ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ച അനുവദിക്കുന്നതിനെത്തുന്നു, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍, 27/03/2019 ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ച അനുവദിക്കുന്നതിനെത്തുന്നു, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍, 27/03/2019 

ആഹാരം സ്വകാര്യ സ്വത്തല്ല, പങ്കുവയ്ക്കപ്പെടേണ്ട ദൈവപരിപാലന!

“സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാര്‍ത്ഥനയില്‍ സമഷ്ടി സ്നേഹവും ഐക്യദാര്‍ഢ്യ ഭാവവും അടങ്ങിയിരിക്കുന്നു. എന്‍റെ വിശപ്പില്‍ ഞാന്‍ അനേകരുടെ വിശപ്പറിയുന്നു- ഫ്രാന്‍സീസ് പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

യൂറോപ്പില്‍ വസന്തം വിരിഞ്ഞെങ്കിലും റോമാനഗരത്തില്‍ പൊതുവെ താപനിലയില്‍ ഏറ്റക്കുറച്ചിലുകളും കുളിരും അനുഭവപ്പെടുന്ന  ഒരവസ്ഥയാണ് ഈ ദിനങ്ങളില്‍. ഈ അവസ്ഥയ്ക്ക് അപവാദമായിരുന്നില്ല ഈ ബുധനാഴ്ച (27/03/2019). മാരിക്കാറിനിടയിലൂടെ ആദിത്യകിരണങ്ങള്‍ ഇടയ്ക്കിടെ ഒളി പരത്തിയെന്നാലും പൊതുവെ ഒരു മൂ‍ടല്‍ അനുഭവപ്പെട്ടിരുന്നു. കാറ്റും വീശുന്നുണ്ടായിരുന്നു. ഇടയ്ക്ക് ചാറ്റല്‍ മഴയും ഉണ്ടായിരുന്നു. എങ്കിലും ബുധനാഴ്ചകളിലെ പതിവനുസരിച്ച് ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചയില്‍ മലയാളികളുമുള്‍പ്പടെ വിവിധരാജ്യക്കാരായിരുന്ന പതിനാറായിരത്തോളം പേര്‍ പങ്കുകൊണ്ടു. കൂടിക്കാഴ്ചാവേദി വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അതിവിശാലമായ ചത്വരമായിരുന്നു. തന്നെ ഏവര്‍ക്കും   കാണത്തക്കരീതിയില്‍ സജ്ജീകരിച്ചിട്ടുള്ള വെളുത്ത തുറന്ന വാഹനത്തില്‍ അങ്കണത്തിലേക്കു പ്രവേശിച്ച പാപ്പായെ ദര്‍ശിച്ച ജനസഞ്ചയം കരഘോഷത്തോടും ആരവങ്ങളോടുംകൂടെ സന്തോഷമറിയിച്ചു. ചത്വരത്തില്‍ എത്തിയ പാപ്പാ ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ജനങ്ങള്‍ക്കിടയിലൂടെ, വാഹനത്തില്‍ സാവധാനം നീങ്ങി. അംഗരക്ഷകര്‍ ഇടയ്ക്കിടെ തന്‍റെ പക്കലേക്ക് എടുത്തുകൊണ്ടുവന്ന പിഞ്ചു കുഞ്ഞുങ്ങളെ പാപ്പാ വാഹനം നിറുത്തി തൊട്ടുതലോടുകയും ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകയും ചെയ്യുന്നുണ്ടായിരുന്നു. ഒരു കുട്ടി സമ്മാനിച്ച പന്ത് പാപ്പാ സസന്തോഷം സ്വീകരിച്ചു. പ്രസംഗവേദിക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പാ നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 09.30 കഴിഞ്ഞപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിക്കു ശേഷം, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

സുവിശേഷം

“സായാഹ്നമായപ്പോള്‍  ശിഷ്യന്മാര്‍ അവനെ സമീച്ചു പറഞ്ഞു: ഇതൊരു വിജനസ്ഥാലമാണ്; നേരവും വൈകിയിരിക്കുന്നു. ഗ്രാമങ്ങളില്‍ പോയി തങ്ങള്‍ക്കു  ഭക്ഷണം വാങ്ങാന്‍ ഈ ജനക്കൂട്ടത്തെ പറഞ്ഞയക്കുക.16 എന്നാല്‍ യേശു പറഞ്ഞു:17 അവര്‍ പോകേണ്ടതില്ല; നിങ്ങള്‍ അവര്‍ക്കു ഭക്ഷണം കൊടുക്കുവിന്‍. അവര്‍ പറഞ്ഞു: അഞ്ചപ്പവും രണ്ടു മത്സ്യവും മാത്രമേ ഇവിട ഞങ്ങളുടെ പക്കലുള്ളൂ.18 അവിടന്നു പറഞ്ഞു: അത് എന്‍റെ അടുത്തു കൊണ്ടുവരുക.19 അവന്‍ ജനക്കൂട്ടത്തോടു പുല്‍ത്തകിടിയില്‍ ഇരിക്കാന്‍ കല്‍പിച്ചതിനു ശേഷം ആ അഞ്ചപ്പവും രണ്ടു മത്സ്യവും എടുത്ത് സ്വര്‍ഗ്ഗത്തിലേക്കു നോക്കി ആശീര്‍വദിച്ച്, അപ്പം മുറിച്ച്, ശിഷ്യന്മാരെ ഏല്‍പിച്ചു. അവര്‍ അതു ജനങ്ങള്‍ക്കു വിളമ്പി (മത്തായി 14:15-19)

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ “സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന കര്‍ത്തൃപ്രാര്‍ത്ഥനയെ അധികരിച്ചു നടത്തിപ്പോരുന്ന പ്രബോധനപരമ്പര തുടര്‍ന്നു. “അന്നന്നുവേണ്ടുന്ന ആഹാരം ഞങ്ങള്‍ക്കു നല്കണമേ”  എന്ന പ്രാര്‍ത്ഥനയായിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം :

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

“സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാര്‍ത്ഥനയുടെ രണ്ടാ ഭാഗമാണ് ഇന്ന് നാം വിശകലനം ചെയ്യുക. നാം നമ്മുടെ ആവശ്യങ്ങള്‍ ദൈവത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന ഭാഗമാണത്. ഓരോ ദിനത്തിലും പരിമളം പരത്തുന്ന “അപ്പം” എന്ന പദത്തോടുകൂടിയാണ് ഈ ഭാഗം തുടങ്ങുന്നത്.

സ്വയംപര്യാപ്തരല്ലാത്ത സൃഷ്ടികള്‍ നമ്മള്‍

ഒരു ഭിക്ഷുവിന്‍റെ അര്‍ത്ഥനയോടു  ഏറെ സമാനമായ, “അന്നന്നത്തെ ആഹാരം ഞങ്ങള്‍ക്കു നല്കണമേ”, എന്ന അപേക്ഷയോടെയാണ്, യേശുവിന്‍റെ പ്രാര്‍ത്ഥനയുടെ ഈ ഭാഗം ആരംഭിക്കുന്നത്. ഈ യാചനയുടെ തുടക്കം നാം സ്വയം പര്യാപ്തരല്ലാത്ത സൃഷ്ടികളാണെന്നും അനുദിനം നമുക്ക് ആഹാരം ആവശ്യമുണ്ടുന്നുമുള്ള, നാം പലപ്പോഴും മറന്നു പോകുന്നതും സുവ്യക്തവുമായ വസ്തുതയില്‍ നിന്നാണ്.

മാനവാസ്തിത്വം മുഴുവനും ഉള്‍ക്കൊള്ളുന്ന പ്രാര്‍ത്ഥന

അനേകര്‍ക്ക് യേശുവുമായുള്ള സമാഗമത്തിന്‍റെ സാക്ഷാത്ക്കാരം ഒരു ചോദ്യത്തില്‍ നിന്നു തുടങ്ങുന്നുവെന്ന് തിരുലിഖിതങ്ങള്‍ കാണിച്ചു തരുന്നു. സ്ഫുടം ചെയ്തവയല്ല യേശുവിന്‍റെ അര്‍ത്ഥനകള്‍, നേരെ മറിച്ച്, മാനവാസ്തിത്വം മുഴുവനും, അതിന്‍റെ   അനുദിന-സമൂര്‍ത്ത പ്രശ്നങ്ങളോടുകൂടി പ്രാര്‍ത്ഥനയായിത്തീരുന്നു. വിമോചനത്തിനായും രക്ഷയ്ക്കായും യാചിക്കുന്ന അപേക്ഷകവൃന്ദത്തെ സുവിശേഷങ്ങളില്‍ നാം കാണുന്നു. അവരില്‍, ഭക്ഷണത്തിനായി യാചിക്കുന്നവരുണ്ട്, രോഗസൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുന്നവരുണ്ട്, ശുദ്ധീകരണത്തിനും കാഴ്ച ലഭിക്കുന്നതിനും, പ്രിയപ്പെട്ട വ്യക്തിയുടെ ജീവനും വേണ്ടി പ്രാര്‍ത്ഥിക്കുന്നവരുമുണ്ട്. ഈ യാചനകള്‍ക്കും  വേദനകള്‍ക്കും മുന്നില്‍ യേശു ഒരിക്കലും നിസ്സംഗതയോടെ കടന്നുപോകുന്നില്ല.

"അപ്പം" എ​ന്ന പദത്തിന്‍റെ വിവക്ഷ കര്‍ത്തൃപ്രാര്‍ത്ഥനയില്‍

ആകയാല്‍, പിതാവിനോട് അന്നന്നത്തെ ആഹാരത്തിനായി പ്രാര്‍ത്ഥിക്കാന്‍ യേശു നമ്മെ പഠിപ്പിക്കുന്നു. ഈ പ്രാര്‍ത്ഥന, നിരവധിയായ സ്ത്രീപുരുഷന്മാരോടൊന്നുചേര്‍ന്നു  ചൊല്ലാന്‍ അവിടന്നു നമ്മെ പഠിപ്പിക്കുന്നു. ഇവര്‍ക്ക് ഈ അപേക്ഷ, ഓരോ ദിവസത്തെയും ആകുലതകളോടെ ഉള്ളില്‍ ഒതുക്കിയ ഒരു രോദനമാണ്. തങ്ങളുടെ മക്കള്‍ക്ക് നാളെയ്ക്കാവശ്യമായ ആഹാരം ഇല്ലാത്തതിനാലുള്ള വ്യഥയോടെ ഉറങ്ങാന്‍ പോകേണ്ടി വരുന്ന മാതാപിതാക്കള്‍ ഇന്നും എത്രയേറെയാണ്?..... ഈ പ്രാര്‍ത്ഥനയിലെ “അപ്പം” എന്ന പദം ജലം, മരുന്ന്, പാര്‍പ്പിടം, തൊഴില്‍ തുടങ്ങിയവയെ ദ്യോതിപ്പിക്കുന്നു. ജീവിക്കുന്നതിന് ആവശ്യമായവയ്ക്കായി പ്രാര്‍ത്ഥിക്കുക.

പരസ്നേഹോന്മുഖ പ്രാര്‍ത്ഥന

ഈ പ്രാര്‍ത്ഥനയില്‍ ക്രൈസ്തവന്‍ ആവശ്യപ്പെടുന്നത് “എനിക്കുള്ള അപ്പം” എന്നല്ല എന്നത് ശ്രദ്ധിക്കുക. ഞങ്ങള്‍ക്കു വേണ്ട അപ്പത്തിനു വേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത്. യേശു ആഗ്രഹിക്കുന്നതും അതാണ്. അവനവനുവേണ്ടിയല്ല ലോകത്തിലെ സഹോദരങ്ങള്‍ക്കേവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാനാണ് യേശു പഠിപ്പിക്കുന്നത്. “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാര്‍ത്ഥന ഇപ്രകാരം പ്രാര്‍ത്ഥിച്ചില്ലെങ്കില്‍ അത് ക്രിസ്തീയ പ്രാര്‍ത്ഥനയാകില്ല. “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാര്‍ത്ഥനയില്‍ സമഷ്ടി സ്നേഹവും ഐക്യദാര്‍ഢ്യ ഭാവവും അടങ്ങിയിരിക്കുന്നു. എന്‍റെ വിശപ്പില്‍ ഞാന്‍ അനേകരുടെ വിശപ്പറിയുന്നു.

വിശപ്പനുഭവിക്കുന്ന പൈതങ്ങള്‍

പട്ടിണിയനുഭവിക്കുന്ന കുഞ്ഞുങ്ങളെ ഇത്തരുണത്തില്‍ ഒരു നിമിഷം ഓര്‍ക്കുന്നത് ഉചിതമാണ്. യുദ്ധവേദികളായ യെമെനിലും സിറിയയിലും ദക്ഷിണ സുഡാനിലും മറ്റനേകം നാടുകളിലും പട്ടിണിയനുഭവിക്കുന്ന കുഞ്ഞുങ്ങളെ നമുക്കോര്‍ക്കാം. അവരെ അനുസ്മരിച്ചുകൊണ്ട് നമുക്കു പ്രാര്‍ത്ഥിക്കാം “അന്നന്നുവേണ്ടുന്ന ആഹാരം ഇന്നും ഞങ്ങള്‍ക്കു നല്കണമേ"

പങ്കുവയ്ക്കപ്പെടേണ്ട അപ്പം

ഈ പ്രാര്‍ത്ഥനയില്‍ നാം ഇന്നു കര്‍ത്താവിനോടു യാചിക്കുന്ന അപ്പം തന്നെ നമ്മെ ഒരിക്കല്‍ കുറ്റപ്പെടുത്തും. നമ്മുടെ ചാരത്തുള്ളവരുമൊത്ത് ആ അപ്പം മുറിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന ശീലം ഇല്ലാത്തതിനാല്‍ നമ്മെ ശകാരിക്കും. നരകുലത്തിനു മുഴുവനുമായി നല്കപ്പെടുന്ന അപ്പം ഏതാനും പേര്‍ ഭക്ഷിക്കുന്നു. സ്നേഹത്തിന് ഇത് സഹിക്കാനാകില്ല. അപ്പം പങ്കുവയ്ക്കാത്തതായ ഈ സ്വാര്‍ത്ഥതയെ നമ്മുടെ സ്നേഹത്തിനും ദൈവത്തിന്‍റെ സ്നേഹത്തിനും സഹിക്കാനാകില്ല.

സുവിശേഷത്തിലെ ബാലന്‍റെ ഉദാരത

ഒരിക്കല്‍ യേശുവിന്‍റെ മുന്നില്‍ വലിയൊരു ജനക്കൂട്ടം. വിശന്നിരിക്കുകയായിരുന്നു ആ ജനം. ആരുടെയെങ്കിലും പക്കല്‍ എന്തെങ്കിലുമുണ്ടോ എന്നു യേശു ചോദിക്കുന്നു. തന്‍റെ  കൈയ്യിലുള്ളതു പങ്കുവയ്ക്കാന്‍ സന്നദ്ധനായ ഒരു ബാലന്‍. അവന്‍റെ കൈയ്യില്‍ അഞ്ച് അപ്പവും രണ്ടു മീനും. ആ ബാലന്‍റെ ഉദാരതയെ യേശു വര്‍ദ്ധിപ്പിച്ചു. സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയുടെ പൊരുള്‍ ആ ബാലന്‍ മനസ്സിലായി. അതായത്, ആഹാരം സ്വകാര്യ സ്വത്തല്ല. അത് ദൈവ കൃപയാല്‍ പങ്കുവയ്ക്കാനുള്ള പരിപാലനയാണ് എന്ന്. ഇത് നമ്മുടെ തലയില്‍ സദാ ഉണ്ടായിരിക്കണം.

പങ്കുവയ്ക്കല്‍ എന്ന അത്ഭുതം

അന്ന് യേശു പ്രവര്‍ത്തിച്ച യഥാര്‍ത്ഥ അത്ഭുതം, അപ്പം വര്‍ദ്ധിപ്പിച്ചു എന്നതിലുപരി, പങ്കുവയ്ക്കലാണ്. നിങ്ങള്‍ക്കുള്ളത് എനിക്കു തരിക, ഞാന്‍ അത്ഭുതം തീര്‍ക്കാം. നല്കപ്പെട്ട അപ്പം വര്‍ദ്ധിപ്പിച്ചുകൊണ്ട് യേശു ദിവ്യകാരുണ്യ അപ്പത്തില്‍ തന്നെത്തന്നെ നല്കുന്നത് മുന്‍കൂട്ടി സൂചിപ്പിക്കുകയായിരുന്നു. അന്നന്നുവേണ്ടുന്ന ആഹാരത്തിനായുള്ള അന്വേഷണത്തിലും ഓരോ മനുഷ്യനെയും നയിക്കുന്ന അപരിമേയനായുള്ള വിശപ്പും ദൈവാഭിവാഞ്ഛയും തൃപ്തിപ്പെടുത്തുന്നതിന്, വാസ്തവത്തില്‍, ദിവ്യകാരുണ്യത്തിനു മാത്രമെ സാധിക്കുകയുള്ളു. നന്ദി.   

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. 

"24 മണിക്കൂര്‍ കര്‍ത്താവിന്"

നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി "24 മണിക്കൂര്‍ കര്‍ത്താവിന്" എന്ന പേരില്‍ ദിവ്യകാരുണ്യാരാധനയും കുമ്പസാരിപ്പിക്കലും ഉള്‍പ്പെടുത്തി നടത്തിപ്പോരുന്ന നോമ്പുകാല ഭക്താനുഷ്ഠാനത്തിന്‍റെ ഭാഗമായി ഈ വെള്ളിയാഴ്ച (29/03/2019) വൈകുന്നേരം പ്രാദേശികസമയം 5 മണിക്ക് താന്‍ വത്തിക്കാനില്‍ അനുതാപശുശ്രൂഷ നയിക്കുമെന്ന് പാപ്പാ അറിയിക്കുകയും  അന്നേദിവസം ദേവാലയങ്ങള്‍ പാപസങ്കീര്‍ത്തന കൂദാശയ്ക്കായി ദീര്‍ഘനേരം തുറന്നിടുക സാരസാന്ദ്രമായിരിക്കുമെന്ന് പ്രസ്താവിക്കുകയും ചെയ്തു.

 

പൊതുദര്‍ശന പരിപാടിയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 March 2019, 12:57