തിരയുക

ഫ്രാന്‍സീസ് പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ചയ്ക്കെത്തുന്നു, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍, 24/04/2019 ഫ്രാന്‍സീസ് പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ചയ്ക്കെത്തുന്നു, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍, 24/04/2019 

ദൈവത്തോടു കടപ്പെട്ടവര്‍ നമ്മള്‍-പാപ്പായുടെ പൊതുദര്‍ശനം പ്രഭാഷണം!

ദൈവതിരുമുമ്പില്‍ മനുഷ്യന്‍ എന്നും കടക്കാരനാണ്. കാരണം, പ്രകൃതിയുടെയും അനുഗ്രങ്ങളുടെയും രൂപത്തില്‍ നമുക്കെല്ലാം ലഭിച്ചിരിക്കുന്നത് അവിടന്നില്‍ നിന്നാണ്. നമ്മുടെ ജീവിതം ഇച്ഛിക്കപ്പെട്ടതു മാത്രമല്ല ദൈവത്താല്‍ സ്നേഹിക്കപ്പെട്ടതുമാണ്. പ്രാര്‍ത്ഥിക്കുന്നതിന് കൈകള്‍ കൂപ്പുമ്പോള്‍ അവിടെ തീര്‍ച്ചയായും ഔദ്ധത്യത്തിനിടമില്ല- ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഈ ദിവസങ്ങളില്‍ റോമില്‍ കാലാവസ്ഥ പൊതുവെ മോശമായിരുന്നെങ്കിലും ഈ ബുധനാഴ്ച (24/04/2019) ആദിത്യകിരണങ്ങള്‍ നിര്‍ല്ലോഭം ചൊരിയപ്പെട്ട ഒരു ദിനമായിരുന്നു. വിവിധരാജ്യക്കാരായിരുന്ന ആയിരക്കണക്കിനു തീര്‍ത്ഥാടകരും സന്ദര്‍ശകരും വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍  ഫ്രാന്‍സീസ് പാപ്പാ അനുവദിക്കുന്ന പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് എത്തിയിരുന്നു. ഉത്ഥാനത്തിരുന്നാള്‍ മഹോത്സവത്തോടനുബന്ധിച്ച് പുഷ്പാലംകൃതമായിരുന്ന ചത്വരത്തില്‍ പാപ്പാ, തന്നെ ഏവര്‍ക്കും   കാണത്തക്കരീതിയില്‍ സജ്ജീകരിച്ചിട്ടുള്ള വെളുത്ത തുറന്ന വാഹനത്തിലേറി എത്തിയപ്പോള്‍ ജനസഞ്ചയം കൈയ്യടിച്ചും പാട്ടുപാടിയും ആര്‍പ്പുവിളിച്ചും തങ്ങളുടെ ആനന്ദം അറിയിച്ചു.  ചത്വരത്തില്‍ എത്തിയ പാപ്പാ ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ജനങ്ങള്‍ക്കിടയിലൂടെ, വാഹനത്തില്‍ സാവധാനം നീങ്ങി. നാലു ബാലികാബാലന്മാരെയും പാപ്പാ വാഹനത്തിലേറ്റിയിരുന്നു. അംഗരക്ഷകര്‍ ഇടയ്ക്കിടെ തന്‍റെ പക്കലേക്ക് എടുത്തുകൊണ്ടുവന്ന പിഞ്ചു കുഞ്ഞുങ്ങളെ പാപ്പാ വാഹനം നിറുത്തി തൊട്ടുതലോടുകയും ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദിക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പാ നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 09.30 കഴിഞ്ഞപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1 മണിക്കു ശേഷം, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

സുവിശേഷം:

“21 അപ്പോള്‍ പത്രോസ് മുന്നോട്ടു വന്ന് അവനോടു ചോദിച്ചു: കര്‍ത്താവേ, എന്നോടു തെറ്റുചെയ്യുന്ന എന്‍റെ സഹോദരനോടു ഞാന്‍ എത്ര പ്രാവശ്യം ക്ഷമിക്കണം? ഏഴു പ്രാവശ്യമോ?22 യേശു അരുളിച്ചെയ്തു: ഏഴെന്നല്ല ഏഴ് എഴുപതുപ്രാവശ്യം എന്നു ഞാന്‍ നിന്നോടു പറയുന്നു”. (മത്തായി 18: 21-22)

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങളെ സംബോധനചെയ്ത പാപ്പാ, “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാര്‍ത്ഥനയെ അധികരിച്ചു ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പര ഒരാഴ്ചത്തെ ഇടവേളയ്ക്കുശേഷം പുനരാരംഭിച്ചു. “ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ പൊറുക്കുന്നതു പോലെ” എന്ന വാക്യമായിരുന്നു പാപ്പായുടെ വിചിന്തനത്തിനവലംബം.

പാപ്പായുടെ ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന മുഖ്യ പ്രഭാഷണത്തിന്‍റെ സംഗ്രഹം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

“ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ പൊറുക്കുന്നതു പോലെ” എന്ന വാക്യത്തെക്കുറിച്ചുള്ള പരിചിന്തനത്തോടുകൂടി നമുക്കിന്ന് “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാര്‍ത്ഥനയിലെ അഞ്ചാമത്തെ അപേക്ഷയക്കുറിച്ചുള്ള പഠനം പൂര്‍ത്തിയാക്കാം. ദൈവതിരുമുമ്പില്‍ മനുഷ്യന്‍ എന്നും കടക്കാരനാണ്.  കാരണം, പ്രകൃതിയുടെയും അനുഗ്രങ്ങളുടെയും രൂപത്തില്‍ നമുക്കെല്ലാം ലഭിച്ചിരിക്കുന്നത് അവിടന്നില്‍ നിന്നാണ്.  നമ്മുടെ ജീവിതം ഇച്ഛിക്കപ്പെട്ടതു മാത്രമല്ല ദൈവത്താല്‍ സ്നേഹിക്കപ്പെട്ടതുമാണ്. പ്രാര്‍ത്ഥിക്കുന്നതിന് കൈകള്‍ കൂപ്പുമ്പോള്‍ അവിടെ തീര്‍ച്ചയായും ഔദ്ധത്യത്തിനിടമില്ല. സഭയില്‍ സ്വയം കൃത മനുഷ്യനില്ല, സ്വന്തം കഴിവുകൊണ്ടു മാത്രം വിജയം നേടിയ മനുഷ്യനില്ല. നമുക്കനുകൂലമായ ജീവിതസാഹചര്യങ്ങള്‍ നല്കിയ ദൈവത്തോടും നിരവധിയായ മറ്റു മനുഷ്യരോടും നാമെല്ലാവരും കടപ്പെട്ടിരിക്കുന്നു. നമുക്കു ലഭിച്ചിട്ടുള്ള നന്മകളില്‍ നിന്ന് രൂപംകൊള്ളുന്നതാണ് നമ്മുടെ അനന്യത. ഈ നന്മയില്‍ ആദ്യത്തേത് ജീവനാണ്, അല്ലേ?

പ്രാര്‍ത്ഥിക്കുന്നവന്‍ നന്ദി ചൊല്ലാന്‍ പഠിക്കുന്നു. എന്നാല്‍ നന്ദി പറയാന്‍ നാം പലപ്പോഴും മറന്നു പോകുന്നു. നാം സ്വാര്‍ത്ഥരാകുന്നു. പ്രാര്‍ത്ഥിക്കുന്നവന്‍ നന്ദി പറയാന്‍ പഠിക്കുകയും  തന്നോടു കരുണയുണ്ടാകണമെന്ന് ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യുന്നു. നാം എത്ര പരിശ്രമിച്ചാലും നമുക്കൊരിക്കലും തരിച്ചടയ്ക്കാനാവത്ത വിധം വലിയ കടം എന്നും അവശേഷിക്കും. നാം അവിടത്തെ സ്നേഹിക്കുന്നതിനെക്കാളൊക്കെ ഏറെ, അപരിമേയമാം വിധം അവിടന്നു നമ്മെ സ്നേഹിക്കുന്നു. ഇനി നമ്മള്‍ ക്രിസ്തീയ പ്രബോധനങ്ങള്‍ക്കനുസൃതം ജീവിക്കാന്‍ പരിശ്രമിക്കുകയാണെങ്കില്‍, നമ്മുടെ ജീവിതത്തില്‍ എന്നും മാപ്പപേക്ഷിക്കേണ്ടതായിട്ടുള്ള എന്തെങ്കിലും ഉണ്ടാകും. ഉദാസീനമായി നാം ചിലവഴിച്ച ദിനങ്ങള്‍, വിദ്വേഷം നമ്മുടെ ഹൃദയത്തില്‍ ഇടം കണ്ടെത്തിയ വേളകള്‍ എല്ലാം അത്തരത്തിലുള്ളവയാണ്. കര്‍ത്താവേ, പിതാവേ, ഞങ്ങളുടെ കടങ്ങള്‍ പൊറുക്കേണമേ എന്ന് നമ്മെക്കൊണ്ട് യാചിപ്പിക്കുന്ന ഇത്തരം അനുഭവങ്ങള്‍, ദൗര്‍ഭാഗ്യവശാല്‍, വിരളമല്ല. ഞങ്ങളുടെ കടങ്ങള്‍ പൊറുക്കേണമേ. നമുക്കു ദൈവത്തോടു മാപ്പപേക്ഷിക്കാം.

ഈ അപേക്ഷ വേണമെങ്കില്‍ അതിന്‍റെ ആദ്യ ഭാഗത്തു തന്നെ അവസാനിപ്പിക്കാമായിരുന്നു. എന്നാല്‍ “ഞങ്ങളുടെ കടങ്ങള്‍ പൊറുക്കേണമേ” എന്ന പ്രാര്‍ത്ഥനയുമായി ഒന്നായിത്തീരുന്ന ഒരു വാക്യം യേശു അതിനോടു ചേര്‍ക്കുന്നു. ദൈവത്തിന്‍റെ ഭാഗത്തുനിന്നുള്ള കരുണയുടെ ലംബമാനമാര്‍ന്ന ബന്ധം സഹോദരങ്ങളുമൊത്തു നാം ജീവിക്കുന്ന നവമായ ഒരു ബന്ധമാക്കി മാറ്റാന്‍ വിളിക്കപ്പെടുന്നു. ഇത് തിരശ്ചീനമാനമുള്ള ബന്ധമാണ്. നന്മയുള്ളവരായിരിക്കാന്‍ സകലരെയും ദൈവം ക്ഷണിക്കുന്നു. പ്രാര്‍ത്ഥനയുടെ രണ്ടു ഭാഗങ്ങളും നിഷ്കൃഷ്ടമായി സംയോജിപ്പിക്കപ്പെട്ടിരിക്കുന്നു.

പാപങ്ങള്‍ മോചിക്കപ്പെടുമെന്ന് ഓരോ ക്രൈസ്തവനും അവബോധമുണ്ട്. ദൈവം സകലവും സദാ പൊറുക്കുന്നു. അനുതപിക്കുകയും തന്നെ പുനരാശ്ലേഷിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവന്‍റെ പാപങ്ങള്‍ ദൈവം പൊറുക്കുമെന്ന് സുവിശേഷം സന്ദേഹത്തിനിടയില്ലാത്തവിധം വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ ഇത്രയേറെ സമൃദ്ധമായ ദൈവാനുഗ്രഹം എന്നും ബാദ്ധ്യതപ്പെടുത്തുന്നതാണ്. കൂടുതലായി ലഭിച്ചിട്ടുള്ളവന്‍ കൂടുതലായി നല്കാനും അവനവനായി എല്ലാം കരുതിവയ്ക്കാതിരിക്കാനും പഠിക്കണം. “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാര്‍ത്ഥന സമ്മാനിച്ചതിനു ശേഷം മത്തായി സുവിശേഷകന്‍ അതിലടങ്ങിയിട്ടുള്ള ഏഴു പ്രയോഗങ്ങളില്‍ “സഹോദരനോടു ക്ഷമിക്കണം” എന്നതിന് ഊന്നല്‍ നല്കുന്നത് കാണാം. “മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. 15 മറ്റുള്ളവരോടു നിങ്ങള്‍ ക്ഷമിക്കുകയില്ലെങ്കില്‍ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല.” (മത്തായി 6,14-15) ഇത് അതിശക്തമായ ഒരു വാക്യമാണ്. ചിലര്‍ പറയാറുണ്ട് ആ വ്യക്തിയോട് ഒരിക്കലും ഞാന്‍ ക്ഷമിക്കില്ല, അയാള്‍ എന്നോടു ചെയ്തതൊന്നും ഒരിക്കലും പൊറുക്കാനാകില്ല എന്ന്.  എന്നാല്‍ നീ പൊറുത്തില്ലെങ്കില്‍ ദൈവവും നിന്നോടു പൊറുക്കില്ല. ഇത് ക്രൂരനായ ഭൃത്യന്‍റെ  ഉപമയില്‍ നമുക്കു കാണാന്‍ സാധിക്കും (മത്തായി 18,21-35). തന്‍റെ ഭീമമായ കടം ഇളവുചെയ്തു കിട്ടിയ ഭൃത്യന്‍ അവനു കിട്ടാനുള്ള ചെറിയ കടം പോലും എഴുതിത്തള്ളാന്‍ തയ്യാറാകുന്നില്ല. ഇതറിഞ്ഞ യജമാനന്‍ താന്‍ കടം ഇളവുചെയ്ത നടപടി റദ്ദാക്കുകയും അവനെ കാരഗൃഹാധികാരികള്‍ക്ക് ഏല്പിച്ചുകൊടുക്കുകയും ചെയ്യുന്നു. നീ പൊറുക്കില്ലെങ്കില്‍ നിനക്കും മാപ്പു ലഭിക്കില്ല, നീ സ്നേഹിച്ചില്ലെങ്കിലും നീയും സ്നേഹിക്കപ്പെടില്ല.

ദൈവത്തോടുള്ള സ്നേഹവും അയല്‍ക്കാരനോടുള്ള സ്നേഹവും വിളക്കിച്ചേര്‍ക്കപ്പെട്ടിരിക്കുന്നതാണ് നാം ഇവിടെ കാണുക. സ്നേഹം സ്നേഹത്തിനും ക്ഷമ ക്ഷമയ്ക്കും ആഹ്വാനം ചെയ്യുന്നു.

യേശു മാനുഷിക ബന്ധങ്ങളില്‍ മാപ്പുനല്കലിന്‍റെ കരുത്ത് ഉള്‍ച്ചേര്‍ക്കുന്നു. ജീവിതത്തില്‍ എല്ലാം നീതികൊണ്ട് പരിഹരിക്കാന്‍ സാധിക്കില്ല. സര്‍വ്വോപരി, തിന്മയ്ക്ക് തടയിടേണ്ടിടത്താകുമ്പോള്‍. അവിടെ കൃപയുടെ ഒരു ചരിത്രം പുനരാരംഭിക്കേണ്ടതിന് ഒരുവന്‍ നല്കേണ്ടതിലധികം സ്നേഹം നലേകേണ്ടിവരുന്നു. തിന്മ പ്രതികാരങ്ങളാല്‍ പൂരിതമാണ്. അതിന് ഒരു തടയിട്ടില്ലെങ്കില്‍ ലോകത്തെ മുഴുവന്‍ ശ്വാസംമുട്ടിച്ചുകൊണ്ട് അത് വ്യാപിക്കും.

തന്‍റെ സഹോദരങ്ങളുടെ, പ്രത്യേകിച്ച്, അനിഷ്ടകരവും  പ്രമാദപരവുമായ കാര്യങ്ങള്‍ ചെയ്തവരുടെ ജീവിതത്തില്‍ നന്മയുടെ ഒരു ചരിത്രം രചിക്കാനുള്ള അനുഗ്രഹം ദൈവം ഓരോ ക്രൈസ്തവനും നല്കിയിട്ടുണ്ട്. നമുക്കു ലഭിച്ചിട്ടുള്ള ഏറ്റം അമൂല്യമായത് മറ്റുള്ളവരിലേക്ക് സംവേദനം ചെയ്യാന്‍ ഒരു വാക്കുകൊണ്ട്, ആശ്ലേഷംകൊണ്ട്, പുഞ്ചിരികൊണ്ട് സാധിക്കും. നമുക്ക് ലഭിച്ചിട്ടുള്ള ഈ അനര്‍ഘമായത് എന്താണ്. അത് മാപ്പാണ്. അത് മറ്റുള്ളവര്‍ക്ക് നല്കാന്‍ നമുക്കു സാധിക്കും. നന്ദി.  

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. 

യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ, ജീവിക്കുന്ന യേശുവിന്‍റെ സാന്നിധ്യം അനുഭവിക്കാനും അവിടന്നു പ്രദാനം ചെയ്യുന്ന സമാധാനം സ്വീകരിക്കാനും ലോകത്തില്‍ അവിടത്തെ സാക്ഷികളാകാനും അവര്‍ക്ക് കഴിയട്ടെയെന്ന് ആശംസിച്ചു.

പൊതുദര്‍ശന പരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 April 2019, 12:52