Vatican News
ബുധനാഴ്ചത്തെ (17/04/2019) പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍  ഫ്രാന്‍സീസ് പാപ്പാ , കാലാവസ്ഥമാറ്റത്തിനെതിരെ വിദ്യാര്‍ത്ഥകളി‍ അവബോധം സൃഷ്ടിക്കാന്‍ പ്രവര്‍ത്തിക്കുന്ന സ്വീഡന്‍ സ്വദേശിനിയും 16 വയസ്സുകാരിയുമായ ഗ്രേത്ത എമ്മാന്‍ തന്‍ബെര്‍ഗു (Greta Ernman Thunberg) മായി സംവദിക്കുന്നു ബുധനാഴ്ചത്തെ (17/04/2019) പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ ഫ്രാന്‍സീസ് പാപ്പാ , കാലാവസ്ഥമാറ്റത്തിനെതിരെ വിദ്യാര്‍ത്ഥകളി‍ അവബോധം സൃഷ്ടിക്കാന്‍ പ്രവര്‍ത്തിക്കുന്ന സ്വീഡന്‍ സ്വദേശിനിയും 16 വയസ്സുകാരിയുമായ ഗ്രേത്ത എമ്മാന്‍ തന്‍ബെര്‍ഗു (Greta Ernman Thunberg) മായി സംവദിക്കുന്നു  (ANSA)

യേശുവിന്‍റെ പിഢാനുഭവ പ്രാര്‍ത്ഥനകള്‍!

വേദനയുടെ നെറുകയില്‍ സ്നേഹം പരമകാഷഠ പ്രാപിക്കുന്നു. ഒരിക്കല്‍ കൂടി തിന്മയുടെ വലയത്തെ ഭേദിക്കുന്ന “പൊറുക്കല്‍” കടന്നുവരുന്നു, ഫ്രാന്‍സീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വസന്തകാലാര്‍ക്കാംശുക്കളാല്‍ കുളിച്ചു നിന്ന വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണമായിരുന്നു ഈ ബുധനാഴ്ചയും (17/04/2019) ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാവേദി. വിവിധരാജ്യക്കാരായിരുന്ന നിരവധിയാളുകള്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. കാലാവസ്ഥ മാറ്റത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ “കാലാവസ്ഥയ്ക്കായുള്ള വിദ്യാലയ സമരം” (School strike for climate) എന്ന ഒരു പ്രസ്ഥാനത്തിനു തുടക്കം കുറിച്ചുകൊണ്ട് ലോകശ്രദ്ധ പിടിച്ചു പറ്റിയ സ്വീഡന്‍ സ്വദേശിനിയും 16 വയസ്സുകാരിയുമായ ഗ്രേത്ത എമ്മാന്‍ തന്‍ബെര്‍ഗും (Greta Ernman Thunberg) ഈ പൊതുദര്‍ശന പരിപാടിയില്‍ പങ്കെടുക്കുകയും പാപ്പായുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. നാറ്റൊ ഡിഫന്‍സ് കോളേജില്‍ നിന്നുള്ള ഒരുസംഘവും കൂടിക്കാഴ്ചാപരിപാടിയില്‍ സംബന്ധിച്ചിരുന്നു. തന്നെ ഏവര്‍ക്കും   കാണത്തക്കരീതിയില്‍ സജ്ജീകരിച്ചിട്ടുള്ള വെളുത്ത തുറന്ന വാഹനത്തില്‍ പാപ്പാ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ പ്രവേശിച്ചപ്പോള്‍  ജനസഞ്ചയത്തിന്‍റെ ആനന്ദാരവങ്ങളും കരഘോഷവും അവിടെ അലതല്ലി. ചത്വരത്തില്‍ എത്തിയ പാപ്പാ ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ജനങ്ങള്‍ക്കിടയിലൂടെ, വാഹനത്തില്‍ സാവധാനം നീങ്ങി. ഏതാനും ബാലികാബലന്മാരെയും പാപ്പാ വാഹനത്തിലേറ്റി. അംഗരക്ഷകര്‍ ഇടയ്ക്കിടെ തന്‍റെ പക്കലേക്ക് എടുത്തുകൊണ്ടുവന്ന പിഞ്ചു കുഞ്ഞുങ്ങളെ പാപ്പാ വാഹനം നിറുത്തി തൊട്ടുതലോടുകയും ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദിക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പാ നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 09.30 കഴിഞ്ഞപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1 മണിക്കു ശേഷം, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയം ചെയ്തു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

സുവിശേഷം:

“32 അവര്‍ ഗത്സെമിനി എന്നു വിളിക്കപ്പെടുന്ന സ്ഥലത്തെത്തി. അവന്‍ ശിഷ്യന്മാരോടു പറഞ്ഞു: ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങള്‍ ഇവിടെ ഇരിക്കുവിന്‍. 33 അവന്‍ പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂടെക്കൊണ്ടുപോയി, പര്യാകുലനാകാനും അസ്വസ്ഥനാകാനും തുടങ്ങി. അവന്‍ അവരോടു പറഞ്ഞു: എന്‍റെ  ആത്മാവ് മരണത്തോളം ദു:ഖിതമായിരിക്കുന്നു. നിങ്ങള്‍ ഇവിടെ ഉണര്‍ന്നിരിക്കുവിന്‍. 35 അവന്‍ അല്പദൂരം മുന്നോട്ടുചെന്ന് നിലത്തുവീണ്, സാധ്യമെങ്കില്‍ ആ മണിക്കൂര്‍ തന്നെ കടന്നുപോകട്ടെ എന്നു പ്രാര്‍ത്ഥിച്ചു.36 അവന്‍ പറഞ്ഞു: ആബ്ബാ, പിതാവേ,”. (മര്‍ക്കോസ് 14: 32-36a)

 

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങളെ സംബോധനചെയ്ത പാപ്പാ, “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാര്‍ത്ഥനയെ അധികരിച്ചു ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പരയ്ക്കു പകരം നാം പെസഹാത്രിദിനത്തിലേക്കു കടക്കാന്‍ പോകുന്ന പശ്ചാത്തലത്തില്‍ യേശുനാഥന്‍റെ   ഗത്സെമിനിയിലെ പ്രാര്‍ത്ഥനയേക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവച്ചു.

ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന  പാപ്പായുടെ പ്രഭാഷണത്തിന്‍റെ സംഗ്രഹം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

ഈ വാരങ്ങളിലെല്ലാം നാം “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാര്‍ത്ഥനയെക്കുറിച്ചു വിചിന്തനം ചെയ്തു വരികയാണ്. എന്നാല്‍ പെസഹാത്രിദിനത്തിന്‍റെ തലേദിവസമായ ഇന്ന് നമുക്ക് യേശു അവിടത്തെ പീഢാസഹനത്തിന്‍റെ വേളയില്‍ പിതാവിനോടു നടത്തിയ പ്രാര്‍ത്ഥനയിലെ ഏതാനും വാക്കുകളെക്കുറിച്ചു മനനം ചെയ്യാം.

ആദ്യ പ്രാര്‍ത്ഥന

അന്ത്യഅത്താഴാനന്തരമാണ് ആദ്യ പ്രാര്‍ത്ഥന. കര്‍ത്താവ് കണ്ണുകള്‍ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി പറഞ്ഞു: ”പിതാവേ സമയമായിരിക്കുന്നു: പുത്രന്‍ അവിടത്തെ മഹത്വപ്പെടുത്തേണ്ടതിന് പുത്രനെ അങ്ങ് മഹത്വപ്പെടുത്തേണമേ.... ലോകസൃഷ്ടിക്കുമുമ്പ് എനിക്ക് അവിടത്തോടുകൂടിയുണ്ടായിരുന്ന മഹത്വത്താല്‍ ഇപ്പോള്‍ അവിടത്തെ സന്നിധിയില്‍ എന്നെ മഹത്വപ്പെടുത്തേണമേ” (യോഹന്നാല്‍ 17:1.5). യേശു മഹത്വീകരണത്തിനായി പ്രാര്‍ത്ഥിക്കുകയാണ്. എന്നാല്‍ പീഢാസഹനത്തിന്‍റെ   വാതില്‍ക്കല്‍ എത്തിനിലക്കുന്ന ഒരു വേളയില്‍ ഇത് ഒരു വൈരുദ്ധ്യമായി തോന്നാം. ഇവിടെ വിവക്ഷ ഏതു മഹത്വമാണ്? വേദപുസ്തം പരമാര്‍ശിക്കുന്ന ദൈവമഹത്വം ദൈവത്തിന്‍റെ ആവിഷ്ക്കാരമാണ്. അത് മനുഷ്യര്‍ക്കിടയില്‍ അവിടത്തെ രക്ഷാകര സാന്നിധ്യത്തിന്‍റെ സവിശേഷ അടയാളമാണ്. ഇപ്പോള്‍ യേശുവാണ് ദൈവത്തിന്‍റെ  രക്ഷയെയും സാന്നിധ്യത്തെയും നിയതമാം വിധം വെളിപ്പെടുത്തുന്നത്. അത് അവിടന്ന് പെസഹായില്‍ പൂര്‍ത്തിയാക്കുന്നു. കുരിശില്‍ ഉയര്‍ത്തപ്പെടുകവഴി അവിടന്ന് മഹത്വീകൃതനാകുന്നു. അതിലാണ് ദൈവം അവസാനം അവിടത്തെ മഹത്വം വെളിപ്പെടുത്തുന്നത്. അവസാനത്തെ ആവരണവും അവിടന്നു നീക്കുകയും നമ്മെ പൂര്‍വ്വാധികം വിസ്മയത്തിലാഴ്ത്തുകയും ചെയ്യുന്നു. സമ്പൂര്‍ണ്ണ സ്നേഹമാണ് ദൈവത്തിന്‍റെ മഹത്വമെന്ന് നാം കണ്ടെത്തുന്നു. സകല അതിരുകളെയും അളവുകളെയും ഉല്ലംഘിച്ചു നില്ക്കുന്ന നിര്‍മ്മലവും ഭ്രാന്തവും അചിന്തനീയവുമായ സ്നേഹം.

ജീവനേകാന്‍ കഴിയുന്ന സ്നേഹം

പ്രിയ സഹോദരീസഹോദരന്മാരേ, യേശുവിന്‍റെ പ്രാര്‍ത്ഥന നമുക്കു സ്വന്തമാക്കാം. ഈ ദിനങ്ങളില്‍ കുരിശിനെ നോക്കിക്കൊണ്ട് നമുക്ക് സ്നേഹമാകുന്ന ദൈവത്തെ സ്വീകരിക്കാന്‍ കഴിയുന്നതിന് നമ്മുടെ നയനങ്ങളുടെ മൂടുപടം നീക്കാന്‍ പിതാവിനോടു പ്രാര്‍ത്ഥിക്കാം. അവിടത്തേക്കുവേണ്ടിയും, ഹദയംഗമമായും ചെയ്യുന്ന സ്നേഹത്താലുള്ള പ്രവൃത്തികളാല്‍ നമുക്ക് അവിടത്തെ മഹത്വപ്പെടുത്താം. യഥാര്‍ത്ഥ  മഹത്വം സ്നേഹത്തിന്‍റെ മഹത്വമാണ്, എന്തെന്നാല്‍ അതിനു മാത്രമാണ് ലോകത്തിനു ജീവനേകാന്‍ സാധിക്കുന്നത്.

ഗത്സെമന്‍ തോട്ടത്തില്‍

അന്ത്യഅത്താഴാനന്തരം യേശു ഗത്സെമന്‍ തോട്ടത്തില്‍ പ്രവേശിക്കുന്നു. അവിടെവച്ചും അവിടന്ന് പിതാവിനോടു പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ ശിഷ്യന്മാര്‍ക്ക് ഉണര്‍ന്നിരിക്കാന്‍ കഴിയുന്നില്ല. യൂദാസാകട്ടെ പടയാളികളോടൊപ്പം എത്തുന്നു. യേശു പര്യാകുലനാകാനും അസ്വസ്ഥനാകാനും തുടങ്ങി. താന്‍ വിധേയനാക്കപ്പെടാന്‍ പോകുന്ന വഞ്ചന, നിന്ദനം, സഹനം, പരാജയം എന്നിവയാല്‍ യേശുവിന് അസ്വസ്തത അനുഭവപ്പെടുന്നു. അവിടന്ന് ദു:ഖിതനായി. ആ ഒറ്റപ്പെടുത്തപ്പെടലിന്‍റെ അഗാധഗര്‍ത്തത്തില്‍ നിന്ന് അവിടന്ന് ഏറ്റം മധുരതരവും ആര്‍ദ്രവുമായ വാക്കിനാല്‍ പിതാവനെ വിളിക്കുന്നു- “ആബ്ബാ”. പരീക്ഷണ വേളയില്‍ യേശു നമ്മെ പഠിപ്പിക്കുന്നത് പിതാവിനെ ആശ്ലേഷിക്കാനാണ്. കാരണം  വേദനയനുഭവിക്കുമ്പോഴും മുന്നേറാനുള്ള ശക്തി പിതാവിനോടുള്ള പ്രാര്‍ത്ഥനയില്‍ ഉണ്ട്. എന്നാല്‍ നാം പലപ്പോഴും നമ്മുടെ ഗത്സെമെനിയില്‍, പിതാവേ എന്നു വിളിക്കാതെ, അവിടത്തേക്കു നമ്മെ സമര്‍പ്പിക്കാതെ, തനിച്ചായിരിക്കാന്‍ ശ്രമിക്കുന്നു. യേശുവിനെ പോലെ പിതാവിന്‍റെ ഹിതത്തിന് നമ്മെത്തന്നെ സമര്‍പ്പിക്കുന്നതാണ് നമുക്ക് യഥാര്‍ത്ഥ നന്മയായി ഭവിക്കുക. നാം നമ്മില്‍ത്തന്നെ അടച്ചിരിക്കുമ്പോള്‍ നാം ചെയ്യുന്നത് നമ്മുടെയുള്ളില്‍ ഏകദിശയിലുള്ള ഒരു തുരങ്കം സൃഷ്ടിക്കുകയാണ്.  ഏറ്റവും വലിയ പ്രശ്നം വേദനയല്ല, മറിച്ച് അതിനെ നാം എപ്രകാരം നേരിടുന്നു എന്നതാണ്. ഏകാന്തത പുറത്തേക്കുള്ള മാര്‍ഗ്ഗം കാണിക്കില്ല, എന്നാല്‍ പ്രാര്‍ത്ഥനയാകട്ടെ പരിഹാരം നല്കുന്നു, കാരണം അതില്‍ ഒരു ബന്ധം ഉണ്ട്, സമര്‍പ്പണം ഉണ്ട്.

ഇവരോടു പൊറുക്കേണമ

അവസാനമായി യേശു പിതാവിനോടു നമുക്കുവേണ്ടി മൂന്നാമത്തെ പ്രാര്‍ത്ഥന നടത്തുന്നു: “പിതാവേ അവരോട് ക്ഷമിക്കേണമെ, അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല. തന്നെ ദ്രോഹിച്ചവര്‍ക്കുവേണ്ടി തന്നെ വധിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുവേണ്ടി യേശു പ്രാര്‍ത്ഥിക്കുന്നു. യേശുവിനെ ക്രൂശിക്കുന്ന സമയത്താണ് ഈ പ്രാര്‍ത്ഥനയെന്ന് സുവിശേഷം വ്യക്തമാക്കുന്നുണ്ട്. കൈകാലുകളില്‍ ആണികള്‍ തുളച്ചു കയറുന്ന ഏറ്റം കഠിനവേദനയുടെ അവസരമായിരുന്നിരിക്കണം അത്. ഇവിടെ വേദനയുടെ നെറുകയില്‍ സ്നേഹം പരമകാഷഠ പ്രാപിക്കുന്നു. ഇവിടെ ഒരിക്കല്‍ കൂടി തിന്മയുടെ വലയത്തെ ഭേദിക്കുന്ന “പൊറുക്കല്‍” കടന്നുവരുന്നു.

ഈ ദിനങ്ങളില്‍ “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് നമുക്ക് ഈ അനുഗ്രഹങ്ങളില്‍ ഒന്ന് യാചിക്കാം: ദൈനംദിന ജീവിതം ദൈവമഹത്വത്തിനായി ജീവിക്കാന്‍, അതായത്, സ്നേഹത്തോടുകൂടി ജീവിക്കാനുള്ള അനുഗ്രഹം; പരീക്ഷണവേളകളില്‍ പിതാവിന് സമര്‍പ്പിച്ചുകൊണ്ട് അപ്പാ എന്നുവിളിക്കാനും  പിതാവുമായുള്ള കൂടിക്കാഴ്ചയില്‍ മാപ്പ് നേടാനും പൊറുക്കാനുമുള്ള ധൈര്യം ലഭിക്കാനുള്ള അനുഗ്രഹം. ഇവരണ്ടും ഒരുമിച്ചു പോകുന്നു. പിതാവ് നമ്മോടു പൊറുക്കുകയും പൊറുക്കാനുള്ള ധൈര്യം നമുക്കു പ്രദാനം ചെയ്യുകയും ചെയ്യുന്നു. നന്ദി.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

"നോതൃ ദാം" കത്തീദ്രല്‍ ദേവാലയം

ഫ്രാന്‍സില്‍ നിന്നെത്തിയിരുന്നവരെ സംബോധന ചെയ്യവേ പാപ്പാ പാരിസിലെ പരിശുദ്ധ മറിയത്തിന്‍റെ നാമത്തിലുള്ള “നോതൃ ദാം” കത്തീദ്രല്‍ ദേവാലയത്തിന് തിങ്കളാഴ്ച (15/04/19) തീപിടിച്ച് ഭാഗിഗമായി കേടുപാടുകള്‍ സംഭവിച്ചത് ഖേദപൂര്‍വ്വം അനുസ്മരിക്കുകയും ആ ജനതയോടുള്ള തന്‍റെ സാമീപ്യം അറിയിക്കുയും ചെയ്തു.

ഈ അഗ്നിബാധ തന്നെ ഏറെ ദു:ഖത്തിലാഴ്ത്തിയെന്ന് പാപ്പാ പറഞ്ഞു. കത്തീദ്രല്‍ ദേവാലയത്തെ സംരക്ഷിക്കുന്നതിനുവേണ്ടി സ്വജീവന്‍ അപകടപ്പെടുത്തിപ്പോലും സാഹസികമായി യത്നിച്ചവരോട് ആഗോളസഭയ്ക്കുള്ള നന്ദിയും പാപ്പാ പ്രകടിപ്പിച്ചു. ഈ ദേവാലയത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് പരിശുദ്ധ കന്യകാമറിയത്തിന്‍റെ  അനുഗ്രഹവും തുണയും ഉണ്ടാകട്ടെയെന്നും പ്രാര്‍ത്ഥിച്ച പാപ്പാ ദൈവത്തിന്‍റെ  സ്തുതിക്കും മഹത്വത്തിനുമുള്ള സംഘാതമായ ഒരു യത്നമായി ഭവിക്കട്ടെ സമുദ്ധാരണ സംരംഭമെന്ന് ആശംസിക്കുകയും ചെയ്തു.

യൂണിവ് 2019

പഞ്ചഭൂഖണ്ഡങ്ങളില്‍ നിന്നുള്ള സര്‍വ്വകലാശാലാവിദ്യര്‍ത്ഥികളുടെ റോമില്‍ സംഘടിപ്പിക്കപ്പെടുന്ന സമ്മേളനത്തിന് ഇക്കൊല്ലം- യുണിവ് 2019ന്- എത്തിച്ചേര്‍ന്നിട്ടുള്ളവരുടെ പ്രതിനിധികളും പൊതുകൂടിക്കാഴ്ചയ്ക്ക് എത്തിയിരുന്നതിനാല്‍ അവരെ പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പാ ക്ലിസ്തുവിന്‍റെ  മാതൃകയില്‍ സ്വയം മാറുക വഴി ലോകത്തെ പരിവര്‍ത്തനം ചെയ്യാന്‍ അവര്‍ക്ക്   കഴിയട്ടെ എന്ന് ആശംസിച്ചു.

യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ, ക്രിസ്തുവിന്‍റെ പീഢാസഹനമരണോത്ഥാനങ്ങളുടെ രഹസ്യങ്ങളില്‍ പൂര്‍ണ്ണമായി പങ്കുചേരാനുള്ള അനുഗ്രഹം കര്‍ത്താവ് അവര്‍ക്കേകുന്നതിനായി പ്രാര്‍ത്ഥിച്ചു.

പൊതുദര്‍ശന പരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

17 April 2019, 12:35