തിരയുക

ഫ്രാന്‍സീസ് പാപ്പാ ഞായറാഴ്ച (07/04/2019) നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്നതിന്  വത്തിക്കാനില്‍  വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍  സമ്മേളിച്ചവരുടെ ഒരു ദൃശ്യം ഫ്രാന്‍സീസ് പാപ്പാ ഞായറാഴ്ച (07/04/2019) നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്നതിന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ സമ്മേളിച്ചവരുടെ ഒരു ദൃശ്യം 

യേശുവിനോട് മാപ്പപേക്ഷിക്കാന്‍ ഭയപ്പെടേണ്ടതില്ല-പാപ്പാ

നമ്മോടു പൊറുക്കുമ്പോള്‍, യേശു, നമുക്ക് മുന്നേറാനുള്ള ഒരു പുതിയ വഴി എല്ലായ്പോഴും തുറക്കുന്നുണ്ട്. നാം പാപികളാണെന്ന് തിരിച്ചറിയാനും ദൈവത്തോടു മാപ്പപേക്ഷിക്കാനും ഈ തപസ്സുകാലത്ത് നാം വിളിക്കപ്പെട്ടിരിക്കുന്നു. ഫ്രാന്‍സീസ് പാപ്പായുടെ ത്രികാലജപ വിചിന്തനം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഞായറാഴ്ചകളിലെ പതിവനുസരിച്ച്, ഈ ഞായറാഴ്ചയും (07/04/19) മദ്ധ്യാഹ്നത്തില്‍,  ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ നയിച്ച ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്നതിന് വിവിധരാജ്യക്കാരായിരുന്ന നിരവധി വിശ്വാസികള്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അങ്കണത്തില്‍, സന്നിഹിതരായിരുന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഉച്ചതിരിഞ്ഞ് 3.30 ന് അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പാപ്പാ പ്രത്യക്ഷനായപ്പോള്‍, വിശ്വാസികളുടെ കരഘോഷവും ആനന്ദാരവങ്ങളും ഉയര്‍ന്നു. വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച (07/04/19) ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥ ഭാഗങ്ങളില്‍, യോഹന്നാന്‍റെ സുവിശേഷം,  8-Ↄ○ അദ്ധ്യായം 1-11 വരെയുള്ള വാക്യങ്ങള്‍, അതായത്, വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയെ ഫരിസേയരും നിയമജ്ഞരും ചേര്‍ന്ന് യേശുവിന്‍റെ പക്കല്‍ കൊണ്ടുവരുകയും, വ്യഭിചാരിണിയെ കല്ലെറിയണമെന്ന മോശയുടെ നിയമത്തെക്കുറിച്ചു ഓര്‍മ്മിപ്പിക്കുകയും എന്നി‌ട്ട് യേശുവിന്‍റെ പ്രതികരണം പ്രതീക്ഷിച്ചിരുന്ന അവരോട് “നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെയെന്ന് അവിടന്നു പറയുകയും ചെയ്യുന്നതും അപ്രതീക്ഷിതമായിരുന്ന ഈ വാക്കുകള്‍ കേട്ട് അവര്‍ സ്ഥലം വിടുന്നതും, അവിടന്ന് പാപിനിയോടു പൊറുക്കുന്നതുമായ സംഭവം, ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം. 

പാപ്പായുടെ പ്രഭാഷണം:

പ്രിയ സഹോദരീസഹോദരന്മാരേ ശുഭദിനം!

നോമ്പുകാലത്തിലെ അഞ്ചാമത്തെതായ ഈ ഞായറാഴ്ച ആരാധനാക്രമം അവതരിപ്പിക്കുന്നത് വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയുടെ സംഭവമാണ്. ഈ സംഭവത്തില്‍ പരസ്പര വിരുദ്ധങ്ങളായ രണ്ടു മനോഭാവങ്ങള്‍ പ്രകടമാണ്: ഒരു വശത്ത് നിയമജ്ഞരുടെയും ഫരിസേയരുടെയും, മറുവശത്ത് യേശുവിന്‍റെയും മനോഭാവം. ഇവരില്‍ ആദ്യഗണത്തിലുള്ളവര്‍ ആ സ്ത്രീയെ ശിക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്തെന്നാല്‍, തങ്ങള്‍ നിയമത്തിന്‍റെയും അതിന്‍റെ വിശ്വസ്തമായ പാലനത്തിന്‍റെയും സംരക്ഷകരാണെന്ന് സ്വയം കരുതുന്നവരാണ് ഇക്കൂട്ടര്‍. എന്നാല്‍ യേശുവാകട്ടെ അവളെ രക്ഷിക്കാന്‍ ശ്രമിക്കുന്നു, കാരണം മാപ്പു നല്കി വീണ്ടെടുക്കുകയും അനുരഞ്ജനപ്പെടുത്തി നവീകരിക്കുകയും ചെയ്യുന്ന ദൈവത്തിന്‍റെ കാരുണ്യത്തെ അവിടന്ന് മൂര്‍ത്തീകരിക്കുന്നു.

വ്യഭിചാരിണി യേശുവിന്‍റെ മുന്നിലേക്കാനയിക്കപ്പെടുന്നു

ആകയാല്‍ ആ സംഭവം എപ്രകാരമായിരുവെന്നു നമുക്കൊന്നു നോക്കാം. യേശു ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരിക്കവെ, നിയമജ്ഞരും ഫരിസേയരും വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയെ അവിടത്തെയടുത്തേക്കു കൊണ്ടുവരുന്നു; ആ സ്ത്രീയെ അവര്‍ നടക്കു നിറുത്തുന്നു. എന്നി‌ട്ട്, മോശയുടെ നിയമമനുസരിച്ച് അവളെ കല്ലെറിയണോ വേണ്ടയോ എന്ന് അവര്‍ യേശുവിനോട് ചോദിക്കുന്നു. അവര്‍ ഈ ചോദ്യം ഉന്നയിച്ചത് യേശുവില്‍ “കുറ്റമാരോപിക്കാനും അവനെ പരീക്ഷിക്കാനും വേണ്ടിയായിരുന്നു” എന്ന് സുവിശേഷകന്‍ വ്യക്തമാക്കുന്നുണ്ട്(യോഹന്നാന്‍ 8:6). അവരുടെ ഉദ്ദേശം ഇതായിരുന്നു, നോക്കണേ, ഇക്കൂട്ടരുടെ കുടിലത-- യേശു “കല്ലെറിയരുത്” എന്നു പറയുകയാണെങ്കില്‍ മോശയുടെ നിയമത്തെ ധിക്കരിച്ചു എന്ന കുറ്റം അവിടത്തെമേല്‍ ആരോപിക്കാം. നേരെ മറിച്ച്, കല്ലെറിയാന്‍ സമ്മതമരുളുകയാണെങ്കില്‍ റോമന്‍ ഭരണാധികാരികളു‌ടെ പക്കല്‍ യേശുവിനെതിരെ പരാതിപ്പെടുകയും ചെയ്യാം. കാരണം ശിക്ഷ നടപ്പാക്കാനുള്ള അവകാശം റോമന്‍ ഭരണാധികരിക്കള്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. ജനക്കൂട്ടം ശിക്ഷ നടപ്പാക്കുന്നത് റോമന്‍ ഭരണകൂടം നിരോധിക്കുകയും ചെയ്തിരിക്കുന്നു. യേശുവാകട്ടെ ഒരുത്തരം നല്കാന്‍ നിര്‍ബന്ധിതനായി.

നിയമത്തിന്‍റെ കാവല്‍ക്കാരെന്ന ഭാവം

യേശുവുമായി സംവദിച്ചിരുന്നവര്‍ ഇടുങ്ങിയ നൈയമികതയില്‍ കുടുങ്ങിക്കിടക്കുന്നവരും വിധിതീര്‍പ്പിനെയും ശിക്ഷവിധിക്കുന്നതിനെയും സംബന്ധിച്ച തങ്ങളുടെതായ ഒരു വീക്ഷണത്തിനുള്ളില്‍ ദൈവസുതനെ തളച്ചിടാന്‍ ആഗ്രഹിക്കുന്നവരുമായിരുന്നു. എന്നാല്‍ അവിടന്നു ലോകത്തിലേക്കു വന്നത് വിധിക്കാനും ശിക്ഷിക്കാനുമല്ല, പന്നെയോ, രക്ഷിക്കാനും മനുഷ്യന് പുതുജീവന്‍ പ്രദാനം ചെയ്യാനുമാണ്. ഈ പരിക്ഷണത്തിനു മുന്നില്‍ യേശു എപ്രകാരമാണ് പ്രതികരിക്കുന്നത്? ശിലയില്‍ നിയമം ഉല്ലേഖനം ചെയ്ത ദൈവമാണ് ഏക നിയമകര്‍ത്താവും വിധിയാളനും എന്ന് ഓര്‍മ്മപ്പെടുത്താനെന്ന പോലെ, സര്‍വ്വോപരി, അവിടന്ന് അല്പസമയം മൗനം പാലിക്കുകയും കുനിഞ്ഞ് നിലത്ത് വിരല്‍ കൊണ്ട് എഴുതുകയും ചെയ്യുന്നു. എന്നിട്ട് അവിടന്ന് പറയുന്നു: ”നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ” (യോഹന്നാന്‍ 8:7). ഇപ്രകാരം യേശു, “നീതിയുടെ യോദ്ധാക്കള്‍” എന്ന് സ്വയം കരുതിയിരുന്ന അവരുടെ മന:സാക്ഷിയെ ഓര്‍മ്മപ്പെടുത്തുകയാണ്. അതായത്, അവരുടെ പാപാവസ്ഥയെക്കുറിച്ച് യേശു അവരെ ഓര്‍മ്മിപ്പിക്കുന്നു. അതുകൊണ്ട് മറ്റുള്ളവരുടെ ജീവന്‍റെയൊ മരണത്തിന്‍റെയൊ മേലുള്ള അവകാശം കവര്‍ന്നെടുക്കാന്‍ അവര്‍ ശ്രമിക്കരുത്. സുവിശേഷം പറയുന്നു, ആ സമയത്ത്, മുതിര്‍ന്നവര്‍ തുടങ്ങി, അതായത്, തങ്ങളുടെ ദുര്‍ഭഗാവസ്ഥയെക്കുറിച്ച് ഉപരിയവബോധം പുലര്‍ത്തുന്നവര്‍, ഓരോരുത്തരായി എല്ലാവരും, ആ സ്തീയെ കല്ലെറിയാന്‍ തുനിയാതെ സ്ഥലം വിട്ടു എന്ന്. നാം പാപികളാണെന്ന അവബോധം പുലര്‍ത്താനും ചിലപ്പോഴൊക്കെ മറ്റുള്ളവര്‍ക്കെതിരെ എറിയാനുള്ള നിന്ദനത്തിന്‍റെയും ശിക്ഷവിധിക്കലിന്‍റെയും പരദൂഷണത്തിന്‍റെയും കല്ലുകള്‍ നമ്മുടെ കൈകളില്‍ നിന്ന് താഴെയിടാനും ഈ രംഗം, നമ്മെ ക്ഷണിക്കുന്നു. പരദൂഷണം പറയുമ്പോഴും കല്ലെറിയുമ്പോഴും നാം വ്യഭിചാരിണിയെ കല്ലെറിയാന്‍ ശ്രമിച്ചവര്‍ക്ക് തുല്ല്യരായിത്തീരുന്നു.

"മേലില്‍ പാപം ചെയ്യരുത്"

അവസാനം യേശുവും ആ സ്ത്രീയും മാത്രം അവശേഷിക്കുന്നു: വിശുദ്ധ അഗസ്റ്റിന്‍ പറയുന്നു: “നിന്ദ്യയും കരുണയും” അവശേഷിച്ചു എന്ന്. കുറ്റമില്ലാത്തവനായി യേശു മാത്രമെയുള്ളു. ആകയാല്‍ അവിടത്തേക്കു മാത്രമേ അവളെ കല്ലെറിയാന്‍ പറ്റുമായിരുന്നുള്ളു. എന്നാല്‍ അവിടന്ന്  അതു ചെയ്യുന്നില്ല, കാരണം, ദൈവം പാപി മരിക്കണമെന്നല്ല, പ്രത്യുത, മാനസാന്തരപ്പെടുകയും ജീവിക്കുകയും ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത് (എസെക്കിയേല്‍ 33,11). മനോഹരങ്ങളായ ഈ വാക്കുകള്‍ പറഞ്ഞുകൊണ്ട് യേശു ആ സ്ത്രീയെ പറഞ്ഞയക്കുന്നു: ”പൊയ്ക്കൊള്ളുക, മേലില്‍ പാപം ചെയ്യരുത്” (യോഹന്നാന്‍:8,11). അതാണ് യേശു. അവിടന്ന് അവള്‍ക്കു മുന്നില്‍ പുതിയൊരു പാത തുറക്കുന്നു, അത് കാരുണ്യത്താല്‍ നിര്‍മ്മിതമാണ്, മേലില്‍ പാപം ചെയ്യാതിരിക്കാനുള്ള പരിശ്രമം ആവശ്യപ്പെടുന്ന ഒരു സരണിയാണത്. ആ ക്ഷണം നമുക്കോരോരുത്തര്‍ക്കുമുള്ളതാണ്. നമ്മോടു പൊറുക്കുമ്പോള്‍ യേശു നമുക്ക് മുന്നേറാനുള്ള ഒരു പുതിയ വഴി എല്ലായ്പോഴും തുറക്കുന്നുണ്ട്. നാം പാപികളാണെന്ന് തിരിച്ചറിയാനും ദൈവത്തോടു മാപ്പപേക്ഷിക്കാനും ഈ തപസ്സുകാലത്ത് നാം വിളിക്കപ്പെട്ടിരിക്കുന്നു. ഈ പാപപ്പൊറുതിയാകട്ടെ നമ്മെ അനുരഞ്ജിതരാക്കുകയും നമുക്ക് സമാധാനം പ്രദാനം ചെയ്യുകയും ചെയ്യുന്നതോടൊപ്പം നവീകൃതമായ ഒരു ചരിത്രത്തിന്  തുടക്കംകുറിക്കാന്‍ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ഓരോ യഥാര്‍ത്ഥ മാനസാന്തരവും നവമായൊരു ഭാവിയും പുത്തന്‍ ജീവിതവും ലക്ഷ്യം വയ്ക്കുന്നതാണ്. സുന്ദരവും പാപരഹിതവും ഉദാരവുമായ ഒരു ജീവിതമാണത്. യശുവിനോട് മാപ്പപേക്ഷിക്കാന്‍ നാം ഭയപ്പെടേണ്ടതില്ല. എന്തെന്നാല്‍ അവിടന്ന് ഈ നവജീവന്‍റെ വാതില്‍ നമുക്കായി തുറക്കുന്നു.

പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാദ്ധ്യസ്ഥ്യം 

യേശുവില്‍ നമ്മോടു പൊറുക്കുകയും നമ്മുടെ അസ്തിത്വത്തെ നവീകരിക്കുകയും പുത്തന്‍ സാധ്യതകള്‍ എന്നും നമുക്കേകുകയും ചെയ്യുന്ന ദൈവത്തിന്‍റെ  കരുണാര്‍ദ്രസ്നേഹത്തിന് സാക്ഷ്യം വഹിക്കാന്‍ പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ.  

ഈ വാക്കുകളെ തുടര്‍ന്ന് കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രാര്‍ത്ഥന നയിച്ച പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലികാശീര്‍വ്വാദം നല്കി.

ആശീര്‍വ്വാദാനന്തരം പാപ്പാ ചത്വരത്തില്‍ സന്നിഹിതരായിരുന്ന റോമാക്കാരും വിവിധ രാജ്യക്കാരുമായിരുന്ന തീര്‍ത്ഥാടകരെയും  വിദ്യാര്‍ത്ഥികളെയും അഭിവാദ്യം ചെയ്തു.

ഇറ്റലിയിലെ സെത്തിഞ്ഞാനൊ, സ്കന്തീച്ചി എന്നിവിടങ്ങളില്‍ നിന്നെത്തിയിരുന്ന ഈ അടുത്ത് സ്ഥൈര്യലേപനം സ്വീകരിച്ച കുട്ടികളും ഉണ്ടായിരുന്നതിനാല്‍ അവരെ പ്രത്യേകം സംബോധന ചെയ്ത പാപ്പാ, യേശുവിന്‍റെയും സുവിശേഷത്തിന്‍റെയും ധീര സാക്ഷികളാകാന്‍ അവര്‍ക്ക് പ്രചോദനം പകര്‍ന്നു.

സ്ഥൈര്യലേപനം വഴി നാം എന്നും ധീരതയില്‍ വളരണമെന്നും ധൈര്യമുള്ളവരാകണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

തദ്ദനന്തരം എല്ലാവര്‍ക്കും  ശുഭ ഞായര്‍ ആശംസിച്ച പാപ്പാ, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിക്കുകയും ചെയ്തു. അതിനുശേഷം, എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാം, “അരിവെദേര്‍ച്ചി" (arrivederci) എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ പറയുകയും ചെയ്തുകൊണ്ട് പാപ്പാ സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 April 2019, 12:30