ഫ്രാന്‍സീസ് പാപ്പാ ഫ്രാന്‍സീസ് പാപ്പാ 

സ്നേഹത്തിന്‍റെ നിയമത്തെ മുറുകെ പിടിക്കുക!

ബലഹീനന്‍റെ സംരക്ഷണത്തിന് സ്നേഹത്തിന്‍റെ നിയമം-പാപ്പായുടെ ട്വീറ്റ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സ്നേഹത്തിന്‍റെ നിയമത്തിന്‍റെ അഭാവത്തില്‍ കൈയ്യൂക്കുള്ളവന്‍ കാര്യക്കാരനായിത്തീരുന്ന അവസ്ഥ സംജാതമാകുന്ന അപകടത്തെക്കുറിച്ച് മാര്‍പ്പാപ്പാ മുന്നറിയിപ്പേകുന്നു.

വ്യാഴാഴ്ച (21/03/2019) ട്വിറ്ററിലൂടെയാണ് ഫ്രാന്‍സീസ് പാപ്പാ സ്നേഹത്തിന്‍റെ  നിയമത്തെ മുറുകെപ്പിടിക്കേണ്ടതിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയത്.

പാപ്പാ ട്വിറ്ററില്‍ ഈ ആശയം അവതരിപ്പിച്ചിരിക്കുന്നത് ഇപ്രകാരമാണ്: “നാം സ്നേഹത്തിന്‍റെ നിയമം കൈവിടുകയാണെങ്കില്‍, ബലഹീനന്‍റെ മേല്‍ ബലവാന്‍റെ  ആധിപത്യ നിയമം സമര്‍ത്ഥിക്കപ്പെടും”. 

ചുഴലിക്കാറ്റുദുരന്ത ബാധിത ആഫ്രിക്കന്‍ നാടുകളെ ഓര്‍ത്ത് പാപ്പാ....

മൊസ്സാംബിക്ക് ത്സിംബാവ്വേ, മലാവ്വി എന്നീ ആഫ്രിക്കന്‍ നാടുകളില്‍ "ഇദായി" ചുഴലിക്കാറ്റു ദുരന്തത്തിനിരകളായവര്‍ക്കു വേണ്ടി മാര്‍പ്പാപ്പാ പ്രാര്‍ത്ഥിക്കുന്നു.  

“ആഫ്രിക്കയ്ക്കായി പ്രാര്‍ത്ഥിക്കുക”, “ഇദായി ചുഴലിക്കാറ്റ്” എന്നീ ഹാഷ്ടാഗുകളോടുകൂടി ബുധനാഴ്ച (20/03/2019) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ആ ജനങ്ങളോടുള്ള തന്‍റെ സാമീപ്യം അറിയിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുകയും അവരെ ദൈവത്തിന്‍റെ കാരുണ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തിരിക്കുന്നത്.

“മൊസ്സാംബിക്കിലും ത്സിംബാവ്വേയിലും, മലാവ്വിയിലും ഇദായി ചുഴലിക്കാറ്റിന്‍റെ  ആഘാതമേറ്റ പ്രിയപ്പെട്ട ജനതയോട് ഞാന്‍ എന്‍റെ വേദനയും സാമീപ്യവും പ്രകടിപ്പിക്കുന്നു. അനേകരായ ഇരകളെയും അവരുടെ കുടുംബങ്ങളെയും ഞാന്‍ ദൈവികകാരുണ്യത്തിന് സമര്‍പ്പിക്കുന്നു” എന്നാണ് പാപ്പാ ട്വറ്ററില്‍ കുറിച്ചിരിക്കുന്നത്.

ബുധനാഴ്ച വത്തിക്കാനില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചാ വേളയിലും പാപ്പാ ചുഴലിക്കാറ്റ്-ജലപ്രളയ ദുരന്തത്തിനിരകളായ ഈ ജനങ്ങളെ ഓര്‍ക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 March 2019, 13:30