തിരയുക

Vatican News
ഇറ്റലിയിലെ സഹകരണസംഘങ്ങളുടെ സംയുക്തസമിതിയുടെ എഴായിരത്തോളം പ്രതിനിധികള്‍ വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ ഫ്രാന്‍സീസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ 16/03/2019 ഇറ്റലിയിലെ സഹകരണസംഘങ്ങളുടെ സംയുക്തസമിതിയുടെ എഴായിരത്തോളം പ്രതിനിധികള്‍ വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ ഫ്രാന്‍സീസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ 16/03/2019  (Vatican Media)

സഭയുടെ സാമൂഹ്യ പ്രബോധനങ്ങളെ മൂര്‍ത്തമാക്കുന്ന സഹകരണസംഘങ്ങള്‍!

ക്രിസ്തീയ സംഹകരണം ശരിയായ മാര്‍ഗ്ഗം- ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സഭയുടെ സാമൂഹ്യപ്രബോധനം ചേതനയറ്റ വാക്കുകളാകതെ ജീവസുറ്റതായി പരിണമിക്കുമ്പോള്‍ അത് പ്രത്യാശയുടെ ശക്തമായ അടയാളമായി ഭവിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

ഇറ്റലിയില്‍, സഭയുടെ സാമൂഹ്യപ്രബോധനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് 1919 ല്‍ സ്ഥാപിതമായ സഹകരണസംഘങ്ങളുടെ സംയുക്തസമിതിയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച്, അതിന്‍റെ എഴായിരത്തോളം പ്രതിനിധികളെ ശനിയാഴ്ച (16/03/2019) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

സത്യം ഉച്ചത്തില്‍ പ്രഘോഷിക്കുകയെന്നതു മാത്രമല്ല ഇന്നും സഭയുടെ ആവശ്യമെന്നും ഇടയന്മാര്‍ പ്രസംഗിക്കുന്നതും ദൈവശാസ്ത്രജ്ഞന്മാര്‍ പഠിപ്പിക്കുന്നതും സമൂര്‍ത്തമാക്കിത്തീര്‍ക്കുന്നവരായ സ്ത്രീപുരുഷന്മാരെയും സഭയ്ക്ക് ആവശ്യമുണ്ടെന്നും പാപ്പാ സഹകരണസംഘത്തില്‍ പ്രവര്‍ത്തിക്കുന്നവരെ കൃതജ്ഞതയോടെ അുസ്മരിച്ചുകൊണ്ട് ഉദ്ബോധിപ്പിച്ചു.

സഭയുടെ സാമൂഹ്യപ്രബോധനത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട സഹകരണ രീതിയാണ് അവര്‍ പിന്‍ചെല്ലുന്നതെന്ന വസ്തുത അനുസ്മരിച്ച പാപ്പാ, ഇത് സ്വകാര്യ സംരഭകത്വത്തിന് പലപ്പോഴും ഹാനികരമായി ഭവിക്കുന്ന സ്ഥിതിസമത്വവാദത്തിന്‍റെയും ദേശീയവാദത്തിന്‍റെയും പ്രവണതകളെ തിരുത്തുകയും വ്യക്തിമാഹാത്മ്യവാദത്തിന്‍റെയും ഉദാരവത്ക്കരണവാദത്തില്‍ അന്തര്‍ലീനമായ സ്വാര്‍ത്ഥതയുടെയും പ്രലോഭനങ്ങള്‍ക്ക്  കടിഞ്ഞാണിടുകയും ചെയ്യുന്നുവെന്ന് വിശദീകരിച്ചു.

സഭയുടെ സാമൂഹ്യപ്രബോധനത്തെ സമൂര്‍ത്തമാക്കിത്തീര്‍ക്കുന്ന തരത്തിലുള്ള സഹകരണസംഘത്തിന്‍റെ പ്രവര്‍ത്തനം അതിന്‍റെ പ്രവചനാത്മക ധര്‍മ്മവും  സുവിശേഷവെളിച്ചത്തിലുള്ള അതിന്‍റെ സാമൂഹ്യ സാക്ഷ്യവും പ്രസ്പഷ്ടമാക്കുന്നുവെന്നും പാപ്പാ സന്തുഷ്ടി പ്രകടിപ്പിച്ചു.

ലാഭത്തിലല്ല, പ്രത്യുത, മാനുഷിക ബന്ധങ്ങളില്‍ അധിഷ്ഠിതമായ ഈ സഹകരണ ദര്‍ശനം ലോകത്തിന്‍റെ മനോഭാവത്തിന് വിരുദ്ധമാണെന്ന വസ്തുത നാം ഒരിക്കലും വിസ്മരിക്കരുതെന്നു പാപ്പാ പറഞ്ഞു.

സഹകരണത്തില്‍ വിശ്വസിക്കുകയും, സകലത്തെയും വാണിജ്യവത്ക്കരിക്കാന്‍ ശ്രമിക്കുന്ന ഒരു ലോകത്തില്‍ മനുഷ്യവ്യക്തികളായി നിലകൊള്ളാന്‍ നിര്‍ബന്ധബുദ്ധി കാട്ടുകയും ചെയ്യുന്നതായ സഹകരണസംഘാംഗങ്ങളുടെ പ്രവര്‍ത്തനത്തിന് പാപ്പാ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

നരകസമാനമാക്കിത്തീര്‍ക്കുന്ന ഏകാന്തതയെ ജയിക്കാന്‍ സഹായിക്കുന്നതാണ് ഈ സഹകരണമെന്നും, ദൗര്‍ഭാഗ്യവശാല്‍, ഏകാന്തതയുടെ ഫലമായ നിരാശയാല്‍ ജീവിതം അവസാനിപ്പിക്കുന്നവരുണ്ടെന്നും പാപ്പാ പറഞ്ഞു. 

സാമൂഹ്യ അനീതിക്കു ജന്മമേകിക്കൊണ്ട് ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്ന അപകടകരമായ സമ്പദ്ഘടനയുടെ മേല്‍ക്കൂര തകര്‍ക്കാന്‍ സഹായകമാണ് സംഘാതപ്രവര്‍ത്തനം എന്ന്, ജനബാഹുല്യം നിമിത്തം യേശുവിന്‍റെ അടുത്തേക്ക് തളര്‍വാത രോഗിയെ എത്തിക്കാന്‍ കഴിയാതിരുന്നതിനാല്‍ ചിലര്‍ അവിടന്ന് ഇരുന്നിരുന്നി‌ടത്തെ  മേല്‍ക്കൂര പൊളിച്ച് അതിലൂടെ തളര്‍വാതരോഗിയെ ഇറക്കുന്നതും യേശു ആ രോഗിയെ അത്ഭുതകരമായി സൗഖ്യമാക്കുന്നതുമായ സുവിശേഷ സംഭവം (മര്‍ക്കോസ് 2:1-12) അനുസ്മരിച്ചുകൊണ്ട് പ്രസ്താവിച്ചു.

ഒരു സഹകരണസംഘം സ്ഥാപിക്കുന്ന വ്യക്തി സമൂഹത്തില്‍ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നതിലും പ്രവര്‍ത്തിക്കുന്നതിലും സമൂഹത്തില്‍ ആയിരിക്കുന്നതിലും വേറിട്ട ഒരു ശൈലിയില്‍ വിശ്വസിക്കുന്നുവെന്നും ഏറ്റം ദുര്‍ബ്ബലരെ പുറന്തള്ളുന്ന നിസ്സംഗതയാര്‍ന്ന ജനക്കൂട്ടത്തിന്‍റെ മതിലില്‍ വിടവുണ്ടാക്കുന്ന ഒരു സംഘത്തിന്‍റെ  തന്ത്രമാണ് സഹകരണത്തിന്‍റെ ഫലമായ അത്ഭുതമെന്നും പാപ്പാ ഈ ആശയത്തോടു കൂട്ടിച്ചേര്‍ത്തു.

ക്രിസ്തീയ സഹകരണം ശരിയായ ഒരു മാര്‍ഗ്ഗമാണെന്ന് തനിക്ക് തന്‍റെ  പിതാവില്‍ നിന്ന് ചെറുപ്പത്തില്‍ത്തന്നെ, അതായത്, തനിക്ക് 18 വയസ്സുള്ളുപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞതും പാപ്പാ അനുസ്മരിച്ചു.  

 

16 March 2019, 12:58