BELGIUM EU DEATH PENALTY HIGH LEVEL CONFERENCE - 7th World Congress BELGIUM EU DEATH PENALTY HIGH LEVEL CONFERENCE - 7th World Congress 

“നീതിയുടെ നിഷേധമാണ് വധശിക്ഷ” - പാപ്പാ ഫ്രാന്‍സിസ്

വധശിക്ഷയ്ക്ക് എതിരായ പാപ്പാ ഫ്രാന്‍സിസിന്‍റെ നിലപാടുകള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

വധശിക്ഷയ്ക്ക് എതിരായ ആഗോളസംഗമം
വധശിക്ഷയ്ക്ക് എതിരായി ബെല്‍ജിയത്തിന്‍റെ തലസ്ഥാനമായ  ബ്രസ്സല്‍സ്സില്‍ ചേര്‍ന്ന ഏഴാമത് ആഗോള സംഗമത്തിന് അയച്ച വീഡിയോ സന്ദേശത്തിലാണ്  പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ പ്രസ്താവിച്ചത്. ബ്രസ്സല്‍സില്‍ ഫെബ്രുവരി 26-മുതല്‍ മാര്‍ച്ച് 1-വരെയാണ് സംഗമം നടക്കുന്നത്.  സമ്മേളനത്തിന്‍റെ സംഘാടകരായ യൂറോപ്പിലെ ക്രൈസ്തവ രാഷ്ട്രീയ പ്രസ്ഥാനത്തിന് (European Christian Political Movement)-ന് തന്‍റെ തുറന്ന അഭിപ്രായവുമായി 27-Ɔο തിയതി ബുധനാഴ്ചയാണ് വത്തിക്കാനില്‍നിന്നും പാപ്പാ ഫ്രാന്‍സിസ് സന്ദേശം അയച്ചത്.

പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം :
വധശിക്ഷയ്ക്ക് എതിരായി ലോകത്തിന്ന് വളര്‍ന്നുവന്നിട്ടുള്ള ശക്തമായ പൊതുഅഭിപ്രായവും എതിര്‍പ്പും, ഈ മേഖലയില്‍ പ്രത്യാശയുടെ പ്രതീകവും, ഒപ്പം ന്യായമായ സാമൂഹ്യ പ്രതിഷേധവുമാണ്. അതിലൊന്നായ യൂറോപ്പിലെ ക്രൈസ്തവ രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ ഈ മേഖലയിലെ നിലപാടുകളെ ശ്ലാഘിക്കുന്നതായി പാപ്പാ ആമുഖമായി സന്ദേശത്തില്‍ പ്രസ്താവിച്ചു.

വധശിക്ഷയുടെ അസ്വീകാര്യത
കുറ്റകൃത്യങ്ങള്‍ എത്ര കഠിനമായിരുന്നാലും വധശിക്ഷ അസ്വീകാര്യമാണ്. കാരണം ജീവന്‍റെ അനതിക്രമണീയതയ്ക്കും (inviolability) മനുഷ്യാന്തസ്സിനും വിരുദ്ധമായ തിന്മയാണ് വധശിക്ഷ. വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ദൈവം നല്കുന്ന അവിടുത്തെ കരുണാര്‍ദ്രമായ നീതിയുടെ നിഷേധവുമാണിത്. മാത്രമല്ല, വ്യക്തിയെ നന്നാക്കിയെടുക്കുക എന്ന ശിക്ഷയുടെ ന്യായമായ ലക്ഷ്യത്തോട് യോജിപ്പില്ലാത്ത ശിക്ഷാക്രമവുമാണിത്. കുറ്റവാളികള്‍ക്ക് നീതി നടപ്പാക്കി കൊടുക്കുന്നില്ലെന്നു മാത്രമല്ല, അത് അവരില്‍ പ്രതിഷേധവും വൈരാഗ്യവും വളര്‍ത്തുന്നു. അനാദിമുതലുള്ള ‘കൊല്ലരുത്’ എന്ന ദൈവകല്പനയ്ക്ക് പരമമായ മൂല്യമാണുള്ളത്. അത് നിര്‍ദ്ദോഷികള്‍ക്കും കുറ്റവാളികള്‍ക്കും ഒരുപോലെ ബാധകവുമാണ്.

ജീവന്‍റെ അനതിക്രമണീയത
ദൈവം നല്കിയ ജീവന്‍ പരിരക്ഷിക്കപ്പെടണമെന്നും, അത് ജീവിക്കുവാനുള്ള അവകാശം മാനിക്കപ്പെടണമെന്നും, ജീവന്‍റെ അനതിക്രമണീയത കുറ്റവാളികളെ സംബന്ധിച്ചും മാനിക്കപ്പെടേണ്ടതാണ് എന്നുമുള്ള സത്യം മറന്നുപോകരുത്. വധശിക്ഷ ഇല്ലായ്മചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്ന സകലരെയും പ്രോത്സാഹിപ്പിക്കുക മാത്രമല്ല, നമ്മുടെ ജയിലുകളുടെ അവസ്ഥ മെച്ചപ്പെടുത്തണമെന്നും, ബന്ധനത്തില്‍ കഴിയുന്നവരുടെയും മനുഷ്യാന്തസ്സ് മാനിക്കപ്പെടുന്ന തരത്തിലായിരിക്കണം അവയെന്നുമുള്ള ചിന്ത പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ചു.

നീതിനടപ്പാക്കാന്‍ കൊലചെയ്യുന്നത് നീതിയല്ല!
നീതി നടപ്പാക്കുക എന്നാല്‍ ശിക്ഷിക്കപ്പെടുക എന്നര്‍ത്ഥമില്ല. കുറ്റവാളിയെ തിരുത്തുകയും പുനരധിവസിപ്പിക്കുകയും ചെയ്യുക എന്നുകൂടിയുള്ള ക്രിയാത്മകമായ നിലപാട് ശിക്ഷകൊണ്ട് ഓരോ രാജ്യത്തെയും ന്യായപീഠം ലക്ഷ്യംവയ്ക്കേണ്ടതാണ്. സമൂഹത്തില്‍ കുറ്റവാളികളെ പുനരധിവസിപ്പിക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ നിലവിലുള്ള സാമൂഹ്യ ശിക്ഷാ-നീതിയുടെ വളരെ വിസ്തൃതമായ ചട്ടക്കൂട്ടില്‍ കൈകാര്യംചെയ്യേണ്ടതാണ്. ഓരോ കുറ്റത്തിനും ശിക്ഷയ്ക്കും പിന്നില്‍ പ്രത്യാശയുടെ കിരണം വിരിയിക്കപ്പെടേണ്ടതാണ്! ശിക്ഷിക്കാന്‍വേണ്ടിയുള്ള ശിക്ഷയും, പ്രത്യാശയില്ലാത്ത ശിക്ഷാക്രമവും ശിക്ഷയല്ല, പീഡനമാണ്. അതിനാല്‍ വധശിക്ഷയ്ക്ക് എതിരായ യൂറോപ്പിലെ ക്രൈസ്തവ രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ കൂട്ടായ പരിശ്രമം ഇനിയും ഒരുമയോടെ തുടരണമെന്ന് പാപ്പാ ആഹ്വാനംചെയ്തു. പ്രാര്‍ത്ഥനയോടെ  പിന്‍തുണ നേര്‍ന്നുകൊണ്ടാണ് സന്ദേശം ഉപസംഹരിച്ചത്.

ജീവനെ മാനിക്കുന്ന രാഷ്ട്രീയ സഖ്യങ്ങള്‍
യൂറോപ്പിലെ ക്രൈസ്തവ രാഷ്ട്രീയ പ്രസ്ഥാനം (European Christian Political Movement) ഒരു രാഷ്ട്രീയ സംഘടനയാണ്. ക്രൈസ്തവ ജനാധിപത്യ പാര്‍ട്ടികളുടെയും, സോഷ്യലിസ്റ്റു പാര്‍ട്ടികളുടെയും, ജീവനെ മാനിക്കുന്ന മറ്റു സന്നദ്ധ സംഘടനകളുടെയും കൂട്ടായ്മയാണിത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 March 2019, 11:24