തിരയുക

Pope Francis in Lenten retreat in Aricia,  in the chapel of  St. Paul Center Pope Francis in Lenten retreat in Aricia, in the chapel of St. Paul Center 

പാപ്പാ ഫ്രാന്‍സിസിന് പ്രാര്‍ത്ഥനാപൂര്‍വ്വം ആശംസകള്‍!

സ്ഥാനാരോഹണത്തിന്‍റെ ആറു വര്‍ഷങ്ങള്‍ പിന്നി‌ടുന്ന ആഗോളസഭയുടെ ആത്മീയ പിതാവിന് ഭാവുകങ്ങള്‍!

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഈ ശുഭദിനം ധ്യാനപൂര്‍വ്വം
സഭാശുശ്രൂഷയിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് തിരഞ്ഞെടുക്കപ്പെട്ടതിന്‍റെ
6 വര്‍ഷങ്ങള്‍ തികയുന്നത് മാര്‍ച്ച് 13, ബുധനാഴ്ചയാണ്. ഈ ശുഭദിനത്തില്‍ റോമില്‍നിന്നും 40 കി. മീ. അകലെയുള്ള അരീച്യാ എന്ന സ്ഥലത്തെ സെന്‍റ് പോള്‍ കേന്ദ്രത്തില്‍, ആഘോഷങ്ങളോ ആര്‍ഭാടങ്ങളോ ഒന്നുമില്ലാതെ തപസ്സുകാല ധ്യാനത്തിലാണ് പാപ്പാ. വത്തിക്കാന്‍റെ വിവിധ വകുപ്പുകളുടെ തലവന്മാരായ കര്‍ദ്ദിനാളന്മാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമൊപ്പം മാര്‍ച്ച് 10-Ɔο തിയതി, ഞായറാഴ്ച വൈകുന്നേരം തുടങ്ങിയ ധ്യാനം വെള്ളിയാഴ്ച, മാര്‍ച്ച് 15-Ɔο തിയതി വൈകുന്നേരം സമാപിക്കും.  

അസ്സീസിയിലെ സിദ്ധന്‍റെ ആത്മീയ ചൈതന്യത്തോടെ...
പത്രോസിന്‍റെ പരമാധികാരത്തിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് അമേരിക്ക ഭൂഖണ്ഡത്തില്‍നിന്നും ഒരു പാപ്പാ സ്ഥാനമേല്‍ക്കുന്നത്. അര്‍ജന്‍റീനയിലെ ബ്യൂനസ് ഐരസ് അതിരൂപതയുടെ മെത്രാപ്പോലീത്തയായിരിക്കവെയാണ് കര്‍ദ്ദിനാള്‍ ഹോര്‍ഹെ മാരിയോ ബര്‍ഗോളിയോ പത്രോസിന്‍റെ 265-Ɔമത്തെ പിന്‍ഗാമിയായി സ്ഥാനാരോപിതനായത്. അസ്സീസിയിലെ സിദ്ധനെ അനുകരിച്ച് “ഫ്രാന്‍സിസ്” എന്ന നാമം സ്വീകരിച്ച ചരിത്രത്തിലെ ആദ്യത്തെ പത്രോസിന്‍റെ പിന്‍ഗാമിയും പാപ്പാ ഫ്രാന്‍സിസാണ്.  2013 മാര്‍ച്ച് 13-ന് തിരഞ്ഞെടുക്കപ്പെട്ട പാപ്പാ ഫ്രാന്‍സിസ്, മാര്‍ച്ച് 19-ന് ആഗോളസഭാ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളില്‍ വത്തിക്കാനില്‍ പൊതുവായി നടത്തപ്പെട്ട ഔദ്യോഗിക ചടങ്ങില്‍ സ്ഥാനാരോപിതനായി.

സമാധാനദൂതനും സ്നേഹ പ്രവാചകനും
തന്‍റെ ജീവിതത്തിലും പ്രബോധനങ്ങളിലും അടിസ്ഥാനപരമായി കാരുണ്യത്തിന്‍റെ സുവിശേഷം പ്രഘോഷിക്കുന്ന പാപ്പാ ഫ്രാന്‍സിസ്, ലോകത്തെ പാവങ്ങളെയും പരിത്യക്തരെയും ഉള്‍ക്കൊള്ളുന്ന ഒരു സാകല്യസംസ്കൃതിയുടെ പ്രയോക്താവാണ്. രാഷ്ട്രങ്ങളോടുള്ള സമീപനത്തില്‍ യുദ്ധങ്ങള്‍ക്കും കലാപങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ സമാധാനത്തിന്‍റെ പ്രവാചകനുമാണ് പാപ്പാ ഫ്രാന്‍സിസ്.

എന്നും സംവാദത്തിന്‍റെ പാതയില്‍
രാഷ്ട്രനേതാക്കളുമായും, അവരില്‍ വൈരികളായവരോടും ക്ഷമയും കരുണയമുള്ള സംവാദത്തിന്‍റെ പാത തേടുന്ന പാപ്പാ, ഇതര മതസമൂഹങ്ങളോടു സാഹോദര്യത്തിന്‍റെ പാതയില്‍ ഒരുമിച്ചുനടക്കാനും  അതിരുകളില്ലാതെ നന്മചെയ്യാനും ആഗ്രഹിക്കുന്നു. ഭിന്നിച്ചുനില്ക്കുന്ന ഇതര ക്രൈസ്തവ സഭകള്‍ക്കൊപ്പം ഐക്യത്തിന്‍റെ മാര്‍ഗ്ഗത്തില്‍ ചരിച്ചുകൊണ്ട് വിവിധങ്ങളായ ദുരന്തങ്ങളാല്‍ ലോകത്ത് അഭയാര്‍ത്ഥികളാക്കപ്പെടുകയും, കുടിയേറാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യപ്പെടുന്ന ലക്ഷോപലക്ഷം ജനങ്ങളെ തുണയ്ക്കുന്ന പൊതുവായ ഉപവിയുടെ പദ്ധതികളില്‍ ഇതരസഭകളോടു കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ പരിശ്രമിക്കുന്നു.

സ്നേഹപ്രവാചകനു  പ്രാര്‍ത്ഥനയോടെ അഭിവാദ്യങ്ങള്‍!
മാനവികതയുടെ സ്നേഹപ്രവാചകന് നമസ്ക്കാരം! കലങ്ങിമറിഞ്ഞ ലോകത്തിന്‍റെ രാഷ്ട്രീയ സാമൂഹ്യ അന്തരീക്ഷത്തില്‍ സാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും കാരുണ്യത്തിന്‍റെയും വെളിച്ചം ലോകത്തു പരത്താന്‍ ദൈവം ആയുസ്സും ആയുരാരോഗ്യവും പാപ്പാ ഫ്രാന്‍സിസിന് നല്കട്ടെയെന്നു നമുക്കു പ്രാര്‍ത്ഥിക്കാം!  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 March 2019, 10:25