ഫ്രാന്‍സിസ് പാപ്പാ  ത്രികാല പ്രാര്‍ത്ഥനാ പരിപാടിയില്‍ സന്ദേശം നല്‍കുന്നു ഫ്രാന്‍സിസ് പാപ്പാ ത്രികാല പ്രാര്‍ത്ഥനാ പരിപാടിയില്‍ സന്ദേശം നല്‍കുന്നു 

ഉത്ഥാനത്തിന്‍റെ മുന്നാസ്വാദനമാണ് രൂപാന്തരീകരണം

വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പാ നയിച്ച ത്രികാല പ്രാര്‍ത്ഥനാ പരിപാടിയുടെ സംഗ്രഹം

സി.റൂബിനി സി.റ്റി.സി

മാർച്ച് പതിനേഴാം തിയതി ഞായറാഴ്ച്ച  ഇറ്റലിയിലും, റോമിലും നല്ല കാലാവസ്ഥയായിരുന്നു. സൂര്യൻ തന്‍റെ പ്രഭ വിതറി തണുപ്പകറ്റിയിരുന്നു. പതിവുളള ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പെടെ ആയിരങ്ങള്‍ വത്തിക്കാനിലെത്തിയിരുന്നു. അവര്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പായുടെ സന്ദേശം ശ്രവിക്കാന്‍ കാത്തിരുന്നു. പ്രാദേശിക സമയം കൃത്യം12 മണിക്ക് അപ്പസ്തോലിക അരമനയുടെ പതിവുളള ജാലകത്തില്‍ ഫ്രാന്‍സിസ് പാപ്പാ ആഗതനായി. കരഘോഷത്തോടും, സന്തോഷത്തോടെ ആര്‍ത്തുവിളിച്ചും ജനങ്ങള്‍ പാപ്പായെ സ്വാഗതം ചെയ്തു. സന്തോഷപൂര്‍വ്വം കരങ്ങളുയര്‍ത്തി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സന്നിഹിതരായ എല്ലാവരെയും അഭിവാദനം ചെയ്തതിന് ശേഷം പാപ്പാ പ്രഭാഷണം ആരംഭിച്ചു.

പ്രിയ സഹോദരി സഹോദരങ്ങളേ, ശുഭദിനാശംസകള്‍!

തപസ്സു കാലത്തിന്‍റെ രണ്ടാം ഞായറാഴ്ചയിലെ ആരാധനക്രമം യേശുവിന്‍റെ രൂപാന്തരീകരണത്തെ കുറിച്ച് ധ്യാനിക്കുവാന്‍ നമ്മെ ക്ഷണിക്കുന്നു. അവിടുത്തെ ശിഷ്യരായ പത്രോസിനും, യാക്കോബിനും, യോഹന്നാനും അവിടുന്നു നൽകിയ ഉത്ഥാന മഹത്വത്തിന്‍റെ മുന്നാസ്വാദനമാണ് നമ്മുടെ മുന്നിൽ അവതരിപ്പിക്കപ്പെടുന്നത്.

യേശുവിന്‍റെ രൂപാന്തരീകരണം

മലമുകളിൽ വച്ച് യേശു രൂപാന്തരപ്പെട്ടതിനെ ലൂക്കാ സുവിശേഷകൻ (9:28-36) നമുക്ക് കാണിച്ചു തരുന്നു. സ്വർഗ്ഗത്തിന്‍റെ ഒരു കണം ഭൂമിയിലെത്തുന്നു.  ശിഷ്യന്മാര്‍ക്കു മാത്രമായി നീക്കിവച്ച ആകർഷണീയമായ ഈ പ്രതീകാത്മക അനുഭവം,  പ്രകാശത്തിന്‍റെ ഇടമായ മലയിൽ വച്ച് രൂപാന്തരപ്പെട്ട യേശുവിനെ  നമുക്ക് കാണിച്ചുതരുന്നു. യേശുവോടൊപ്പം മല കയറിയ ശിഷ്യന്മാര്‍, പ്രാർത്ഥനയിൽ മുഴുകുന്ന യേശുവിനെ കാണുന്നതോടോപ്പം ഒരു പ്രത്യേക നിമിഷത്തിൽ അവിടുത്തെ "മുഖഭാവം മാറുന്നതും കാണുകയും ചെയ്യുന്നു."(ലൂക്കാ9:29). എല്ലാ ദിനങ്ങളിലും യേശുവിനെ സാധാരണ മനുഷ്യ രൂപത്തിൽ കണ്ടിരുന്ന അവർ യേശുവിൽ നിറഞ്ഞ ആ പുതിയ പ്രഭയെ കണ്ട് അത്ഭുതസ്തബ്ധരായി. യേശുവിന്‍റെ സമീപത്ത്  മോശയും,ഏലിയായും കടന്നു വരികയും അവിടുത്തെ "കടന്നു പോകലിനെ" കുറിച്ച് അതായത് പീഡാനുഭവത്തിന്‍റെയും, മരണത്തിന്‍റെയും  പെസഹാ രഹസ്യത്തെക്കുറിച്ചും, ഉത്ഥാനത്തെക്കുറിച്ചും സംസാരിക്കുകയും ചെയ്യുന്നു. ഇതു പെസഹായെ കുറിച്ചുള്ള ഒരു മുന്നറിവാണ്. ആ സമയത്ത് പത്രോസ് പ്രഖ്യാപിക്കുന്നു, "ഗുരോ, നാം ഇവിടെയായിരിക്കുന്നത് നല്ലതാണ്."(ലൂക്കാ9: 33). ആ അനുഗ്രഹ നിമിഷം ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ! എന്ന് പത്രോസ് ആഗ്രഹിക്കുന്നു.

ഉത്ഥാനത്തിലേക്ക് നയിക്കുന്ന കുരിശുയാത്ര

താൻ ഏറെ സഹിക്കേണ്ടി വരുമെന്നും, കൊല്ലപ്പെടുമെന്നും, മൂന്നാം ദിനമുയർത്തെഴുന്നേൽക്കുമെന്നും  (ലൂക്കാ9: 21) ശിഷ്യരോടു പറഞ്ഞതിനു ശേഷമുള്ള യേശുവിന്‍റെ ദൗത്യത്തിന്‍റെ ഒരു നിശ്ചിത സമയത്തിലുള്ള പൂർത്തീകരണമാണ് രൂപാന്തരീകരണം. ശിഷ്യന്മാര്‍ കുരിശിന്‍റെ യാഥാര്‍ത്ഥ്യത്തെയും, തന്‍റെ മരണത്തിന്‍റെ യാഥാർത്ഥ്യത്തെയും അംഗീകരിക്കുന്നില്ല എന്ന്  യേശുവിനറിയാമായിരുന്നു.  അതിനാൽ തന്‍റെ പാടുപീഡകളുടേയും, കുരിശു മരണത്തിന്‍റെയും അപവാദത്തെ നേരിടാൻ അവരെ തയ്യാറാക്കണമെന്ന് യേശു ആഗ്രഹിച്ചു. കാരണം  സ്വർഗ്ഗസ്ഥനായ പിതാവ് തന്‍റെ പുത്രനെ മഹത്വപ്പെടുത്തുന്നത്  മരിച്ചവരിൽ നിന്ന് ഉയർത്തിക്കൊണ്ടുള്ള ഈ  മാർഗ്ഗത്തിലൂടെയാണെന്ന് യേശുവിനറിയാമായിരുന്നു.

ഇതു തന്നെയായിരിക്കും  ശിഷ്യന്മാരുടെ വഴിയും. യേശുവിനെ അനുഗമിക്കാതെ, ഈ ഭൗമീക ജീവിതത്തിൽ സ്വന്തം കുരിശു വഹിക്കാതെ ആരും നിത്യജീവിതത്തിൽ എത്തുകയില്ല. നമുക്ക് ഓരോരുത്തർക്കും അവരവരുടെ കുരിശുകളുണ്ട്.  ഈ കുരിശും പേറിയുള്ള യാത്രയുടെ അവസാനം  ഉത്ഥാനമാണെന്ന് ക്രിസ്തു നമുക്ക് കാണിച്ചുതരുന്നു.

അതിനാൽ യേശുവിന്‍റെ രൂപാന്തരീകരണം നമുക്ക് സഹനത്തിന്‍റെ ക്രിസ്തീയ വീക്ഷണത്തെ കാണിച്ചുതരുന്നു. സഹനം ക്രൂരതയും ആത്മനികൃഷ്ടീകരണവും ചേർന്ന മാനസികാവസ്ഥയല്ല പ്രത്യുതാ ക്ഷണഭംഗുരമായ  എന്നാൽ ഒഴിവാക്കാനാവാത്ത ഒരു ഇടനാഴിയാണ്. നമ്മൾ എത്തിച്ചേരാൻ വിളിക്കപ്പെട്ടയിടമെന്നത് യേശുവിന്‍റെ രൂപാന്തരപ്പെട്ട മുഖം പോലെ തിളക്കമാർന്നതാണ്. അവനിലാണ് രക്ഷ, പരമാനന്ദം, പ്രകാശം, അതിരില്ലാത്ത ദൈവസ്നേഹം നിറഞ്ഞ് നില്‍ക്കുന്നത്. അവിടുത്തെ മഹത്വം ഇങ്ങനെ വെളിപ്പെടുത്തിക്കൊണ്ട് കുരിശിനും, പരീക്ഷകൾക്കും, ബുദ്ധിമുട്ടുകൾക്കും പെസഹായിൽ പരിഹാരവും വിജയവുമുണ്ടെന്ന് യേശു നമുക്ക് ഉറപ്പുതരുന്നു. അതിനാൽ ഈ തപസ്സു കാലത്തില്‍ യേശുവോടൊപ്പം നമുക്കും മല കയറാം.

പ്രാർത്ഥനാപൂര്‍വ്വം മല കയറാം

എങ്ങനെയാണ് നാം മലകയറേണ്ടത്? നാം മല കയറേ​ണ്ടത് പ്രാർത്ഥനയോടെയായിരിക്കണം. പ്രാർത്ഥിച്ചു കൊണ്ട് മലയിൽ കയറാം. നിശബ്ദമായ പ്രാർത്ഥന, ഹൃദയത്തിന്‍റെ പ്രാർത്ഥന, ദൈവത്തെ എപ്പോഴും അന്വേഷിച്ചു കൊണ്ടുള്ള പ്രാർത്ഥനയാണ് നമുക്കാവശ്യം. ശ്രദ്ധയോടെ ക്രിസ്തുവിന്‍റെ മുഖത്തെ   ആന്തരീകമായി വീക്ഷിച്ച്, ക്രിസ്തുവിന്‍റെ വെളിച്ചം നമ്മിൽ നിറയാനും നമ്മുടെ ജീവിതത്തിൽ വേരൂന്നാനും  എല്ലാ ദിവസവും ഒരിത്തിരി നേരം ശ്രദ്ധയോടെ നമുക്ക് പ്രാര്‍ത്ഥനയില്‍ ആയിരിക്കാം.യേശു രൂപാന്തരപ്പെട്ടത് പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോഴാണെന്നാണ് ലൂക്കാ സുവിശേഷകൻ ഊന്നിപ്പറയുന്നത്.(ലൂക്കാ9: 29)., നിയമവും - പ്രവാചകരും – മോശയും, ഏലിയായും, പിതാവുമായുള്ള അഗാധമായ സംഭാഷണത്തിൽ മുഴുകിയിരുന്നപ്പോൾ പിതാവിന്‍റെ രക്ഷാകര ഹിതത്തിനായി കുരിശുൾപ്പെടെ സ്വയം പൂർണ്ണമായി സമർപ്പിച്ചപ്പോൾ  ദൈവമഹത്വം അവനിൽ നിറയുകയും പുറത്തേക്ക് പ്രവഹിക്കയും ചെയ്തു എന്ന് സുവിശേഷകന്‍ വ്യക്തമാക്കുന്നു. അങ്ങനെ, സഹോദരീ സഹോദരന്മാരെ,  ക്രിസ്തുവിലും, പരിശുദ്ധാത്മാവിലുമുള്ള പ്രാർത്ഥന ഒരു വ്യക്തിയെ ആന്തരീകമായി രൂപാന്തരപ്പെടുത്തുകയും അത് മറ്റുള്ളവരെയും അവന്‍റെ ചുറ്റുമുള്ള ലോകത്തെയും പ്രകാശിപ്പിക്കുകയും ചെയ്യുന്നു. എത്രയോ പ്രാവശ്യം പ്രകാശിക്കുന്ന വ്യക്തികളെയും, കണ്ണിൽ നിന്ന് പ്രകാശം പുറപ്പെടുവിക്കുന്ന, തെളിച്ചമുള്ള നോട്ടം വിതറുന്നവരെയും കണ്ടിട്ടുണ്ട്! അവർ പ്രാർത്ഥിക്കുന്ന വ്യക്തികളാണ്. പ്രാർത്ഥന  പരിശുദ്ധാത്മാവിന്‍റെ പ്രകാശത്താൽ നമ്മെ പ്രകാശിതരാക്കും

തപസ്സു കാലത്തിന്‍റെ യാത്രാ വഴികൾ സന്തോഷത്തോടെ നമുക്ക് തുടരാം. ആരാധനാക്രമം ഈ ദിവസങ്ങളിൽ ഉദാരമായി നിർദ്ദേശിക്കുന്ന പ്രാർത്ഥനയ്ക്കും, ദൈവവചനത്തിനും ഇടം കൊടുക്കാം. ദൈവത്തെ മനസ്സിലാക്കാനും,  സ്വീകരിക്കാനും കഴിയാതെ വരുമ്പോള്‍ യേശുവോടു ചേര്‍ന്നു നിൽക്കാൻ പരിശുദ്ധ കന്യാകാമറിയം നമ്മെ പഠിപ്പിക്കട്ടെ. കാരണം അവനോടു കൂടെ നിന്നാൽ മാത്രമെ അവന്‍റെ മഹത്വം നാം ദർശിക്കൂ! ഈ വാക്കുകളില്‍ പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു.

തുടര്‍ന്ന് പാപ്പാ ജനങ്ങള്‍ക്കൊപ്പം ത്രികാല പ്രാര്‍ത്ഥന അര്‍പ്പിച്ചു. പിന്നെ അപ്പസ്തോലിക ആശീര്‍വാദമായിരുന്നു. തുടര്‍ന്ന് ആശംസകളും അഭിവാദ്യങ്ങളുമായിരുന്നു. അതിനു ശേഷം ഏവര്‍ക്കും ശുഭദിനം നേര്‍ന്നു കൊണ്ടും തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അനുസ്മരിപ്പിച്ചു കൊണ്ടും പുഞ്ചിരി തൂകി, കരങ്ങളുയര്‍ത്തി എല്ലാവരെയും അഭിവാദനം ചെയ്തതിന് ശേഷം ജാലകത്തില്‍ നിന്നും പാപ്പാ പിന്‍വാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 March 2019, 15:11