തിരയുക

ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ ത്രികാലാപ്രാര്‍ത്ഥനാവേളയില്‍-28/04/2019 ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ ത്രികാലാപ്രാര്‍ത്ഥനാവേളയില്‍-28/04/2019 

യേശുവിന്‍റെ മുറിവുകളിലേക്കു നോക്കുക!

യേശുവിന്‍റെ മുറിവുകള്‍ സമാധാനസ്രോതസ്സുകളാണ്. എന്തെന്നാല്‍, മനുഷ്യന്‍റെ വൈര്യശക്തികളായ പാപത്തെയും തിന്മയെയും മരണത്തെയും പരാജയപ്പെടുത്തിയ യേശുവിന്‍റെ അമേയസ്നേഹത്തിന്‍റെ അടയാളമാണ് ആ മുറിവുകള്‍. ആ മുറിവുകളെ തൊടാന്‍ യേശു ആവശ്യപ്പെടുന്നു. അതു നമുക്കള്ള ഒരു പാഠമാണ്. “നിനക്കു സമാധനമില്ലെങ്കില്‍ നീ എന്‍റെ മുറിവുകളില്‍ തൊടുക” എന്ന് അവിടന്ന് നാമെല്ലാവരോടും പറയുന്നതു പോലെയാണ് അത്- ഫ്രാന്‍സീസ് പാപ്പായുടെ ത്രികാലപ്രാര്‍ത്ഥനാ സന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഞായറാഴ്ചകളിലെ പതിവനുസരിച്ച്, ഈ ഞായറാഴ്ചയും (28/04/19) മദ്ധ്യാഹ്നത്തില്‍,  ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ നയിച്ച ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്നതിന് വിവിധരാജ്യക്കാരായിരുന്ന നിരവധി വിശ്വാസികള്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അങ്കണത്തില്‍, സന്നിഹിതരായിരുന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഉച്ചതിരിഞ്ഞ് 3.30 ന് അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പാപ്പാ പ്രത്യക്ഷനായപ്പോള്‍, വിശ്വാസികളുടെ കരഘോഷവും ആനന്ദാരവങ്ങളും ഉയര്‍ന്നു. വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഉയിര്‍പ്പുതിരുന്നാളിനു ശേഷമുള്ള പ്രഥമ ഞായറാഴ്ച (28/04/19) ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥ ഭാഗങ്ങളില്‍, യോഹന്നാന്‍റെ സുവിശേഷം,  20-Ↄ○ അദ്ധ്യായം 19-31 വരെയുള്ള വാക്യങ്ങള്‍, അതായത്, മുറിയില്‍ ഭയന്ന് കതകടച്ചിരുന്ന ശിഷ്യന്മാര്‍ക്ക് ഉത്ഥിതന്‍ പ്രത്യക്ഷപ്പെട്ട് അവര്‍ക്ക് സമധാനം ആശംസിക്കുകയും പരിശുദ്ധാത്മാവിനെ നല്കുകയും പാപങ്ങള്‍ മോചിക്കാനുള്ള അധികാരം പ്രദാനം ചെയ്യുകയും ചെയ്യുന്നതും ആ സമയത്ത് അവിടെ ഇല്ലാതിരുന്ന തോമാശ്ലീഹാ താന്‍ ഉത്ഥിതനെ കണ്ടും തൊട്ടുമറിഞ്ഞു മാത്രമെ വിശ്വാസിക്കുകയുള്ളു എന്ന് നിര്‍ബന്ധം പിടിച്ച പശ്ചാത്തലത്തില്‍ ഉത്ഥിതന്‍ വീണ്ടും പ്രത്യക്ഷനാകുന്നതും തോമാശ്ലീഹാ “എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ” എന്നുദ്ഘോഷിച്ചുകൊണ്ട് വിശ്വാസം പ്രഖ്യാപിക്കുന്നതുമായ സംഭവം, ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം. 

പാപ്പായുടെ പ്രഭാഷണം:

പ്രിയ സഹോദരീസഹോദരന്മാരേ ശുഭദിനം!

ഉത്ഥാനദിനത്തില്‍ സായാഹ്നത്തില്‍ യേശു, സമാധാനം, സന്തോഷം, പ്രേഷിതദൗത്യം എന്നീ മൂന്നു സമ്മാനങ്ങളുമായി അവിടത്തെ ശിഷ്യര്‍ക്ക് ഊട്ടുശാലയില്‍ പ്രത്യക്ഷനാകുന്ന സംഭവമാണ് ഇന്നത്തെ സുവിശേഷം അവതരിപ്പിക്കുന്നത്.

സമാധാനവും പഞ്ചക്ഷതങ്ങളും

യേശു ഉച്ചരിക്കുന്ന ആദ്യ വാക്കുകള്‍ “നിങ്ങള്‍ക്കു സമാധാനം” (യോഹന്നാന്‍ 20:21) എതാണ്. ഉത്ഥിതന്‍ യഥാര്‍ത്ഥ ശാന്തി കൊണ്ടുവരുന്നു. എന്തെന്നാല്‍, തന്‍റെ  കുരിശുയാഗത്താല്‍ അവിടന്ന് നരകുലത്തെ ദൈവവുമായി അനുരഞ്ജിതമാക്കുകയും പാപത്തെയും മരണത്തെയും ജയിക്കുകയും ചെയ്തു. ഇതാണ് സമാധാനം. അവിടത്തെ ശിഷ്യര്‍ക്കാണ് ആദ്യം ഈ സമാധാനം ആവശ്യമായിരുന്നത്. കാരണം, തങ്ങളുടെ ഗുരു പിടിക്കപ്പെടുകയും മരണത്തിന് വിധിക്കപ്പെടുകയും ചെയ്തതിനുശേഷം അവര്‍ ശൂന്യതാബോധത്തിന്‍റെയും ഭീതിയുടെയും കയത്തില്‍ നിപതിച്ചിരുന്നു. യേശു ജീവനോടെ അവരുടെ മുന്നില്‍ പ്രത്യക്ഷനാകുന്നു, തന്‍റെ മുറിവുകള്‍ അവര്‍ക്കു  കാണിച്ചുകൊടുക്കുന്നു. തന്‍റെ ആ മുറിവുകള്‍ യേശു സ്വന്തം മഹത്വീകൃത ഗാത്രത്തില്‍  നിലനിറുത്തി. തന്‍റെ വിജയത്തിന്‍റെ ഫലമായ സമാധാനം അവിടന്ന് അവര്‍ക്ക് പ്രദാനം ചെയ്യുന്നു. എന്നാല്‍ ആ സായാഹ്നത്തില്‍ തോമാശ്ലീഹാ അവിടെ സന്നിഹിതനായിരുന്നില്ല. ഈ അസാധാരണ സംഭവത്തെക്കുറിച്ചു കേ‌ട്ട തോമാശ്ലീഹാ ഇതര അപ്പലസ്തോലന്മാരുടെ സാക്ഷ്യത്തിനു മുന്നില്‍ സംശയത്തോടെ നിലകൊള്ളുകയും അവര്‍ പറയുന്ന കാര്യങ്ങള്‍ നേരിട്ടു മനസ്സിലാക്കിയതിനു ശേഷമെ വിശ്വസിക്കുകയുള്ളു എന്നു വ്യക്തമാക്കുകയും ചെയ്യുന്നു. ഉത്ഥാനത്തിനു ശേഷമുള്ള ഇന്നത്തെപ്പോലെ തന്നെയുള്ള ഒരു ദിവസം, അഷ്ടദിനാനന്തരം, പ്രത്യക്ഷീകരണം ആവര്‍ത്തിക്കപ്പെടുന്നു. തോമസിന്‍റെ അവിശ്വാസത്തെ യേശു നേരിടുന്നു, തന്‍റെ   മുറിവുകളെ സ്പര്‍ശിക്കാന്‍ അവിടന്ന് തോമാശ്ലീഹായെ ക്ഷണിക്കുന്നു. ഈ മുറിവുകള്‍ സമാധാനസ്രോതസ്സുകളാണ്. എന്തെന്നാല്‍, മനുഷ്യന്‍റെ വൈര്യശക്തികളായ പാപത്തെയും തിന്മയെയും മരണത്തെയും പരാജയപ്പെടുത്തിയ യേശുവിന്‍റെ അമേയസ്നേഹത്തിന്‍റെ   അടയാളമാണ് ആ മുറിവുകള്‍. ആ മുറിവുകളെ തൊടാന്‍ യേശു ആവശ്യപ്പെടുന്നു. അതു നമുക്കള്ള ഒരു പാഠമാണ്. “നിനക്കു സമാധനമില്ലെങ്കില്‍ നീ എന്‍റെ മുറിവുകളില്‍ തൊടുക” എന്ന് അവിടന്ന് നാമെല്ലാവരോടും പറയുന്നതു പോലെയാണ് അത്. നിരവധിയായ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പീഢനങ്ങളും രോഗങ്ങളുമായ യേശുവിന്‍റെ മുറിവുകളെ തൊടുക. നീ സമാധാനം അനുഭവിക്കുന്നില്ലേ? എങ്കില്‍, നീ പോയി, യേശുവിന്‍റെ മുറിവിന്‍റെ പ്രതീകമായ  ആരെയെങ്കിലും സന്ദര്‍ശിക്കുക. യേശുവിന്‍റെ ആ മുറിവില്‍ സ്പര്‍ശിക്കുക. ആ മുറിവുകളില്‍ നിന്ന് കാരുണ്യം വഴിഞ്ഞൊഴുകുന്നു. ആകയാല്‍ ഇന്ന് കാരുണ്യ‍ഞായര്‍ ആണ്. ആകയാല്‍, ക്രൂശിതനായ യേശുവിന്‍റെ   ശരീരം കാരുണ്യഭാണ്ഡമാണെന്നും ആ കാരുണ്യം അവിടത്തെ മുറിവുകളിലൂടെ നമ്മിലേക്കൊഴുകുന്നുവെന്നും ഒരു വിശുദ്ധന്‍ പറയുമായിരുന്നു. നാമെല്ലാവരും കാരുണ്യം ആവശ്യമുള്ളവരാണ്. അതു നമുക്കറിയാം. നമുക്ക് യേശുവിന്‍റെ ചാരത്തണയാം. യാതനകളനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളില്‍ നമുക്കു അവിടത്തെ മുറിവുകളെ സ്പര്‍ശിക്കാം. യേശുവിന്‍റെ മുറിവുകള്‍ ഒരു നിധിയാണ്. അവയില്‍ നിന്നാണ് കാരുണ്യം നിര്‍ഗ്ഗമിക്കുന്നത്.  ധൈര്യമുള്ളവരാകുകയും യേശുവിന്‍റെ മുറിവുകളെ തൊടുകയും ചെയ്യാം നമുക്ക്. ഈ മുറിവുകളോടെയാണ് യേശു സ്വര്‍ഗ്ഗീയപിതാവിന്‍റെ മുന്നില്‍ നില്ക്കുന്നത്. ആ മുറിവുകള്‍ അവിടന്ന് പിതാവിന് കാണിച്ചുകൊടുത്തുകൊണ്ട് ഇങ്ങനെ പറയുമായിരിക്കും: “പിതാവേ, ഈ മുറിവുകളാണ് ഞാന്‍ എന്‍റെ  സഹോദരങ്ങള്‍ക്കായി നല്കിയ വില”. തന്‍റെ മുറിവുകള്‍ കാണിച്ചുകൊണ്ട് യേശു നമുക്കായി പിതാവിനോട് പ്രാര്‍ത്ഥിക്കുന്നു. അവിടത്തെ സമീപിക്കുകയാണെങ്കില്‍ അവിടന്ന് നമുക്കു കാരുണ്യം പ്രദാനം ചെയ്യുകയും നമുക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യും. യേശുവിന്‍റെ മുറിവുകളെ നാം വിസ്മരിക്കരുത്.

ആനന്ദം

ശിഷ്യര്‍ക്ക് യേശു നല്കുന്ന രണ്ടാമത്തെ സമ്മാനം സന്തോഷമാണ്. കര്‍ത്താവിനെ കണ്ട് “ശിഷ്യന്മാര്‍ സന്തോഷിച്ചു” (യാഹന്നാന്‍ 20:20) എന്നാണ് സുവിശേഷകന്‍ പറയുന്നത്. ലൂക്കായുടെ സുവിശേഷത്തില്‍ ഒരു വാക്യമുണ്ട്, അതായത്, സന്തോഷംകൊണ്ട് അവര്‍ക്ക് വിശ്വസിക്കാനായില്ല. ചിലപ്പോള്‍ നമ്മുടെ കാര്യത്തിലും അങ്ങനെ സംഭവിക്കാറുണ്ടല്ലോ, അവിശ്വസനീയവും മനോഹരവുമായ എന്തെങ്കിലും സംഭവിക്കുമ്പോള്‍ നാം പറഞ്ഞുപോകും “എനിക്കിതു വിശ്വസിക്കാന്‍ കഴിയുന്നില്ല, ഇതു സത്യമല്ല” എന്നൊക്കെ. ശിഷ്യന്മാരും അങ്ങനെയായിരുന്നു, സന്തോഷാധിക്യത്താല്‍ അവര്‍ക്ക് വിശ്വസിക്കാനായില്ല. ഇതാണ് യേശു നമുക്കായി കൊണ്ടുവരുന്ന ആനന്ദം. നീ ദുഃഖിതനെങ്കില്‍, നിനക്ക് സമാധാനമില്ലെങ്കില്‍ നീ ക്രൂശിതനായ യേശുവിനെ നോക്കുക, ഉത്ഥിതനായ യേശുവിനെ നോക്കുക, അവിടത്തെ മുറിവുകളെ നോക്കുക, ആ ആനന്ദം നുകരുക. ഉയിര്‍പ്പുകാലം സന്തോഷത്തിന്‍റ സമയമാണ്. അതുകൊണ്ടാണ് ആരാധനാക്രമം നിരന്തരം ആവര്‍ത്തിക്കുന്നത് “ഇത് കര്‍ത്താവൊരുക്കിയ ദിവസമാണ്. ഇന്ന് സന്തോഷിച്ചുല്ലസിക്കാം” (സങ്കീര്‍ത്തനം 118:24). നമ്മുടെ ആനന്ദത്തിന്‍റെ എറ്റവും വലിയ കാരണമാണ് യേശുവിന്‍റെ ഉത്ഥാനം. നമ്മുടെ സന്തോഷത്തിന് വിഘാതം സൃഷ്ടിക്കുന്ന ലോകത്തിലെ പ്രതിബന്ധങ്ങളെയും നിഷേധാത്മക ശക്തികളെയും യേശു ഇല്ലായ്മചെയ്തു. അങ്ങനെ യേശുവിന്‍റെ മരണോത്ഥനങ്ങളാല്‍ നമ്മുടെ അസ്തിത്വത്തിന് ഭാവാത്മകതയും പ്രത്യാശയും ലഭിച്ചു. അത് നമുക്ക് യഥാര്‍ത്ഥ ആനന്ദകാരണമാണ്.

പ്രേഷിതദൗത്യം

സമാധാനത്തിനും സന്തോഷത്തിനും പുറമെ യേശു ശിഷ്യന്മാര്‍ക്ക് പ്രേഷിതദൗത്യം എന്ന ദാനവും പ്രദാനം ചെയ്യുന്നു. അവിടന്ന് അരുളിച്ചെയ്യുന്നു: “പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു” (യോഹന്നാന്‍ 20:21). പരിശുദ്ധാരൂപിയുടെ സാന്നിധ്യത്താലും ശക്തിയാലും ലോകത്തെ രൂപാന്തരപ്പെടുത്താന്‍ കഴിവുറ്റ  സ്നേഹത്തിന്‍റെ നൂതനമായ ഒരു ബലതന്ത്രത്തിന് യേശുവിന്‍റെ പുനരുത്ഥാനം തുടക്കമിടുന്നു. ഈ സ്നേഹത്തിന്‍റെ വ്യാപനം നടക്കുന്നത് അപ്പോസ്തലന്മാരും അവരുടെ പിന്‍ഗാമികളും,  അതുപോലെതന്നെ, മറ്റെല്ലാ വിശ്വാസികളും വഴിയാണ്. ഉത്ഥാനമെന്ന വിസ്മയകരമായ സംഭവം പ്രഘോഷിക്കുകയെന്ന ദൗത്യം ഉത്ഥിതനായ യേശു ഒരോ ക്രൈസ്തവനും നല്കിയിരിക്കുന്നു. മാമ്മോദീസ സ്വീകരിച്ചിട്ടുള്ള ഓരോ വ്യക്തിയും യേശുവിന്‍റെ രക്ഷാകര ദൗത്യം ലോകത്തില്‍  സ്വന്തം വിളിക്കനുസൃതം തുടര്‍ന്നുകൊണ്ട്  സന്തോഷസമാധാനങ്ങളാകുന്ന ദാനങ്ങള്‍ സംവേദനം ചെയ്യാന്‍ വിളിക്കപ്പെട്ടിരിക്കുന്നു.

ഉയിര്‍പ്പുകാലത്തിലെ രണ്ടാമത്തെതായ ഈ ഞായറാഴ്ച നാം നമ്മുടെ ഹൃദയങ്ങള്‍ സമാധാനത്തിനും സന്തോഷത്തിനും പ്രേഷിതദൗത്യത്തിനുമായി തുറന്നിട്ടുകൊണ്ട് വിശ്വാസത്തോടുകൂടി ക്രിസ്തുവിന്‍റെ ചാരത്തണയാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ യേശുവിന്‍റെ മുറിവുകളെ നാം മറക്കരുത്, എന്തെന്നാല്‍ ആ മുറിവുകളില്‍ നിന്നാണ് സമാധാനവും ആനന്ദവും ദൈവിക കാരുണ്യപ്രഘോഷണവും രൂപാന്തരപ്പെടുത്തുകയും വീണ്ടെടുക്കുകയും ചെയ്യുന്ന ക്രിസ്തുവിന്‍റെ സ്നേഹത്തിനുള്ള സാക്ഷ്യമേകലുമായ പ്രേഷിതദൗത്യത്തിനുള്ള ശക്തിയും നിര്‍ഗ്ഗമിക്കുന്നത്. ഉത്ഥാനം ചെയ്ത ക്രിസ്തുവിന്‍റെ   അരൂപി  സഭയുടെ പ്രേഷിതദൗത്യത്തെ സദാ നയിക്കുകയും താങ്ങി നിറുത്തുകയും മെത്രാന്മാരെയും വൈദികരെയും സമര്‍പ്പിതരെയും എല്ലാ സ്നാനിതരെയും അവരുടെ വിളിയോടു വിശ്വസ്തരായി നിലനിറുത്തുകയും ചെയ്യട്ടെ. സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും രാജ്ഞിയായ കന്യകാമറിയത്തിന്‍റെ മാതൃസന്നിഭ മാദ്ധ്യസ്ഥ്യത്തിന് ഈ പ്രാര്‍ത്ഥന നമുക്കു സമര്‍പ്പിക്കാം.     

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 April 2019, 12:29