ഫ്രാന്‍സീസ് പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍, 20/03/2019 ഫ്രാന്‍സീസ് പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍, 20/03/2019 

ലോകത്തെക്കുറിച്ചുള്ള ദൈവിക പദ്ധതി സുവ്യക്തം -പാപ്പാ

ദൈവത്തിന്‍റെ കാര്യത്തില്‍ അവ്യക്തതയില്ല, അവിടന്ന് സമസ്യകള്‍ക്ക് പിറകില്‍ ഒളിക്കുന്നില്ല, ദൈവം ലോകത്തിന്‍റെ ഭാവി അസ്പഷ്ടമായ വിധത്തിലല്ല സംവിധാനം ചെയ്തിരിക്കുന്നത്. അവിടത്തെ പദ്ധതി സുവ്യക്തമാണ്. ഇതു നാം മനസ്സിലാക്കിയില്ലെങ്കില്‍ കര്‍ത്തൃപ്രാര്‍ത്ഥനയിലെ മൂന്നാമത്തെ അപേക്ഷയുടെ പൊരുള്‍ നമുക്ക് അഗ്രാഹ്യമാകുന്ന അപകടമുണ്ടാകും, ഫ്രാന്‍സീസ് പാപ്പായുടെ പൊതുദര്‍ശന വിചിന്തനം.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

യൂറോപ് വസന്തകാലത്തിലേക്കു കടക്കാന്‍പോകുകയാണെങ്കിലും റോമാനഗരത്തില്‍ പൊതുവെ മൂടലനുഭവപ്പെട്ട ഒരു ദിനമായിരുന്നു ഈ ബുധനാഴ്ച (20/03/2019). എന്നിരുന്നാലും ഇടയ്ക്കിടെ സൂര്യകിരണങ്ങള്‍ പതിക്കുന്നുണ്ടായിരുന്നു. താന്‍ നോമ്പുകാല ധ്യാനത്തിലായിരുന്നതിനാല്‍ കഴിഞ്ഞ ബുധനാഴ്ച മുടങ്ങിയ  പ്രതിവാര പൊതുകൂടിക്കാഴ്ച പുനരാരംഭിച്ച ഫ്രാന്‍സീസ് പാപ്പാ കൂടിക്കാഴ്ചാവേദിയാക്കിയത് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അതിവിശാലമായ ചത്വരമായിരുന്നു. തന്നെ ഏവര്‍ക്കും കാണത്തക്കരീതിയില്‍ സജ്ജീകരിച്ചിട്ടുള്ള വെളുത്ത തുറന്ന വാഹനത്തില്‍ അങ്കണത്തിലേക്കു പ്രവേശിച്ച പാപ്പായെ വിവിധ രാജ്യക്കാരായിരുന്ന പതിമൂവായിരത്തോളംവരുന്ന ജനങ്ങള്‍ ആനന്ദാരവങ്ങളോടെ വരവേറ്റു.

സമാധാനവും അണുവായുധനിര്‍മ്മാര്‍ജ്ജനവും പരിപോഷിപ്പിക്കുന്നതിനുവേണ്ടി 2015-ല്‍ തുടക്കം കുറിച്ച “ഭൗമ സാര്‍ത്ഥവാഹകസംഘം”, അഥവാ, “ല കരൊവാന ദെല്ല തേറ” (LA CAROVANA DELLA TERRA)  എന്ന പ്രസ്ഥാനത്തിന്‍റെ കുഞ്ഞുങ്ങളായ പ്രതിനിധികളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. 1945 ആഗസ്റ്റ് 6ന് ജപ്പാനിലെ ഹിരോഷിമയെ ചാമ്പലാക്കിയ അണുബോംബ് സ്ഫോടനത്തിന്‍റെ സ്മാരകത്തില്‍ നിന്നു കൊളുത്തപ്പെട്ടതും ആണവയുദ്ധത്തിന്‍റെയും അണുവായുധങ്ങളുടെയും ഭീഷണി ഇല്ലാതാകുന്നതുവരെ ജ്വലിച്ചു നില്ക്കുന്നതുമായ സമാധാന ദീപനാളം, ഭാവി അണുവായുധ വിമുക്ത ലോകത്തിന്‍റെ സൂചനയെന്നോണം തങ്ങളോടൊപ്പം പ്രതീകാത്മകമായി അണയ്ക്കാന്‍ ഈ കുഞ്ഞുങ്ങള്‍ പാപ്പയോട് ഈ കൂടിക്കാഴ്ചാവേളയില്‍ അഭ്യര്‍ത്ഥിച്ചു. ഹിരോഷിമ അണുബോംബു ദുരന്തത്തെ അതിജീവിച്ച സമാധാന പ്രവര്‍ത്തക സെത്സൂക്കൊ തുര്‍ലൊവും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

പൊതുദര്‍ശനം അനുവദിക്കുന്നതിന് ചത്വരത്തില്‍ എത്തിയ പാപ്പാ ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ജനസഞ്ചയത്തിനിടയിലൂടെ, വാഹനത്തില്‍ സാവധാനം നീങ്ങി. അംഗരക്ഷകര്‍ ഇടയ്ക്കിടെ തന്‍റെ പക്കലേക്ക് എടുത്തുകൊണ്ടുവന്ന പിഞ്ചു കുഞ്ഞുങ്ങളെ പാപ്പാ വാഹനം നിറുത്തി തൊട്ടുതലോടുകയും ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദിക്കടുത്തുവച്ച വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പാ നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 09.30 കഴിഞ്ഞപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിക്കു ശേഷം, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

“എല്ലാവര്‍ക്കും വേണ്ടി അപേക്ഷകളും യാചനകളും മദ്ധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമെ ആഹ്വാനം ചെയ്യുന്നു.2 എല്ലാ ഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂര്‍ണ്ണവുമായ ജീവിതം നയിക്കാന്‍  നമുക്കിടയാകത്തക്കവിധം രാജാക്കന്മാര്‍ക്കും ഉന്നതസ്ഥാനീയര്‍ക്കും ഇപ്രകാരംതന്നെ ചെയ്യേണ്ടതാണ്.3 ഇത് ഉത്തമവും നമ്മുടെ രക്ഷകനായ ദൈവത്തിന്‍റെ മുമ്പില്‍ സ്വീകാര്യവുമത്രേ.4 എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടന്ന് ആഗ്രഹിക്കുന്നത്. (പൗലോസ് തിമോത്തെയോസിനെഴുതിയ ഒന്നാം ലേഖനം 2:1-4)

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ “സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന കര്‍ത്തൃപ്രാര്‍ത്ഥനയെ അധികരിച്ചു നടത്തിപ്പോരുന്ന പ്രബോധനപരമ്പര തുടര്‍ന്നു. “അങ്ങയുടെ ഹിതം നിറവേറണമേ”  എന്ന പ്രാര്‍ത്ഥനയായിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന  മുഖ്യ പ്രഭാഷണത്തിന്‍റെ സംഗ്രഹം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

“സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാര്‍ത്ഥനയെ അധികരിച്ചുള്ള പ്രബോനത്തില്‍ ഇന്ന് നാം വിചിന്തനം വിഷയം “അങ്ങയുടെ ഹിതം നിറവേറണമേ” എന്ന മൂന്നാമത്തെ അപേക്ഷയാണ്. അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരണമേ എന്നീ ആദ്യത്തേ രണ്ടു അപേക്ഷകളോടുകൂടി ചേര്‍ത്തുവായിക്കേണ്ടതാണ് അത്. അങ്ങനെ, ഈ മൂന്നു പ്രാര്‍ത്ഥനകളും ചേര്‍ന്ന് ഒരു പ്രാര്‍ത്ഥനാത്രിഫലകം രൂപപ്പെടുന്നു. 

ആദ്യം പ്രവര്‍ത്തനനിരതനാകുന്ന ദൈവം

മനുഷ്യന്‍ ലോകത്തെ പരിപാലിക്കുന്നതിനു മുമ്പുതന്നെ ദൈവം മനുഷ്യനെയും ലോകത്തെയും അക്ഷീണം പരിപാലിക്കുന്ന പ്രക്രിയ ദര്‍ശിക്കാനാകും. ഈ പ്രതിലോമ വീക്ഷണം സുവിശേഷത്തിലൂടനീളം പ്രതിഫലിക്കുന്നുണ്ട്. പാപിയായ സഖേവൂസ് യേശുവിനെ കാണുന്നതിന് മരത്തില്‍ കയറുന്നു. എന്നാല്‍ അവനറിയുന്നില്ല ദൈവം എത്രയോ മുമ്പേ അവനെ അന്വേഷിച്ചു തുടങ്ങിയിരുന്നു എന്ന്. യേശു അവനോടു പറയുന്നു..... “ഇറങ്ങി വരിക.... മനുഷ്യപുത്രന്‍ വന്നിരിക്കുന്നത് നഷ്ടപ്പെട്ടുപോയതിനെ കണ്ടെത്താനും രക്ഷിക്കാനുമാണ്” (ലൂക്ക 19:5.10). ഇതാണ് ദൈവത്തിന്‍റെ ഹിതം. ദൈവത്തിന്‍റെ അന്വേഷണം ശുഭപര്യവസായിയാകണമെന്നും അവിടത്തെ സാര്‍വ്വത്രിക പരിത്രാണ പദ്ധതി, ആദ്യം നാമോരോരുത്തരിലും, പിന്നീട് ലോകം മുഴുവനിലും പൂര്‍ത്തിയാക്കപ്പെടണമെന്നും നാം അഭ്യര്‍ത്ഥിക്കുകയാണ്.

സുവ്യക്തമായ ദൈവിക പദ്ധതി

ദൈവത്തിന്‍റെ കാര്യത്തില്‍ അവ്യക്തതയില്ല, അവിടന്ന് സമസ്യകള്‍ക്ക് പിറകില്‍ ഒളിക്കുന്നില്ല, ദൈവം ലോകത്തിന്‍റെ ഭാവി അസ്പഷ്ടമായ വിധത്തിലല്ല സംവിധാനം ചെയ്തിരിക്കുന്നത്. അവിടത്തെ പദ്ധതി സുവ്യക്തമാണ്. ഇതു നാം മനസ്സിലാക്കിയില്ലെങ്കില്‍ കര്‍ത്തൃപ്രാര്‍ത്ഥനയിലെ മൂന്നാമത്തെ അപേക്ഷയുടെ പൊരുള്‍ നമുക്ക് അഗ്രാഹ്യമാകുന്ന അപകടമുണ്ടാകും.

അടിമകളുടെയല്ല, മക്കളുടെ പ്രാര്‍ത്ഥന

ആകയാല്‍ “അവിടത്തെ തിരുഹിതം നിറവേറട്ടെ” എന്നു നാം പറയുമ്പോള്‍ പാദസേവകരെപ്പോലെ, അല്ലെങ്കില്‍, അടിമകളെപ്പോലെ തല കുനിക്കാനല്ല നാം ആഹ്വാനം ചെയ്യപ്പെടുന്നത്. വാസ്തവത്തില്‍ “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്നത് അടിമകളുടെ അല്ല, പ്രത്യുത, മക്കളുടെ, തങ്ങളുടെ പിതാവിന്‍റെ ഹൃദയം അറിയുന്ന, അവിടത്തെ സ്നേഹ പദ്ധതിയെക്കുറിച്ച് ഉറച്ച ബോധ്യമുള്ള മക്കളുടെ, പ്രാര്‍ത്ഥനയാണ്. 

യേശുവിന്‍റെ അതേ സ്നേഹവികാരം നമ്മിലുണര്‍ത്തുന്ന പ്രാര്‍ത്ഥന

“സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാര്‍ത്ഥന പിതാവിന്‍റെ ഹിതത്തോട് യേശുവിനുണ്ടായിരുന്ന അതേ സ്നേഹം നമ്മില്‍ ജ്വലിപ്പിക്കുന്ന പ്രാര്‍ത്ഥനയാണ്, ലോകത്തെ സ്നേഹം കൊണ്ട് രൂപാന്തരപ്പെടുത്താന്‍ പ്രചോദനമേകുന്ന ഒരു നാളമാണ് അത്. നാം പ്രാര്‍ത്ഥിക്കുന്നുണ്ടെങ്കില്‍ നാം വിശ്വസിക്കുന്നു, തിന്മയെ നന്മയാല്‍ ജയിച്ചുകൊണ്ട് യാഥാര്‍ത്ഥ്യത്തെ രൂപാന്തരപ്പെടുത്താന്‍ ദൈവത്തിനു സാധിക്കുമെന്നും അവിടന്ന് അത് ആഗ്രിഹിക്കുന്നുണ്ടെന്നും. കഠിന പരീക്ഷണവേളയിലും ആ ദൈവത്തോടു വിധേയത്വം പുലര്‍ത്തുകയും അവിടത്തേക്കു പൂര്‍ണ്ണമായി സമര്‍പ്പിക്കുകയും ചെയ്യുന്നതിന് അര്‍ത്ഥമുണ്ട്.

ഗത്സേമന്‍ തോട്ടത്തില്‍ യേശുവിന് സംഭവിച്ചത് ഇതാണ്. കഠിന വേദനയനുഭവിച്ച അവിടന്ന് പ്രാര്‍ത്ഥിച്ചു: “പിതാവേ കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നു നീക്കണമേ! എന്നാല്‍ എന്‍റെ ഇഷ്ടമല്ല, നിന്‍റെ ഹിതം നിറവേറട്ടെ” (ലൂക്ക 22:42). ലോകത്തിന്‍റെ തിന്മകളാല്‍ ഞെരുക്കപ്പെട്ട യേശു, പിതാവിന്‍റെ തിരുമനസ്സിനോടുള്ള സ്നേഹത്തിന്‍റെ സാഗരസമാന വിശ്വാസത്തിന് സ്വയം പൂര്‍ണ്ണമായി സമര്‍പ്പിക്കുന്നു. നിണസാക്ഷികളും അവരുടെ പരീക്ഷണത്തില്‍ നേടുന്നത് മൃത്യുവല്ല, പ്രത്യുത മരണാനന്തര ഉത്ഥാനമാണ്.

നീതി സംലഭ്യമാക്കുന്ന ദൈവം

യേശു പറയുന്നു: ”രാവും പകലും തന്നെ വിളിച്ചു കരയുന്ന തന്‍റെ  തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കും ദൈവം നീതി നടത്തിക്കൊടുക്കുയില്ലേ? അവിടന്ന് അതിനു കാലവിളംബം വരുത്തുമോ?8 അവര്‍ക്കു വേഗം നീതി നടത്തിക്കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എങ്കിലും മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ? (ലൂക്ക: 18,7-8)  കര്‍ത്താവ് അപ്രകാരം നമ്മെ സ്നേഹിക്കുന്നു, അവിടന്ന് നമുക്കു നന്മ ഭവിക്കണമെന്ന് ആഗ്രഹിക്കുന്നു. “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാര്‍ത്ഥന ഇപ്പോള്‍ ഒരുമിച്ചു ചൊല്ലാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്. ഇറ്റാലിയന്‍ ഭാഷയില്‍ ഈ പ്രാര്‍ത്ഥന അറിയാത്തവര്‍ സ്വന്തം ഭാഷയില്‍ ചൊല്ലിയാല്‍ മതി.

ഈ ക്ഷണത്തെ തുടര്‍ന്നുള്ള കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ എല്ലാവരോടു നന്ദി പറഞ്ഞു. 

തദ്ദനന്തരം പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. 

ആഫ്രിക്കന്‍ നാടുകളായ മൊസ്സാംബിക്ക്, സിംബാവ്വേ, മലാവി എന്നിവിടങ്ങളില്‍ ഈ ദിനങ്ങളിലുണ്ടായ ചുഴലിക്കാറ്റും പേമാരിയും മൂലമുണ്ടായ ജലപ്രളയം അനേകരുടെ ജീവനപഹരിച്ചതും വന്‍ നാശനഷ്ടങ്ങള്‍ വിതച്ചതും പാപ്പാ അനുസ്മരിക്കുകയും തന്‍റെ  വേദനയും സാമീപ്യവും അറിയിക്കുകയും ചെയ്തു.

പൊതുദര്‍ശന പരിപാടിയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 March 2019, 12:56