Lenten retreat in St. Paul Center Ariccia Lenten retreat in St. Paul Center Ariccia 

“മയമുള്ള ജീവിതം” സഭാജീവിതത്തിന് അഭികാമ്യം

പാപ്പാ ഫ്രാന്‍സിസിന്‍റെയും റോമന്‍ കൂരിയയുടെയും ധ്യാനം മൂന്നാംദിവസം - സായാഹ്നപ്രഭാഷണം

- ഫാദര്‍ വില്യം നെല്ലിക്കല്‍

അരീച്യയിലെ ധ്യാനകേന്ദ്രത്തില്‍നിന്ന്
തപസ്സുകാല ധ്യാനത്തിലായിരിക്കുന്ന പാപ്പാ ഫ്രാന്‍സിസിനും, വത്തിക്കാനിലെ വിവിധ വകുപ്പുകളിലെ കര്‍ദ്ദിനാളന്മാര്‍ക്കും മെത്രാന്മാര്‍ക്കും, മറ്റു സഹപ്രവര്‍ത്തകര്‍ക്കും ചൊവ്വാഴ്ച, മാര്‍ച്ച് 12-Ɔο തിയതി ഉച്ചതിരി‍ഞ്ഞു നല്കിയ ധ്യാനപ്രഭാഷണത്തിലാണ് ദൈവിക നന്മകള്‍ക്ക് നന്ദിയുള്ളവരായി ജീവിക്കണമെന്ന ആശയം പങ്കുവയ്ക്കപ്പെട്ടത്.

‘ഇന്നില്‍മാത്രം’  ജീവിക്കുന്നവര്‍
നന്മകളുടെ ഓര്‍മ്മയും പ്രത്യാശവും, ഭൂതകാലത്തെക്കുറിച്ചുള്ള ഓര്‍മ്മയും ഭാവിയെക്കുറിച്ചുള്ള പ്രത്യാശയും ഇല്ലാതെ ജീവിക്കുന്നത് ഇക്കാലഘട്ടത്തിലെ മനുഷ്യരുടെ പ്രത്യേകതയായിട്ടുണ്ടെന്നത് ശാസ്ത്രീയമായ നിഗമനമാണ് (Marc Auge). ഭൂതകാലത്തെ നിഷേധിച്ചും, ഭാവിയെക്കുറിച്ചുള്ള കരുതലോ, കൂസലോ ഇല്ലാതെയും - ഞാനും എന്‍റെ സൗകര്യങ്ങളും, വിജയവും നേട്ടവും എന്നും വേണമെന്നു ശഠിച്ചു ജീവിക്കുന്ന ശൈലി ഇന്നിന്‍റെ പ്രത്യയശാസ്ത്രമായി മാറിയിട്ടുണ്ട് (Contemporary ideology). വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും ഇപ്രകാരമുള്ള ‘ആധിപത്യപരമായ വീക്ഷണം’  (hegemonic) ഭൂമിയില്‍ മനുഷ്യജീവിതത്തിന്‍റെ മേന്മയെ ശോഷിപ്പിക്കുകയാണെന്നത്, നിരീശ്വരവാദിയാണെങ്കിലും മഹാനും സമകാലികനുമായ എഴുത്തുകാരന്‍, മാര്‍ക്ക് ഔഗെയുടെ നിരീക്ഷണമാണിത്.  ഇത് കെട്ടുറപ്പില്ലാത്ത ഒരു വര്‍ത്തമാനകാലത്തിന്‍റെ ദാരുണമായ അവസ്ഥയും, സമകാലീന മനുഷ്യന്‍റെ രോഗാവസ്ഥയുമാണ് (Pathology of Contemporary man).

മോശയുടെ കീര്‍ത്തനത്തിലെ നന്ദിപ്രകരണം 
ദൈവിക നന്മകള്‍ക്കും, അവിടുത്തെ രക്ഷണീയ പദ്ധതികള്‍ക്കും ചരിത്രത്തില്‍ ദൈവത്തിന്‍റെ മഹത്ചെയ്തികള്‍ക്കും നന്ദിയുള്ളവരായി സഭാശുശ്രൂഷകര്‍ ജീവിക്കുകയും വളരുകയും വേണമെന്ന് ആബട്ട് ജ്യാനി തന്‍റെ ധ്യാനപ്രസംഗത്തില്‍ ഉദ്ബോധിപ്പിച്ചു. ഈജിപ്തില്‍നിന്നുള്ള വിമോചനത്തിന്‍റെയും പുറപ്പാടിന്‍റെയും കാലഘട്ടത്തില്‍ ഇസ്രായേല്‍ ജനത്തിന് ദൈവം നല്കിയ നന്മകള്‍, എണ്ണിയെണ്ണിപ്പറയുന്ന നിയമാവര്‍ത്തനപ്പുസ്തകത്തില്‍ “മോശയുടെ കീര്‍ത്തനം” (Canticle of Moses) ആധാരമാക്കി എടുത്തുകൊണ്ടാണ് ബെനഡിക്ടൈന്‍ സന്ന്യാസ സഭാശ്രേഷ്ഠനായ ഫാദര്‍ ബെര്‍ണാര്‍ദോ ജ്യാന്നി തന്‍റെ പ്രഭാഷണം വികസിപ്പിച്ചത്  (നിയമ. 32, 1-42).   

എളിമയുള്ള അനുസരണവും ലഭ്യതയും
എളിമയുള്ള അനുസരണവും, സഭാദൗത്യത്തില്‍ പൂര്‍ണ്ണമായും പങ്കുചേരത്തക്ക വിധത്തിലുള്ള  ലഭ്യതയും നന്ദിയുള്ള  ജീവിതശൈലിക്ക്  അനിവാര്യമാണ്.  സഭാശുശ്രൂഷകരോട് സുവിശേഷം ആവശ്യപ്പെടുന്ന ജീവിതസമര്‍പ്പണത്തില്‍ പരിശുദ്ധാത്മാവിന്‍റെ കൃപയും വെളിച്ചവും വര്‍ഷിക്കപ്പെടണമെങ്കില്‍ “മയമുള്ള”  (malleable), അല്ലെങ്കില്‍ ഒതുക്കമുള്ള ജീവിതശൈലി, സഭാശുശ്രൂഷകര്‍ക്കും  ക്രൈസ്തവര്‍ക്കും ആവശ്യമാണെന്ന് ആബട്ട് ബെര്‍ണാര്‍ദോ ജ്യാന്നി ഉദ്ബോധിപ്പിച്ചു.

*പാപ്പാ ഫ്രാന്‍സിസ് തന്‍റെയും സഹപ്രവര്‍ത്തകരുടെയും വാര്‍ഷികധ്യാനത്തിനു ഈ വര്‍ഷം ക്ഷണിച്ചത് ഇറ്റലിയില്‍ ഫ്ലോറന്‍സിലുള്ള സാന്‍ മിനിയാത്തോ അല്‍ മോന്തോ ബെനഡിക്ടൈന്‍ സന്ന്യാസ സമൂഹത്തിന്‍റെ ആശ്രമാധിപനെയാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 March 2019, 09:30