ഫ്രാന്‍സിസ് പാപ്പാ  മൊറോക്കോ   സന്ദര്‍ശനത്തില്‍... ഫ്രാന്‍സിസ് പാപ്പാ മൊറോക്കോ സന്ദര്‍ശനത്തില്‍... 

മനുഷ്യ വിജ്ഞാനത്തിന് ദുര്‍ഗ്രഹമായ ദൈവീക രഹസ്യങ്ങള്‍

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ രണ്ടാം അദ്ധ്യായത്തിലെ 40- 41 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തിനം

സി.റൂബിനി സി.റ്റി.സി

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

രണ്ടാമദ്ധ്യായം:

വിശുദ്ധിയുടെ വഴിയില്‍ നാം അഭിമുഖികരിക്കേണ്ടി വരുന്ന രണ്ടു ശത്രുക്കളാണ് “ഗ്നോസ്റ്റിസിസം”(Gnosticism),പെലേജിയനിസം”(Pelagianism) എന്ന പാഷണ്ഡതകള്‍. ഈ രണ്ടു പാഷണ്ഡതകളെയും സൂക്ഷിക്കാൻ പാപ്പാ നിർദ്ദേശിക്കുന്നു. എല്ലാം അറിയാമെന്ന ചിന്തയും, കരുണയില്ലാതെ നിയമങ്ങളിൽ മുറുകെ പിടിച്ചു നില്‍ക്കുന്ന മനോഭാവവും വിശുദ്ധിയുടെ മാർഗ്ഗത്തെ വിദൂരത്തിലാക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

രഹസ്യങ്ങളില്ലാത്ത സിദ്ധാന്തം

40. ഗ്നോസ്റ്റിസിസം വളരെ കപടമായ പ്രത്യയ ശാസ്ത്രങ്ങളിൽ ഒന്നാണ്. കാരണം വിജ്ഞാനത്തെയും ചില അനുഭവങ്ങളെയും അകാരണമായി ഉയർത്തിപ്പിടിച്ച് അതിന്‍റെ കാഴ്ചപ്പാടുകള്‍ കുറ്റമറ്റതെന്നു വരുത്തിത്തീർക്കാൻ ഗ്നോസ്റ്റിസിസം ശ്രമിക്കുന്നു. അങ്ങനെ ആ പ്രത്യയ ശാസ്ത്രം അറിയാതെ തന്നെ കൂടുതൽ ഇടുങ്ങിയതായി മാറുന്നു. അത് ശരീരമല്ലാത്ത ആത്മീയതയായി മാറുമ്പോൾ കൂടുതൽ വഞ്ചനാപരമായി തീരുന്നു. കാരണം ഗ്നോസ്റ്റിസിസം പ്രകൃത്യാൽ തന്നെ രഹസ്യങ്ങളെ മെരുക്കാൻ ശ്രമിക്കുന്നു.  ദൈവീക രഹസ്യങ്ങളായാലും ദൈവ കൃപയായാലും മറ്റുള്ളവരുടെ ജീവിത രഹസ്യങ്ങളെപോലും അത് മെരുക്കാൻ ശ്രമിക്കുന്നു. ദൈവവും, അവിടുത്തെ പദ്ധതികളും രഹസ്യാത്മകതകൾ നിറഞ്ഞതാണ്.

ഓരോ മനുഷ്യനും ജീവനും രഹസ്യമാണ്. ദൈവം മാത്രം അറിയുന്നതും ദൈവത്തിനു മാത്രം വെളിപ്പെടുത്താൻ കഴിയുന്നതുമായ രഹസ്യങ്ങൾ. അതിനു ഉദാഹരണമാണ് പഴയ നിയമത്തിലെ ജോബിന്‍റെ പുസ്തകത്തിൽ  ദൈവത്തോടു ചോദ്യങ്ങൾ ഉന്നയിക്കുന്ന ജോബിനോടു ദൈവം ചോദിക്കുന്ന മറുചോദ്യങ്ങൾ. ദൈവം ജോബിനോട് ചോദിക്കുന്നതിങ്ങനെയാണ്.

മനുഷ്യനറിയാത്ത ദൈവ രഹസ്യങ്ങൾ  

"കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാന്‍പേടകളുടെ ഈറ്റുനോവ് നീ കണ്ടിട്ടുണ്ടോ? അവയുടെ ഗര്‍ഭകാലം നിനക്ക് കണക്കു കൂട്ടാമോ? അവ പ്രസവിക്കുന്ന സമയം നിനക്കറിയാമോ? എപ്പോൾ അവ കുനിഞ്ഞു കുഞ്ഞുങ്ങളെ പ്രസവിക്കുകയും അവയുടെ നോവ് നിലയ്ക്കുകയും ചെയ്യുന്നു? അവയുടെ കുഞ്ഞുങ്ങൾ ബലപ്പെട്ടു വിജനസ്ഥലത്തു വളരുന്നു. അവ പിരിഞ്ഞു പോകുന്നു. മടങ്ങി വരുന്നില്ല. കാട്ട് കഴുതയെ അഴിച്ചു വിട്ടതാര്? അതിനു സ്വാതന്ത്ര്യം നല്‍കിയതാര്? (ജോബ്.39:1-5) കാട്ട് പോത്തു നിന്നെ സേവിക്കുമോ? നിന്‍റെ  തൊഴുത്തിൽ അത് രാത്രി കഴിച്ചു കൂട്ടുമോ? നിന്‍റെ ഉഴവ് ചാലിലേക്കു അതിനെ കയറിട്ടു കൊണ്ട് പോകാമോ? അത് നിന്‍റെ പിന്നാലെ കട്ട നിരത്തുമോ? (ജോബ്.39:9-10). ഒട്ടകപക്ഷി അഭിമാനത്തോടെ ചിറകു വീശുന്നു. എന്നാൽ അതിനു കൊക്കിനെയോ കഴുകനെയോ പോലെ പറക്കാൻ കഴിയുമോ? അവ മുട്ട മണ്ണിൽ ഉപേക്ഷിച്ചു പോകുന്നു. മണ്ണ് അതിനു ചൂട് നൽകി വിരിക്കുന്നു. ചവിട്ടു കൊണ്ട് അത് ഉടഞ്ഞു പോയേക്കുമെന്നോ വന്യമൃഗം ചവിട്ടിത്തേക്കുമെന്നോ അത് ഓർക്കുന്നില്ല.(ജോബ്.39:13-15) കുതിരയ്ക്കു കരുത്ത് കൊടുത്തത് നീയാണോ? (ജോബ്.39:19) നിന്‍റെ ജ്ഞാനം കൊണ്ടാണോ പരുന്ത് ഉയരുകയും ചിറകുകൾ തെക്കോട്ടു വിടർത്തുകയും ചെയ്യുന്നത്? (ജോബ്.39:26)

ജോബിനോടു ദൈവം ചോദിക്കുന്ന ചോദ്യങ്ങളിൽ നിറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ മനുഷ്യ ബുദ്ധിക്കും യുക്തിക്കും അധീതമായി  നിൽക്കുന്നവയാണെന്ന് വെളിപ്പെുത്തുന്നു. പ്രപഞ്ചത്തിന്‍റെ നാഥനും എല്ലാ രഹസ്യങ്ങളുടെയും ഉറവിടവുമായ ദൈവത്തിന്‍റെ രഹസ്യങ്ങളെ കണ്ടെത്താനും വ്യാഖ്യാനിക്കാനും മാത്രം മനുഷ്യൻ വളരുകയില്ല. എന്നാൽ ക്രിസ്തു പറയുന്ന മറ്റൊരു ഓർമ്മപ്പെടുത്തലുണ്ട്. സെബദീ പുത്രന്മാരുടെ അമ്മയുടെ അഭ്യർത്ഥനയ്ക്ക് ക്രിസ്തു പറയുന്ന മറുപടി ഇങ്ങനെയാണ്.

“എന്‍റെ വലത്തുവശത്തും ഇടത്തുവശത്തും ഇരിക്കാനുള്ള വരം നിങ്ങള്‍ക്കു നൽകേണ്ടത് ഞാനല്ല; അത് എന്‍റെ പിതാവ് ആർക്കു വേണ്ടി സജ്ജമാക്കിയിരിക്കുന്നുവോ അവർക്കുള്ളതാണ്.” (മത്തായി.20:23)

ഗ്നോസ്റ്റിസിസം എന്ന പാഷാണ്ഡത അറിവിലൂടെ എല്ലാം സാധ്യമാണെന്ന് പഠിപ്പിക്കുന്നു. ഈ അപകട പഠനത്തെ സഭാ മക്കൾ തിരിച്ചറിയണമെന്ന് പാപ്പാ  "ആനന്ദിച്ചാഹ്ലാദിക്കുവിൻ" എന്ന തന്‍റെ അപ്പോസ്തോലിക പ്രബോധനത്തിൽ ആവശ്യപ്പെടുന്നു.

എല്ലാം അറിയാമെന്ന ഭാവം അപകടമാണ്

41. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുള്ള ആരെങ്കിലുമുണ്ടെങ്കിൽ അവർ ശരിയായ പാതയിലല്ലാ സഞ്ചരിക്കുന്നതെന്നു ഫ്രാൻസിസ് പാപ്പാ ഓർമ്മപ്പെടുത്തുന്നു. അങ്ങനെയുള്ളവർ തങ്ങളുടെ മാനസീക ബൗദ്ധീക സിദ്ധാന്തങ്ങളെ ഉയർത്തിപ്പിടിക്കാൻ മതത്തെ ഉപയോഗിക്കുന്നവരാകാം എന്ന് ഓർമ്മപ്പെടുത്തുന്ന പാപ്പാ ദൈവം അനന്തമായി നമ്മെ അതിശയിപ്പിക്കുന്നുവെന്നും അവിടുന്ന് വിസ്മയങ്ങളുടെ നിറവാണെന്നും, ദൈവം എപ്പോൾ, എങ്ങനെ നമ്മെ കണ്ടുമുട്ടുമെന്നു വിലയിരുത്താൻ  നമുക്ക് കഴിയുകയില്ലെന്നും വ്യക്തമാക്കി തരുന്നു. ദൈവം നമ്മെ കണ്ടുമുട്ടുന്ന സ്ഥലവും സമയവും നമ്മെ ആശ്രയിച്ചല്ല.

ഇന്ന് മനുഷ്യനെ വേട്ടയാടുന്ന ഒരു തിന്മയാണ് അവനു എല്ലാം അറിയാമെന്ന ഭാവം. ഈ അന്ധമായ മനോഭാവം മറ്റുള്ളവരെ പുച്ഛമായി കാണാനും തരം താഴ്ത്താനും അവഹേളിതരാക്കാനും മനുഷ്യനെ പ്രേരിപ്പിക്കുന്നതോടൊപ്പം അപരനിലെ നന്മയെ അന്ധമാക്കുകയും ചെയ്യുന്നു. റൂമി എന്ന ആത്മസാധകൻ പറയുന്നത്

"അന്യരിൽ  നീ ദർശിച്ച തെറ്റുകളിലേറെയും

നിന്‍റെ തന്നെ പ്രകൃതത്തിന്‍റെ പ്രതിബിംബമാണ്.

നീയെപ്പോഴും നിന്‍റെ ആന്തരീകാവസ്ഥയെ

നിന്‍റെ ഹൃദയത്തിന്‍റെ യജമാനനിലൂടെ

നിരീക്ഷിച്ചു കൊണ്ടിരിക്കുക.

സ്വര്‍ണ്ണത്തോടു ചേർക്കപ്പെടുന്നത് വരെ

ചെമ്പു ഒരിക്കലും താനെന്താണ് എന്നറിയുന്നില്ല.

നിരാലംബനാക്കപ്പെടുന്നത് വരെ

ഒരുവൻ തന്‍റെ സർവ്വശക്തനെ അറിയുന്നില്ല.”

സൃഷ്ടിയുടെ മകുടമായി മനുഷ്യനെ  ഉയർത്തിയ ദൈവത്തെ മനസ്സിലാക്കാതെ പോകുന്ന മനുഷ്യന്‍റെ മനോഭാവം അവനെ കൊണ്ടെത്തിക്കുന്നത് നാശത്തിലേക്കാണ്. ജീവിതത്തിൽ എല്ലാം നേടിയാലും ദൈവത്തെ നേടാൻ കഴിഞ്ഞില്ലെങ്കിൽ നമ്മുടെ ജന്മം എത്ര ശൂന്യമായി തീരുന്നു. ദൈവം  നല്‍കിയിതല്ലാതെ നമുക്ക് സ്വന്തമെന്നു അവകാശപ്പെടാൻ ഒന്നുമില്ല. നമ്മുടെ ജീവിത ദർശനങ്ങളും, തീരുമാനങ്ങളും നമ്മെ കൊണ്ടെത്തിക്കേണ്ടത് ദൈവമെന്ന നിത്യ സത്യത്തിലേക്കാകണം. ദൈവം നമ്മോടു ഐക്യപ്പെടാൻ ആഗ്രിക്കുന്നവനാണ്. മഹാചൈതന്യമായ ദൈവത്തിന്‍റെ മഹത്വത്തെ മറക്കുവാനും,ദൈവവുമായുള്ള ഐക്യത്തെ  വിസ്മരിക്കുവാനും പ്രേരിപ്പിക്കുന്ന പഠനങ്ങളെ കുറിച്ച് അവബോധമുള്ളവരായിരിക്കണമെന്നു ഫ്രാൻസിസ് പാപ്പാ നമ്മെ പ്രബോധിപ്പിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 April 2019, 13:42