൾ ഇല്ലായിരുന്നെങ്കിൽ പാപികളും, പീഡിതരും, നിരാശരും, മുറിപ്പെടുന്നവരും എങ്ങനെയാണ് പ്രാർത്ഥിക്കുക?

നമ്മുടെ ജീവിതത്തിൽ തിന്മയുടെ സാന്നിധ്യം ഉണ്ടാകും. അതില്ലെന്ന് നമുക്ക് തര്‍ക്കിക്കാനാവില്ല.  ഈ ലോകത്തിന്‍റെ സാഹസീകതകളുടെ  മുന്നില്‍ നാം എത്ര പരാജയപ്പെട്ടിരിക്കുന്നുവെന്ന് കാണിക്കുന്ന സൂചിത പത്രമാണ് നമ്മുടെ ചരിത്രപുസ്തകങ്ങൾ. രഹസ്യാത്മകത നിറഞ്ഞ തിന്മയും ഉണ്ട്. അത് തീർച്ചയായും ദൈവത്തിന്‍റെ പ്രവർത്തനമല്ല. എന്നാൽ അത് ചരിത്രത്തിന്‍റെ ചുരുളുകളിൽ നിശബ്ദമായി നുഴഞ്ഞുകയറുന്നതാണ്. ചില സമയങ്ങളിൽ അത് ദൈവത്തിന്‍റെ കരുണയെക്കാശ്‍ മൂർച്ചയേറിയതായി ഭവിക്കും. പ്രാർത്ഥിക്കുന്ന മനുഷ്യന്‍ തിന്മയെ ദുർഗ്രഹമായ രീതിയിൽ കാണുന്നു. പ്രകൃതിയിലും, ചരിത്രത്തിലും, സ്വന്തം ഹൃദയത്തിൽ പോലും അവൻ അതിനെ കാണുന്നു. എന്നാൽ നമ്മുടെ ഇടയിൽ ഒരാൾക്ക് പോലും അയാൾ ഒരു പ്രാവശ്യം പോലും പ്രലോഭനത്തില്‍ ഉൾപ്പെട്ടിട്ടില്ലെന്ന് പറയാൻ സാധിക്കുകയില്ല.

“സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാർത്ഥനയിൽ അവസാനത്തെ അപേക്ഷ എന്നത് തിന്മയെ വലിച്ചെറിയുന്നതാണ്. മനുഷ്യന്‍റെ നിലവിളി, നിർദോഷമായ വേദന, അടിമത്വം, മറ്റുള്ളവരെ ചൂഷണം ചെയ്യുക, നിഷ്കളങ്കമായ കുട്ടികളുടെ നിലവിളി, എന്നീ വൈവിധ്യമുള്ള അനുഭവങ്ങളുടെ കരച്ചിലാണത്.  ഈ അനുഭവങ്ങൾ മനുഷ്യന്‍റെ ഹൃദയത്തിൽ യുദ്ധം ചെയ്യുകയും യേശു പഠിപ്പിച്ച പ്രാർത്ഥനയുടെ അവസാനത്തെ വാക്കായി രൂപപ്പെടുകയും ചെയ്യും.

മാർക്ക്. 14:36 ല്‍ പറയുന്നതുപോലെ “ആബാ പിതാവേ എല്ലാം അങ്ങേയ്ക്ക് സാധ്യമാണ് ഈ പാനപാത്രം എന്നിൽ നിന്നും മാറ്റിത്തരണമെ എന്നാൽ എൻറെ ഹിതമല്ല അങ്ങയുടെ ഹിതം മാത്രം”.പീഡാനുഭവ ചരിത്രത്തിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയുടെ പ്രതിധ്വനി വളരെ ശക്തമായി കേൾക്കാനാകും.

പ്രലോഭനങ്ങളെ അതിജീവിച്ച ക്രിസ്തുവിന്‍റെ മാതൃക 

തിന്മയുടെ രൂക്ഷമായ അനുഭവത്തെ യേശു അതിന്‍റെ പൂർണ്ണതയിൽ അനുഭവിച്ചു. മരണത്തിലൂടെ മാത്രമല്ല കുരിശുമരണത്തിലൂടെ, ഏകാന്തതയിൽ മാത്രമല്ല അധിക്ഷേപത്തിലൂടെ, വിദ്വേഷത്തിൽ മാത്രമല്ല ക്രൂരതയിലൂടെ അനുഭവിച്ചു. സ്വന്തം ജീവിതത്തോടു അർപ്പണം ചെയ്തും, നന്മയെയും സ്നേഹത്തെയും സ്വപ്നം കണ്ടും, മനുഷ്യൻ കടന്നുപോകുന്ന നൈരാശ്യത്തിലൂടെ കടന്നു ചെന്നും ക്രിസ്തു തിന്മയുടെ അനുഭവത്തെ അതിന്‍റെ പൂർണ്ണതയിൽ അനുഭവിച്ചു.അങ്ങനെ “സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാർത്ഥന നമ്മളോരോരുത്തരുടെയും പൂര്‍ണ്ണതയുടെ സ്വരലയത്തിൽ ഒരുമിപ്പിക്കാൻ ആവശ്യപ്പെടുന്നു. ക്രൈസ്തവന് തിന്മയുടെ ശക്തിയെ എങ്ങനെ അതിജീവിക്കണമെന്ന് അറിയാം. അതേ സമയത്തിൽ മുഖസ്തുതികൾക്ക് ഒരിക്കലും കീഴടങ്ങാത്ത ക്രിസ്തു എത്രമാത്രം നമ്മെ സഹായിക്കുന്നുവെന്ന് നാം മനസ്സിലാക്കണം. അങ്ങനെ ക്രിസ്തു പഠിപ്പിച്ച പ്രാർത്ഥന തിന്മയിൽ നിന്നും നമ്മെ എപ്പോഴും രക്ഷിക്കുന്ന ദൈവപുത്രന്‍‌രെ സാന്നിധ്യമാണെന്ന പാരമ്പര്യത്തെ പകര്‍ന്നുതരുന്നു. യേശുവിന്‍റെ അന്ത്യസമയത്തില്‍ പത്രോസ് തന്‍റെ വാൾ ഉറയിൽ ഇട്ടു. മാനസാന്തരപ്പെട്ട കള്ളൻ സ്വർഗ്ഗം കരസ്ഥമാക്കി. അവിടെ അവനു ചുറ്റും കൂടിയിരുന്ന ജനങ്ങൾ അവിടെ നടന്ന ദുരന്തത്തിൽ നിന്നും നൽകപ്പെട്ട സമാധാനത്തിന്‍റെ വചനം കേട്ടു. ലൂക്കാ 23: 24 ല്‍ നാം വായിക്കുന്നു “പിതാവേ ഇവരോടു ക്ഷമിക്കണമേ. എന്തെന്നാൽ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല” കുരിശിലെ ഈശോയുടെ ക്ഷമയിലൂടെ നൽകപ്പെട്ട സമാധാനവും, ഉത്ഥാന സന്ദേശവും തിന്മയേക്കാൾ ശക്തമാണ്. അതാണ് നമ്മുടെ പ്രത്യാശ. ഈ വാക്കുകളില്‍ പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു.

പ്രഭാഷണത്തിനു ശേഷം പാപ്പാ ഇറ്റാലിയൻ ഭാഷയില്‍ നല്‍കിയ പ്രഭാഷണ സംഗ്രഹം ഇംഗ്ലീഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ പാരായണം ചെയ്യപ്പെട്ടു. ഓരോ വായനയുടെയും അന്ത്യത്തിൽ  അതാതു ഭാഷക്കാരെ ഇറ്റാലിയൻ ഭാഷയിൽ അഭിവാദ്യം ചെയ്യുകയും ചെയ്തു. ഇംഗ്ലണ്ട്, സ്കോട്ട്‌ലാന്‍റ്, അയർലാന്‍റ്. ഡെന്മാർക്ക്.നമീബിയ, ഓസ്ട്രേലിയാ, ഇന്ത്യ, ഇന്തോനേഷ്യ, കൊറിയാ, ചൈനാ, കാനഡാ, അമേരിക്കാ എന്നീ രാഷ്ട്രങ്ങളിൽ നിന്ന് വന്ന തീര്‍ത്ഥാടകരെയും പാപ്പാ അഭിവാദനം ചെയ്തു. കുടുംബങ്ങളെ കുറിച്ച് പഠിക്കുന്ന ഇന്ന് സ്ഥാപനങ്ങളിൽ നിന്നും വന്ന പ്രതിനിധികളെയും അഭിവാദനം ചെയ്ത പാപ്പാ  അന്തരാഷ്ട്ര കുടുംബ സമ്മേളനത്തിനായി വന്നവരെയും അഭിവാദനം ചെയ്തു. തുടര്‍ന്ന് "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടു. അതിനുശേഷം ഉത്ഥിതനായ ക്രിസ്തുവിന്‍റെ സന്തോഷവും, കരുണാർദ്രമായ സ്നേഹവും അവിടെ സമ്മേളിച്ചിരുന്ന ഓരോ കുടുംബാംഗങ്ങൾക്കും എല്ലാവർക്കും ലഭിക്കട്ടെ എന്നാശംസിച്ച പാപ്പാ അവിടെ സന്നിഹിതരായ എല്ലാവരെയും ആശീർവദിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 May 2019, 15:47