ഫ്രാന്‍സീസ് പാപ്പാ, പെസഹാജാഗര തിരുക്കര്‍മ്മ വേളയില്‍, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍,  20/04/2019 ഫ്രാന്‍സീസ് പാപ്പാ, പെസഹാജാഗര തിരുക്കര്‍മ്മ വേളയില്‍, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍, 20/04/2019 

ഹൃദയത്തെ അടയ്ക്കുന്ന "കല്ലുകളെ" നീക്കുന്ന പെസഹാ മഹോത്സവം!

പെസഹാ, കല്ലുകള്‍ നീക്കം ചെയ്യപ്പെടുന്നതിന്‍റെ ഉത്സവമാണ്. പ്രത്യാശയും പ്രതീക്ഷകളും ഇടിച്ചു തകരാവുന്ന ഏറ്റം കഠിനമായ കല്ലുകളെപ്പോലും, അതായത്, മരണം, പാപം, ഭയം, പ്രാപഞ്ചികത്വം എന്നിവയെ, ദൈവം നീക്കം ചെയ്യുന്നു, പെസഹാജാഗരതിരുക്കര്‍മ്മവേളയില്‍ ഫ്രാന്‍സീസ് പാപ്പാ നടത്തിയ വചനസമീക്ഷ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഫ്രാന്‍സീസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധകുര്‍ബ്ബാനയുള്‍പ്പടെയുള്ള പെസഹാജാഗര തിരുക്കര്‍മ്മം നടന്നു. ശനിയാഴ്ച (20/04/2019) റോമിലെ സമയം രാത്രി 8.30-ന്, ഇന്ത്യയിലെ സമയം അര്‍ദ്ധരാത്രി 12-മണിക്ക് ബസിലിക്കയുടെ മുന്‍വശത്ത്, പുറത്തുവച്ച്, പുത്തന്‍ തീ ആശീര്‍വ്വാദകര്‍മ്മത്തോടെ തിരുക്കര്‍മ്മം  ആരംഭിച്ചു. തുടര്‍ന്ന് കത്തിച്ച പെസഹാത്തിരിയും അതില്‍നിന്നു കൊളുത്തിയ മെഴുകുതിരികളുമായുള്ള പ്രദക്ഷിണമായിരുന്നു. പാപ്പായും സഹകാര്‍മ്മികരും പ്രദക്ഷിണമായി വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പ്രവേശിക്കുകയും വചനശുശ്രൂഷ, ജ്ഞാനസ്നാനകര്‍മ്മം, ജ്ഞാനസ്നാന വാഗ്ദാന നവീകരണം എന്നിവയോടുകൂടിയ തിരുക്കര്‍മ്മം തുടരുകയും ചെയ്തു. വിശുദ്ധകുര്‍ബ്ബാനയുള്‍പ്പെടെയുള്ള ഈ തിരുക്കര്‍മ്മത്തില്‍ മാമ്മോദീസാകര്‍മ്മത്തിനു മുമ്പ് വചനശുശ്രൂഷാവേളയില്‍ ലൂക്കായുടെ സുവിശേഷം ഒന്നാം അദ്ധ്യായം 1-12 വരെയുള്ള വാക്യങ്ങള്‍ വായിക്കപ്പെട്ടതിനുശേഷം പാപ്പാ സുവിശേഷ സന്ദേശം നല്കി. 

പാപ്പായുടെ സന്ദേശത്തിന്‍റെ സംഗ്രഹം: 

കല്ലറയിങ്കലേക്ക് സ്ത്രീകള്‍

സ്ത്രീകള്‍ കല്ലറയിലേക്ക് സുഗന്ധദ്രവ്യങ്ങള്‍ കൊണ്ടു പോകുന്നു. എന്നാല്‍ കല്ലറയിലേക്കുള്ള പ്രവേശനകവാടം വലിയൊരു കല്ലുകൊണ്ട് മുടിയിരിക്കുന്നതിനാല്‍ തങ്ങളുടെ യാത്ര വിഫലമാകുമെന്ന് അവര്‍ ഭയപ്പെട്ടു. ആ സ്ത്രീകളുടെ യാത്ര നമ്മുടെയും യാത്രയാണ്; ഈ നിശയില്‍ നാം നടത്തിയ രക്ഷാകരയാത്രയോടു സാദൃശ്യമുള്ളതാണ് അത്. എല്ലാം ഒരു കല്ലില്‍ തട്ടി തകരുമെന്നൊരു തോന്നല്‍ അതായത്, സൃഷ്ടിയുടെ സൗന്ദര്യം പാപമെന്ന ദുരന്തവുമായും അടിമത്തത്തില്‍ നിന്നുള്ള മോചനം ഉടമ്പടിയോടുള്ള അവിശ്വസ്തതയുമായും പ്രവാചകരുടെ വാഗ്ദാനങ്ങള്‍ ജനത്തിന്‍റെ ഖേദകരമായ നിസ്സംഗതയുമായും കൂട്ടിയിടിക്കുമെന്നൊരു തോന്നല്‍ അതിലടങ്ങിയിരിക്കുന്നു. സഭയുടെ ചരിത്രത്തിലും നമ്മുടെ ഒരോരുത്തരുടെയും ചരിത്രത്തിലും അപ്രകാരം തന്നെയാണ്. നാം വെച്ച ചുവടുകള്‍ ലക്ഷ്യസ്ഥാനത്തെത്തില്ല എന്നൊരാശങ്ക. അങ്ങനെ, തകര്‍ന്നടിഞ്ഞ പ്രത്യാശയാണ് ജീവന്‍റെ ഇരുണ്ട നിയമമെന്ന ചിന്ത നമ്മില്‍ നുഴഞ്ഞുകയറുന്നു.

നമ്മുടെ സുഫല യാത്ര

എന്നാല്‍ ഇന്നു നമുക്കു മനസ്സിലാകുന്നു നമ്മുടെ യാത്ര വിഫലമല്ലെന്ന്. അത് കല്ലറയിലെ കല്ലുമായി കൂട്ടിയിടിക്കില്ലെന്ന്. ഒരു വാക്യം സ്ത്രീകളെ പിടിച്ചുലയ്ക്കുകയും ചരിത്രത്തെ മാറ്റിമറിക്കുകയും ചെയ്യുന്നു: “ജീവിച്ചിരിക്കുന്നവനെ നിങ്ങള്‍ മരിച്ചവര്‍ക്കിടയില്‍ അന്വേഷിക്കുന്നത് എന്തിന്?” (ലൂക്കാ 24,5); സകലവും വിഫലമാണെന്നും നിങ്ങളുടെ കല്ലുകള്‍ ഉരുട്ടിമാറ്റാന്‍ ആര്‍ക്കും ആവില്ലെന്നും നിങ്ങള്‍ ചിന്തിക്കുന്നതെന്തിന്? പ്രിയ സഹോദരീസഹോദരന്മാരേ, പെസഹാ, കല്ലുകള്‍ നീക്കം ചെയ്യപ്പെടുന്നതിന്‍റെ ഉത്സവമാണ്.  പ്രത്യാശയും പ്രതീക്ഷകളും ഇടിച്ചു തകരാവുന്ന ഏറ്റം കഠിനമായ കല്ലുകളെപ്പോലും, അതായത്, മരണം, പാപം, ഭയം, പ്രാപഞ്ചികത്വം എന്നിവയെ, ദൈവം നീക്കം ചെയ്യുന്നു. കല്ലറയുടെ ഒരു കല്ലിനുമുന്നില്‍ അവസാനിക്കുന്നതല്ല മാനവ ചരിത്രം, കാരണം, ഇന്ന് അത് “സജീവ ശിലയു”മായി കണ്ടുമുട്ടിയിരിക്കുന്നു.(1 പീറ്റര്‍ 2,4) യേശു ഉത്ഥാനം ചെയ്തു. നാം സഭയെന്ന നിലയില്‍ അവിടത്തെമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ്. നാം നിരാശയിലാഴുമ്പോഴും നമ്മുടെ പരാജയങ്ങളെ അടിസ്ഥാനമാക്കി നാം നമ്മെത്തന്നെ വിലയിരുത്താന്‍ പ്രലോഭിതരാകുമ്പോഴും അവിടന്ന് സകലത്തെയും നവീകരിക്കാനും നമ്മുടെ നിരാശകളെ അട്ടിമറിക്കാനും വരുന്നു. ഏറ്റം ഭാരമേറിയ കല്ലുകളെ ഹൃദയത്തില്‍ നിന്നു നീക്കുന്ന ജീവിക്കുന്നവനില്‍ സ്വയം കണ്ടെത്താന്‍ ഈ രാത്രിയില്‍ നാമോരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു. സര്‍വ്വോപരി നമുക്ക് നമ്മോടുതന്നെ ചോദിക്കാം: ഏതാണ് എന്നില്‍ നിന്ന് നീക്കം ചെയ്യപ്പെടേണ്ട കല്ല്? അതിന്‍റെ  പേരെന്താണ്?

വിശ്വാസരാഹിത്യം എന്ന കല്ല്

പ്രത്യാശയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന കല്ല് പലപ്പോഴും വിശ്വാസമില്ലായ്മയാണ്. ഒന്നും ശരിയാകുന്നില്ല, എല്ലാം വഷളാകുകയാണ് എന്ന് ചിന്തിച്ചാല്‍ ഒന്നിനും അവസാനമുണ്ടാകില്ല, പരാജയം സമ്മതിച്ച് നാം എത്തിച്ചേരുക ജീവനെക്കാള്‍ ശക്തം മരണമാണ് എന്ന വിശ്വാസത്തിലായിരിക്കും. നമ്മള്‍ ദോഷൈകദൃക്കുകളും നിഷേധാത്മകഭാവം പുലര്‍ത്തുന്നവരും വിഷണ്ണരുമായിത്തീരും. കല്ലിനുമേല്‍ കല്ലുവച്ച് നാം അസംതൃപ്തിയുടെ സ്മാരകം, പ്രത്യാശയുടെ ശവകുടീരം പണിയും. ജീവനെക്കുറിച്ച് ആവലാതി പറഞ്ഞ് നമ്മള്‍ ജീവിതത്തെ പരാതികള്‍ക്ക്   അടിമപ്പെടുത്തുകയും അതിനെ ആദ്ധ്യാത്മികമായി ആതുരമാക്കുകയും ചെയ്യും. അങ്ങനെ ഒരുതരം കല്ലറയുടെ മനശാസ്ത്രം പ്രബലപ്പെടും. പ്രത്യാശ നശിച്ച് ജീവനോടെ പുറത്തുവരാന്‍ കഴിയാതെ എല്ലാം അവിടെ അവസാനിക്കും. എന്നാല്‍ ഇതാ ഉത്ഥാനത്തിന്‍റെ അതിശക്തമായ ആ ചോദ്യം: “ജീവിച്ചിരിക്കുന്നവനെ നിങ്ങള്‍ മരിച്ചവര്‍ക്കിടയില്‍ അന്വേഷിക്കുന്നത് എന്തിന്? പരാജയത്തിലല്ല കര്‍ത്താവ് കുടികൊള്ളുന്നത്. അവിടന്ന് ഉത്ഥാനം ചെയ്തു, അവിടന്ന് അവിടെയില്ല, അവിടത്തെ, നിങ്ങള്‍ക്ക് ഒരിക്കലും കണ്ടെത്താന്‍ കഴിയാത്തിടത്ത്  അന്വേഷിക്കരുത്. മരിച്ചവരുടെ ദൈവമല്ല അവിടന്ന്, പ്രത്യുത, ജീവിക്കുന്നവരുടെ ദൈവമാണ്. പ്രത്യാശയെ കുഴിച്ചു മൂടരുത്. ‌

പാപമാകുന്ന കല്ല്

ഹൃദയത്തെ പലപ്പോഴും മുദ്രവച്ചടയ്ക്കുന്ന മറ്റൊരു കല്ലുണ്ട്, അത് പാപമാകുന്ന കല്ലാണ്. പാപം വശീകരിക്കുന്നു, അത്, എളുപ്പമുള്ളതും, പെട്ടെന്നു ലഭിക്കുന്നതുമായ കാര്യങ്ങളും സുസ്ഥിതിയും നേട്ടവും വാഗ്ദാനം ചെയ്യുന്നു, എന്നിട്ട് ഉള്ളില്‍ ഏകാന്തതയും മരണവും അവശേഷിപ്പിക്കുന്നു. ജീവനെ മരിച്ചവര്‍ക്കിടയിലും ക്ഷണികമായവയിലും അന്വേഷിക്കുന്നതാണ് പാപം. “ജീവിച്ചിരിക്കുന്നവനെ നിങ്ങള്‍ മരിച്ചവര്‍ക്കിടയില്‍ അന്വേഷിക്കുന്നത് എന്തിന്? ദൈവിക വെളിച്ചം കടന്നുവരുന്നതിന് വിഘാതം സൃഷ്ടിക്കുന്ന,  നിന്‍റെ ഹൃദയകവാടത്തിലുള്ള ശിലയെപ്പോലുള്ള, പാപം വെടിയാന്‍ നീ തീരുമാനിക്കാത്തതെന്തുകൊണ്ട്? ധനത്തിന്‍റെയും ഔദ്യോഗികപദവിയുടെയും ഔദ്ധത്യത്തിന്‍റെയും വിഷയസുഖങ്ങളുടെയും കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിനുമേല്‍ യഥാര്‍ത്ഥ വെളിച്ചമായ യേശുവിന് നീ മുന്‍ഗണന നല്കുന്നില്ല? പൊള്ളയായ ലൗകികതയോട് നീ എന്തു കൊണ്ട് പറയുന്നില്ല, നീ ജീവിക്കുന്നത് അവയ്ക്കു വേണ്ടിയല്ല മറിച്ച്, ജീവന്‍റെ നാഥനു വേണ്ടിയാണ് എന്ന്?

ഭീതിയും കുനിഞ്ഞ ശിരസ്സും

യേശുവിന്‍റെ കല്ലറയിങ്കലേക്കു പോകുന്ന സ്ത്രീകളുടെ അടുത്തേക്കു നമുക്ക് മടങ്ങാം. ഉരുട്ടിമാറ്റപ്പെട്ട കല്ലിനു മുന്നില്‍ അവര്‍ അമ്പരന്ന് നില്ക്കുന്നു; ദൈവദൂതര്‍ നില്ക്കുന്നതു കണ്ട അവര്‍ “ഭയപ്പെട്ടു” എന്നും “മുഖം കുനിച്ചു” എന്നും സുവിശേഷം പറയുന്നു. കണ്ണുകള്‍ ഉയര്‍ത്താനുള്ള ധൈര്യം അവര്‍ക്കുണ്ടായില്ല. ഇത് നമുക്കും എത്രയോ തവണ സംഭവിച്ചിരിക്കുന്നു: നാം നമ്മുടെ പരിമിതികള്‍ക്കുള്ളില്‍ കുനിഞ്ഞിരിക്കാന്‍, ഭീതികളില്‍ ഒളിച്ചിരിക്കാന്‍ താല്പര്യപ്പെടുന്നു. വിചിത്രമാണത്. എന്തുകൊണ്ട് നാം അങ്ങനെ ചെയ്യുന്നു? പലപ്പോഴും അങ്ങനെ ചെയ്യുന്നതിനുള്ള കാരണം, ഇത്തരം അടച്ചിടലുകളിലും ദു:ഖത്തിലും നമ്മളാണ് നായകര്‍, എന്തെന്നാല്‍ ഹൃദയത്തിന്‍റെ ഇരുണ്ട മുറികളില്‍ ഒറ്റയ്ക്കിരിക്കുന്നതാണ് കര്‍ത്താവിനായി നമ്മെത്തന്നെ തുറന്നുകൊടുക്കുന്നതിനെക്കാള്‍ എളുപ്പം. എന്നിരുന്നാലും കര്‍ത്താവാണ് നമ്മെ പിടിച്ചുയര്‍ത്തുന്നത്. ഒരു കവയിത്രി ഇങ്ങനെ കുറിച്ചിരിക്കുന്നു: ”നാം എഴുന്നേല്‍ക്കാന്‍ ആഹ്വാനം ചെയ്യപ്പെടുന്നതുവരെ നമ്മുടെ ഉയരം നമുക്കൊരിക്കലും അറിയില്ല” (എമിലി ഡിക്കിന്‍സണ്‍). എഴുന്നേല്‍ക്കാന്‍, അവിടത്തെ വചനത്തിന്മേല്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍, ഉന്നതത്തിലേക്ക് ദൃഷ്ടികളുയര്‍ത്താന്‍, ഈ ലോകത്തിനായിട്ടല്ല സ്വര്‍ഗ്ഗരാജ്യത്തിനുവേണ്ടിയാണ് നാം സൃഷ്ടിക്കപ്പെടിരിക്കുന്നത് എന്ന് വിശ്വസിക്കാന്‍ കര്‍ത്താവ് നമ്മോടാവശ്യപ്പെടുന്നു; ജീവന്‍റെ ഉയര്‍ച്ചകള്‍ക്കു വേണ്ടിയാണ് അല്ലാതെ മരണത്തിന്‍റെ ഗര്‍ത്തത്തിനുവേണ്ടിയല്ല നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. “ജീവിച്ചിരിക്കുന്നവനെ നിങ്ങള്‍ മരിച്ചവര്‍ക്കിടയില്‍ അന്വേഷിക്കുന്നത് എന്തിന്?

ദൈവത്തെപ്പോലെ നോക്കാന്‍ പഠിക്കുക

നമ്മിലോരോരുത്തരിലും സൗന്ദര്യത്തിന്‍റെ അനിയന്ത്രിതമായ ഒരു അണുവിനെ ദര്‍ശിക്കുന്ന ദൈവം നോക്കുന്നതു പോലെ ജീവിതത്തെ നോക്കിക്കാണാന്‍ അവിടന്ന് നമ്മോടാവശ്യപ്പെടുന്നു. പാപത്തില്‍ ദൈവം പിടിച്ചെഴുന്നേല്പിക്കേണ്ട മക്കളെയും വീണ്ടെടുക്കപ്പെടേണ്ട സഹോദരീസഹോദരങ്ങളെയും കാണുന്നു; ഏകാന്തതയില്‍ അവിടന്ന്, സമാശ്വസിപ്പിക്കപ്പെടേണ്ട ഹൃദയങ്ങളെ ദര്‍ശിക്കുന്നു. ആകയാല്‍ നിങ്ങള്‍ ഭയപ്പെടേണ്ട: കര്‍ത്താവിനെ നോക്കാനും ജീവിതത്തെ കൈകാര്യം ചെയ്യാനും നിനക്ക് ഭയമുള്ളപ്പോഴും അവിടന്ന് നിന്‍റെ ജീവിതത്തെ സ്നേഹിക്കുന്നു. ഉത്ഥാനത്തില്‍ അവിടന്ന് നിനക്കു കാണിച്ചുതരുന്നത് ആ ജീവിതത്തെ അവിടന്ന് എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്നാണ്. അതിന് അവിടന്ന് ആ ജീവിതം പൂര്‍ണ്ണമായി ജീവിക്കുന്നു, അതായത്  കഠോരവേദനയും തള്ളിക്കളയപ്പെടലും മരണവും, പാതാളവും അനുഭവിച്ചറിയുകപോലും ചെയ്യുന്നു. എന്നിട്ട് അവിടന്ന് അവയെ ജയിച്ച് പുറത്തേക്കു വരുന്നത് :”നീ ഒറ്റയ്ക്കല്ല; എന്നില്‍ വിശ്വാസമര്‍പ്പിക്കൂ” എന്നു പറയാനാണ്. നമ്മുടെ മൃതരെ ജീവനുള്ളവരായി, വിലാപങ്ങളെ ആനന്ദ നൃത്തങ്ങളായി രൂപാന്തരപ്പെടുത്തുന്നതില്‍ വിദഗ്ദ്ധനാണ് യേശു; അവിടത്തോടൊപ്പം നമുക്ക് പെസഹാ, അതായത്, “കടന്നുപോക്ക്” പൂര്‍ത്തിയാക്കാനാകും. ഇത്, അടച്ചിടലില്‍ നിന്ന് കൂട്ടായ്മയിലേക്കുള്ള കടക്കലാണ്, ഒറ്റപ്പെടലില്‍ നിന്ന് സമാശ്വാസത്തിലേക്കുള്ള കടക്കലാണ്, ഭയത്തില്‍ നിന്ന് വിശ്വാസത്തിലേക്കുള്ള കടക്കലാണ്. ഭയന്നു തലകുനിച്ചു നില്ക്കേണ്ടവരല്ല നമ്മള്‍, ഉത്ഥിതനായ യേശുവിനെ നമുക്കു നോക്കാം: അവിടത്തെ ദര്‍ശനം നമ്മില്‍ പ്രത്യാശ നറയ്ക്കും, കാരണം നാം സദാ സ്നേഹക്കപ്പെട്ടവരാണെന്നും നാം എന്തൊക്കെ ചെയ്താലും അവിടത്തെ സ്നേഹത്തിന് മാറ്റമുണ്ടാകില്ലെന്നും അവിടന്നു നമ്മോടു പറയുന്നു. ഇതാണ് മാറ്റംവരുത്താനാകാത്ത ജീവന്‍റെ സാക്ഷിപത്രം: അവിടത്തെ സ്നേഹം മാറ്റമില്ലാത്തതാണ്. നമുക്ക് സ്വയം ചോദിക്കാം: ജീവിതത്തില്‍ ഞാന്‍ നോക്കുന്നത് എവിടേയ്ക്കാണ്? കല്ലറയിലേക്കാണോ അതോ ജീവിച്ചിരിക്കുന്നവനെയാണോ ഞാന്‍ നോക്കുന്നത്?

യേശുവചനം വിസ്മരിക്കരുത്

“ജീവിച്ചിരിക്കുന്നവനെ നിങ്ങള്‍ മരിച്ചവര്‍ക്കിടയില്‍ അന്വേഷിക്കുന്നത് എന്തിന്?” ദൈവദൂതരുടെ ഈ ഓര്‍മ്മപ്പെടുത്തല്‍ സ്ത്രീകള്‍ ശ്രവിക്കുന്നു:”താന്‍ ഗലീലിലയില്‍ ആയിരുന്നപ്പോള്‍ത്തന്നെ യേശു നിങ്ങളോടു പറഞ്ഞത് നിങ്ങള്‍ ഓര്‍മ്മിക്കുവിന്‍” (ലൂക്കാ 24,6) എന്ന് ദൈവദൂതര്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു. ആ സ്ത്രീകള്‍ പ്രത്യാശ നഷ്ടപ്പെട്ടവരായിരുന്നു, കാരണം യേശുവിന്‍റെ വാക്കുകള്‍ അവര്‍ മറന്നുപോയിരുന്നു.

കല്ലറയിങ്കല്‍ എത്ര നേരം?

ആ സ്ത്രീകള്‍ യേശുവിനെ ഓര്‍ത്തുകൊണ്ട് കല്ലറവിടുന്നു. കല്ലറയിങ്കല്‍ അല്പനേരം മാത്രമെ വിശ്വാസി നിലയുറപ്പിക്കുയുള്ളു എന്ന് ഉത്ഥാനം നമ്മെ പഠിപ്പിക്കുന്നു. കാരണം ജീവിച്ചിരിക്കുന്നവനുമായുള്ള കൂടിക്കാഴ്ചയ്ക്കായി പോകാന്‍ വിളിക്കപ്പെട്ടവനാണ് വിശ്വാസി. നമുക്ക് ആത്മശോധന ചെയ്യാം: എന്‍റെ ജീവിതത്തില്‍ എവിടേക്കാണ് ഞാന്‍ നടക്കുന്നത്? ചിലപ്പോഴൊക്കെ നാം നമ്മുടെ പ്രശ്നങ്ങളുടെ നേര്‍ക്കു മാത്രമാണ് നീങ്ങുന്നത്. പ്രശ്നങ്ങള്‍ നിരവധിയാണ്. കര്‍ത്താവിന്‍റെ സഹായം തേടുക.

കേന്ദ്രസ്ഥാനം ക്രിസ്തുവിന്

പ്രിയ സഹോദരീ സഹോദരന്മാരേ, നമുക്ക് നമ്മുടെ ജീവിതത്തില്‍ കേന്ദ്രസ്ഥാനം “ജീവിച്ചിരിക്കുന്നവന്” നല്കാം. പ്രശ്നങ്ങളുടെ കുത്തൊഴുക്കില്‍, പ്രശ്നങ്ങളുടെ കടലില്‍പ്പെട്ടുപോകാതിരിക്കാനും പാപത്തിന്‍റെ കല്ലുകളിലും വിശ്വാസരാഹിത്യത്തിന്‍റെയും ഭയത്തിന്‍റെയും പാറകളിലും തട്ടിത്തകരാതിരിക്കാനുമുള്ള അനുഗ്രഹത്തിനായി നമുക്കു പ്രാര്‍ത്ഥിക്കാം. നമുക്ക് അവിടത്തെ അന്വേഷിക്കാം, നമ്മെ തേടാന്‍ അവിടത്തെ അനുവദിക്കാം, സകലത്തിലും അവിടത്തെ തേടാം, എല്ലാത്തിലുമുപരിയായി അവിടത്തെ അന്വേഷിക്കാം. അവിടത്തോടൊപ്പം നാം ഉയിര്‍ത്തെഴുന്നേല്ക്കും.  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 April 2019, 09:36