മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിന്‍റെ തലസ്ഥാനമായ ബാംഗ്വിയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സാമ്പത്തികസഹായത്തോടെ നവീകരിച്ച  ശിശുരോഗ ചികിത്സാകേന്ദ്രത്തിന്‍റെ  ഒരു ദൃശ്യം 02/03/2019 മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിന്‍റെ തലസ്ഥാനമായ ബാംഗ്വിയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സാമ്പത്തികസഹായത്തോടെ നവീകരിച്ച ശിശുരോഗ ചികിത്സാകേന്ദ്രത്തിന്‍റെ ഒരു ദൃശ്യം 02/03/2019 

ഉള്‍ക്കൊള്ളാന്‍ എറ്റം ആയാസകരം കുഞ്ഞുങ്ങളുടെ സഹനങ്ങള്‍!

ഫ്രാന്‍സീസ് പാപ്പായുടെ വീഡിയൊ സന്ദേശം-സദാ, സുവിശേഷത്തിലെ നല്ല സമറായക്കാരനെക്കുറിച്ചുള്ള ചിന്തയോടെ ഉപവിയാല്‍ പ്രചോദിതരായി കുഞ്ഞുങ്ങളെ ശുശ്രൂഷിക്കാന്‍ പാപ്പാ ആതുരസേവകര്‍ക്ക് പ്രോത്സാഹനം പകരുന്നു

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കുഞ്ഞുങ്ങള്‍ രോഗമോ പോഷണവൈകല്യമോ മൂലം മരണമടയാന്‍ ഇനി ഒരിക്കലും ഇടയാകരുതെന്ന് മാര്‍പ്പാപ്പാ.

മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിന്‍റെ തലസ്ഥാനമായ ബാംഗ്വിയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സാമ്പത്തികസഹായത്തോടെ നവീകരിച്ച് ഉപരിവിസ്തൃതമാക്കിയ ശിശുരോഗ ചികിത്സാകേന്ദ്രത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ശനിയാഴ്ച (02/03/19) നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ കുഞ്ഞുങ്ങളുടെ സഹനത്തെക്കുറിച്ചു പരാമര്‍ശിച്ചുകൊണ്ട് ഇതു പറഞ്ഞിരിക്കുന്നത്.

പാപ്പായുടെ ഉപവിപ്രവര്‍ത്തന വിഭാഗമായ “എലെമൊസിനെറീയ അപ്പസ്തോലിക്ക”യുടെ (ELIMOSINERIA APOSTALICA) ചുമതലവഹിക്കുന്ന കര്‍ദ്ദിനാള്‍ കൊണ്‍റാഡ് ക്രയേവ്സ്കിയാണ് ശനിയാഴ്ച (02/03/19) ഈ ചികിത്സാലയത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

അംഗീകരിക്കാന്‍ ഏറ്റം വിഷമമേറിയതാണ് കുഞ്ഞുങ്ങളുടെ സഹനമെന്നും എന്തുകൊണ്ട് കുഞ്ഞുങ്ങള്‍ക്ക് സഹനങ്ങളുണ്ടാകുന്നു എന്ന ചോദ്യത്തിന് ഒരു ഉത്തരം കണ്ടെത്താനാകുന്നില്ലയെന്നും ഈ ചോദ്യം തന്നില്‍ ഉയരുമ്പോള്‍ താന്‍ കുരിശിനെ നോക്കുകയും സ്വര്‍ഗ്ഗീയ പിതാവിന്‍റെ കരുണാര്‍ദ്ര സ്നേഹം യാചിക്കുകയുമാണ് ചെയ്യുന്നതെന്നും പാപ്പാ തന്‍റെ സന്ദേശത്തില്‍ പറഞ്ഞു.

തങ്ങളുടെ സഹനങ്ങള്‍ക്ക് കാരുണ്യത്തോടും സ്നേഹത്തോടും കൂടിയ ഉത്തരവും ആശ്വാസവും കുഞ്ഞുങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന അത്യുത്കൃഷ്ടമായ ഒരു കേന്ദ്രമായി ഭവിക്കട്ടെ ഈ ചികിത്സാലയം എന്ന് പാപ്പാ ആശംസിച്ചു.

കരുണയുടെ സമൂര്‍ത്ത അടയാളമാണ് നവ ചികിത്സാകേന്ദ്രമെന്നും പാപ്പാ വിശേഷിപ്പിച്ചു.

ആകയാല്‍, സദാ, സുവിശേഷത്തിലെ നല്ല സമറായക്കാരനെക്കുറിച്ചുള്ള ചിന്തയോടെ ഉപവിയാല്‍ പ്രചോദിതരായി കുഞ്ഞുങ്ങളെ ശുശ്രൂഷിക്കാന്‍ പാപ്പാ ആതുരസേവകര്‍ക്ക് പ്രോത്സാഹനം പകരുകയും ചെയ്തു.

ഫ്രാന്‍സീസ് പാപ്പായുടെ ആഗ്രഹപ്രകാരമാണ് മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിലെ ഈ ഏക ശിശുരോഗ ചികിത്സാ കേന്ദ്രം നവീകരിക്കപ്പെട്ടത്.

ഉണ്ണിയേശുവിന്‍റെ നാമത്തില്‍, റോമില്‍, വത്തിക്കാന്‍റെ കീഴിലുള്ള, പ്രമുഖ ശിശുരോഗാശുപത്രിയായ, “ബംബിനൊ ജെസു”വിനായിരുന്നു, ഈ ചികിത്സാകേന്ദ്രത്തിന്‍റെ നവീകരണപ്രവര്‍ത്തനത്തിന്‍റെ ചുമതല. 

പല അവസരങ്ങളിലായി ഏകദേശം 24 കോടി രൂപയ്ക്കു തുല്യമായ തുക പാപ്പാ ഈ ആശുപത്രിക്കായി സംഭാവന ചെയ്തിട്ടുണ്ട്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 March 2019, 13:39