തിരയുക

Vatican News
ഞായറാഴ്ച,10/03/2019, തകര്‍ന്നുവീണ എത്യോപ്യന്‍ എയര്‍ലൈന്‍സിന്‍റെ ഒരു ഭാഗം ഞായറാഴ്ച,10/03/2019, തകര്‍ന്നുവീണ എത്യോപ്യന്‍ എയര്‍ലൈന്‍സിന്‍റെ ഒരു ഭാഗം 

വിമാനദുരന്തം: മാര്‍പ്പാപ്പാ അനുശോചിച്ചു

എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് 157 പേര്‍ മരിച്ചു, വിമാനദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കായി മാര്‍പ്പാപ്പാ പ്രാര്‍ത്ഥിക്കുന്നു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നാലു ഭാരതീയരുള്‍പ്പടെ 157 പേരുടെ ജീവനപഹരിച്ച എത്യോപ്യന്‍ എയര്‍ലൈന്‍സ്  വിമാനദുരന്തത്തില്‍ മാര്‍പ്പാപ്പാ ദുഃഖം രേഖപ്പെടുത്തി.

വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിനാണ് ഫ്രാന്‍സീസ് പാപ്പായുടെ നാമത്തില്‍ അനുശോചനം അറിയിച്ചത്.

ഈ ദുരന്തത്തില്‍ മരണമടഞ്ഞ വിവിധരാജ്യാക്കാരയവരുടെ ആത്മാവുകളെ പാപ്പാ സര്‍വ്വശക്തനായ ദൈവത്തിന്‍റെ കരങ്ങളിലേല്‍പ്പിക്കുകയും അവരുടെ കുടുംബങ്ങള്‍ക്കും അവരുടെ വേര്‍പാടില്‍ കേഴുന്ന എല്ലാവര്‍ക്കും സാന്ത്വനവും ആത്മധൈര്യവും ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ അറിയിക്കുന്നു. 

എത്യോപ്യയുടെ തലസ്ഥാനമായ അദിസ് അബാബയില്‍ നിന്ന് കെനിയയിലെ നയ്റോബിയിലേക്കു പുറപ്പെട്ട വിമാനമാണ്, പറന്നുയര്‍ന്ന് അല്പസമയത്തിനുള്ളില്‍, തകര്‍ന്നത്.

ഇക്കഴിഞ്ഞ നവമ്പറില്‍ വാങ്ങിയ പുതിയ വിമാനം ബോയിംഗ് 737-8 മാക്സ് ആണ് ഒരു വയലില്‍ തകര്‍ന്നു വീണത്.

വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരണമടഞ്ഞു.

ഐക്യരാഷ്ട്രസഭയിലെ വിദഗ്ദ്ധോപദേശക ശിഖാ ഗാര്‍ഗ്, വൈദ്യ പി. ഭാസ്കര്‍, വൈദ്യ ഹാന്‍സിന്‍ അനഗേഷ്, നുകാവരുപ്പു മനീഷ എന്നിവരാണ് ഈ വിമാനദുരന്തത്തിനിരകളായ ഇന്ത്യക്കാര്‍.

ആറു മാസം മുമ്പ് ഇന്തൊനേഷ്യന്‍ എയര്‍ലൈന്‍സിന്‍റെയും ബോയിംഗ് 737-8 മാക്സ് വിമാനം തകര്‍ന്നിരുന്നു. 

 

11 March 2019, 13:17