പാപ്പാ ഫ്രാന്‍സിസ്  വിശുദ്ധ ക്രിസ്പിന്‍ ദേവാലയത്തില്‍... പാപ്പാ ഫ്രാന്‍സിസ് വിശുദ്ധ ക്രിസ്പിന്‍ ദേവാലയത്തില്‍... 

കൈയ്യിൽ വലയുമായി കരയിൽ നിൽക്കാനുള്ള വിളിയല്ല ദൈവവിളി

ദൈവവിളിക്കു വേണ്ടിയുള്ള 56 ആം ലോക പ്രാർത്ഥനാ ദിനം വരുന്ന മെയ് മാസം 12 ആം തിയതി ഞായറാഴ്ച്ച ആഘോഷിക്കപ്പെടും. ഈ ദിനത്തോടനുബന്ധിച്ച് പാപ്പാ നല്‍കിയ സന്ദേശം

സി.റൂബിനി സി.റ്റി.സി

 സാഹസമെടുക്കാനുള്ള ധൈര്യം വേണം

കഴിഞ്ഞ ഒക്ടോബറിൽ വത്തിക്കാനിൽ  നടന്ന  യുവജങ്ങൾക്കായുള്ള സിനഡും, പനാമയിൽ സംഘടിക്കപ്പെട്ട 34 മത്തെ ലോകയുവജന സമ്മേളനവും ദൈവാത്മാവിന്‍റെ  സ്വരത്തോടൊപ്പം, യുവജങ്ങളുടെ പ്രശ്നങ്ങളെയും, പ്രതീക്ഷകളെയും ശ്രവിക്കുന്നതിന് സഭയെ സഹായിച്ചുവെന്ന് സന്ദേശത്തിന്‍റെ ആരംഭത്തിൽ തന്നെ സൂചിപ്പിച്ച പാപ്പാ, ദൈവവിളി നമ്മെ ദൈവീക വാഗ്‌ദാനങ്ങളുടെ വാഹകരായി തീർക്കുന്നുവെന്നും അത് നിർവഹിക്കുന്നതിന് സാഹസികത എറ്റെടുക്കണമെന്നും, അതിനു ധൈര്യം ആവശ്യമാണെന്നും വ്യക്തമാക്കി.

ആദ്യ ശിഷ്യന്മാരെ വിളിക്കുന്ന സുവിശേഷഭാഗത്തെ അടിസ്ഥാനപ്പെടുത്തി നൽകിയ സന്ദേശത്തിൽ   വാഗ്‌ദാനം, സാഹസീകത എന്ന രണ്ടു വാക്കുകൾക്ക് പാപ്പാ ഊന്നൽ നൽകി. നമ്മുടെ സ്വാതന്ത്ര്യത്തിലുള്ള ദൈവത്തിന്‍റെ അതിക്രമിച്ചുള്ള കടന്നു കയറ്റമോ, തടവറയോ, ഭാരം ചുമക്കുലോ അല്ല ദൈവവിളിയെന്നും മറിച്ച് തന്‍റെ ശ്രേഷ്ഠമായ ഉദ്യമത്തിൽ നമ്മെ പങ്കുകാരാക്കാൻ സ്നേഹപൂർവ്വം തുടക്കമെടുക്കുകയും, നമ്മെ കണ്ടുമുട്ടുകയും, ക്ഷണിക്കുകയും ചെയ്യുന്നതാണെന്നും പാപ്പാ വ്യക്തമാക്കി.

കൈയ്യിൽ വലയുമായി കരയിൽ നിൽക്കാനുള്ള വിളിയല്ല  ദൈവവിളി

ദൈവവിളിക്കു വേണ്ടിയുള്ള 56 ആം ലോക പ്രാർത്ഥന ദിനത്തോടനുബന്ധിച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ സൂചിപ്പിച്ചത്. ദൈവം നമുക്കായി തിരഞ്ഞെടുത്ത വഴിയിലൂടെ നമ്മുടെ   സന്തോഷത്തിനും മറ്റുള്ളവരുടെ നന്മയ്ക്കുമായി   യേശുവിനെ അനുഗമിക്കാനുള്ള വിളിയാണ്.  ഈവാഗ്ദാനത്തെ പുണരുവാനുള്ള   തീരുമാനത്തിന് സ്വാഭാവീകമായും സാഹസമെടുക്കാനുള്ള ധൈര്യം വേണം. നമ്മുടെ ജീവിതത്തെ  കുറിച്ച് ദൈവത്തിനുള്ള   പദ്ധതി തിരക്കാൻ ധൈര്യവും ഉറച്ച തീരുമാനവും വേണം. ദൈവവിളിയുടെ   അനന്തസാഗരത്തെ നോക്കി വഞ്ചിയിൽ വലയും നന്നാക്കി നമ്മുടെ സുരക്ഷ നോക്കി നിൽക്കാതെ കർത്താവിന്‍റെ  വാഗ്ദാനത്തിൽ വിശ്വസിക്കണമെന്നും ഈ തീരുമാനങ്ങളാണ് ലോകത്തിൽ ദൈവരാജ്യത്തിന്‍റെ വളർച്ചയ്ക്ക് സംഭാവന നൽകുന്ന തരത്തിൽ നമ്മുടെ വ്യക്തിപരമായ ക്രിസ്തീയ  ജീവിത യാത്രയ്ക്ക് ശരിയായ ലക്‌ഷ്യം നൽകുന്ന പ്രകടനമായിരിക്കുകയെന്നും പാപ്പാ അഭിപ്രായപ്പെട്ടു.

കർത്താവിനെ കണ്ടുമുട്ടുമ്പോൾ ചിലർക്ക് സമർപ്പണ ജീവിതത്തിലേക്കോ, പൗരോഹിത്യത്തിലേക്കോ ആകർഷണം തോന്നുന്നു. സഭയുടെ വള്ളത്തിൽ മനുഷ്യരെ പിടിക്കാൻ  സുവിശേഷത്തിനും  സഹോദരർക്കുമായി  നമ്മെ  മുഴുവനായി വിശ്വസ്ത സേവനത്തിനു സമർപ്പിക്കുന്നതിനാല്‍  നമ്മെ പ്രചോദിപ്പിക്കുകയോ ഭയചകിതരാക്കുകയോ ചെയ്യാം. എങ്കിലും കർത്താവിനായി നമ്മുടെ ജീവിതം അപകടപ്പെടുത്തുന്നതിനേക്കാൾ വലിയ സന്തോഷം എന്താണുള്ളതെന്നു പാപ്പാ ചോദ്യമുന്നയിച്ചു. നമ്മുടെ വിളിയെ വിവേചിച്ചറിയുകയും നേരായ വഴിയിൽ നയിക്കുകയും ചെയ്യുക എളുപ്പമല്ല.  ഇന്നത്തെ യുവജനങ്ങളെ കേൾക്കാനും വ്യക്തമായി വിവേചിച്ചറിയാനുമുള്ള അവസരങ്ങൾ ഉണ്ടാക്കുവാനുള്ള ഒരു നവീന സമർപ്പണം വൈദീകരിലും, സന്യസ്ഥരിലും, അജപാലന ദൗത്യത്തിലും, പരിശീലകരിലും വേണമെന്നും, എല്ലാറ്റിലുമുപരിയായി പ്രാർത്ഥനയിലും, ദൈവവചനധ്യാനത്തിലും, പരിശുദ്ധ കുർബ്ബാനയുടെ ആരാധനയിലും ആത്മീയ സഹയാത്രയിലും കൂടി ദൈവപദ്ധതിയെ  കണ്ടെത്താൻ കഴിയുന്ന തരത്തിൽ ഒരു യുവജന ദൗത്യവും ദൈവവിളിയുടെ   പ്രചാരണവും ആവശ്യമാണെന്നും  പാപ്പാ  നിരീക്ഷിച്ചു.  മറിയത്തിന്‍റെ  ദൈവവിളി ഒരു വാഗ്ദാനവും ആശങ്ക  നിറഞ്ഞതുമായിരുന്നു. അവളുടെ ദൗത്യം എളുപ്പമായിരുന്നില്ല. എങ്കിലും അവൾ ഭയപ്പെട്ടില്ല. നമുക്കും മറിയത്തിലേക്ക് നോക്കി പ്രത്യുത്തരിക്കാം. സുരക്ഷിതത്വത്തേക്കാൾ ദൈവത്തിന്‍റെ വാഗ്ദാന വാഹകരാകാം. ദൈവവിളിയുടെ ആഗോളപ്രാർത്ഥനാദിനത്തിൽ കർത്താവിനോടു നമുക്കായുള്ള അവന്‍റെ പദ്ധതി  കണ്ടെത്താൻ സഹായിക്കാനും ആ വഴിയിൽ നടക്കുവാനുമുള്ള ധൈര്യത്തിനുമായി പ്രാർത്ഥിക്കുകയും ചെയ്യാമെന്ന് പാപ്പാ പ്രബോധിപ്പിച്ചു.    

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 March 2019, 15:46