തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ, മനുഷ്യക്കടത്തിനെതിരായ സമ്മേളനത്തില്‍ പങ്കെടുത്തവരുമൊത്ത്, വത്തിക്കാനില്‍ 11/04/2019 ഫ്രാന്‍സീസ് പാപ്പാ, മനുഷ്യക്കടത്തിനെതിരായ സമ്മേളനത്തില്‍ പങ്കെടുത്തവരുമൊത്ത്, വത്തിക്കാനില്‍ 11/04/2019  (Vatican Media)

മനുഷ്യക്കടത്ത്, മാനവസ്വാതന്ത്ര്യത്തിന്‍റെ ലംഘനം, പാപ്പാ

മനുഷ്യക്കടത്തെന്ന കുറ്റകൃത്യത്തിന്‍റെ കറപുരണ്ടവന്‍ മറ്റുള്ളവര്‍ക്കു മാത്രമല്ല അവനവനും ഹാനിവരുത്തുന്നുവെന്ന് പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മനുഷ്യക്കടത്ത്, അതിനിരകളാക്കപ്പെടുന്നവരുടെ സ്വാതന്ത്ര്യത്തെയും ഔന്നത്യത്തെയും മുറിപ്പെടുത്തിക്കൊണ്ട് അവരുടെ മാനവികതയെ വികലമാക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

ഈ മാസം 8-11 വരെ (08-11/04/2019) റോമില്‍, മനുഷ്യക്കടത്തിനെ അധികരിച്ചു സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്രസമ്മേളനത്തില്‍ പങ്കെടുത്തവരെ വ്യാഴാഴ്ച (11/04/2019) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

വത്തിക്കാനിലെ വിവിധ വിഭാഗങ്ങളില്‍ ഒന്നായ, സമഗ്രമാനവ പുരോഗതിക്കായുള്ള വിഭാഗത്തിന്‍റെ കീഴില്‍ കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും  വേണ്ടി പ്രവര്‍ത്തിക്കുന്ന ഘടകത്തിന്‍റെ ആഭിമുഖ്യത്തിലാണ് ഈ സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്.

എക്കാലത്തെയും സകല സ്ത്രീപുരുഷന്മാര്‍ക്കും ജീവന്‍ സമൃദ്ധമായി നല്കാന്‍ വന്ന യേശുവിന്‍റെ ആ ദൗത്യം നിര്‍വ്വഹിക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്ന അവസ്ഥകള്‍ ദൗര്‍ഭാഗ്യവശാല്‍ ഇന്ന് ലോകത്തില്‍ ദൃശ്യമാണെന്ന് പാപ്പാ പറഞ്ഞു.

മനുഷ്യക്കടത്തിന്‍റെ കര്‍ത്താക്കള്‍ക്കും ആ പ്രവൃത്തിയാല്‍ത്തന്നെ “ജീവന്‍റെ സമൃദ്ധി” നിഷേധിക്കപ്പെടുകയും അങ്ങനെ അവരുടെ മാനവികത നഷ്ടപ്പെടുകയും ചെയ്യുന്നുവെന്ന് പാപ്പാ വിശദീകരിച്ചു.

ഈ കുറ്റകൃത്യത്തിന്‍റെ കറപുരണ്ടവന്‍ മറ്റുള്ളവര്‍ക്കു മാത്രമല്ല അവനവനും ഹാനിവരുത്തുന്നുവെന്ന് പാപ്പാ പറഞ്ഞു.

മനുഷ്യക്കടത്ത് അതിനിരകളാകുന്നവരുടെ സ്വാതന്ത്ര്യത്തിന്‍റെയും അന്തസ്സിന്‍റെയും അന്യായമായ ലംഘനമാണെന്ന വസ്തുതയും പാപ്പാ അനുസ്മരിച്ചു.

മനുഷ്യക്കടത്തിനെതിരായ ഉചിതവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കേണ്ടതിന് രാഷ്ട്രീയസാമൂഹ്യ പ്രവര്‍ത്തകരുടെ സഹായം പ്രയോജനപ്പെടുത്താന്‍ സഭ അറിഞ്ഞിരിക്കേണ്ടതിന്‍റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.  

 

11 April 2019, 13:46