ഉയിര്‍പ്പുത്തിരുന്നാള്‍ ബലി അര്‍പ്പണ വേദിയിലേക്ക് പാപ്പാ... ഉയിര്‍പ്പുത്തിരുന്നാള്‍ ബലി അര്‍പ്പണ വേദിയിലേക്ക് പാപ്പാ... 

അറിവിന്‍റെ പരിമിതികളെ മനസ്സിലാക്കണം

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ രണ്ടാം അദ്ധ്യായത്തിലെ 45-46 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തിനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

രണ്ടാമദ്ധ്യായം:

വിശുദ്ധിയുടെ വഴിയില്‍ നാം അഭിമുഖികരിക്കേണ്ടി വരുന്ന രണ്ടു ശത്രുക്കളാണ് “ഗ്നോസ്റ്റിസിസം”(Gnosticism),പെലേജിയനിസം”(Pelagianism) എന്ന പാഷണ്ഡതകള്‍. ഈ രണ്ടു പാഷണ്ഡതകളെയും സൂക്ഷിക്കാൻ പാപ്പാ നിർദ്ദേശിക്കുന്നു. എല്ലാം അറിയാമെന്ന ചിന്തയും, കരുണയില്ലാതെ നിയമങ്ങളിൽ മുറുകെ പിടിച്ചു നില്‍ക്കുന്ന മനോഭാവവും വിശുദ്ധിയുടെ മാർഗ്ഗത്തെ വിദൂരത്തിലാക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

അപകടമായ ആശയകുഴപ്പം

45. അപകടമായ ഒരു ആശയകുഴപ്പത്തെ കുറിച്ച് പാപ്പാ സംസാരിക്കുന്നു. നമുക്ക് എന്തൊക്കെയോ അറിയാമെന്നും, ചില കാര്യങ്ങളെ, വസ്‌തുക്കളെ വ്യാഖ്യാനിക്കാൻ കഴിയുമെന്നും കരുതി വിശുദ്ധരും പരിപൂര്‍ണ്ണരും ശേഷ്ഠരുമെന്നു സ്വയം ചിന്തിക്കുന്ന പ്രലോഭനത്തെ കുറിച്ച് സൂചിപ്പിക്കുന്ന  ഫ്രാന്‍സിസ് പാപ്പാ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ഈ പ്രലോഭനത്തെ കുറിച്ച് നൽകുന്ന മുന്നറിയിപ്പിനെയും ഓർമ്മിപ്പിക്കുന്നു.

പലപ്പോഴും നാം ചിന്തിക്കാറുണ്ട്. നമുക്ക് കാര്യങ്ങളെക്കുറിച്ചറിയാം. ദൈവീക കാര്യങ്ങളെ കുറിച്ച് വിവരമുണ്ട്. അതിനെ കുറിച്ച് വ്യാഖ്യാനിക്കാൻ പോന്ന വിജ്ഞാനമുണ്ട്. ദൈവീക കാര്യങ്ങളെ വിശദീകരിക്കാനുള്ള വാക്കുകൾ നമ്മുടെ കയ്യിലുണ്ടെന്നു വിചാരിച്ചു മറ്റുള്ളവരെല്ലാം വിവരമില്ലാത്ത വ്യക്തികളാണെന്ന് നാം തെറ്റുധരിച്ച് മറ്റുള്ളവരുടെ മേൽ ആധിപത്യം സ്ഥാപിക്കാനുള്ള ഒരു പ്രവണത നമ്മുടെ ഉള്ളിൽ സൂക്ഷിക്കുന്നവരാകാം. ജോൺ പോൾ മാർപ്പാപ്പാ പറയുന്നത് വിദ്യാഭ്യാസമുള്ള കത്തോലിക്കർ മറ്റുള്ളവരെ താഴ്ത്തി കാണരുതെന്നാണ്. അത് തന്നെയല്ല ദൈവശാസ്ത്രവും വിശുദ്ധിയും ഒന്നിച്ചു പോകേണ്ട കാര്യങ്ങളാണ്. ദൈവ കാര്യങ്ങളെ കുറിച്ചറിയുമ്പോൾ അല്ലെങ്കിൽ നമുക്ക് അതിനെ കുറിച്ചറിയിക്കാനുള്ള വിജ്ഞാനം ഉണ്ടെങ്കിൽ ആ വിജ്ഞാനത്തെ ദൈവത്തിന്‍റെ മനസ്സറിയുവാനുള്ള തലത്തിലേക്ക് മാറ്റിയെടുക്കണമെന്നു ഫ്രാൻസിസ് പാപ്പാ വ്യക്തമാക്കുന്നു. 

കരുണ വിജ്ഞാനത്തിന്‍റെ  സഹചാരി

46.വിശുദ്ധിയും, വിജ്ഞാനവും ഒരുമിച്ചു പോകേണ്ടതാണെന്നു ആവർത്തിക്കുന്ന പാപ്പാ, ദൈവശാസ്ത്രം പഠിപ്പിച്ചു കൊണ്ടിരുന്ന വിശുദ്ധ അന്തോണിസോനോടു  നീ പഠിപ്പിക്കുവാൻ ഉപയോഗിക്കുന്ന സമയം നിന്‍റെ ധ്യാനത്തിൽ കളയരുതെന്ന് വിശുദ്ധ ഫ്രാൻസിസ് അസീസി പറഞ്ഞതിനെ  ഈ പ്രബോധനത്തിൽ ഓർമ്മിപ്പിക്കുന്നു. വിശുദ്ധിയിൽ നിന്നും വിജ്ഞാനത്തെയോ വിജ്ഞാനത്തിൽ നിന്നും വിശുദ്ധിയെയോ വേർപെടുത്താൻ സാധിക്കുകയില്ല എന്നാണ് നമ്മെ പഠിപ്പിക്കുന്നത്. നമ്മള്‍ ദൈവീക കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിവുനേടുമ്പോൾ കരുണയിലേക്കും ഭക്തിയിലേക്കും നമ്മെ നയിക്കാനുള്ള പ്രവണതയാണ് നൽകേണ്ടതെന്ന് വിശുദ്ധ ബൊനവന്തുർ പറയുന്നു. അല്ലാതെ വിജ്ഞാനം നമ്മെ ഇവയിൽ നിന്നും അകറ്റി നിർത്തരുത്. കൂടുതൽ അറിവ് നേടുമ്പോൾ നമുക്ക് നമ്മുടെ അറിവിന്‍റെ കുറവും പരിധിയും നമ്മുടെ ജീവിതത്തിന്‍റെ പരിമിതികളും മനസ്സിലാക്കാൻ കഴിയും.

ഈ പരിമിതികളെ തിരിച്ചറിയുമ്പോഴാണ് ദൈവത്തിൽ ആശ്രയിക്കുവാനുള്ള കൂടുതൽ തെളിച്ചം നമുക്ക് ലഭിക്കുന്നത്. യഥാർത്ഥത്തിൽ വിജ്ഞാനം നമുക്ക് തരേണ്ടത് ആ തെളിച്ചത്തെ തന്നെയാണ്. ഈ തെളിച്ചം കിട്ടുമ്പോൾ എനിക്ക് എന്നെ തന്നെ വ്യക്തമായി മനസ്സിലാക്കാൻ കഴിയും. ഞാൻ പാപിയാണെന്നും, ബലഹീനനാണെന്നും തിരിച്ചുയുമ്പോൾ ദൈവം എന്നോടു കാണിക്കുന്ന കരുണയെ മനസ്സിലാക്കുവാനും കഴിയും. അങ്ങനെ ദൈവത്തിന്‍റെ കരുണയെ തിരിച്ചറിയുമ്പോൾ നമുക്ക് മറ്റുള്ളവരെ കരുണയുടെ കണ്ണുകൾ കൊണ്ട് കാണുവാൻ മാത്രമേ കഴിയുകയുള്ളു. ദൈവത്തിൽ നിന്നും നമുക്ക് ലഭിക്കുന്ന കരുണയെ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ നമുക്ക് കടമയുണ്ട്.

ദൈവശാസ്ത്രവും വിശുദ്ധിയും ഒരിക്കലും പരസ്പരം വേർപ്പെടുത്താനാവാത്ത ഘടകമാണ്. നമ്മുടെ ജീവിതത്തിൽ ഗ്നോസ്റ്റിസിസം അപകടകരമായ ആശയക്കുഴപ്പമുണ്ടാക്കും എന്ന് നമ്മെ ഓർമിപ്പിക്കുന്ന പാപ്പാ നമുക്ക് എന്തൊക്കെയോ അറിയാമെന്ന ഭാവവും, ചില വസ്തുതകളെ വ്യാഖ്യാനിക്കാനുള്ള കഴിവുമുണ്ടെന്ന ധാരണയും ആശയക്കുഴപ്പത്തിൽലേക്ക് നയിക്കുന്നതാണെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

ഒരു വ്യക്തി വിശുദ്ധിയില്‍ ജീവിക്കുന്നതിന്‍റെ വ്യക്തമായ അടയാളമാണ് അയാൾ ഒരിക്കലും തന്നെക്കാൾ താഴ്ന്നവരായി  മറ്റുള്ളവരെ കാണുകയില്ല എന്നത്. മറ്റുള്ളവരുടെ വിശുദ്ധിയെയും നന്മയെയും തിരിച്ചറിയാത്ത വ്യക്തികൾക്ക് ഒരിക്കലും വിശുദ്ധിയുടെ പൂർണ്ണതയിൽ എത്തുവാൻ കഴിയുകയില്ല. ഇന്ന് ലോകത്തെ വേട്ടയാടുന്ന ഒന്നാണ് ഞാനെന്ന ഭാവം. എല്ലാം അറിയാം എന്ന വ്യര്‍ത്ഥമായ ചിന്തയിൽ നിന്നും മറ്റുള്ളവരെ പുച്ഛിക്കുകയും അവരുടെ വ്യക്തിത്വത്തിന് ഭംഗം വരുത്തുകയും ചെയ്യുന്ന പ്രവണതയാണ് നാം കാണുന്നത്. എന്നാൽ കുരിശിന്‍റെ വിശുദ്ധ യോഹന്നാന്‍ പറയുന്നതിങ്ങനെയാണ്. എല്ലാം ആകണമെങ്കിൽ ഒന്നും ആകാതിരിക്കുക എല്ലാം സ്വന്തമാക്കണമെങ്കിൽ ഒന്നും സ്വന്തമാക്കാതിരിക്കുക എന്നാണ്.

“ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന അപ്പോസ്തോലിക പ്രബോധനത്തിലൂടെ പാപ്പാ പറയുന്നത് വിശുദ്ധി സാർവത്രികം എന്നാണ്. പണ്ഡിതർക്കും ജ്ഞാനമുള്ളവർക്കും മാത്രം അവകാശപ്പെട്ടതല്ല വിശുദ്ധി. നമ്മുടെ പരിമിതികൾക്കുള്ളിൽ നാം ആർജ്ജിച്ചെടുത്ത അല്പം അറിവിന്‍റെ  പേരില്‍ മറ്റുള്ളവരുടെ വിശുദ്ധിയെയും പരിപൂർണ്ണതയും വിലയിരുത്തുവാൻ നമുക്ക് കഴിയുകയില്ല എന്ന് പാപ്പായുടെ ഈ പ്രബോധനം നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മുടെ അനുഭവങ്ങളും ബുദ്ധിപരമായ അഭ്യാസങ്ങളും ഒരിക്കലും സുവിശേഷത്തെ പൂര്‍ണ്ണമായി അനുഭവവേദ്യമാക്കുന്നില്ല. മറിച്ച് ആത്മീയ ജീവിതത്തിലെ സാധനകളും, പുണ്യങ്ങളുമാണ് നമ്മെ വിശുദ്ധിയിൽ നിലനിർത്തുന്ന ഘടകങ്ങളായി നാം മനസ്സിലാക്കേണ്ടത്.

വിശുദ്ധിയും, വിജ്ഞാനവും, കാരുണ്യവും ഒരുമിച്ച് പോകണം. യഥാർത്ഥ വിജ്ഞാനം സ്വീകരിച്ചവർക്ക് മാത്രമേ മറ്റുള്ളവരോടു കരുണ കാണിക്കാൻ കഴിയുകയുള്ളു. വിശുദ്ധിയില്ലാത്ത കാരുണ്യ പ്രവർത്തനത്തിന് ഫലമുണ്ടാകുകയില്ല. പ്രവൃത്തിയില്ലാത്ത പ്രസംഗം പോലെയാണ് വിശുദ്ധിയും കാരുണ്യവുമില്ലാത്ത വിജ്ഞാനം. അറിവിന്‍റെ  പരിമിതികളെ മനസ്സിലാക്കി അറിവിനെ വിശുദ്ധിയിലേക്കും കാരുണ്യത്തിലേക്കും തിരിച്ചു വിടാന്‍ പരിശ്രമിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 April 2019, 14:51