തിരയുക

ഇറ്റലിയിലെ ബധിരരുടെ സംഘടനകളുടെ സംയുക്തസമിതിയുടെ പ്രതിനിധികളും അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടങ്ങിയ ഒരു സംഘത്തെ വ്യാഴാഴ്ച (25/04/2019) വത്തിക്കാനില്‍ സ്വീകരിച്ച വേളയില്‍ ഇറ്റലിയിലെ ബധിരരുടെ സംഘടനകളുടെ സംയുക്തസമിതിയുടെ പ്രതിനിധികളും അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടങ്ങിയ ഒരു സംഘത്തെ വ്യാഴാഴ്ച (25/04/2019) വത്തിക്കാനില്‍ സ്വീകരിച്ച വേളയില്‍ 

ഭിന്നശേഷിക്കാര്‍ സമാഗമസംസ്കൃതിയുടെ ശില്പികളാകും!

തങ്ങളുടെ പരിമിതികളിലും ബലഹീനതകളിലും ആയിരുന്നുകൊണ്ടുതന്നെ, വ്യാപകമായ നിസ്സംഗതയ്ക്കെതിരെ, സമാഗമസംസ്ക്കാരത്തിന്‍റെ ശില്പികളാകാന്‍ തങ്ങള്‍ക്ക് കഴിയും എന്ന് ഭിന്നശേഷിക്കാര്‍ കാണിച്ചുതരുന്നു-പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ബധിരരുടെയും അതുപോലുള്ള ഭിന്നശേഷിക്കാരുടെയും പരിമിതികളെ ഉല്ലംഘിച്ചുകൊണ്ട് അവരുടെ രചനാത്മക സാന്നിധ്യത്തിന്‍റെ സര്‍ഗ്ഗാത്മകകഴിവുകളെ സ്വീകരിക്കുന്നതിനെതിരെ ഉയരുന്ന പ്രതിബന്ധങ്ങളെ തനതായ സേവനദൗത്യങ്ങളാല്‍ തരണം ചെയ്യാന്‍ നഗരങ്ങളും നാടുകളും ഇടവകകളും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

ഇറ്റലിയിലെ ബധിരരുടെ സംഘടനകളുടെ സംയുക്തസമിതിയുടെ പ്രതിനിധികളും അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടങ്ങിയ ഒരു സംഘത്തെ വ്യാഴാഴ്ച (25/04/2019) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്ത ഫ്രാന്‍സീസ് പാപ്പാ അവരേകുന്ന സാകല്യസംസ്കൃതിയുടെ സന്ദേശത്തെ ശ്ലാഘിച്ചു സംസാരിക്കുകയായിരുന്നു.

തങ്ങളുടെ പരിമിതികളിലും ബലഹീനതകളിലും ആയിരുന്നുകൊണ്ടുതന്നെ, പൗരസമൂഹത്തിന്‍റെയും സഭാസമൂഹത്തിന്‍റെയും ചുക്കാന്‍ പിടിക്കുന്നവരോടും സമൂഹാംഗങ്ങളോടും ചേര്‍ന്ന്, വ്യാപകമായ നിസ്സംഗതയ്ക്കെതിരെ, സമാഗമസംസ്ക്കാരത്തിന്‍റെ  ശില്പികളാകാന്‍ തങ്ങള്‍ക്ക് കഴിയും എന്ന് ഈ ഭിന്നശേഷിക്കാര്‍ കാണിച്ചുതരുന്നുണ്ടെന്ന് പാപ്പാ പറഞ്ഞു.

അങ്ങനെ സമൂഹത്തെയും കൂട്ടായ്മകളെയും മെച്ചപ്പെടുത്താനും ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങളെ കണക്കിലെടുത്തുകൊണ്ട് അസ്തിത്വപരമായ പൂര്‍ണ്ണത ബിധിരര്‍ക്കേകാനും സാധിക്കുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

മാമ്മോദീസാ സ്വീകരിച്ചിട്ടുള്ളവരെല്ലാവരും അവരുടെ വിളിയാല്‍ത്തന്നെ പ്രേഷിതരാണെന്ന ആശയം സൂചിപ്പിച്ചുകൊണ്ട് പാപ്പാ, സ്വന്തം കഴിവുകളും ചായ്വുകളുമനുസരിച്ച് പരിശീലനം നല്കപ്പെട്ടിട്ടുള്ള ബധിരരുടെ സാന്നിധ്യം അജപാലനപ്രവര്‍ത്തകര്‍ക്കിടിയില്‍ സുവിശേഷവത്ക്കരണത്തിനുള്ള സ്രോതസ്സും അവസരവുമായി ഭവിക്കുമെന്നും ദൈവത്തിന്‍റെ സാന്നിധ്യം മനസ്സിലാക്കാന്‍ കഴിയുന്നത് കാതുകളിലൂടെയല്ല വിശ്വാസത്തിലൂടെയാണെന്നും ഉദ്ബോധിപ്പിച്ചു.

ലോകത്തിലെ സകല ബധിരരെയും, പ്രത്യേകിച്ച്, പരിത്യക്താവസ്ഥയിലും ദാരിദ്ര്യത്തിലും കഴിയുന്നവരെ പാപ്പാ അനുസ്മരിക്കുകയും അവര്‍ക്ക് പ്രാര്‍ത്ഥന ഉറപ്പുനല്കുകയും ചെയ്തു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 April 2019, 12:39