തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചയ്ക്കെത്തുന്നു-വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍,03/04/2019 ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചയ്ക്കെത്തുന്നു-വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍,03/04/2019  (ANSA)

നമ്മുടെ ഇടയില്‍ സാഹോദര്യം വാഴണമെന്നത് ദൈവഹിതം, പാപ്പാ

പാപ്പായുടെ പൊതുദര്‍ശന പരിപാടി- മറോക്കൊ സന്ദര്‍ശനത്തിന്‍റെ പുനരവലോകനം.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വസന്തകാലമെങ്കിലും മൂടല്‍ അനുഭവപ്പെട്ട ഒരു ദിനമായിരുന്നു ഈ ബുധനാഴ്ച (03/04/2019). ഈ ദിനത്തില്‍ ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചയില്‍ മലയാളികളും ചൈനാക്കാരുമുള്‍പ്പെടെ വിവിധരാജ്യക്കാരായിരുന്ന പതിമൂവായിരത്തോളം പേര്‍ പങ്കുകൊണ്ടു.  കൂടിക്കാഴ്ചാവേദി വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അതിവിശാലമായ ചത്വരമായിരുന്നു. പ്രതിവാരപൊതുദര്‍ശനം അനുവദിക്കുന്നതിനു മുമ്പ് പാപ്പാ, മറവിരോഗമായ അല്‍ഷൈമര്‍ ബാധിച്ചി‌ട്ടുള്ളവര്‍ക്ക് പരിചരണം നല്കുന്ന, ബല്‍ജിയത്തിലെ ബൊണ്‍ഹൈഡന്‍ എന്ന സ്ഥലത്തെ ഒരു കേന്ദ്രത്തില്‍ ഈ രോഗികള്‍ക്ക് സാന്ത്വനം പകരുന്ന “ആര്‍ക്കൊബലേനൊ” അഥവാ, “മഴവില്‍” എന്ന നാമത്തിലുള്ള സംഗീതസംഘത്തിലെ അംഗളുമായി കൂടിക്കാഴ്ച നടത്തി. തദ്ദനന്തരം പാപ്പാ,  തന്നെ ഏവര്‍ക്കും  കാണത്തക്കരീതിയില്‍ സജ്ജീകരിച്ചിട്ടുള്ള വെളുത്ത തുറന്ന വാഹനത്തില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തിലേക്കു വന്നു. അപ്പോള്‍ ജനസഞ്ചയം പാപ്പായെ ആനന്ദാരവങ്ങളോടും കരഘോഷമോടും കൂടെ വരവേറ്റു. ചത്വരത്തില്‍ എത്തിയ പാപ്പാ ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ജനങ്ങള്‍ക്കിടയിലൂടെ, വാഹനത്തില്‍ സാവധാനം നീങ്ങി. അംഗരക്ഷകര്‍ ഇടയ്ക്കിടെ തന്‍റെ പക്കലേക്ക് എടുത്തുകൊണ്ടുവന്ന പിഞ്ചു കുഞ്ഞുങ്ങളെ പാപ്പാ വാഹനം നിറുത്തി തൊട്ടുതലോടുകയും ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദിക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പാ നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 09.30 കഴിഞ്ഞപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1 മണിക്കു ശേഷം, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

സുവിശേഷം

“33 മറ്റൊരുപമ അവന്‍ അവരോട് അരുളിച്ചെയ്തു: മൂന്നിടങ്ങഴി മാവില്‍ അതു പുളിക്കുവോളം ചേര്‍ത്ത പുളിപ്പിന് സദൃശ്യമാണ് സ്വര്‍ഗ്ഗരാജ്യം”. (മത്തായി 13:33)

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങളെ സംബോധനചെയ്ത പാപ്പാ, താന്‍ ഇക്കഴിഞ്ഞ ശനി-ഞായര്‍ (30-31/03/2019) ദിനങ്ങളില്‍ മറോക്കോയില്‍ നടത്തിയ ഇടയസന്ദര്‍ശനം പുനരവലോകനം ചെയ്തു.

പാപ്പായുടെ ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന പ്രഭാഷണത്തിന്‍റെ സംഗ്രഹം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

ഇക്കഴിഞ്ഞ ശനി-ഞായര്‍ ദിനങ്ങളില്‍ ഞാന്‍ മൊഹമ്മെദ് ആറാമന്‍ രാജാവിന്‍റെ ക്ഷണ പ്രകാരം മറോക്കൊയില്‍ അപ്പസ്തോലിക പര്യടനം നടത്തി. എനിക്കേകിയ ഊഷ്മള സ്വീകരണത്തിനും എല്ലാവിധ സഹകരണങ്ങള്‍ക്കും ഞാന്‍ അദ്ദേഹത്തിനും ഇതര അധികാരികള്‍ക്കും ഒരിക്കല്‍ക്കൂടി എന്‍റെ കൃതജ്ഞത രേഖപ്പെടുത്തുന്നു, പ്രത്യേകിച്ച് രാജാവിന്. അദ്ദേഹം ഏറെ സാഹോദര്യ സൗഹൃദഭാവങ്ങള്‍ പ്രകടിപ്പിക്കുകയും അടുപ്പം കാട്ടുകയും ചെയ്തു.

"പ്രത്യാശയുടെ ദാസന്‍"

ഈ അജപാലനസന്ദര്‍ശനത്തിന്‍റെ മുദ്രാവാക്യം പറഞ്ഞിരുന്നതുപോലെ, ഇന്നത്തെ ലോകത്തില്‍ “പ്രത്യാശയുടെ ദാസന്‍” ആയിത്തീരുന്നതിനുവേണ്ടി മുസ്ലീം സഹോദരീസഹോദരങ്ങളുമായുള്ള സംഭാഷണത്തിന്‍റെയും സമാഗമത്തിന്‍റെയും സരണിയില്‍ മറ്റൊരു ചുവടുകൂടെ വയ്ക്കാന്‍ എന്നെ അനുവദിച്ച കര്‍ത്താവിന്, സര്‍വ്വോപരി, ഞാന്‍ നന്ദി പറയുന്നു.  വിശുദ്ധരായ ഫ്രാന്‍സീസ് അസ്സീസിയുടെയും ജോണ്‍ പോള്‍ രണ്ടാമന്‍റെയും കാലടികള്‍ പിന്‍ചെന്നുകൊണ്ടുള്ളതായിരുന്നു എന്‍റെ  തീര്‍ത്ഥാടനം. ഫ്രാന്‍സീസ് അസ്സീസി,  800 വര്‍ഷം മുമ്പ്, സുല്‍ത്താന്‍ മാലിക്ക് അല്‍ കമീലിന്‍റെ പക്കല്‍ സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം എത്തിച്ചു.1985 ല്‍ പാപ്പാ വൊയ്ത്തീല്യ (രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പാ) ഇസ്ലാം രാഷ്ട്രത്തലവന്മാരില്‍ പ്രമസ്ഥാനത്തു നില്ക്കുന്ന ഹസ്സന്‍ ദ്വിതീയന്‍ രാജാവിനെ വത്തിക്കാനില്‍ സ്വീകരിച്ചതിനു ശേഷം മറോക്കൊയില്‍ അവിസ്മരണീയ സന്ദര്‍ശനം നടത്തി. ഒരു പക്ഷേ ആരെങ്കിലും ഇങ്ങനെ ചോദിച്ചേക്കാം: പാപ്പാ എന്തുകൊണ്ട് കത്തോലിക്കരുടെ പക്കലേക്കു മാത്രമല്ല മുസ്ലീങ്ങളുടെ അടുത്തേക്കും പോകുന്നു? എന്തു കൊണ്ടാണ് നിരവധി മതങ്ങളുള്ളത്? മുസ്ലീങ്ങളുടെയും കൈസ്തവരുടെയും പൂര്‍വ്വപിതാവാണ് അബ്രഹാം. ഭിന്ന മതങ്ങള്‍ ഉണ്ടാകുന്നതിന് ദൈവം അനുവദിച്ചു. ഇവയില്‍ ചിലതിന്‍റെ ഉത്ഭവം സംസ്ക്കാരങ്ങളില്‍ നിന്നാണ്. എന്നിരുന്നാലും എല്ലാം ഉന്നതത്തിലേക്ക്, ദൈവത്തിലേക്കു നോക്കുന്നു. എന്നാല്‍ ദൈവത്തിനു വേണ്ടത് നമ്മുടെ മദ്ധ്യേ സാഹോദര്യം വാഴണം എന്നതാണ്. വൈവിധ്യത്തെ നാം ഭയപ്പെടേണ്ടതില്ല.

നാഗരികതകള്‍ക്കിടയില്‍ പാലം പണിയല്‍

നമ്മുടേതുപോലുള്ള ഒരു കാലഘട്ടത്തില്‍ പ്രത്യാശയെ സേവിക്കുകയെന്നത് സര്‍വ്വോപരി അര്‍ത്ഥമാക്കുന്നത് നാഗരികതകള്‍ക്കു മദ്ധ്യേ സേതുബന്ധം തീര്‍ക്കുകയെന്നതാണ്. മഹത്തായ ഒരു രാഷ്ട്രമായ മറോക്കൊ യുമായി, അവിടത്തെ ജനങ്ങളുമായും ഭരണാധികാരികളുമായും കൂടിക്കാഴ്ച നടത്തിക്കൊണ്ട് അതു ചെയ്യുക എന്നത് എനിക്ക് സന്തോഷകരവും ബഹുമതിയുമായി ഭവിച്ചു. മാനവാന്തസ്സ് സംരക്ഷിക്കുകയും സമാധാനവും നീതിയും പരിപോഷിപ്പിക്കുകയും നമ്മുടെ പൊതുഭവനമായ പ്രകൃതിയെ പരിപാലിക്കുകയും ചെയ്യുന്നതില്‍ മതങ്ങള്‍ക്കുള്ള സത്താപരമായ പങ്ക് മൊഹമ്മദ് ആറാമന്‍ രാജാവും ഞാനും ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. ഈയൊരു വീക്ഷണത്തില്‍ ഞങ്ങള്‍, വിശുദ്ധ നഗരമായ ജറുസലേമിനു വേണ്ടിയുള്ള ഒരു അഭ്യര്‍ത്ഥനയില്‍ ഒപ്പു വച്ചു. അത് ഈ വിശുദ്ധ നഗരം, നരകുലത്തിന്‍റെ പൈതൃകമായും ഏകദൈവത്തില്‍ വിശ്വസിക്കുന്ന മൂന്നു മതങ്ങളിലെ വിശ്വാസികളുടെ, പ്രത്യേകിച്ച്, സമാധാനപരമായ സമാഗമവേദിയായും സംരക്ഷിക്കപ്പടുന്നതിനുള്ള അഭ്യര്‍ത്ഥനയാണ്.

സ്മാരക സന്ദര്‍ശനം

മൊഹമ്മെദ് അഞ്ചാമന്‍റെ സ്മാരകമണ്ഡപം ഞാന്‍ സന്ദര്‍ശിക്കുകയും അദ്ദേഹത്തിനും ഹസ്സന്‍ രണ്ടാമനും ആദരവര്‍പ്പിക്കുകയും ചെയ്തു. അതുപോലെ തന്നെ ഇമാംമാര്‍ക്കും ഇസ്ലാം പ്രഭാഷകര്‍ക്കും പരിശീലനം നല്കുന്ന സ്ഥാപനവും ഞാന്‍ സന്ദര്‍ശിച്ചു. ഇതര മതങ്ങളോടു ആദരവുപുലര്‍ത്തുന്നതും അക്രമത്തെയും തീവ്രവാദത്തെയും നിരാകരിക്കുന്നതുമായ ഇസ്ലാമിനെ പരിപോഷിപ്പിക്കുന്നതാണ് ഈ സ്ഥാപനം. നാം സഹോദരങ്ങളാണെന്നും സഹോദര്യത്തില്‍ വര്‍ത്തിക്കണമെന്നും  അത് ഊന്നിപ്പറയുന്നു.

"കുടിയേറ്റക്കാരനായ വ്യക്തി"

അധികാരികളുമായുള്ള കൂടിക്കാഴ്ചയിലും കുടിയേറ്റക്കാരുമായുള്ള കൂടിക്കാഴ്ചയിലും ഞാന്‍ കുടിയേറ്റ പ്രശ്നം എടുത്തുകാട്ടുകയുണ്ടായി. തങ്ങളെ വ്യക്തികളായി കണ്ടു സ്വാഗതം ചെയ്യുന്ന ഒരു സമൂഹത്തില്‍ എത്തിച്ചേരുമ്പോള്‍ തങ്ങളുടെ ജീവിതം മാറുകയും മാനുഷികമായ അവസ്ഥയിലേക്കു തരിച്ചുവരികയും ചെയ്യുന്നുവെന്ന് ചിലര്‍ സാക്ഷ്യപ്പെടുത്തി. കുടിയേറ്റക്കാര്‍ എന്നല്ല കുടിയേറ്റക്കാരായ വ്യക്തികള്‍ എന്നുപയോഗിക്കാനാണ് ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. കാരണം എന്താണെന്നു നിങ്ങള്‍ക്കറിയാമോ? അതായത് കുടിയേറ്റക്കാരന്‍ എന്നത് വിശേഷണമാണ്. നാം നിരവധി വിശേഷണങ്ങള്‍ ഉപയോഗിക്കും എന്നാല്‍ സത്തയെന്തെന്ന് മറന്നു പോകുകയും ചെയ്യും. കുടിയേറ്റക്കാരനായ ആള്‍ എന്നു പറയുമ്പോള്‍ അതില്‍ ഒരു ആദരവ് അടങ്ങിയരിക്കുന്നു. കുടിയേറ്റക്കാരായ വ്യക്തികളുടെ ചാരെ ആയിരിക്കാന്‍ വേണ്ടി മറോക്കോയിലെ സഭ ഏരെ പരിശ്രമിക്കുന്നുണ്ട്.

വെളിച്ചവും പുളിപ്പും ഉറയുള്ള ഉപ്പും ആകണം ക്രൈസ്തവര്‍

ഞായറാഴ്ച ക്രൈസ്തവസമൂഹത്തിനുവേണ്ടി നീക്കിവയ്ക്കപ്പെട്ടതായിരുന്നു. ഉപവിയുടെ പുത്രികള്‍ എന്ന സന്ന്യാസിനിസമൂഹത്തിന്‍റെ മേല്‍നോട്ടത്തിലുള്ള സാമൂഹ്യസേവന കേന്ദ്രം ഞാന്‍ സന്ദര്‍ശിച്ചു.

റബാത്തിലെ കത്തീദ്രലില്‍ വച്ച് വൈദികരും സന്ന്യാസീസന്ന്യാസിനികളും സഭകളുടെ സമിതിയുമൊത്ത് ഞാന്‍ കൂടിക്കാഴ്ച നടത്തി. മറോക്കൊയില്‍ ക്രൈസ്തവസമൂഹം ന്യൂനപക്ഷമാണ്. എന്നാല്‍ എണ്ണമല്ല, പ്രത്യുത,. ഉറയുള്ള ഉപ്പായിരിക്കുക, പ്രകാശം പരത്തുന്ന വിളക്കായിരിക്കുക, പുളിപ്പിക്കാന്‍ കഴിവുള്ള പുളിപ്പായിരിക്കുക എന്നതാണ് പ്രധാനം.

സഭാകൂട്ടായ്മയുടെ ആനന്ദം അതിന്‍റെ അടിസ്ഥാനവും പൂര്‍ണ്ണ ആവിഷ്ക്കാരവും ഞായറാഴ്ച്ചത്തെ വിശുദ്ധകുര്‍ബ്ബാനയില്‍ കണ്ടെത്തി. തലസ്ഥാന നഗരിയിലെ, റബാത്തിലെ, സ്റ്റേഡിയിത്തിലായിരുന്നു ദിവ്യബലിയര്‍പ്പണം. 60 രാഷ്ട്രങ്ങളില്‍ നിന്നുള്ള ആയിരങ്ങള്‍ അതില്‍ സംബന്ധിച്ചു.

സഹോദരങ്ങളാണെന്ന അവബോധം പുലര്‍ത്തുന്നവര്‍ക്കു മാത്രമെ ലോകത്തില്‍ പ്രത്യാശയുടെ ദാസരായിരിക്കാന്‍ കഴിയുകയുള്ളൂ. ഒത്തിരി നന്ദി. 

പ്രഭാഷണാനന്തര അഭിവാദ്യങ്ങള്‍

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. 

കായികവിനോദം ഒരു സാര്‍വ്വത്രിക ഭാഷ

സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള ആറാം ലോക കായികവിനോദ ദിനം ഈ ബുധനാഴ്ച ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ആചരിക്കപ്പെടുന്നത് പാപ്പാ അനുസ്മരിച്ചു.

കായികവിനോദം ഒരു സാര്‍വ്വത്രിക ഭാഷയാണെന്നും അത് സകല ജനതകളെയും ആശ്ലേഷിക്കുകയും സംഘര്‍ഷങ്ങളെ അതിജീവിക്കാനും വ്യക്തികളെ ഐക്യത്തിലാക്കാനും സംഭാവന ചെയ്യുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.

സന്തോഷത്തിന്‍റെയും ശ്രേഷ്ഠവികാരങ്ങളുടെയും  ഉറവിടവും വ്യക്തികളുടെയും സമൂഹങ്ങളുടെയും മാനുഷികവും സാമൂഹ്യവുമായ വളര്‍ച്ചയ്ക്കുതകുന്ന പുണ്യങ്ങളെ വാര്‍ത്തെടുക്കുന്ന കളരിയുമാണ് കായികവിനോദമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.  

നോമ്പുകാലം

യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ, നോമ്പുകാലം അനുദിന ജീവിതത്തില്‍ വിശ്വാസത്തിന്‍റെ പ്രാധാന്യം വീണ്ടും കണ്ടെത്തുന്നതിനുള്ള വിലയേറിയ സമയമാണെന്ന് ഓര്‍മ്മിപ്പിച്ചു.

പൊതുദര്‍ശന പരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 

03 April 2019, 12:51