തിരയുക

ഫ്രാന്‍സീസ് പാപ്പാ ത്രികാലാപ്രാര്‍ത്ഥനാസന്ദേശം നല്കുന്നു-വത്തിക്കാനില്‍ 28/04/2019 ഫ്രാന്‍സീസ് പാപ്പാ ത്രികാലാപ്രാര്‍ത്ഥനാസന്ദേശം നല്കുന്നു-വത്തിക്കാനില്‍ 28/04/2019 

പാപ്പായുടെ ത്രികാലജപാനന്തര അഭിവാദ്യങ്ങള്‍!

പാപ്പാ അര്‍ജന്തീനയിലെ നവവാഴ്ത്തപ്പെട്ടവരെ അനുസ്മരിക്കുന്നു, ലിബിയയില്‍ അഭയാര്‍ത്ഥികളായിരിക്കുന്നവര്‍ക്കായും ദക്ഷിണാഫ്രിക്കയില്‍ ജലപ്രളയക്കെടുത്തിയനുഭവിക്കുന്നവര്‍ക്കായും പ്രാര്‍ത്ഥിക്കുന്നു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഞായറാഴ്ച(28/04/2019) മദ്ധ്യാഹ്നത്തില്‍ വത്തിക്കാനില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുകയും ആശീര്‍വ്വാദം നല്കുകയും ചെയ്ത പാപ്പാ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ  ചത്വരത്തില്‍ സന്നിഹിതരായിരുന്ന റോമാക്കാരും വിവിധ രാജ്യക്കാരുമായിരുന്ന തീര്‍ത്ഥാടകരെ അഭിവാദ്യം ചെയ്തു.

അര്‍ജന്തീനയില്‍ പാവപ്പെട്ടവരുടെ ഉന്നമനത്തിനും സാമൂഹ്യനീതിക്കുംവേണ്ടി പ്രവര്‍ത്തിച്ച ബിഷപ്പ് എന്‍റിക്ക് ആഞ്ചലേല്ലിയും (Enrique Angelelli) സമര്‍പ്പിതരായ കാര്‍ലോസ് മുരിയാസും  (Carlos Murias) ഗബ്രിയേല്‍ ലോംഗുവെല്ലെയും(Gabriel Longueville)     അല്മായ വിശ്വാസിയായ വെന്‍ചെസ്ലാവൊ പെദെദെര്‍നേരയും (Wenceslao Pedernera) ശനിയാഴ്ച (27/04/2019) വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടത് പാപ്പാ തദ്ദവസരത്തില്‍ അനുസ്മരിച്ചു.

സുവിശേഷാധിഷ്ഠിതമായ നീതിയുടെയും ഉപവിയുടെയും പേരില്‍ പീഢിപ്പിക്കപ്പെട്ട ഇവര്‍ വിശ്വാസത്തിന്‍റെ നിണസാക്ഷികളാണെന്ന് പാപ്പാ പറഞ്ഞു.

നീതിയും ഐക്യദാര്‍ഢ്യവും വാഴുന്ന ഒരു സമൂഹം കെട്ടപ്പടുക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേകിച്ച് ഈ നവവാഴ്ത്തപ്പെട്ടവരുടെ മാതൃകയും അവരുടെ മാദ്ധ്യസ്ഥ്യവും താങ്ങായിരിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

ഈ വാഴ്ത്തപ്പെട്ടവരില്‍   ഗബ്രിയേല്‍ ലോംഗുവെല്ലെ ഫ്ര‍ഞ്ചു സ്വദേശിയാണ്. മറ്റ് മൂന്നു പേരും  അര്‍ജന്തീനക്കാരാണ്.

ലിബിയയിലെ തടവുകേന്ദ്രങ്ങളില്‍ കഴിയുന്ന അഭയാര്‍ത്ഥികളെ പ്രത്യേകം അനുസ്മരിച്ച പാപ്പാ അവിടെ തുടരുന്ന സംഘര്‍ഷങ്ങള്‍ അവരുടെ അവസ്ഥ കൂടുതല്‍ അപകടകരമാക്കിത്തീര്‍ത്തിരിക്കയാണെന്ന ആശങ്ക പ്രകടിപ്പിക്കുകയും സ്ത്രീകളെയും  കുട്ടികളെയും രോഗികളെയും അവിടെനിന്ന് ജീവകാരുണ്യപരമായ മാര്‍ഗ്ഗത്തിലൂടെ മാറ്റുന്നതിന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ദക്ഷിണാഫ്രിക്കയില്‍ ഈയിടെയുണ്ടായ വെള്ളപ്പൊക്കദുരന്തത്തിനിരകളായവരെയും അനുസ്മരിച്ച പാപ്പാ അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

അവരോടു ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും അവര്‍ക്ക് സമൂര്‍ത്ത സഹായമേകാനും  പാപ്പാ അന്താരാഷ്ട്രസമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.

ജൂലിയന്‍ പഞ്ചാംഗം പിന്‍ചെല്ലുന്ന പൗരസ്ത്യസഭകള്‍ ഈ ഞായറാഴ്ച (28/04/2019) ഉത്ഥാനത്തിരുന്നാള്‍ കൊണ്ടാടിയത് അനുസ്മരിച്ച പാപ്പാ ആ സഹോദരങ്ങള്‍ക്ക് ഉയിര്‍പ്പുതിരുന്നാള്‍ ആശംസകളേകി.

തനിക്ക് ഈ ദിനങ്ങളില്‍ ഉത്ഥാനത്തിരുന്നാള്‍ മംഗളങ്ങള്‍ നേര്‍ന്ന എല്ലാവരോടും തന്‍റെ  നന്ദി അറിയിക്കാനും പാപ്പാ ഈ അവസരം ഉപയോഗപ്പെടുത്തുകയും  അവര്‍ക്കെല്ലാവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും  ഒരിക്കല്‍കൂടി ഉത്ഥാനത്തിരുന്നാള്‍ ആശംസകള്‍ നേരുകയും ചെയ്തു.

തദ്ദനന്തരം എല്ലാവര്‍ക്കും  ശുഭ ഞായര്‍ ആശംസിച്ച പാപ്പാ, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിക്കുകയും ചെയ്തു. അതിനുശേഷം, എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാം, “അരിവെദേര്‍ച്ചി" (arrivederci) എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ പറയുകയും ചെയ്തുകൊണ്ട് പാപ്പാ സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 April 2019, 12:43