തിരയുക

ഫ്രാന്‍സിസ് പാപ്പാ  പൊതു കൂടികാഴ്ച്ചയില്‍....  ഫ്രാന്‍സിസ് പാപ്പാ പൊതു കൂടികാഴ്ച്ചയില്‍....  

ദൈവീക രഹസ്യം അപ്രാപ്ര്യമാം വിധം ഉന്നതമാണ്

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ രണ്ടാം അദ്ധ്യായത്തിലെ 42-44 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തിനം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

രണ്ടാമദ്ധ്യായം:

വിശുദ്ധിയുടെ വഴിയില്‍ നാം അഭിമുഖികരിക്കേണ്ടി വരുന്ന രണ്ടു ശത്രുക്കളാണ് “ഗ്നോസ്റ്റിസിസം”(Gnosticism),പെലേജിയനിസം”(Pelagianism) എന്ന പാഷണ്ഡതകള്‍. ഈ രണ്ടു പാഷണ്ഡതകളെയും സൂക്ഷിക്കാൻ പാപ്പാ നിർദ്ദേശിക്കുന്നു. എല്ലാം അറിയാമെന്ന ചിന്തയും, കരുണയില്ലാതെ നിയമങ്ങളിൽ മുറുകെ പിടിച്ചു നില്‍ക്കുന്ന മനോഭാവവും വിശുദ്ധിയുടെ മാർഗ്ഗത്തെ വിദൂരത്തിലാക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

സർവ്വ വ്യാപിയായ ദൈവ രഹസ്യം

42  നമ്മൾ തീർച്ചയെന്നു സങ്കൽപ്പിക്കുന്ന കാരണങ്ങളാൽ  ഒരു സ്ഥലത്തില്‍ അല്ലങ്കില്‍ ഒരു വ്യക്തിയില്‍ ദൈവം ഇല്ലെന്നു അവകാശപ്പെടാന്‍ കഴിയുകയില്ല. കാരണം ദൈവം സ്വയം തീരുമാനിക്കുന്നതനുസരിച്ചു എല്ലാ മനുഷ്യരുടെ ജീവിതത്തിലും നിത്യമായ ഒരു സാന്നിധ്യമാണ്. ഒരാളുടെ ജീവിതം പൂർണ്ണമായി തകർന്നെന്ന് കരുതുമ്പോൾ പോലും ദൈവം അവിടെയുമുണ്ട്. നമ്മുടെ മുന്‍വിധികളെ മാറ്റി ദൈവത്താൽ നയിക്കപ്പെടാൻ അനുവദിച്ചാൽ നമുക്ക് എല്ലാ മനുഷ്യ ജീവിതങ്ങളിലും കർത്താവിനെ കാണാൻ കഴിയും. കാണാൻ പരിശ്രമിക്കാന്‍ സാധിക്കും. എന്നാല്‍ ഈ നിഗൂഢതയുടെ വശം അറിവുകളുടെ അപ്പുറമാകയാല്‍ ഗ്നോസിസ്റ്റ്കളുടെ നിയന്ത്രണത്തിന് അതീതമാണ്. അതിനാൽ ദൈവീക രഹസ്യങ്ങളെ അംഗീകരിക്കാൻ അവര്‍ക്ക്  കഴിയാതെ പോകുന്നു.

ദൈവം ശിഷ്ടരെയും ദുഷ്ടരെയും ഒരേ പോലെ പരിപാലിക്കുന്നുവെന്ന് ബൈബിള്‍ നമ്മോടു പറയുന്നു. ദുഷ്ടരുടെയും,ശിഷ്ടരുടെയും മേൽ ഒരേ പോലെ മഴ പൊഴിക്കുന്ന ദൈവം. നീതിമാൻമാരുടേയും, പാപികളുടെയും മേൽ കരുണ കാണിക്കുന്ന ദൈവം. ദൈവം ഇല്ലാത്ത ഒരു സ്ഥലമോ, നിമിഷമോ, കാലമോ ഇല്ല. ദൈവമറിയാതെ ഒന്നും സംഭവിക്കുന്നില്ല. ഇതാണ് നമ്മുടെ വിശ്വാസം. സങ്കീർത്തകൻ പറയുന്നതിങ്ങനെയാണ്.

"ഈ അറിവ് എന്നെ വിസ്മയിപ്പിക്കുന്നു; ഇതെനിക്ക് അപ്രാപ്ര്യമാം വിധം അത് ഉന്നതമാണ്. അങ്ങയിൽ നിന്ന് ഞാൻ എവിടെപ്പോകും? അങ്ങയുടെ സന്നിധിവിട്ടു ഞാൻ എവിടെ ഓടിയൊളിക്കും? ആകാശത്തിൽ കയറിയാൽ അങ്ങ് അവിടെയുണ്ട്; ഞാൻ പാതാളത്തിൽ കിടക്കവിരിച്ചാൽ അങ്ങ് അവിടെയുണ്ട്; ഞാൻ പ്രഭാതത്തിന്‍റെ ചിറകുധരിച്ചു സമുദ്രത്തിന്‍റെ അതിർത്തിയിൽ ചെന്ന് വസിച്ചാൽ അവിടെയും അങ്ങയുടെ കരം എന്നെ നയിക്കും. അങ്ങയുടെ വലത്ത്കൈ എന്നെ പിടിച്ചു നടത്തും."(സങ്കീ.139: 6 -10)

യുക്തിയുടെ അതിരുകൾ

43 കർത്താവിൽ നിന്ന് ലഭിച്ചിട്ടുള്ള സത്യങ്ങളെ ഗ്രഹിക്കാൻ എളുപ്പമല്ല. അത് വ്യാഖ്യാനിക്കാൻ അതിനേക്കാൾ ബുദ്ധിമുട്ടാണ്. അതിനാല്‍ ഈ സത്യങ്ങളെ കുറിച്ച് നമുക്കുള്ള ഗ്രാഹ്യം വച്ച് മറ്റുള്ളവരുടെ ജീവിതത്തിന്‍റെ മേല്‍നോട്ടക്കാരാകാൻ നമുക്ക് അധികാരം നൽകുന്നില്ല. എന്നാൽ സഭയിൽ പ്രബോധനങ്ങളെയും, ക്രിസ്തീയ ജീവിതത്തെയും വിശദീകരിക്കാൻ വിവിധ മാര്‍ഗ്ഗങ്ങള്‍ നിയമപരമായി നിലവിലുണ്ട്. ദൈവ വചനത്തിന്‍റെ അനന്ത മൂല്യങ്ങളെ വിശദീകരിക്കാൻ അതിനു കഴിയും.

നമുക്ക് ദൈവത്തിന്‍റെ രഹസ്യങ്ങളെ വ്യക്തമായി മനസ്സിലാക്കാൻ കഴിയുകയില്ല. മനസ്സിലാക്കാൻ കഴിയുകയില്ല എന്ന് മാത്രമല്ല അവയെ നമുക്ക് വെളിപ്പെടുത്താനും  കഴിയുകയില്ല. ദൈവത്തിന്‍റെ സത്യത്തെ നാം മനസ്സിലാക്കുന്നുന്നതനുസരിച്ച് അതാണ് സത്യമെന്ന് വിശ്വസിച്ച് മറ്റുള്ളവരുടെ ജീവിതങ്ങളെ വിശകലനം ചെയ്യാന്നാവില്ല എന്ന് പാപ്പാ ഈ പ്രബോധനത്തിലൂടെ പഠിപ്പിക്കുന്നു.  മനുഷ്യന് പരിമിതികളുണ്ട്. ആ പരിമിതികളില്‍ നിന്നുകൊണ്ട് മറ്റുള്ളവരുടെ ജീവിതത്തെ വിലയിരുത്തുന്നതും, വിധിക്കുന്നതും തെറ്റാണ്. എന്നാൽ ദൈവത്തിന്‍റെ രഹസ്യങ്ങളെ മനസ്സിലാക്കാനും ഗ്രഹിക്കാനും പല മാർഗ്ഗങ്ങൾ സഭാ മാതാവ് നമുക്ക് നൽകുന്നു. പക്ഷേ ഗ്നോസ്റ്റിസിസം പറയുന്നത് ഇങ്ങനെയുള്ള ദൈവീക സത്യങ്ങൾ ആശയകുഴപ്പം നൽകുന്നു എന്നാണ്.വിശുദ്ധ ഗ്രന്ഥത്തിലെ സത്യങ്ങളും, പരിശുദ്ധ ത്രിത്വത്തെ കുറിച്ചുള്ള രഹസ്യവും പലപ്പോഴും ആശയക്കുഴപ്പത്തിന് ഇടയാക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ദൈവത്തെ മഹോന്നതമായ ഒരു ഐക്യത്തിന്‍റെ  ഭാഗമാണെന്നു മാത്രം വിശേഷിപ്പിച്ച് സഭയിലുള്ള ചരിത്ര സമ്പന്നതയെ പോലും മാറ്റാന്‍ ഇവർ പരിശ്രമിക്കുന്നുവെന്ന്പാപ്പാ വ്യക്തമാക്കുന്നു. നമുക്കു വെളിപ്പെട്ടു കിട്ടിയിരിക്കുന്ന സത്യങ്ങൾ വച്ച് മറ്റുള്ളവരുടെ ജീവിതത്തെ വിലയിരുത്താൻ നമുക്ക് അധികാരം നല്‍കപ്പെട്ടിട്ടില്ല എന്ന് പറയുന്ന പാപ്പാ സഭയോടു ചേർന്ന് നിന്ന് കൊണ്ട് സഭാ പഠിപ്പിക്കുന്ന വിവിധ മാർഗ്ഗങ്ങളിലൂടെ ദൈവത്തെ കണ്ടെത്താൻ പരിശ്രമിക്കണമെന്നും  ഓര്‍മ്മിപ്പിക്കുന്നു.

കണ്ണാടിയെ നോക്കി പറക്കാൻ ശ്രമിക്കുന്ന പക്ഷിയെ പോലെയാണ് അറിവ്. തന്‍റെ മുന്നിലുള്ളത് കണ്ണാടിയാണെന്നും താൻ കാണുന്നത് യാഥാർത്ഥ്യമല്ലെന്നും മനസ്സിലാക്കാതെ കണ്ണാടിയിലൂടെ പുറത്തു വരാൻ ശ്രമിക്കുന്ന പക്ഷിയെപ്പോലെയാണ് നമ്മുടെ അറിവ്. കണ്ണാടിയുടെ കാഴ്ച്ചയിൽ നിന്നും എപ്പോൾ പക്ഷി പുറത്തു വരുന്നുവോ അപ്പോഴാണ് അത് യഥാർത്ഥ ലോകം കാണുന്നത്. നമ്മുടെ അറിവും ഇതുപോലെ പരിമിതിയുള്ളതാണ്.

തുറന്ന വാതിലായ സഭാ

44 സഭയുടെ പഠനം  ഒരു അടഞ്ഞ സംവിധാനമല്ല. ചലനാത്മകമാണ്. ജനങ്ങളുടെ വേദനകൾ, സ്വപ്‌നങ്ങൾ, കഷ്ടപ്പാടുകൾ എന്നിവയെ കുറിച്ച്  വിശദീകരിക്കുവാൻ കഴിയുന്ന സംവിധാനമാണ് സഭയ്ക്കുള്ളതെന്ന് പഠിപ്പിക്കുന്ന പാപ്പാ മനുഷ്യാവതാരത്തെ നാം ഗൗരവപൂർവ്വം സമീപിക്കുമ്പോൾ ചോദ്യങ്ങളും, സംശയങ്ങളും രൂപപ്പെടുന്ന ഒരു തലത്തിലേക്കാണ് സഭയുടെ പഠനം നമ്മെ എത്തിക്കുന്നതെന്ന് വിശദീകരിക്കുന്നു.

തൊട്ടനുഭവിച്ചു ലഭിക്കുന്ന അറിവിനെ മാത്രമാണ് ഗ്നോസ്റ്റിസിസം അംഗീകരിക്കുന്നുള്ളു. രഹസ്യം എന്നത് അവർക്കു അംഗീകരിക്കാന്‍ കഴിയ്യാത്തതാണ്. രഹസ്യങ്ങൾ സത്യമല്ലെന്നു വിശ്വസിക്കുന്ന അവർക്കു ദൈവീക രഹസ്യങ്ങളെ അംഗീകരിക്കാനാവുന്നില്ല.  എന്നാൽ സഭ എപ്പോഴും രഹസ്യങ്ങളെ അംഗീകരിക്കുന്നു. ദൈവത്തിന്‍റെ ഇടപെടലുകളിലെ രഹസ്യത്തെ സഭാ വിസ്മരിക്കുന്നില്ല. ദൈവം മനുഷ്യ ബുദ്ധിക്കതീതമായി പ്രവർത്തിക്കുന്നുവെന്നു സഭാ നമ്മെ പഠിപ്പിക്കുന്നു. സത്യങ്ങളെ മനസ്സിലാക്കാൻ സഭയിൽ ഒരു വഴി മാത്രാമല്ല ഉള്ളത്. പല വഴികളുണ്ട്.വിശുദ്ധഗ്രന്ഥം, പാരമ്പര്യം, വ്യാഖ്യാന പഠനങ്ങള്‍ എന്നിങ്ങനെ പല മാർഗ്ഗങ്ങളുണ്ട്.  ഈ മാർഗ്ഗങ്ങൾ നാം സ്വീകരിക്കുമ്പോഴും ദൈവാത്മാവിന്‍റെ പ്രവർത്തനത്തെ നാം മനസ്സിലാക്കി  നിത്യ സത്യമായ ദൈവത്തെ സ്വീകരിക്കുകയും ചെയ്യണം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 April 2019, 15:17