ഫ്രാന്‍സീസ് പാപ്പാ, ജര്‍മ്മനിയില്‍ നിന്നുള്ള കത്തോലിക്ക-ഇവഞ്ചേലിക്കല്‍ മാദ്ധ്യമപ്രവര്‍ത്തകരെയും ദേശീയകത്തോലിക്കാമെത്രാന്‍സംഘത്തിന്‍റെ പ്രതിനിധികളെയും വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍-04/04/2019 ഫ്രാന്‍സീസ് പാപ്പാ, ജര്‍മ്മനിയില്‍ നിന്നുള്ള കത്തോലിക്ക-ഇവഞ്ചേലിക്കല്‍ മാദ്ധ്യമപ്രവര്‍ത്തകരെയും ദേശീയകത്തോലിക്കാമെത്രാന്‍സംഘത്തിന്‍റെ പ്രതിനിധികളെയും വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍-04/04/2019 

വ്യാജവാര്‍ത്തകള്‍ക്കുമേല്‍ യാഥാര്‍ത്ഥ്യം പ്രബലപ്പെടണം-പാപ്പാ

കൂടിക്കാഴ്ചകള്‍ സ്വതന്ത്രവും തുറവുള്ളതുമായ വിനിമയത്തിനും അഭിപ്രായകൈമാറ്റത്തിനും വിശകലനത്തിനും ഇടം സൃഷ്ടിക്കും-ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സംഭാഷണം പരസ്പര ധാരണയുളവാക്കുകയും ജീവിത ചക്രവാളങ്ങള്‍ തുറന്നിടുകയും ചെയ്യുമെന്ന് മാര്‍പ്പാപ്പാ.

ജര്‍മ്മനിയിലെ കത്തോലിക്കരും ഇവഞ്ചേലിക്കല്‍ സഭാംഗങ്ങളുമടങ്ങിയ റേഡിയോടെലവിഷന്‍ മാദ്ധ്യമപ്രവര്‍ത്തകരും അന്നാട്ടിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ   പ്രതിനിധികളുമുള്‍പ്പെട്ട മുപ്പതോളം പേരടങ്ങിയ സംഘത്തെ വ്യാഴാഴ്ച (04/04/2019) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഇവരുടെ സമാഗമം ജര്‍മ്മനിയിലെ സഭകളും ദേശീയ റേഡിയോടെലവിഷന്‍ മാദ്ധ്യമങ്ങളും തമ്മിലുള്ള ഓജസുറ്റ സംവാദത്തിന്‍റെ ആവിഷ്ക്കാരമാണെന്ന് പാപ്പാ വിശേഷിപ്പിച്ചു.

വ്യാജവാര്‍ത്തകള്‍ക്കുമേല്‍ യാഥാര്‍ത്ഥ്യവും, കിംവദന്തികള്‍ക്കുമേല്‍ വസ്തുനിഷ്ഠതയും ഏകദേശം എന്നതിനു പകരം കൃത്യതയും പ്രബലപ്പെടുന്നതിനുവേണ്ടിയുള്ള ഇവരുടെ പരിശ്രമങ്ങള്‍ക്ക് പാപ്പാ പ്രചോദനം പകര്‍ന്നു.

കൂടിക്കാഴ്ചകള്‍ സ്വതന്ത്രവും തുറവുള്ളതുമായ വിനിമയത്തിനും അഭിപ്രായകൈമാറ്റത്തിനും വിശകലനത്തിനും ഇടം സൃഷ്ടിക്കുമെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ ഇതിന്‍റെ ഗുണഭോക്താക്കള്‍ അന്നാട്ടിലെ ജനങ്ങളായിരിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു. 

ജീവനുള്ള അവകാശത്തോടുള്ള എതിര്‍പ്പ്, ദയാവധത്തിന്‍റെ വര്‍ദ്ധനവ് സാമൂഹ്യസമത്വ നിഷേധം, ഉദ്ഗ്രഥനത്തിന്‍റെ അഭാവം, മാനവാന്തസ്സിന്‍റെയും മനസ്സാക്ഷിസ്വാതന്ത്ര്യത്തിന്‍റെയും ലംഘനം തുടങ്ങിയ ആശങ്കാജനകങ്ങളായ പരണാമം ഏതാനും നാളുകളായി ലോകത്തില്‍ നടക്കുന്നതിന് നാം സാക്ഷികളാണെന്ന വസ്തുത അനുസ്മരിച്ച പാപ്പാ, ഈ പശ്ചാത്തലത്തില്‍, മാനവ സ്വാതന്ത്ര്യമെന്ന അനര്‍ഘ നന്മയെ സംബന്ധിച്ച നിര്‍ണ്ണായക നിലപാടു സ്വീകരിക്കുകയെന്ന ഉത്തരവാദിത്വം പൊതുമാദ്ധ്യമങ്ങളില്‍ നിക്ഷിപ്തമാണെന്ന് ഒര്‍മ്മിപ്പിച്ചു.

ക്രിസ്തുവിന്‍റെ ദൗത്യം ഭരമേല്പിക്കപ്പെട്ടിട്ടുള്ള സഭകള്‍ ഈ കടമ നിര്‍വ്വഹണത്തിന് പിന്തുണയേകുമെന്ന ഉറപ്പ് പാപ്പാ നല്കുകയും ചെയ്തു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 April 2019, 08:05