തിരയുക

Vatican News
അഗ്നിബാധയ്ക്കിരയായ "നോതൃ ദാം" കത്തീദ്രല്‍ അഗ്നിബാധയ്ക്കിരയായ "നോതൃ ദാം" കത്തീദ്രല്‍  (AFP or licensors)

"നോതൃദാം കത്തീദ്രല്‍"-പാപ്പായുടെ പ്രാര്‍ത്ഥനയും നന്ദിയും!

ദേവാലയത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് പരിശുദ്ധ കന്യകാമറിയത്തിന്‍റെ അനുഗ്രഹവും തുണയും ഉണ്ടാകട്ടെ, ദൈവത്തിന്‍റെ സ്തുതിക്കും മഹത്വത്തിനുമായുള്ള സംഘാതമായ ഒരു യത്നമായി ഭവിക്കട്ടെ ഈ പുനര്‍നിര്‍മ്മിതി- പാപ്പായുടെ ആശംസ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സിന്‍റെ തലസ്ഥാന നഗരിയായ പാരീസില്‍ 800 ലേറെ വര്‍ഷം പഴക്കമുള്ള പരിശുദ്ധ മറിയത്തിന്‍റെ നാമത്തിലുള്ള  “നോതൃദാം” കത്തീദ്രല്‍ ദേവാലയം ഭാഗികമായി കത്തിനശിച്ച ദുരന്തസംഭവത്തില്‍ മാര്‍പ്പാപ്പാ ഒരിക്കല്‍കൂടി ഖേദം പ്രകടിപ്പിച്ചു.

വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയ‌ു‌ടെ ചത്വരത്തില്‍ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിയ മുഖ്യപ്രഭാഷണാനന്തരം വിവിധഭാഷാക്കാരെ അഭിവാദ്യം ചെയ്ത വേളയില്‍ ഫ്രാന്‍സീസ് പാപ്പാ, ഫ്രാന്‍സുകാരായ തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും സംബോധന ചെയ്യുകയായിരുന്നു.

ഈ അഗ്നിബാധ തന്നെ ഏറെ ദു:ഖത്തിലാഴ്ത്തിയെന്ന് പാപ്പാ പറഞ്ഞു. 

കത്തീദ്രല്‍ ദേവാലയത്തെ സംരക്ഷിക്കുന്നതിനുവേണ്ടി സ്വജീവന്‍ അപകടപ്പെടുത്തിപ്പോലും സാഹസികമായി യത്നിച്ച അഗ്നിശമനസേനാംഗങ്ങളുള്‍പ്പടെയുള്ളവരോട് ആഗോളസഭയ്ക്കുള്ള നന്ദിയും പാപ്പാ പ്രകടിപ്പിച്ചു. 

ഈ ദേവാലയത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് പരിശുദ്ധ കന്യകാമറിയത്തിന്‍റെ  അനുഗ്രഹവും തുണയും ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിച്ച പാപ്പാ ദൈവത്തിന്‍റെ  സ്തുതിക്കും മഹത്വത്തിനുമായുള്ള സംഘാതമായ ഒരു യത്നമായി ഭവിക്കട്ടെ ഈ പുനര്‍നിര്‍മ്മാണ സംരംഭമെന്ന് ആശംസിക്കുകയും ചെയ്തു.

അറ്റകുറ്റപ്പണികള്‍ നടന്നുവരികയായിരുന്ന “നോതൃ ദാം” കത്തീദ്രല്‍ ദേവാലയത്തിന് തിങ്കളാഴ്ച (15/04/19) വൈകുന്നേരമാണ്  തീപിടിച്ച് ഭാഗിഗമായി കേടുപാടുകള്‍ സംഭവിച്ചത്.

ഈ കത്തീദ്രലിന്‍റെ പുനര്‍നിര്‍മ്മാണത്തിന് വന്‍ കമ്പനികളും വ്യവസായപ്രമുഖരും മറ്റും സംഭാവനകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ സംഭാവന നൂറുകോടിയോളം യുറോ, എാതാണ്ട് 800 കോടി രൂപ കവിഞ്ഞിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

പുനര്‍നിര്‍മ്മാണം 5 വര്‍ഷത്തിനുള്ളില്‍, അതായത്, 2024 ലെ പാരീസ് ഒളിമ്പിക്ക് മാമങ്കത്തിനു മുമ്പ്, പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ഫ്രാന്‍സിന്‍റെ പ്രസിഡന്‍റ് ഇമ്മാനവേല്‍ മക്രോണ്‍ കരുതുന്നത്.

 

18 April 2019, 08:29