തിരയുക

The little home of Virgin Mary in Loreto Pilgrim center in Italy The little home of Virgin Mary in Loreto Pilgrim center in Italy  

പാപ്പാ ഫ്രാന്‍സിസ് ലൊരേറ്റൊ സന്ദര്‍ശിക്കും

ലൊരേറ്റൊ മാതൃസന്നിധിയിലേയ്ക്ക് ഒരു അപ്പസ്തോലിക തീര്‍ത്ഥാടകന്‍

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഏഡ്രിയാറ്റിക് തീരത്തെ തീര്‍ത്ഥാടനകേന്ദ്രം
മാര്‍ച്ച് 25-Ɔο തിയതി തിങ്കളാഴ്ച, മംഗലവാര്‍ത്ത മഹോത്സവത്തിലാണ് ലൊരേറ്റൊയിലെ ദൈവമാതാവിന്‍റെ തീര്‍ത്ഥത്തിരുനട പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുന്നത്. ഇറ്റലിയുടെ വടക്കു കിഴക്കന്‍ നഗരമായ മാര്‍ക്കെയില്‍ ഏഡ്രിയാറ്റിക്ക് സമുദ്രതീരത്താണ് അതിപുരാതനമായ ലൊരേറ്റോ മേരിയന്‍ കേന്ദ്രം സ്ഥിതിചെയ്യുന്നത്. വത്തിക്കാനില്‍നിന്നും 200-ല്‍ അധികം കി. മീറ്റര്‍ ദൂരമുള്ള ലൊരേറ്റോയിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് ഹെലിക്കോപ്റ്ററില്‍ സഞ്ചരിക്കും.

ലൊരേറ്റോനാഥയുടെ തിരുനടയിലെ സമൂഹബലിയര്‍പ്പണം
മാര്‍ച്ച് 25, തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 9 മണിക്ക് ലൊരേറ്റോയില്‍ എത്തുന്ന പാപ്പായെ സ്ഥലത്തെ മേയറും പൗരപ്രമുഖരും, മെത്രാപ്പോലീത്ത ഫാബിയോ ദല്‍ ചീനും മറ്റു സഭാ പ്രതിനിധികളും ചേര്‍ന്ന് സ്വീകരിക്കും. 9.45-ന് മാതാവിന്‍റെ തീര്‍ത്ഥത്തിരുനടയില്‍ പാപ്പാ സമൂഹബലിയര്‍പ്പിക്കും. ദിവ്യബലിമദ്ധ്യേ വചനചിന്തകള്‍ പങ്കുവയ്ക്കും.

യുവജനങ്ങള്‍ക്കുള്ള പ്രമാണരേഖയുടെ പ്രകാശനം

ദിവ്യബലിയുടെ അന്ത്യത്തില്‍ ഒക്ടോബറില്‍ നടന്ന യുവജനങ്ങള്‍ക്കായുള്ള മെത്രാന്മാരുടെ സിനഡുസമ്മേളനത്തിന്‍റെ ഫലപ്രാപ്തിയായ പ്രമാണരേഖയില്‍ (Post Synodal Document) പാപ്പാ ഒപ്പുവയ്ക്കുന്നതോടെ ഔദ്യോഗികമായി പ്രകാശിതമാകും. “യുവജനങ്ങളും അവരുടെ ദൈവവിളിയും ജീവിതതിരഞ്ഞെടുപ്പുകളും” എന്നതാണ് ഈ പ്രബോധനരേഖയുടെ പ്രതിപാദ്യവിഷയം.

നേര്‍ക്കാഴ്ചയും രോഗികളുടെ ആശീര്‍വ്വാദവും
ദിവ്യബലിക്കുശേഷം ലൊരേറ്റൊ തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ സംരക്ഷകരായ ഫ്രാന്‍സിസ്ക്കന്‍ സമൂഹവുമായി ഹ്രസ്വമായ നേര്‍ക്കാഴ്ചയും, രോഗീ സന്ദര്‍ശനവും ദേവാലയത്തോടു ചേര്‍ന്ന് പൂജാവസ്ത്രങ്ങള്‍ അണിയുന്നതിനുള്ള മുറിയില്‍ (sacristy) നടത്തപ്പെടും.

പ്രഭാഷണവും ത്രികാലപ്രാര്‍ത്ഥനയും
മാര്‍ച്ച് 25, തിങ്കളാഴ്ച പ്രാദേശിക സമയം 12 മണിയോടെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ സമ്മേളിക്കുന്ന വിശ്വാസികളെ പൊതുവായി അഭിസംബോധനചെയ്യുന്ന പാപ്പാ, അവര്‍ക്കൊപ്പം ത്രികാലപ്രാര്‍ത്ഥനചൊല്ലി, ആശീര്‍വ്വാദം നല്കും. ലൊരേറ്റോ അതിരൂപതയിലെ മെത്രാന്മാര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചശേഷം ഹെലിക്കോപ്റ്ററില്‍ പാപ്പാ വത്തിക്കാനിലേയ്ക്കു മടങ്ങും.

“യേശു വളര്‍ന്ന വീട്” ലൊരേറ്റോയില്‍
പരിശുദ്ധ കന്യകാമറിയം ജനിച്ചുവളര്‍ന്ന നസ്രത്തിലെ കൊച്ചുഭവനമാണ് ഇറ്റലിയിലെ ലൊരേറ്റോയിലെ ബസിലിക്കയുടെ ഉള്‍ഭാഗത്ത് ഉള്‍ച്ചേര്‍ത്തിരിക്കുന്നതെന്ന് പാരമ്പര്യം പഠിപ്പിക്കുന്നു. വാസ്തുഭംഗിയിലും ശൈലിയിലും നിര്‍മ്മാണവസ്തുക്കളിലും ഈ ഭവനം വേറിട്ടുനില്ക്കുന്നതും, എന്നാല്‍ പലസ്തീനയിലെ ഭൂമിശാസ്ത്രത്തോടും വാസ്തുശൈലിയോടും സാമ്യമുള്ളതുമാണെന്ന് ഗവേഷകന്മാര്‍ സ്ഥിരീകരിച്ചിട്ടുള്ളതാണ്.

നസ്രത്തില്‍നിന്നും കൊണ്ടുവരപ്പെട്ട ചെറുവീട്
കുരിശു യുദ്ധകാലത്തു (1249-1293) വാണിരുന്ന റോമന്‍ ചക്രവര്‍ത്തിമാരുടെയും സമര്‍ത്ഥരായ നാവിക യോദ്ധാക്കളുടെയും പിന്‍ബലത്തോടെ പവിത്രമായ നസ്രത്തിലെ വീടിന്‍റെ പ്രധാനഭാഗങ്ങള്‍ കടല്‍മാര്‍ഗ്ഗം ഏഡ്രിയാറ്റിക്ക് തീരത്തുള്ള ലൊരേറ്റൊയില്‍ എത്തിച്ചതാണെന്ന പാരമ്പര്യം ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്. എന്തുതന്നെയായാലും 16-Ɔο നൂറ്റാണ്ടിന്‍റെ ആരംഭം മുതല്‍ ലൊരേറ്റോയിലെ കന്യകാനാഥയെക്കുറിച്ചും, അവിടെ സൂക്ഷിച്ചിട്ടുള്ള യേശു പാര്‍ത്ത നസ്രത്തിലെ കൊച്ചുവീടിനെക്കുറിച്ചുമുള്ള കഥകള്‍ വിശ്വവിഖ്യാതമാണ്.

മാലാഖമാരാല്‍ സംവഹിക്കപ്പെട്ട  ഭവനം
കുരിശു യുദ്ധകാലത്ത് വിശുദ്ധനാട്ടില്‍നിന്നും ആദ്യം ക്രൊയേഷ്യയിലേയ്ക്കും, ഇസ്ലാമിക ആക്രമണത്തില്‍നിന്നു സംരക്ഷിക്കാന്‍ പിന്നീട് 1294-ല്‍ അവിടെനിന്നും ഇറ്റലിയിലെ ലൊരേറ്റൊയിലേയ്ക്കും നസ്രത്തിലെ മറിയത്തിന്‍റെ ഈ കൊച്ചുഭവനം മാലാഖമാരാല്‍ സംവഹിക്കപ്പെട്ടതാണെന്ന പാരമ്പര്യം ചില മരിയഭക്തര്‍ ഇന്നും വായ്മൊഴിയായി പ്രചരിപ്പിക്കുന്നുണ്ട്.

വൈമാനികരുടെ മദ്ധ്യസ്ഥ
യേശു വളര്‍ന്നു വലുതായ നസ്രത്തിലെ ഈ കൊച്ചുവീടിന്‍റെ അത്ഭുതാവഹവും സുരക്ഷിതവുമായ  മാലാഖമാര്‍ക്കൊപ്പമുള്ള “ആകാശയാത്ര” കണക്കിലെടുത്തുകൊണ്ടും, അതില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടും അന്താരാഷ്ട്ര വൈമാനിക സംഘടന (International Aeronautical Society) 1910-ല്‍ ലൊരേറ്റോയിലെ കന്യകാനാഥയെ ‘വൈമാനികരുടെ മദ്ധ്യസ്ഥയായി’ (The Patroness of Pilots ) പ്രഖ്യാപിച്ചിട്ടുള്ളത് ഇവിടെ അനുസ്മരണീയമാണ്. റോമിലെ ഫുമിച്ചീനോ വിമാനത്താവളത്തിന്‍റെ പ്രവേശനകവാടം അലങ്കരിക്കപ്പെട്ടിട്ടുള്ളത്, വലതുഭാഗത്ത് സ്ഥാപിതമായിട്ടുള്ള ചെമ്പില്‍ തീര്‍ത്ത ലൊരേറ്റോ നാഥയുടെ 9 അടി ഉയരമുള്ള ശില്പമാണ്!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 March 2019, 19:21