തിരയുക

ഫ്രാന്‍സീസ് പാപ്പാ അന്താരാഷ്ട്ര ബൈബിള്‍ സംയുക്തസമിതിയംഗങ്ങളെ വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍ 26/04/2019 ഫ്രാന്‍സീസ് പാപ്പാ അന്താരാഷ്ട്ര ബൈബിള്‍ സംയുക്തസമിതിയംഗങ്ങളെ വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍ 26/04/2019  

ലോകത്തില്‍ ദൈവത്തിന്‍റെ നിശ്വാസം എത്തിക്കുന്ന ജീവവചനം!

ദൈവവചനം ഓരോ വിശ്വാസിക്കും ജീവന്‍ പ്രദാനം ചെയ്യുകയും കര്‍ത്താവിനെ പ്രഘോഷിക്കുന്നതിനു വേണ്ടി സ്വയം ത്യജിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നു, ബൈബിള്‍ തിരുലിഖിതങ്ങളുടെ ഒരു ശേഖരമല്ല, പ്രത്യുത. വിതയ്ക്കപ്പെടേണ്ട ജീവന്‍റെ വചനമാണ്, പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സഭയില്‍, ദൈവവചനം, ജീവന്‍റെ പകരം വയ്ക്കാനാവത്ത കുത്തിവയ്പ്പാണെന്ന് മാര്‍പ്പാപ്പാ.

1969 ഏപ്രില്‍ 16ന് വിശുദ്ധ പോള്‍ ആറാമന്‍ പാപ്പാ ഉദ്ഘാടനം ചെയ്ത സംഘടനയായ അന്താരാഷ്ട്ര ബൈബിള്‍ സംയുക്തസമിതിയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് റോമില്‍ ഈ മാസം 23-26 വരെ (23-26/04/2019) സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തില്‍ സംബന്ധിച്ച മുന്നൂറോളം പേരടങ്ങിയ ഒരു സംഘത്തെ വെള്ളിയാഴ്ച (26/04/2019) ഉച്ചയ്ക്ക് വത്തിക്കാനില്‍ പൊതുവായി സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഈ സമ്മേളനം ബൈബിളും ജീവിതവും വിചിന്തന പ്രമേയമായി സ്വീകരിച്ചിരുന്നത് അനുസ്മരിച്ച പാപ്പാ ബൈബിള്‍ എന്നത് പഠനോന്മുഖമായി തയ്യാറാക്കപ്പെട്ട വിശുദ്ധ ഗ്രന്ഥങ്ങളുടെ ഒരു സമാഹാരമല്ല, പ്രത്യുത, വിതയ്ക്കപ്പെടേണ്ട ജീവന്‍റെ വചനം ആണെന്ന് ഉദ്ബോധിപ്പിച്ചു.

തന്‍റെ നാമത്തില്‍ ജീവന്‍ ഉണ്ടാകേണ്ടതിന്, ഉത്ഥിതന്‍, സ്വീകരിക്കാനും പങ്കുവയ്ക്കാനും ആവശ്യപ്പെടുന്ന ഒരു സമ്മാനമാണ് ഈ ജീവന്‍റെ വചനമെന്നും ഈ വചനം ലോകത്തിലേക്ക് ദൈവത്തിന്‍റെ നിശ്വാസം എത്തിക്കുകയും ഹൃദയത്തിന് കര്‍ത്താവിന്‍റെ  ഊഷ്മളത പകരുകയും ചെയ്യുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

ഈ വചനത്തെ അധികരിച്ചു നിരവധി  പുസ്തകങ്ങള്‍ രചിക്കപ്പെടുന്നതിനെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ, അവ അദ്ധ്വാനിച്ച് ശേഖരിച്ചുകൂട്ടിയതും ചൂടുലഭിക്കുന്നതിനായി കത്തിക്കാനുള്ളതുമായ വിറകിന് സമാനമാണെന്നും ആ വിറകിന് തനിച്ച് ചൂടു നല്കാന്‍ കഴിയാത്തതു പോലെ തന്നെയാണ് അവയെന്നും വിശദീകരിച്ചു.

ചൂടു ലഭിക്കുന്നതിന്, വേദപുസ്തകം ഹൃദയത്തില്‍ ജ്വലിക്കുകയും ജീവനായിത്തീരുകയും ചെയ്യേണ്ടതിന് ഇവിടെ അഗ്നി, പരിശുദ്ധാരൂപി ആവശ്യമാണെന്നും അങ്ങനെ നല്ല വിറക് ഈ അഗ്നിയുടെ തീവ്രത കൂട്ടുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ദൈവവചനം ഓരോ വിശ്വാസിക്കും ജീവന്‍ പ്രദാനം ചെയ്യുകയും കര്‍ത്താവിനെ പ്രഘോഷിക്കുന്നതിനു വേണ്ടി സ്വയം ത്യജിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 April 2019, 12:40