ഫ്രാന്‍സീസ് പാപ്പാ കമീല്ലിയന്‍ സമര്‍പ്പിതജീവിത സമൂഹങ്ങളുടെ പ്രതിനിധികള്‍ക്കൊപ്പം വത്തിക്കാനില്‍,18/03/2019 ഫ്രാന്‍സീസ് പാപ്പാ കമീല്ലിയന്‍ സമര്‍പ്പിതജീവിത സമൂഹങ്ങളുടെ പ്രതിനിധികള്‍ക്കൊപ്പം വത്തിക്കാനില്‍,18/03/2019 

ആതുര ശുശ്രൂഷ , സഭയുടെ ദൗത്യങ്ങളില്‍ ഒന്ന്!

ക്രൈസ്തവികതയുടെ ഭാവമായ ആര്‍ദ്രത നിഘണ്ടുവില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കയാണെന്നും അതിന്‍റെ അഭാവത്തില്‍ ക്രൈസ്തവികതയുടെ സത്ത ചോര്‍ന്നു പോകുന്നുവെന്നും ഫ്രാന്‍സീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഗുരുവും നാഥനുമായ കര്‍ത്താവില്‍ നിന്ന് ആകമാന സഭയ്ക്ക് ലഭിച്ച ദൗത്യങ്ങളാണ് ദൈവരാജ്യ പ്രഘോഷണവും ആതുരശുശ്രൂഷയും എന്ന് മാര്‍പ്പാപ്പാ.

രോഗീ പരിചരണം സവിശേഷ സിദ്ധിയായി, വിശുദ്ധ കമീല്ലൊ ദെ ലേല്ലിസ് സ്ഥാപിച്ചതും ഇന്ത്യയുള്‍പ്പെടെ 35 നാടുകളില്‍ ആതുരസേവനരംഗത്ത് പ്രവര്‍ത്തനിരതവും വൈദികരും സന്ന്യസ്ത സഹോദരരും സന്ന്യാസിനികളും അംഗങ്ങളായുള്ളതുമായ കമീല്ലിയന്‍ സന്ന്യാസസമൂഹത്തിന്‍റെ എഴുപതോളം പ്രതിനിധികളെ തിങ്കളാഴ്ച (18/03/2019) വത്തിക്കാനില്‍ സ്വീകരിച്ചവേളയിലാണ് ഫ്രാന്‍സീസ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

ഈ സന്ന്യാസസമൂഹാംഗങ്ങള്‍ ഉദാരമായ സ്നേഹത്തോടുകൂടി നടത്തുന്ന രോഗീപരിചരണം, സഭയ്ക്കും സമൂഹത്തിനുമേകുന്ന അനര്‍ഘ സേവനമാണെന്ന് പാപ്പാ ശ്ലാഘിച്ചു.

രോഗം നമ്മെ അസ്വസ്ഥമാക്കുമ്പോള്‍, ചിലപ്പോള്‍, നമ്മുടെ ജീവിതത്തെത്തന്നെ തകിടംമറിക്കുമ്പോള്‍ നമുക്ക് താങ്ങാകുകയും സാന്ത്വനമേകുകയും ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്ന അനുകമ്പയും വൈദഗ്ധ്യവുമുള്ള സഹോദരന്‍റേയോ സഹോദരിയുടേയോ സാമീപ്യം നാം അതിയായി ആഗ്രഹിച്ചുപോകുമെന്ന് പാപ്പാ പറഞ്ഞു. 

ക്രിസ്തുവിനു രോഗികളോടുള്ള കരുണാര്‍ദ്രസ്നേഹം വീണ്ടും ജീവിക്കാനും അതിനു സാക്ഷ്യമേകാനുമുള്ള അനുഗ്രഹം,  ദൈവം, വിശുദ്ധ കമില്ലൊ ദെ ലേല്ലിസിനും അദ്ദേഹത്തിന്‍റെ മാതൃക പിന്‍ചെല്ലുന്നവര്‍ക്കും  നല്കിയിരിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

ആര്‍ദ്രത എന്ന പദം നിഘണ്ടുവില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു അപകടമുണ്ടെന്നു സൂചിപ്പിച്ച പാപ്പാ, ക്രൈസ്തവികതയുടെ ഭാവമായ ആര്‍ദ്രതയുടെ അഭാവത്തില്‍ അതിന്‍റെ സത്ത ചോരുന്നുവെന്നും വേദനിക്കുന്നവരുമായുള്ള നമ്മുടെ കൂടിക്കാഴ്ചയുടെ “മജ്ജ”യാണ് ഈ ആര്‍ദ്രതയെന്നും ഉദ്ബോധിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 March 2019, 09:27