തിരയുക

Vatican News
പാദക്ഷാളന ശുശ്രൂഷ- ഫ്രാന്‍സീസ് പാപ്പാ 12 തടവുകാരുടെ പാദങ്ങള്‍ കഴുകി ചുംബിക്കുന്നു- റോമിനുപുറത്തുള്ള വെല്ലേത്രിയിലെ ഒരു കാരാഗൃഹത്തില്‍ 18/04/2019 പാദക്ഷാളന ശുശ്രൂഷ- ഫ്രാന്‍സീസ് പാപ്പാ 12 തടവുകാരുടെ പാദങ്ങള്‍ കഴുകി ചുംബിക്കുന്നു- റോമിനുപുറത്തുള്ള വെല്ലേത്രിയിലെ ഒരു കാരാഗൃഹത്തില്‍ 18/04/2019  (ANSA)

യജമാനനല്ല ദാസനാകണം മെത്രാന്‍!

അപരന്‍റെമേല്‍ ആധിപത്യം പുലര്‍ത്തുന്നവനെയൊ, അപരനെ ചവിട്ടിത്താഴ്ത്തുന്നവനെയൊപോലെയാകരുത്, ശുശ്രൂഷയില്‍ സഹോദരങ്ങളായരിക്കുക- ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മെത്രാന്‍ അതിവിശിഷ്ടവ്യക്തിയായിട്ടല്ല ഏറ്റം എളിയ ശുശ്രൂകന്‍ ആയി വര്‍ത്തിക്കണമെന്ന് മാര്‍പ്പാപ്പാ.

പെസഹാവ്യാഴാഴ്ച (18/04/2019) റോമിനു പുറത്തുള്ള ഒരു കാരാഗൃഹത്തില്‍ പാദക്ഷാളന കര്‍മ്മവും ഉള്‍പ്പെടുത്തപ്പെട്ടിരുന്ന തിരുവത്താഴദിവ്യബലി വേളയില്‍  കാലുകഴുകല്‍ ശുശ്രൂഷയ്ക്കു മുമ്പ് നല്കിയ സുവിശേഷ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ തിരുക്കര്‍മ്മത്തിന്‍റെ  ആന്തരാര്‍ത്ഥം വ്യക്തമാക്കിക്കൊണ്ട് ഇപ്രകാരം ഓര്‍മ്മിപ്പിച്ചത്.

വത്തിക്കാനില്‍ നിന്ന് 60 കിലോമീറ്ററോളം തെക്കുമാറി സ്ഥിതി ചെയ്യുന്ന വെല്ലേത്രിയിലെ കാരഗൃഹത്തിലായിരുന്നു പാപ്പാ ഇക്കൊല്ലം ഈ ദിവ്യബലിയര്‍പ്പിച്ചത്.

നാമെല്ലാവരും മറ്റുള്ളവരുടെ സേവകരായിരിക്കണമെന്ന് പാപ്പാ പറഞ്ഞു.

പിതാവ് സര്‍വ്വവും, അതായത്, സകല അധികാരവും തനിക്ക് നല്കയിട്ടുണ്ടെന്നറിയാമായിരുന്നിട്ടു പോലും യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുകയാണെന്നും ഈ പ്രവൃത്തി അക്കാലഘട്ടത്തില്‍ അടിമകള്‍ ചെയ്തിരുന്നതാണെന്നും പാപ്പാ വിശദീകരിച്ചു. 

ഇന്നത്തെ പോലെ ടാറിട്ട വഴികള്‍ ഇല്ലാതിരുന്ന ആ കാലഘട്ടത്തില്‍ പൊടി നിറഞ്ഞ വഴികള്‍ താണ്ടിയെത്തുന്ന സന്ദര്‍ശകരുടെയൊ വിരുന്നുകാരുടെയൊ കാലുകള്‍, അവര്‍ ഭവനത്തില്‍ പ്രവേശിക്കുന്നതിനു മുമ്പ്, കഴുകി വൃത്തിയാക്കിയിരുന്നത് അടിമകള്‍ ആയിരുന്നുവെന്നും പാപ്പാ വ്യക്തമാക്കി.

സകല അധികാരവുമുള്ള ഒരുവന്‍, കര്‍ത്താവ്, ഒരു അടിമയുടെ കര്‍മ്മം ചെയ്യുന്നു, എന്നിട്ട് ഇങ്ങനെ ഉപദേശിക്കുന്നു, നിങ്ങളും ഇതുപോലെ പരസ്പരം ചെയ്യുവിന്‍”, പാപ്പാ തുടര്‍ന്നു:

അതായത്, നിങ്ങള്‍ പരസ്പരം ശുശ്രൂഷ ചെയ്യുവിന്‍, ഉല്‍ക്കര്‍ഷേച്ഛയിലല്ല, പ്രത്യുത സേവനത്തില്‍ നിങ്ങള്‍ സഹോദരങ്ങള്‍ ആയിരിക്കുക. അപരന്‍റെമേല്‍ ആധിപത്യം പുലര്‍ത്തുന്നവനെയൊ, അപരനെ ചവിട്ടിത്താഴ്ത്തുന്നവനെയൊപോലെയാകരുത്, മറിച്ച്, ശുശ്രൂഷയില്‍ സഹോദരങ്ങളായരിക്കുക. നിനക്ക് എന്തെങ്കിലും ആവശ്യമുണ്ടോ? എന്തെങ്കിലും സേവനം ആവശ്യമാണോ? അതു ഞാന്‍ ചെയ്തു തരാം. ഇതാണ് സാഹോദര്യം. സാഹോദര്യം എന്നും എളിമ നിറഞ്ഞതാണ്. അപരനെ സേവിക്കുന്നതിന് സന്നദ്ധമാണത്. യേശുവിന്‍റെ ആ ചെയ്തിയെ അനുകരിക്കുന്നതിന് മെത്രാന്‍ വര്‍ഷത്തിലൊരിക്കല്‍, അതായ്ത്, പെസഹാവ്യാഴാഴ്ച ഇതു ചെയ്യണമെന്ന് സഭ അഭിലഷിക്കുന്നു, പാപ്പാ പറഞ്ഞു.

യേശുവിന്‍റെ നിയമം, സുവിശേഷത്തിന്‍റെ നിയമം, സേവനത്തിന്‍റെ നിയമമാണ്, അത് ആധിപത്യത്തിന്‍റെതല്ല, ദുഷ്ക്കര്‍മ്മത്തിന്‍റെതല്ല, മറ്റുള്ളവരെ അപമാനക്കലിന്‍റെതല്ല. ശുശ്രൂഷയുടെതാണ്, പാപ്പാ ഓര്‍മ്മിപ്പിച്ചു.

തങ്ങള്‍ക്കിടയില്‍ പ്രധാനി ആരാണ് എന്നതിനെക്കുറിച്ച് തന്‍റെ ശിഷ്യര്‍ക്കിടയില്‍ തര്‍ക്കമുണ്ടായപ്പോള്‍ യേശു ഒരു കുഞ്ഞിനെ എടുത്തു നിറുത്തിക്കൊണ്ടു പറഞ്ഞു നിങ്ങളുടെ ഹൃദയം കുഞ്ഞുങ്ങളുടേതു പോലല്ലെങ്കില്‍ നിങ്ങള്‍ക്ക് എന്‍റെ  ശിഷ്യരായിരിക്കാനകില്ല. അവിടെ വളരെ ശ്രദ്ധേയമായ ഒരു കാര്യം യേശു കൂട്ടിച്ചേര്‍ക്കുന്നുണ്ട്, അവിടന്നു പറയുന്നു: നിങ്ങള്‍ സുക്ഷിച്ചുകൊള്ളുവിന്‍, ഭരണകര്‍ത്താക്കാള്‍ യജമാനത്വം പുലര്‍ത്തുന്നു.... എന്നാല്‍ നിങ്ങളുടെ ഇടയില്‍ അങ്ങനെ ആയിരിക്കരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകന്‍ ആയിരിക്കണം. നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനുമായിരിക്കണം, പാപ്പാ അനുസ്മരിച്ചു.

നാമെല്ലാവരും സേവകരായിരിക്കണം. ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ട് എന്നത് ശരിതന്നെ. നമുക്കിടയില്‍ കലഹങ്ങളുണ്ടാകാം, എന്നാല്‍ അത് ക്ഷണികമായിരിക്കണം. കാരണം നമ്മുടെ ഹൃദയത്തില്‍ എന്നും കുടികൊള്ളേണ്ടത്, അപരനെ സേവിക്കാനും അപരന്‍റെ ശുശ്രൂഷകനായിരിക്കാനുമുള്ള ആ സ്നേഹമാണ്, പാപ്പാ ഉദ്ബോധിപ്പിച്ചു. 

താന്‍ നടത്താന്‍ പോകുന്ന കാലുകഴുകല്‍ ശുശ്രൂഷ, പര്സപരം ശുശ്രൂഷകരും, സേവനത്തില്‍  സ്നേഹിതരും സഹോദരങ്ങളും ആയിത്തീരാന്‍ സഹായകമകട്ടെയെന്ന് ആശംസിച്ചിതിനു ശേഷമാണ് പാപ്പാ 12 തടവുകാരുടെ കാലുകള്‍ കഴുകി ചുംബിച്ചത്.

4 രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്ന ഇവരില്‍ 9 പേര്‍ ഇറ്റലിക്കാരായിരുന്നു. ശേഷിച്ച മൂന്നു പേര്‍ ബ്രസീല്‍, ഐവറി കോസ്റ്റ്, മറോക്കൊ എന്നീ രാജ്യക്കാര്‍ ആയിരുന്നു.

ഫ്രാന്‍സീസ് പാപ്പാ ഇത് അഞ്ചാമത്തെ വര്‍ഷമാണ് ഒരു കാരാഗൃഹത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നയിക്കുന്നത്.

2014,2016 എന്നീ വര്‍ഷങ്ങളിലൊഴികെയുള്ള വര്‍ഷങ്ങളിലെല്ലാം പാപ്പാ കാല്‍കഴുകല്‍ ശുശ്രഷയ്ക്കായി തിരഞ്ഞെടുത്തത് കാരാഗൃഹങ്ങളാണ്.

2014 ല്‍ അംഗവൈകല്യമുള്ളവര്‍ക്കായുള്ള ഒരു പുനരധിവാസ കേന്ദ്രത്തിലും 2016 ല്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള ഒരു കേന്ദ്രത്തിലുമായിരുന്നു പാപ്പാ ഈ ശുശ്രൂഷ നയിച്ചത്.

 

19 April 2019, 12:33