തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ, ഇറ്റലിയുടെ “കോര്‍ട്ട് ഓഫ് ഓഡിറ്റേഴ്സിന്‍റെ” (കോര്‍ത്തെ ദേയി കോന്തി-CORTE DEI CONTI) പ്രതിനിധികളും അവരുടെ കുടുംബാംഗങ്ങള്‍ക്കും  വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ ദര്‍ശനം അനുവദിച്ചപ്പോള്‍ 18/03/2019 ഫ്രാന്‍സീസ് പാപ്പാ, ഇറ്റലിയുടെ “കോര്‍ട്ട് ഓഫ് ഓഡിറ്റേഴ്സിന്‍റെ” (കോര്‍ത്തെ ദേയി കോന്തി-CORTE DEI CONTI) പ്രതിനിധികളും അവരുടെ കുടുംബാംഗങ്ങള്‍ക്കും വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ ദര്‍ശനം അനുവദിച്ചപ്പോള്‍ 18/03/2019 

അഴിമതി, സമൂഹത്തിന്‍റെ ഘടനയെ പിച്ചിച്ചീന്തുന്ന വിപത്ത്, പാപ്പാ

വ്യക്തിയുടെ ഔന്നത്യത്തെ ഇടിച്ചുതാഴ്ത്തുന്നതും മനോഹരങ്ങളും ശ്രേഷ്ഠങ്ങളുമായ ആദര്‍ശങ്ങളെ തകര്‍ത്തു തരിപ്പണമാക്കുന്നതുമായ അഴിമതിക്കെതിരെ പോരാടാന്‍ സമൂഹം ഒന്നടങ്കം വിളക്കിപ്പെട്ടിരിക്കുന്നു ഫ്രാന്‍സീസ് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മനുഷ്യവ്യക്തിയുടെ, സംസര്‍ഗ്ഗ-സാമൂഹ്യമാനങ്ങളോടുകൂടിയ നന്മയായിരിക്കണം ഒരു രാഷ്ട്രത്തിന്‍റെ സകല സംവിധാനങ്ങളുടെയും പരിപാടികളുടെയും മൗലിക മാനദണ്ഡമെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മപ്പെടുത്തുന്നു.

രാഷ്ട്രത്തിന്‍റെ ആയവ്യയക്കണക്കുകള്‍ പരിശോധിക്കുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനമായ, ന്യായധിപന്മാരും അംഗങ്ങളായുള്ള, ഇറ്റലിയുടെ “കോര്‍ട്ട് ഓഫ് ഓഡിറ്റേഴ്സിന്‍റെ” (കോര്‍ത്തെ ദേയി കോന്തി-CORTE DEI CONTI) പ്രതിനിധികളും അവരുടെ കുടുംബാംഗങ്ങളുമുള്‍പ്പെട്ട ആയിരത്തോളം പേരടങ്ങുന്ന സംഘത്തെ തിങ്കളാഴ്ച (18/03/2019) വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

സമൂഹത്തിന്‍റെ ഘടനയെ ഏറ്റവുമധികം പിച്ചിച്ചീന്തുന്നതും ധാര്‍മ്മികമായും സാമ്പത്തികമായും വലിയ ഹാനിവരുത്തുന്നതുമായ വിപത്തുകളിലൊന്നായ അഴിമതിക്കെതിരായ നിരന്തര പോരാട്ടത്തില്‍ ഈ സര്‍ക്കാര്‍ സംവിധാനത്തിന് സവിശേഷമായൊരു ദൗത്യമുണ്ടെന്ന വസ്തുത പാപ്പാ എടുത്തുകാട്ടി.

വളരെ പെട്ടെന്ന് എളുപ്പത്തില്‍ ധനം സമ്പാദിക്കാമെന്ന വ്യാമോഹത്തിലാഴ്ത്തുകയും എന്നാല്‍, വാസ്തവത്തില്‍ ഭരണസംവിധാനത്തിലുള്ള വിശ്വാസവും അതിന്‍റെ  സുതാര്യതയും വിശ്വാസ്യതയും സകലരിലും നിന്നെടുത്തുകളയുകയും ചെയ്യുന്നതാണ് ഈ  അഴിമതിയെന്ന വിപത്തെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

വ്യക്തിയുടെ ഔന്നത്യത്തെ ഇടിച്ചുതാഴ്ത്തുന്നതും മനോഹരങ്ങളും ശ്രേഷ്ഠങ്ങളുമായ ആദര്‍ശങ്ങളെ തകര്‍ത്തുതരിപ്പണമാക്കുന്നതുമായ അഴിമതിക്കെതിരെ പോരാടാന്‍ സമൂഹം ഒന്നടങ്കം വിളക്കിപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

അരാജകത്വവും ദുര്‍നടപടികളും തടയുന്നതിനുള്ള ഫലപ്രദമായ ഒരു ഉപകരണമാണ് സാമ്പത്തികകാര്യങ്ങള്‍ പരിശോധിക്കുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനമെന്നും പൊതുഭരണാധികാരികള്‍ എല്ലാവരും സുതാര്യതയോടും സത്യസന്ധതയോടുംകൂടി പ്രവര്‍ത്തിക്കുകയെന്ന കടമയുള്ളവരാണെന്ന അവബോധം കൂടുതല്‍ പുലര്‍ത്തേണ്ടതുണ്ടെന്നും അപ്രകാരം അവര്‍ക്ക് പൗരന്മാരും പൊതുസ്ഥാപനങ്ങളും തമ്മിലുള്ള വിശ്വാസത്തെ ഊട്ടിവളര്‍ത്താനാകുമെന്നും പ്രസ്താവിച്ച പാപ്പാ, പൗരന്മാര്‍ക്ക് ഈ വിശ്വാസം നഷ്ടപ്പെട്ടാല്‍ അത് പ്രജാധിപത്യത്തിന്‍റെ ഗുരുതരമായ പ്രതിസന്ധിയുടെ ആവിഷ്ക്കാരമായിരിക്കുമെന്നു വിശദീകരിച്ചു.  

 

19 March 2019, 08:34