Cerca

Vatican News
റോമിലെ കൊളോസിയത്തില്‍ ദുഃഖവെള്ളിയാഴ്ച (19/04/2019) ഫ്രാന്‍സീസ് പാപ്പാ നയിച്ച കുരിശിന്‍റെ വഴിയില്‍ നിന്നുള്ള ഒരു ദൃശ്യം റോമിലെ കൊളോസിയത്തില്‍ ദുഃഖവെള്ളിയാഴ്ച (19/04/2019) ഫ്രാന്‍സീസ് പാപ്പാ നയിച്ച കുരിശിന്‍റെ വഴിയില്‍ നിന്നുള്ള ഒരു ദൃശ്യം 

ശ്ലീവാപ്പാത-പാപ്പായുടെ പ്രാര്‍ത്ഥന!

കര്‍ത്താവായ യേശുവേ, നിന്‍റെ കുരിശില്‍ ലോകത്തിലെ സകല കുരിശുകളും ദര്‍ശിക്കാന്‍ ഞങ്ങളെ സഹായിക്കേണമെ: ഫ്രാന്‍സീസ് പാപ്പായുടെ പ്രാര്‍ത്ഥന, റോമിലെ കൊളോസിയത്തില്‍ ദുഃഖവെള്ളിയാഴ്ച രാത്രി നയിച്ച കുരിശിന്‍റെ വഴിയുടെ അവസാനം.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കര്‍ത്താവ് സകല തിന്മകളുടെയും മരണത്തിന്‍റെയും മേല്‍ വരിച്ച ശാശ്വത വിജയത്തെക്കുറിച്ചുള്ള പ്രത്യാശ നമ്മില്‍ പുനരുജ്ജീവിപ്പിക്കപ്പെടുന്നതിനായി പാപ്പാ പ്രാ‍ര്‍ത്ഥിക്കുന്നു.

അനുവര്‍ഷം പതിവുള്ളതുപോലെ ഇക്കൊല്ലവും ദുഃഖവെള്ളിയാഴ്ച (19/04/2019)  റോമിലെ കൊളോസിയത്തില്‍ പ്രാദേശികസമയം രാത്രി 9.15-ന് താന്‍ നയിച്ച കുരിശിന്‍റെ വഴിയുടെ അവസാനം ആശീര്‍വ്വാദം നല്കുന്നതിന് മുമ്പാണ് ഫ്രാന്‍സീസ് പാപ്പാ ഇപ്രകാരം പ്രാര്‍ത്ഥിച്ചത്.

സാമാന്യം ദീര്‍ഘിച്ച ആ പ്രാര്‍ത്ഥനയുടെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്:

കര്‍ത്താവായ യേശുവേ, നിന്‍റെ കുരിശില്‍ ലോകത്തിലെ സകല കുരിശുകളും ദര്‍ശിക്കാന്‍ ഞങ്ങളെ സഹായിക്കേണമെ:

അപ്പത്തിനും സ്നേഹത്തിനുമായി വിശക്കുന്നവരുടെ കുരിശ്;

ഏകാന്തവാസം അനുഭവിക്കുന്നവരും സ്വന്തം മക്കളും ബന്ധുക്കളുംപോലും ഉപേക്ഷിച്ചവരുമായവരുടെ കുരിശ്;

നീതിക്കും ശാന്തിക്കും വേണ്ടി ദാഹിക്കുന്നവരുടെ കുരിശ്;

വിശ്വാസത്തിന്‍റെ സാന്ത്വനം അനുഭവിക്കാന്‍ കഴിയാത്തവരുടെ കുരിശ്;

പ്രായത്തിന്‍റെയും ഒറ്റപ്പെടുത്തപ്പെടലിന്‍റെയും ഭാരത്തിലമരുന്ന വൃദ്ധജനത്തിന്‍റെ കുരിശ്;

ഭീതിയാലും രാഷ്ട്രീയ കണക്കുകൂട്ടലുകളാല്‍ കവചിതമായ ഹൃദയങ്ങളാലും കൊട്ടിയടയ്ക്കപ്പെട്ട വാതിലുകള്‍ക്കുമുന്നില്‍ നില്ക്കുന്ന കുടിയേറ്റക്കാരുടെ കുരിശ്;

തങ്ങളുടെ നിഷ്ക്ളങ്കതയും നൈര്‍മ്മല്യവും മുറിപ്പെടുത്തപ്പെട്ട പൈതങ്ങളുടെ കുരിശ്;

അനിശ്ചതത്വത്തിന്‍റെ അന്ധകാരത്തിലും താല്ക്കാലികതയുടെ സംസ്കൃതിയുടെ ഇരുളിലും  ഉഴലുന്ന നരകുലത്തിന്‍റെ കുരിശ്;

വഞ്ചനായാലും, സാത്താന്‍റെ വശീകരണങ്ങളാലും മാരകമായ ഉദാസീനതയും സ്വാര്‍ത്ഥയും മൂലവും തകര്‍ക്കപ്പെട്ട കുടുംബങ്ങളുടെ കുരിശ്;

നിന്‍റെ പ്രകാശം ലോകത്തില്‍ പരത്താന്‍ അക്ഷീണം പരിശ്രമിക്കുകയും എന്നാല്‍ തിരസ്ക്കരിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്യുന്ന സമര്‍പ്പിതരുടെ കുരിശ്;

വഴിയില്‍ മന്നേറവെ തങ്ങളുടെ ആദ്യസ്നേഹത്തെ വിസ്മരിച്ചവരായ സമര്‍പ്പിതരുടെ കുരിശ്;

നിന്നില്‍ വിശ്വാസമര്‍പ്പിക്കുകയും നിന്‍റെ വചനാനുസൃതം ജീവിക്കാന്‍ ശ്രമിക്കുകയും എന്നാല്‍ കുടുംബാംഗങ്ങളാലും സമപ്രായക്കാരാലും പോലും തിരസ്ക്കരിക്കപ്പടുകയും ചെയ്ത നിന്‍റെ മക്കളുടെ കുരിശ്;

ഞങ്ങളുടെ ബലഹീനതകളുടെയും ഞങ്ങളുടെ കാപട്യത്തിന്‍റെയും ഞങ്ങളുടെ വഞ്ചനകളുടെയും ഞങ്ങളുടെ പാപങ്ങളുടെയും ഞങ്ങളുടെ നിരവധിയായ പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളുടെയും കുരിശ്;

നിന്‍റെ സുവിശേഷത്തോടു വിശ്വസ്തയായിരിക്കുകയും മാമ്മോദീസാ സ്വീകരിച്ചവര്‍ക്കിടയില്‍പ്പോലും നിന്‍റെ സ്നേഹം എത്തിക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്ന നിന്‍റെ സഭയുടെ കുരിശ്;

അകത്തുനിന്നും പുറത്തുനിന്നും നിരന്തരം ആക്രമിക്കപ്പെടുന്ന, നിന്‍റെ മണവാട്ടിയായ, സഭയുടെ കുരിശ്;

സ്വാര്‍ത്ഥതയാര്‍ന്നതും അത്യാഗ്രഹത്താലും അധികാരമോഹത്താലും അന്ധമായിത്തീര്‍ന്നതുമായ ഞങ്ങളുടെ നയനങ്ങള്‍ക്കു മുന്നില്‍ ഗുരുതരമാംവിധം തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന ഞങ്ങളുടെ പൊതുഭവനത്തിന്‍റെ കുരിശ്;

കര്‍ത്താവായ യേശുവേ, പുനരുത്ഥാനത്തിന്‍റെയും സകല തിന്മകള്‍ക്കും എല്ലാ മരണങ്ങള്‍ക്കും എതിരെ നീ വരിച്ച നിയതമായ വിജയത്തിന്‍റെയും പ്രത്യാശ ഞങ്ങളില്‍ പുനരുജ്ജീവിപ്പിക്കേണമെ. ആമേന്‍

ഈ പ്രാര്‍ത്ഥനയ്ക്കു ശേഷമാണ് പാപ്പാ ശ്ലീവാപ്പാതയുടെ അവസാന ആശീര്‍വ്വാദം നല്കിയത്.

കുരിശിന്‍റെ വഴിയിലെ 14 സ്ഥലങ്ങളില്‍ കുരിശു വഹിച്ചത് ഇന്ത്യയുള്‍പ്പടെ 7 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മാറിമാറിയാണ്.

ഒന്നാം സ്ഥലത്തും പതിനാലാം സ്ഥലത്തും കുരിശേന്തിയത് റോം രൂപതയുടെ അദ്ധ്യക്ഷനായ പാപ്പായുടെ വികാരിജനറാള്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ ദെ ദൊണാത്തിസ് ആയിരുന്നു.

ഈ കുരിശിന്‍റെ വഴിയില്‍ ഉപയോഗിക്കപ്പെട്ട ധ്യാനങ്ങള്‍ തയ്യാറാക്കിയത് സമാശ്വാസനാഥയുടെ നാമത്തിലുള്ള സന്ന്യാസിനീസമൂഹത്തിലെ അംഗവും “ഇനി അ‌ടിമകളില്ല”- “SLAVES NO MORE”  എന്ന സംഘടനയുടെ പ്രസിഡന്‍റുമായ സിസ്റ്റര്‍ എവുജേനിയ ബൊണേത്തി ആണ്.

 

20 April 2019, 12:37