തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ ത്രികാല പ്രാര്‍ത്ഥന  സന്ദേശം നല്‍കുന്നവസരത്തില്‍ ഫ്രാന്‍സിസ് പാപ്പാ ത്രികാല പ്രാര്‍ത്ഥന സന്ദേശം നല്‍കുന്നവസരത്തില്‍ 

സ്വന്തം കുറവുകളെ തിരിച്ചറിയുക

വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് നയിച്ച ത്രികാല പ്രാര്‍ത്ഥനാ പരിപാടിയുടെ സംഗ്രഹം

സി. റൂബിനി സി.റ്റി.സി

മാർച്ച് മൂന്നാം തിയതി ഞായറാഴ്ച്ച, ഇറ്റലിയിലും, റോമിലും നല്ല കാലാവസ്ഥയായിരുന്നു. സൂര്യൻ തന്‍റെ പ്രഭ വിതറി തണുപ്പകറ്റിയിരുന്നു. പതിവുളള ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും  തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പെടെ ആയിരങ്ങള്‍ വത്തിക്കാനിലെത്തിയിരുന്നു. അവര്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പായുടെ സന്ദേശം  ശ്രവിക്കാന്‍ കാത്തിരുന്നു. പ്രാദേശിക സമയം കൃത്യം12 മണിക്ക് അപ്പസ്തോലിക അരമനയുടെ പതിവുളള ജാലകത്തില്‍ പാപ്പാ ഫ്രാന്‍സിസ് ആഗതനായി.

കരഘോഷത്തോടും, സന്തോഷത്തോടെ ആര്‍ത്തുവിളിച്ചും ജനങ്ങള്‍ പാപ്പായെ സ്വാഗതം ചെയ്തു. പുഞ്ചിരിതൂകി, കരങ്ങളുയര്‍ത്തി എല്ലാവരെയും അഭിവാദനം ചെയ്തതിന് ശേഷം പാപ്പാ പ്രഭാഷണം ആരംഭിച്ചു.

പ്രിയ  സഹോദരി സഹോദരങ്ങളേ,

നയിക്കുന്നവന്‍  ജ്ഞാനമുള്ളവനായിരിക്കണം

ഇന്നത്തെ സുവിശേഷത്തില്‍ ചെറിയ ചെറിയ ഉപമകൾ നമ്മുടെ മുന്നിൽ അവതരിപ്പിക്കപ്പെടുന്നു.  വിവേകപൂർവ്വം ജീവിക്കുന്നതിനുള്ള വഴികളെ കുറിച്ച് യേശു തന്‍റെ ശിഷ്യന്മാരെ പഠിപ്പിക്കുന്നു. (ലുക്കാ.6:39)  വഴികാട്ടി അന്ധനായിരിക്കാന്‍ പാടില്ല  എന്നതിനെ അടിവരയിട്ടു പറയാൻ ആഗ്രഹിക്കുന്ന യേശു ഒരു വഴികാട്ടി നല്ല കാഴ്ച്ചയുള്ളവനായിരിക്കണമെന്ന് ഓർമ്മപെടുത്തുന്നു. മറ്റുള്ളവരെ നയിക്കുന്നവൻ ജ്ഞാനം സ്വന്തമാക്കിയിരിക്കണം. അല്ലെങ്കിൽ  നയിക്കുന്നവനെ വിശ്വസിക്കുന്ന ജനങ്ങൾക്കു അപകടം സംഭവിക്കും. അതുകൊണ്ടു വിദ്യാഭ്യാസത്തിന്‍റെയും, അധികാരത്തിന്‍റെയും മേഖലകളിൽ തങ്ങളുടെ ഉത്തരവാദിത്വം നിർവ്വഹിക്കുന്നവര്‍, ആത്മാക്കളുടെ അജപാലകർ, സമൂഹാധികാരികൾ, നിയമം നിർമ്മിക്കുന്നവർ, മാതാപിതാക്കൾ, എന്നിവരോട് അവരുടെ പ്രധാനപ്പെട്ട കര്‍ത്തവ്യത്തെ കുറിച്ച് ബോധവാന്മാരായിരിക്കാനും, ശരിയായ പാതകളെ വിവേചിച്ചറിയാനും അതിലൂടെ ജനങ്ങളെ നയിക്കാനും യേശു  പ്രചോദിപ്പിക്കുന്നു.

സ്വന്തം പോരായ്മകളെ തിരിച്ചറിയുക

ഒരു  മാതൃകാധ്യാപകനായും, , മറ്റുള്ളവർ അനുഗമിക്കാൻ യോഗ്യമായ നല്ല വഴികാട്ടിയായും യേശു സ്വയം തന്നെത്തന്നെ പ്രകാശനം ചെയ്യുന്നു. "ശിഷ്യൻ ഗുരുവിനേക്കാൾ വലിയവനല്ല. എന്നാൽ എല്ലാം പഠിച്ച് കഴിയുമ്പോൾ അവൻ ഗുരുവിനെപ്പോലെ ആകും"(ലൂക്കാ6:40) എന്ന തിരുവചനം സുരക്ഷിതമായിരിക്കാനും, വിവേകമുള്ള വഴികാട്ടികളായിരിക്കാനും  യേശുവിന്‍റെ മാതൃകയെയും അവിടുത്തെ പഠനങ്ങളെയും പിന്തുടരാനുള്ള ക്ഷണമാണ് നൽകുന്നത്. യേശുവിന്‍റെ ഈ പ്രബോധനം, മലയിലെ പ്രസംഗത്തിലടങ്ങിയിരിക്കുന്നു. അതിൽ നിന്നാണ് ആരാധന ക്രമത്തിലെ മൂന്നു ഞായറാഴ്ചകളുടെയും സുവിശേഷ വായനകൾ നല്കപ്പെട്ടിരിക്കുന്നത്. വിനയത്തിന്‍റെയും, കരുണയുടെയും, നീതിയുടേയും വിശ്വസ്ഥതയുടെയും, പ്രശാന്തതയുടെയും  മനോഭാവമുളള മനുഷ്യരായിരിക്കാന്‍  സുവിശേഷ വായനകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.  കപടഭക്തരും, അഹങ്കാരികളുമാകാതിരിക്കാൻ ഉത്‌ബോധിപ്പിക്കുന്ന മറ്റൊരു പ്രധാന പ്രയോഗം ഇന്നത്തെ സുവിശേഷത്തിൽ നമുക്ക് കാണുവാൻ കഴിയും. യേശു പറയുന്നു, നിന്‍റെ സഹോദരന്‍റെ കണ്ണിലെ കരട് കാണുകയും സ്വന്തം കണ്ണിലെ തടിക്കഷണത്തെ ഗൗനിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്? (ലൂക്കാ.6:41) പൂർണ്ണമായ വ്യക്തതയില്ലാതെ മറ്റുള്ളവരുടെ   പോരായ്മകളെയും, അവരുടെ പാപങ്ങളെയും കണ്ടെത്താനും വിധിക്കാനും ഏറ്റവും എളുപ്പവും, സൗകര്യപൂർണ്ണവുമാണെന്ന് നമുക്കറിയാം.  നാമെപ്പോഴും മറ്റുളളവരുടെ മുന്നില്‍  നമ്മുടെ തെറ്റുകളെ മറച്ചു പിടിക്കുന്നതോടൊപ്പം നമ്മിൽ നിന്നും നമ്മുടെ തെറ്റുകളെ  നാം മറച്ചുപിടിക്കുന്നു. അങ്ങനെ നാം മറ്റുള്ളവരുടെ കുറ്റങ്ങളെ എളുപ്പത്തില്‍ കാണുകയും ചെയ്യുന്നു.

മറ്റുള്ളവരുടെ കുറ്റങ്ങളെ കണ്ടെത്താനുള്ള പ്രലോഭനം മറ്റുള്ളവരോടു പരുഷമായി പ്രവർത്തിക്കാനും,നമ്മുടെ തെറ്റായ മനോഭാവങ്ങളെ ന്യായീകരിക്കാനും, മറ്റുള്ളവരുടെ ഹൃദയത്തെ വായിക്കാതെ പലപ്പോഴും കഠിനമായി വിമർശിക്കാനും നമ്മെ ഇടയാക്കുന്നു. മറ്റുള്ളവരെ സഹായിക്കാൻ വിവേകത്തോടുള്ള ആലോചനകൾ എപ്പോഴും ഫലപ്രദമാണ്. എന്നാൽ മറ്റുള്ളവരെ നിരീക്ഷിച്ച് അവരുടെ കുറവുകളെ തിരുത്താൻ ശ്രമിക്കുമ്പോൾ നമ്മുടെ പോരായ്മകളെ കുറിച്ച് നമുക്ക് അവബോധമുണ്ടായിരിക്കണം. എനിക്ക് കുറവുകളില്ലെന്നു ഞാൻ വിശ്വസിക്കുന്നുവെങ്കിൽ മറ്റുള്ളവരെ വിധിക്കാനും തിരുത്താനും എനിക്ക് സാധിക്കുകയില്ല. നമുക്കെല്ലാവർക്കും കുറവുകളുണ്ട്. മറ്റുള്ളവരെ വിധിക്കുന്നതിന് മുമ്പ് നാം ഇതിനെ കുറിച്ച് ബോധവാന്മാരായിരിക്കണം. നമുക്ക്  നമ്മെത്തന്നെ കാണാൻ കഴിയണം. ഇങ്ങനെ നമുക്ക് പ്രവർത്തിക്കാൻ കഴിയുമെങ്കിൽ നാം വിശ്വസ്ഥരും, വിനയപൂർവ്വം പ്രവര്‍ത്തിക്കുന്നവരും, സ്നേഹത്തിന്‍റെ സാക്ഷികളുമായിത്തീരും.

നമ്മുടെ കണ്ണുകളിൽ കരടുണ്ടെന്നും ഇല്ലെന്നും നമുക്കെങ്ങനെ മനസ്സിലാക്കാൻ കഴിയും? അതിനു യേശു പറയുന്നതിങ്ങനെയാണ്. "നല്ല വൃക്ഷം ചീത്ത ഫലങ്ങൾ പുറപ്പെടുവിക്കുന്നില്ല. ചീത്ത വൃക്ഷം നല്ല ഫലങ്ങളും. ഓരോ വൃക്ഷവും ഫലം കൊണ്ട് തിരിച്ചറിയപ്പെടുന്നു". (ലൂക്കാ.6: 43-44). ഫലമെന്നത് വാക്കും, പ്രവർത്തിയുമാണ്. വൃക്ഷത്തിന്‍റെ ഗുണം വാക്കുകളിൽ നിന്നും അറിയപ്പെടുന്നു.  നന്മയെ സമീ പിക്കുന്നവർ നന്മയിൽ നിന്ന് നന്മയെയും, തിന്മയെയും സമീപിക്കുന്നവർ അവരുടെ ഹൃദയത്തിൽ നിന്നും, അധരങ്ങളിൽ നിന്നും തിന്മയെ പുറപ്പെടുവിക്കുന്നു. അവർ നമ്മുടെയിടയിൽ  മുറുമുറുപ്പ്‌, അലസഭാഷണം, മറ്റുള്ളവരെ കുറിച്ചുള്ള മോശമായ സംസാരം എന്നീ ദോഷകരമായ തിന്മക്കളെ പരിശീലിപ്പിക്കുന്നു. ഈ പ്രവർത്തികൾ കുടുംബത്തെയും, വിദ്യാലയങ്ങളെയും, ജോലി സ്ഥലങ്ങളെയും, പരിസരത്തെയും നശിപ്പിക്കുന്നു.

അപരരെ അപകീര്‍ത്തിപ്പെ‌ടുത്താതിരിക്കുക

ഭാഷയിൽ നിന്നും യുദ്ധങ്ങൾ ആരംഭിക്കുന്നു. യേശുവിന്‍റെ പഠനത്തെ കുറിച്ച് നമുക്ക് അൽപ്പം ചിന്തിക്കുകയും മറ്റുള്ളവരെ കുറിച്ച് മോശമായി ഞാൻ സംസാരിക്കുന്നുണ്ടോയെന്നും,  മറ്റുള്ളവരെ എപ്പോഴും മലിനമാക്കാൻ പരിശ്രമിക്കുന്നുണ്ടോയെന്നും, എന്‍റെ തെറ്റുകളെ കണ്ടെത്തുന്നതിനേക്കാൾ കൂടുതൽ മറ്റുള്ളവരുടെ പോരായ്മകളെ കാണാൻ എനിക്ക് സുലഭമാണോയെന്നും സ്വയം ചോദിക്കാം. അൽപ്പമെങ്കിലും സ്വന്തം തെറ്റുകളെ തിരുത്താൻ പരിശ്രമിക്കാം. ഇത് നമുക്കും മറ്റുള്ളവർക്കും നന്മയ്ക്കിടയാക്കും. ഈ വാക്കുകളില്‍ പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു. തുടര്‍ന്ന് പാപ്പാ ജനങ്ങള്‍ക്കൊപ്പം ത്രികാല പ്രാര്‍ത്ഥന അര്‍പ്പിച്ചു. പിന്നെ അപ്പസ്തോലിക ആശിര്‍വാദമായിരുന്നു.

തുടര്‍ന്ന് ആശംസകളും അഭിവാദ്യങ്ങളുമായിരുന്നു. റോമിൽ നിന്നും ഇറ്റലിയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും വന്നവരെയും പ്രത്യേകിച്ച് വാർസാവ്വ്, മാഡ്രിഡ്, ഇബിസ്സാ, ഫോര്‍മെന്തേരാ എന്നീ സ്ഥലങ്ങളിൽ നിന്നും വന്ന തീര്‍ത്ഥാടകരെയും പാപ്പാ ആശംസ അർപ്പിച്ചു. ഒത്ത്രാന്തോ രൂപതയുടെ മൈനർ സെമിനാരിയിൽ നിന്നും മാതാപിതാക്കള്‍ക്കൊപ്പം റോമിലേക്ക് തീർത്ഥയാത്രയ്ക്കായി വന്നവര്‍ക്കും, വിവിധ ഇടവകകളില്‍ നിന്നുമെത്തിയ കുട്ടികള്‍ക്കും, വിദ്യാർഥികള്‍ക്കും പാപ്പാ അനുമോദനം അര്‍പ്പിച്ചു. സന്തോഷത്തോടും, വിശാലമനസ്സോടും കൂടെ ചരിക്കാനും, ദൈവത്തിന്‍റെ നന്മയെയും, കാരുണ്യത്തെയും എല്ലായിടത്തും പങ്കുവയ്ക്കുന്ന സാക്ഷികളായത്തീരാനും പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറഞ്ഞു.  

ഏവര്‍ക്കും ശുഭദിനം നേര്‍ന്നു കൊണ്ടും തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അനുസ്മരിപ്പിച്ചു കൊണ്ടും പുഞ്ചിരി തൂകി, കരങ്ങളുയര്‍ത്തി എല്ലാവരെയും അഭിവാദനം ചെയ്തതിന് ശേഷം ജാലകത്തില്‍ നിന്നും പാപ്പാ പിന്‍വാങ്ങി.

 

 

 

 

 

 

04 March 2019, 15:26