തിരയുക

ഈസ്റ്റർ ദിന മധ്യാഹ്നത്തിൽ ഫ്രാൻസിസ് പാപ്പാ   Urbi et Orbi " നഗരത്തിനും ലോകത്തിനും" എന്ന സന്ദേശം നൽകുന്നു ഈസ്റ്റർ ദിന മധ്യാഹ്നത്തിൽ ഫ്രാൻസിസ് പാപ്പാ Urbi et Orbi " നഗരത്തിനും ലോകത്തിനും" എന്ന സന്ദേശം നൽകുന്നു 

Urbi et Orbi " നഗരത്തിനും ലോകത്തിനും" - പാപ്പാ നൽകിയ സന്ദേശം.

ഈസ്റ്റർ ദിന മധ്യാഹ്നത്തിൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ നൽകിയ Urbi et Orbi " നഗരത്തിനും ലോകത്തിനും" എന്ന സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

ജീവന്‍റെയും പ്രത്യാശയുടെയും ദിനമായ ഈസ്റ്റർ ഞായറാഴ്ച ഏപ്രിൽ ഇരുപത്തൊന്നാം തിയതി പ്രാദേശിക സമയം രാവിലെ പത്തു മണിക്ക് ഫ്രാൻസിസ് മാർപാപ്പാ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ ഉത്ഥാന മഹോത്സവത്തിന്‍റെ പ്രഭാത ബലി അർപ്പിച്ചു. അതിനു ശേഷം ഈസ്റ്റർ, ക്രിസ്തുമസ് ദിനങ്ങളിൽ മാത്രം നൽകുന്ന " Urbi et Orbi " സന്ദേശം അപ്പോസ്തോലിക അരമനയുടെ ജാലകത്തിൽ നിന്ന്, റോമാനഗരത്തിനും, ലോകത്തിനും നൽകി.

പ്രിയ സഹോദരീ സഹോദരൻമാരെ,

“യേശു ഉയിർത്തെഴുന്നേറ്റു" എന്ന ആദ്യ ശിഷ്യരുടെ പ്രഖ്യാപനം ഇന്ന് സഭ പുതുക്കുകയാണ്.  അധരങ്ങളിൽ നിന്ന് അധരങ്ങളിലേക്കും, ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്കും സ്തുതിക്കാനുള്ള  ആ ക്ഷണം ഇന്ന് പ്രതിദ്ധ്വനിക്കുന്നു: "ആല്ലേലൂയാ അല്ലേലൂയാ!" ഉയിർപ്പു ഞായറിന്‍റെ  ഈ പുലർകാലത്ത്, സഭയുടെയും ലോകം മുഴുവന്‍റെയും നിത്യയൗവനകാലത്ത്, നിങ്ങളോടൊരുത്തരോടും ഈയടുത്ത കാലത്തിറക്കിയ യുവാക്കള്‍ക്കായി സമർപ്പിച്ച അപ്പോസ്തോലിക പ്രബോധനത്തിന്‍റെ ആദ്യ വരികൾ ഉദ്ധരിക്കാൻ ആഗ്രഹിക്കുന്നു.

ക്രിസ്തു ജീവിക്കുന്നു. അവനാണ് നമ്മുടെ പ്രത്യാശയും ഈ ലോകത്തിന്‍റെ ഏറ്റവും സുന്ദരമായ യുവത്വവും. അവൻ തൊടുന്നതെല്ലാം യുവത്വം കൈവരിക്കുന്നു, പുതുമയാർജിക്കുന്നു, ജീവനാൽ നിറയുന്നു. അതിനാൽ എല്ലാ യുവാക്കളോടും , എല്ലാ ക്രിസ്ത്യാനികളോടും ഞാൻ പറയാനുദ്ദേശിക്കുന്ന വാക്കുകൾ: അവൻ ജീവിക്കുന്നു  നിങ്ങളെ ജീവസ്സുറ്റവരായി കാണാൻ ആഗ്രഹിക്കുന്നു എന്നാണ്. അവൻ നിന്നിൽ നിന്നൊരിക്കലും അകലാതെ നിന്നിലുണ്ട്,നിന്നോടു  കൂടെയുണ്ട്. നീ അവനിൽ നിന്നകന്നാലും, നിന്‍റെയരുകിൽ ഉത്ഥിതനായവനുണ്ട്, നിന്നെ വിളിക്കുകയും  വീണ്ടും തുടങ്ങാൻ കാത്തുനിൽക്കുയും ചെയ്യുന്നു.സങ്കടത്താലും, വെറുപ്പിനാലും, ഭയത്താലും, സംശയങ്ങളാലും  നിനക്ക്  പ്രായമേറിയതായി തോന്നുമ്പോഴും നിനക്ക് ശക്തിയും പ്രത്യാശയും പകരാൻ അവനുണ്ടാവും.

പ്രിയ സഹോദരി സഹോദരന്മാരെ,

നിങ്ങളേയും ലോകം മുഴുവനെയും ഓരോ വ്യക്തികളെയും അഭിസംബോധന ചെയ്യുകയാണ്. കർത്താവിന്‍റെ ഉത്ഥാനം ഓരോ പുരുഷനും, ഓരോ സ്ത്രീക്കും പുതു ജീവിതത്തിന്‍റെ സാരമാണ്. കാരണം സത്യത്തിലുള്ള നവീകരണം ഹൃദയത്തിൽ നിന്നാണ്, മനസാക്ഷിയിൽ നിന്നാണ് ആരംഭിക്കുക. പാപത്തിന്‍റെയും, മരണത്തിന്‍റെയും അടിമത്തത്തിൽ നിന്ന് മോചിക്കപെട്ടിട്ടുള്ള പുതുലോകത്തിന്‍റെ തുടക്കം: ദൈവരാജ്യത്തിനായി തുറവിയുള്ള സ്നേഹത്തിന്‍റെ രാജ്യം സമാധാനത്തിന്‍റെയും, സാഹോദര്യത്തിന്‍റെയും രാജ്യം.

സിറിയയ്ക്കായി പ്രാര്‍ത്ഥിക്കുന്നു   

കർത്താവ് ജീവിക്കുകയും നമ്മോടൊപ്പം വസിക്കുകയും ചെയ്യുന്നു. ഉത്ഥിതനായ അവിടത്തെ മുഖത്തെ പ്രകാശം അവൻ നമ്മെ കാണിക്കുകയും, പരീക്ഷയിലും വേദനയിലും കണ്ണീരിലും കഴിയുന്നവരെ അവൻ ഒരിക്കലും ഉപേക്ഷിക്കുകയും ചെയ്യുന്നില്ല. തുടർച്ചയായ സംഘർഷങ്ങളിൽപെട്ട സ്വയം നഷ്ടപ്പെട്ടുപോകുന്ന ഉദാസീനരായി തീർന്നു കൊണ്ടിരിക്കുന്ന ഏറ്റവും സ്നേഹിക്കുന്ന സിറിയയിലെ ജനങ്ങൾക്ക്  പ്രത്യാശയായി അവൻ ജീവിക്കുന്നു. എന്നാൽ സ്വാതന്ത്ര്യത്തിനുള്ള ന്യായമായ ആവശ്യങ്ങളും, സമാധാനവും, നീതിയും സാധ്യമാക്കുന്ന  മാനുഷികമായ പ്രതിസന്ധി തരണം ചെയ്യാൻ തൊട്ടടുത്ത രാജ്യങ്ങളായ ലബനോനിലും, ജോർദാനിലും നിറഞ്ഞുകവിയുന്ന സിറിയൻ അഭയാർത്ഥികളുടെ തിരിച്ചുവരവ് സാധ്യമാക്കി കൊണ്ടുള്ള രാഷ്ട്രീയമായ ഒരു പരിഹാരത്തിന് വേണ്ടി പരിശ്രമിക്കേണ്ടതുണ്ട്. അതിനുള്ള സമയം എത്തിച്ചേർന്നിരിക്കുന്നു.

മധ്യ കിഴക്കൻ രാജ്യങ്ങളെ സ്മരിക്കുന്നു

ഈ ഉയർപ്പ് തിരുന്നാൾ തുടർച്ചയായ സംഘർഷങ്ങളിലും വിഭാഗീയതയിലും പെട്ട് ഉഴലുന്ന മധ്യകിഴക്കൻ രാജ്യങ്ങളിലേക്ക് കൂടി നമ്മുടെ ശ്രദ്ധ തിരിക്കുന്നു. അവിടെയുള്ള ക്രിസ്ത്യാനികൾ ക്ഷമയോടും സ്ഥിരോത്സാഹത്തോടും കൂടെ മരണത്തെ ജയിച്ചു ഉത്ഥിതനായ ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തുന്നതില്‍ വീഴ്ച വരുത്താതിരിക്കട്ടെ. വളരെ പ്രത്യേകമായ വാൽസല്യത്തോടെ കൂടെ യമനിലെ ജനങ്ങളെയും, പ്രത്യേകിച്ച് പട്ടിണിയിലും,യുദ്ധത്തിലും പരിക്ഷീണിതരായ കുട്ടികളെയും ഓര്‍ക്കുന്നു. സഹനങ്ങളെ നീക്കാനും സമാധാനത്തിന്‍റെയും, സ്ഥിരതയുടെയും ഒരു ഭാവി കെട്ടിപ്പടുക്കാനും ഉത്ഥാനത്തിന്‍റെ തെളിച്ചം ഭരണകർത്താക്കളെയും മധ്യകിഴക്കൻ രാജ്യങ്ങളിലെയും, ഇസ്രായല്‍, പലസ്തീന്‍ നിവാസികളെയും പ്രബുദ്ധരാക്കട്ടെ!

ലിബിയയിലെ രക്തം ചിന്തുന്ന ആയുധങ്ങൾ നിശബ്ദമാക്കപ്പെടട്ടെ

ഈ കഴിഞ്ഞ ആഴ്ചകളിൽ നിസ്സഹായരായ ഒത്തിരിപേർ മരിക്കുകയും ധാരാളം കുടുംബങ്ങൾ തങ്ങളുടെ സ്വന്തം വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യപ്പെടേണ്ടിയും വന്ന ലിബിയയിലെ രക്തം ചിന്തുന്ന ആയുധങ്ങൾ നിശബ്ദമാക്കപ്പെടട്ടെ. ദശവർഷങ്ങളായി തുടരുന്ന സംഘർഷത്തിനും രാഷ്ട്രീയമായ അസ്ഥിരതയ്ക്കും ഒരു അറുതിവരുത്തുവാൻ ഇതുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാവരോടും അടിച്ചമർത്തലിന് പകരം സമാധാനസംവാദത്തിന്‍റെ പാത സ്വീകരിക്കാൻ ഞാൻ ഉദ്ബോധിപ്പിക്കുന്നു.

ആഫ്രിക്കൻ ഭൂഖണ്ഡത്തിനായി പ്രാര്‍ത്ഥിക്കുന്നു

ഇപ്പോഴും  സാമൂഹികമായ സംഘർഷങ്ങളും, അഭിപ്രായവ്യത്യാസങ്ങളും അക്രമപരമായ തീവ്രവാദങ്ങളും ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥയും നാശനഷ്ടങ്ങളും മരണവും വിളയാടുന്ന ബുർക്കിനാ ഫാസോ, മാലി,നിഗർ ,നൈജീരിയ, കാമറൂൺ തുടങ്ങിയ ഏറ്റവും സ്നേഹിക്കുന്ന ആഫ്രിക്കൻ ഭൂഖണ്ഡത്തിന് ജീവിക്കുന്ന ക്രിസ്തു സമാധാനം പ്രദാനം ചെയ്യട്ടെ എന്ന് ആശംസിക്കുന്നു. ഈ സമയത്ത് എന്‍റെ ചിന്തകൾ സുഡാനിലേക്കും കടന്നുചെല്ലുന്നു, ഒത്തിരി സാമൂഹികമായ അരക്ഷിതാവസ്ഥ നിലവിലുള്ള അവിടെയുള്ള എല്ലാവരും ശ്രദ്ധിക്കപ്പെടട്ടെ എന്നും ഓരോരുത്തരും വളരെ നീണ്ട നാളുകളായി ആഗ്രഹിക്കുന്ന സ്വാതന്ത്ര്യത്തിലേക്കും വികസനത്തിലേക്കും നന്മയിലേക്കും ആ രാജ്യത്തെ ഉയർത്തിക്കൊണ്ടുവരാൻ വേണ്ട പ്രവർത്തനങ്ങളിൽ വ്യാപൃതരാകട്ടെ എന്നും ആശംസിക്കുന്നു.

തെക്കൻ സുഡാന്‍റെ സമാധാനത്തിനായി...

കുറച്ചു ദിവസങ്ങൾക്കു മുമ്പ് വത്തിക്കാനിൽ വന്ന് ധ്യാനിച്ചു പോയ തെക്കൻ സുഡാനിലെ രാഷ്ട്രീയ മത അധികാരികളോടൊപ്പം അവർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ശക്തി പകരാനും ഫലം ഉണ്ടാക്കുവാനും ഉത്ഥിതനായ ക്രിസ്തു കൂടെ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. അവിടത്തെ എല്ലാ രാഷ്ട്രീയ സാമൂഹിക മത വിഭാഗങ്ങളും രാഷ്ട്രത്തിന്‍റെ അനുരജ്ഞനത്തിനും, പൊതുനന്മയ്ക്കായി പ്രവർത്തിക്കുകയും അങ്ങനെ രാജ്യത്തിന്‍റെ  ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം തുറക്കുവാൻ ഇടവരുത്തുകയും ചെയ്യുമാറാകട്ടെ!

കിഴക്കൻ ഉക്രൈനിലെ ജനങ്ങള്‍ക്കായി വെനിസ്വേലയിലെ ജനങ്ങള്‍ക്കായി...

ഇപ്പോഴും തുടർന്നു കൊണ്ടു പോകുന്ന സംഘർഷങ്ങളിൽ പെട്ടുഴലുന്ന കിഴക്കൻ ഉക്രൈനിലെ ജനങ്ങളും ഈ ഈസ്റ്റർ ദിനത്തിൽ ആശ്വാസം കണ്ടെത്തട്ടെ. മാനുഷികമായ സംരംഭങ്ങളെയും, സ്ഥായിയായി സമാധാനം സ്ഥാപിക്കാൻ ചെയ്യുന്ന പ്രവർത്തനങ്ങളെയും കർത്താവ് സഹായിക്കട്ടെ!

അമേരിക്കൻ ഭൂഖണ്ഡത്തിലെ സാമ്പത്തിക-രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ ഫലങ്ങൾ അനുഭവിക്കുന്ന  ജനങ്ങളുടെ ഹൃദയങ്ങളില്‍ ഉത്ഥാനത്തിന്‍റെ സന്തോഷം നിറയ്ക്കുമാറാകട്ടെ. വളരെ പ്രത്യേകമായി വളരെക്കാലമായി നീളുകയും, ആഴമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന അരക്ഷിതാവസ്ഥയിൽ, അന്തസ്സോടെ ജീവിക്കാനും സുരക്ഷിതരായി ഇരിക്കാനും ഏറ്റവും അത്യാവശ്യമായവപോലും നിഷേധിക്കപ്പെടുന്ന വെനിസ്വേലയിലെ ജനങ്ങളെ ഞാനോർമ്മിക്കുന്നു. രാഷ്ട്രീയമായ ഉത്തരവാദിത്വമുള്ള എല്ലാവരും സാമൂഹികമായ അനീതിയെ നിർമ്മൂലനം ചെയ്യുന്നതിനും അക്രമങ്ങളും ചൂഷണങ്ങളുമവസാനിപ്പിക്കുന്നതിനും നാട്ടിൽ സംഭവിച്ച വിഭാഗീയതകളെ സുഖപ്പെടുത്തുന്നതിനും ജനങ്ങൾക്ക് ഏറ്റവും അത്യാവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിനും വേണ്ട അനുഗ്രഹം നാഥൻ നൽകട്ടെ!

നിക്കരാഗ്വയ്ക്കായി പ്രാര്‍ത്ഥന

ഉത്ഥിതനായ നാഥൻ നിക്കരാഗ്വയിൽ എത്രയും വേഗം എല്ലാ ഫലപ്രദമാകുന്ന സമാധാനപരമായ ഒരു പരിഹാരം കണ്ടെത്താനുള്ള പരിശ്രമങ്ങളെ ഉദ്ദീപ്തമാക്കട്ടെ എന്ന് ആശംസിക്കുന്നു.

മതിലുകൾ പണിയുന്നവർ ആക്കാതെ പാലങ്ങൾ പണിയുന്നവരാകാന്‍ ആഹ്വാനം.

നമ്മുടെ ഈ കാലഘട്ടത്തിൽ ഉള്ള അനവധിയായ കഷ്ടതകളിൽ ജീവന്‍റെ ക്രിസ്തു നാഥൻ നമ്മളെ ഒരിക്കലും തണുത്തവരും ഉദാസീനരായവരുമായി കാണാതിരിക്കട്ടെ. നമുക്ക് നമ്മെ തന്നെ മതിലുകൾ പണിയുന്നവർ ആക്കാതെ പാലങ്ങൾ പണിയുന്നവർ ആക്കാം. അവൻ നമുക്ക് സമാധാനം നൽകുകയും നമ്മുടെ നഗരങ്ങളിലുള്ള യുദ്ധ സാഹചര്യങ്ങളിൽ ആയുധങ്ങളുടെ ഗർജ്ജനങ്ങൾ അവസാനിപ്പിക്കാൻ സഹായിക്കുകയും സാമ്പത്തികമായി ഉയർന്ന നിലവാരം പുലർത്തുന്ന രാഷ്ട്രങ്ങളിൽ നടക്കുന്ന ആയുധ മൽസരങ്ങൾക്ക് അവസാനമുണ്ടാക്കാൻ രാഷ്ട്ര നേതാക്കൾക്ക് അവിടുന്നു പ്രചോദനമാകട്ടെ എന്നും ആശംസിക്കുന്നു. കല്ലറയുടെ വാതിൽ മലർക്കെ തുറന്നിട്ട ഉത്ഥിതൻ അരക്ഷിതരും, പാവപ്പെട്ടവരും, തൊഴിലില്ലാത്തവരും, പുറന്തള്ളപ്പെട്ടവരും, ഒരു കഷണം അപ്പത്തിനായി,  അഭയത്തിനായി, മാനുഷിക അന്തസ്സിന്‍റെ അംഗീകാരത്തിനായി നമ്മുടെ വാതിൽക്കൽ വന്നു മുട്ടുമ്പോൾ അത്യാവശ്യക്കാരുടെ ആവശ്യങ്ങൾക്കായി തുറന്നു കൊടുക്കുവാൻ നമ്മുടെ ഹൃദയങ്ങള്‍ സജ്ജമാക്കട്ടെ!

പ്രിയ സഹോദരി സഹോദരന്മാരെ, ക്രിസ്തു ജീവിക്കുന്നു അവനാണ് നമുക്കോരോരുത്തർക്കും,ലോകത്തിനു മുഴുവനും പ്രത്യാശയും യുവത്വവും നൽകുന്നത്. നമ്മെത്തന്നെ നവീകരിക്കാൻ നമുക്ക് അവനു വിട്ടുകൊടുക്കാം. ഉയർപ്പ് തിരുനാളിന്‍റ മംഗളാശംസകൾ!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 April 2019, 13:55