തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍ സംഘടിപ്പിക്കപ്പെട്ട ദ്വിദിന ധ്യാനത്തില്‍ പങ്കെടുത്ത ദക്ഷിണസുഡാനിലെ പൗര-സഭാധികാരികളുമൊത്ത് 11/04/2019 ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍ സംഘടിപ്പിക്കപ്പെട്ട ദ്വിദിന ധ്യാനത്തില്‍ പങ്കെടുത്ത ദക്ഷിണസുഡാനിലെ പൗര-സഭാധികാരികളുമൊത്ത് 11/04/2019  (Vatican Media)

സമാധാന സംസ്ഥാപനം- രാഷ്ട്രത്തലവന്മാരുടെ പ്രഥമ ദൗത്യം!

സമാധാന സംസ്ഥാപനം, ഓരോ വ്യക്തിയുടെയും അവകാശങ്ങള്‍ ആദരിക്കപ്പെടുന്നതിനും ജനതയുടെ സമഗ്രവികസനത്തിനും മൗലിക വ്യവസ്ഥ- പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

യുദ്ധത്തിന്‍റെ അഗ്നി അണയ്ക്കപ്പെടുന്നതിനായി മാര്‍പ്പാപ്പാ പ്രാര്‍ത്ഥിക്കുന്നു.

ദക്ഷിണ സുഡാന്‍റെ പ്രസിഡന്‍റ് സാല്‍വ കീര്‍ മയാര്‍ദിത്ത്, നിയുക്ത പ്രസിഡന്‍റുമാരായ റിയെക് മച്ചാര്‍, ശ്രീമതി റെബേക്ക ന്യാന്തെംഗ് ദെ മബിയൊ എന്നിവരുള്‍പ്പടെയുള്ള ഉന്നത പൗരാധികാരികളും അന്നാട്ടിലെ സഭാധികാരികളും വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തില്‍ പങ്കെടുത്ത ദ്വിദിന ധ്യാനത്തിന്‍റെ സമാപനത്തില്‍ ഫ്രാന്‍സീസ് പാപ്പാ അവരെ സംബോധന ചെയ്യുകയായിരുന്നു. 

ഭിന്നിപ്പിക്കുന്നവയെയല്ല ഒന്നിപ്പിക്കുന്നവയെ നോക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറയുഞ്ഞ പാപ്പാ ദക്ഷിണ സുഡാന്‍റെ ഭാവി ശാന്തിയുടെയും അനുരഞ്ജനത്തിന്‍റെയും ചിഹ്നത്തിന്‍ കീഴിലായിരിക്കട്ടെയെന്ന് ആശംസിച്ചു.

ഉത്ഥിതനായ യേശു, അവിടത്തെ ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ട അവസരത്തില്‍ നല്കിയ പ്രചോദന-സാന്ത്വനദായകമായ സമാധാനാശംസ അനുസ്മരിച്ചുകൊണ്ട് പാപ്പാ സമാധനം എന്ന പദം നിരവധി തവണ തന്‍റെ പ്രഭാഷണത്തില്‍ ആവര്‍ത്തിച്ചു.

തന്‍റെ പീഢാസഹനമരണോത്ഥാനാനന്തരം ക്രിസ്തുനാഥന്‍ തന്‍റെ ശിഷ്യന്മാര്‍ക്ക്   ആദ്യമായേകിയ സമ്മാനം സമാധാനമാണെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ രാഷ്ട്രത്തലവന്മാരുടെ പ്രഥമ ദൗത്യവും സമാധാനസംസ്ഥപനമാണെന്ന് ഓര്‍മ്മിപ്പിച്ചു.

ഓരോ വ്യക്തിയുടെയും അവകാശങ്ങള്‍ ആദരിക്കപ്പെടുന്നതിനും ജനതയുടെ സമഗ്രവികസനത്തിനും മൗലിക വ്യവസ്ഥയാണ് ഈ സമാധാന സംസ്ഥാപനമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.   

ദൈവത്തിന്‍റേത് സമാധാനത്തിന്‍റെ നോട്ടമാണെന്നും അതില്‍ നീതിക്കും അനുരഞ്ജനത്തിനുമായുള്ള തീവ്രാഭിലാഷം ആവിഷ്കൃതമാണെന്നും സുഡാനിലെ ജനങ്ങള്‍ സമാധാനവും അനുരഞ്ജനവും പാര്‍ത്തു കഴിയുന്നവരാണെന്നും പാപ്പാ അനുസ്മരിച്ചു. 

 

12 April 2019, 12:44