Vatican News
ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ 10/04/2019 ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ 10/04/2019 

"ചാന്ദ്ര രഹസ്യം"- മിസ്തേരിയും ലൂണെ !

നാം സ്നേഹിക്കുന്നത്, സര്‍വ്വോപരി, നാം സ്നേഹിക്കപ്പെട്ടതിനാലാണ്, നാം പൊറുക്കുന്നത് നമുക്ക് മാപ്പു ലഭിച്ചതിനാലാണ്- ഇതാണ് "ചാന്ദ്ര രഹസ്യം", പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍ കര്‍ത്തൃപ്രാര്‍ത്ഥനയെ അധികരിച്ചു നടത്തിയ വിചിന്തനം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വസന്തകാലമെങ്കിലും മഴയില്‍ കുതിര്‍ന്ന  ഒരു ദിനമായിരുന്നു ഈ ബുധനാഴ്ച (10/04/2019). എന്നിരുന്നാലും ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ വിവിധരാജ്യക്കാരായിരുന്ന നിരവധിയാളുകള്‍ പങ്കുകൊണ്ടു. കുടകള്‍ ചൂടിയായിരുന്നു അവര്‍ കൂടിക്കാഴ്ചാവേദിയില്‍ നിന്നിരുന്നത്. പ്രതികൂലകാലാവസ്ഥയായിരുന്നതിനാല്‍ പതിവില്‍ കുറവായിരുന്നു ജനങ്ങളെങ്കിലും വേദി വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അതിവിശാലമായ ചത്വരം തന്നെയായിരുന്നു. തന്നെ ഏവര്‍ക്കും   കാണത്തക്കരീതിയില്‍ സജ്ജീകരിച്ചിട്ടുള്ള വെളുത്ത തുറന്ന വാഹനത്തില്‍ പാപ്പാ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ പ്രവേശിച്ചപ്പോള്‍  ജനസഞ്ചയത്തിന്‍റെ ആനന്ദാരവങ്ങളും കരഘോഷവും അവിടെ അലതല്ലി. ചത്വരത്തില്‍ എത്തിയ പാപ്പാ ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ജനങ്ങള്‍ക്കിടയിലൂടെ, വാഹനത്തില്‍ സാവധാനം നീങ്ങി. പ്രസംഗവേദിക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പാ നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 09.30 കഴിഞ്ഞപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1 മണിക്കു ശേഷം, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

സുവിശേഷം:

“8 നമുക്കു പാപമില്ലെന്നു നാം പറഞ്ഞാല്‍ അത് ആത്മവഞ്ചനയാകും; അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നു വരും.9 എന്നാല്‍, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍ അവന്‍ വിശ്വസ്തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും”. (യോഹന്നാന്‍ ഒന്നാം ലേഖനം 1: 8-9)

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങളെ സംബോധനചെയ്ത പാപ്പാ, “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാര്‍ത്ഥനയെ അധികരിച്ചു ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പര പുനരാരംഭിച്ചു. “ഞങ്ങളുടെ കടങ്ങള്‍ പൊറുക്കണമേ” എന്ന യാചനയായിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം . 

പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ മുഖ്യ പ്രഭാഷണത്തിന്‍റെ സംഗ്രഹം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം, അത്ര നല്ല ദിവസമല്ല എന്നിരുന്നാലും സുദിനം നേരുന്നു.

അന്നന്നുവേണ്ടുന്ന ആഹാരത്തിനായുളള യാചനാനന്തരം “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാര്‍ത്ഥന നമുക്ക് മറ്റുള്ളവരുമായുള്ള ബന്ധങ്ങളുടെ മണ്ഡലത്തിലേക്കു കടക്കുന്നു. “ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ പൊറുത്തതുപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും പൊറുക്കണമേ” എന്ന് പിതാവിനോട് അപേക്ഷിക്കാന്‍ യേശു നമ്മെ പഠിപ്പിക്കുന്നു. ആഹാരം എന്നതു പോലെതന്നെ പൊറുക്കലും നമുക്കാവശ്യമായിരിക്കുന്നു. അനുദിനം നമുക്കിതാവശ്യമാണ്.

തന്‍റെ കടങ്ങള്‍, അതായത്, തന്‍റെ തെറ്റുകള്‍, താന്‍ ചെയ്യുന്ന ദുഷ്കൃത്യങ്ങള്‍, പൊറുക്കണമെന്നു ക്രൈസ്തവന്‍, സര്‍വ്വോപരി ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു. ഇതാണ് ഓരോ പ്രാര്‍ത്ഥനയിലും അടങ്ങിയിരിക്കുന്ന പ്രഥമ സത്യം: അതായത്, നാം കുറ്റമറ്റ മനുഷ്യരാണ് എന്നിരിക്കട്ടെ, നാം നന്മനിറഞ്ഞ ഒരു ജീവിതത്തില്‍ നിന്നു ഒരിക്കലും വ്യതിചലിക്കാത്ത പളുങ്കു സമാന വിശുദ്ധരാണെന്നിരിക്കട്ട, നാം എന്നും സ്വര്‍ഗ്ഗീയ പിതാവിനോടു കടപ്പെട്ടിരിക്കുന്ന മക്കളാണ്. ക്രൈസ്തവജീവിതത്തിന്‍റെ ഏറ്റം അപകടകരമായ മനോഭാവം എന്താണ്? അതു നിങ്ങള്‍ക്കറിയാമോ? അത് അഹംഭാവം ആണ്. തനിക്ക് ദൈവമുമായുള്ള എല്ലാക്കാര്യങ്ങളും ഭദ്രമാണെന്നു കരുതി അവിടത്തെ മുന്നില്‍ നില്ക്കുന്നവന്‍റെ ഭാവമാണത്. സുവിശേഷത്തിലെ ഉപമയില്‍ കാണുന്നതു പോലെ, ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കയാണെന്ന് കരുതുകയും എന്നാല്‍ ദൈവത്തിന്‍റ മുന്നില്‍ ആത്മപ്രശംസ നടത്തുകയും ചെയ്യുന്ന ഫരിസേയനു സമാനനാണവന്‍. എന്നാല്‍ ഈ ഫരിസേയനു വിപരീതമായി, എല്ലാവരാലും നിന്ദിതനായ ചുങ്കക്കാരനാകട്ടെ ദേവാലയത്തിലേക്കു പ്രവേശിക്കാന്‍ അയോഗ്യനെന്നു കരുതി ദേവാലയവാതില്‍ക്കല്‍ നില്ക്കുകയും ദൈവികകാരുണ്യത്തിന് സ്വയം സമര്‍പ്പിക്കുകയും ചെയ്യുന്നു. ഇവന്‍ ആ ഫരിസേയനെക്കാള്‍ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങിയെന്ന് യേശു പറയുന്നു. കാരണം അവന് അഹംഭാവം ഇല്ലായിരുന്നു, സ്വന്തം കുറവുകളും പാപങ്ങളും അവന്‍ തിരിച്ചറിഞ്ഞു.

ദൃശ്യവും അദൃശ്യവുമായ പാപങ്ങള്‍ ഉണ്ട്. കോലാഹലങ്ങള്‍ ഉണ്ടാക്കുന്ന പാപങ്ങളുണ്ട്, അതുപോലെ തന്നെ, നാം അറിയുക പോലും ചെയ്യാതെ നമ്മുടെ ഹൃദയത്തില്‍ കൂടുകൂട്ടുന്ന കുടിലപാപങ്ങളുമുണ്ട്. ഇവയില്‍ ഏറ്റം അപകടകരമാണ് അഹങ്കാരം. തീക്ഷ്ണമായ സമര്‍പ്പിതജീവിതം നയിക്കുന്നവരെയും ബാധിക്കാന്‍ സാധ്യതയുള്ളതാണിത്. പാപം സഹോദര്യഭാവത്തെ പിളര്‍ക്കുന്നു, അപരനെക്കാള്‍ മെച്ചപ്പെട്ടവനാണ് താനെന്നു ചിന്തിക്കാന്‍ ഒരുവനെ പ്രേരിപ്പിക്കുന്നു. നാം ദൈവത്തെപ്പോലെയാണെന്ന് പാപം നമ്മെ ചിന്തിപ്പിക്കുന്നു.

എന്നാല്‍ ദൈവത്തിനുമുന്നില്‍ നാമെല്ലാം പാപികളാണ്, ദേവാലയത്തില്‍ മാറിനിന്നുകൊണ്ട് മാറത്തടിച്ചു പ്രാര്‍ത്ഥിച്ച ചുങ്കക്കാരനെപ്പോലെ മാറത്തടിക്കേണ്ടവരാണ് നാം. നമുക്കു പാപമില്ലെന്നു നാം പറഞ്ഞാല്‍ അത് ആത്മവഞ്ചനയാകും (1യോഹന്നാന്‍ 1,8)

നാം, സര്‍വ്വോപരി, കടക്കാരാണ്, എന്തെന്നാല്‍ ഈ ജീവിതത്തില്‍ നമുക്ക് ഏറെ ലഭിച്ചിരിക്കുന്നു: അതായത്, നമുക്ക് അസ്തിത്വം ലഭിച്ചു, മാതാപിതാക്കളെ ലഭിച്ചു, സൗഹൃദം കിട്ടി, സൃഷ്ടിയുടെ വിസ്മയങ്ങള്‍ ലഭിച്ചു... 

വീണ്ടും നാം കടക്കാരാണ്, കാരണം, സ്നേഹിക്കാന്‍ നമുക്കു സാധിക്കുമെങ്കിലും സ്വയം അതു ചെയ്യാനുള്ള കരുത്തില്ല. ആത്മാര്‍ത്ഥമായി സ്നേഹിക്കാന്‍ നമുക്കു സാധിക്കും  പക്ഷെ അതിന് ദൈവത്തിന്‍റെ അനുഗ്രഹം കൂടിയേതീരൂ. സ്നേഹത്തിന്‍റെ  ഈ അവസ്ഥയെ പൂര്‍വ്വികരായ ദൈവശാസ്ത്രജ്ഞന്മാര്‍ വിശേഷിപ്പിക്കുന്നത് “ചാന്ദ്ര രഹസ്യം” അഥവാ “മിസ്തേരിയും ലൂണെ” (MYSTERIUM LUNAE) എന്നാണ്. അതായത്, നിലാവ് സ്വയം പ്രകാശിക്കുന്നില്ല, മറിച്ച് സൂര്യന്‍റെ വെളിച്ചത്തെ പ്രതിഫലിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അതുപോലെ നമ്മളും സ്വയം പ്രകാശിക്കുന്നില്ല, നമുക്കള്ള വളിച്ചം ദൈവകൃപയുടെ, ദൈവത്തിന്‍റെ പ്രകാശത്തിന്‍റെ പ്രതിഫലനമാണ്.

ഇതാണ് ചാന്ദ്ര രഹസ്യം: നാം സ്നേഹിക്കുന്നത്, സര്‍വ്വോപരി, നാം സ്നേഹിക്കപ്പെട്ടതിനാലാണ്, നാം പൊറുക്കുന്നത് നമുക്ക് മാപ്പു ലഭിച്ചതിനാലാണ്.

ആകയാല്‍ നമുക്ക് കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കാം. നമ്മുടെ മദ്ധ്യേ ഏറ്റം വിശുദ്ധിയുള്ളവനും കടക്കാരന്‍ തന്നെയാണ്. പിതാവേ, ഞങ്ങളില്‍ കനിയണമേ! നന്ദി. 

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. 

യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ, നോമ്പുകാലം സമാപിക്കാന്‍ പോകുകയാണെന്നും കര്‍ത്താവിന്‍റെ പെസഹായുടെ വെളിച്ചം ആസന്നമായിരിക്കുന്നുവെന്നും ഓര്‍മ്മിപ്പിച്ചു. ക്രിസ്തുവിന്‍റെ ചേതോവികാരങ്ങള്‍ നമ്മുടേതാക്കിത്തീര്‍ക്കാനും അവിടത്തെ പീഢാസഹനത്തിന്‍റെയും മഹത്വീകരണത്തിന്‍റെയും  ദിനങ്ങള്‍ പൂര്‍ണ്ണതയില്‍ ജീവിക്കാനും നമുക്ക് ഒരുങ്ങാമെന്നും പാപ്പാ പറഞ്ഞു.

പൊതുദര്‍ശന പരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 

10 April 2019, 12:41