St. Peter's Cathedral in Rabat St. Peter's Cathedral in Rabat 

മൊറോക്കോയില്‍ പാപ്പാ സമൂഹബലിയര്‍പ്പിക്കും

റബാത്ത് നഗരമദ്ധ്യത്തില്‍ മൂളെ അബ്ദുള്ള രാജാവിന്‍റെ പേരിലുള്ള സ്റ്റേഡിയത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ദിവ്യബലി അര്‍പ്പിക്കുന്നത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

മൊറോക്കോ അപ്പസ്തോലിക യാത്ര – മാര്‍ച്ച് 30, 31 ശനി ഞായര്‍ ദിവസങ്ങളില്‍. രണ്ടു ദിവസത്തെ സന്ദര്‍ശന പരിപാടിയുടെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി :

ആദ്യദിനം, മാര്‍ച്ച് 30 ശനിയാഴ്ച
പ്രാദേശിക സമയം മദ്ധ്യാഹ്നം 12-മണിക്ക് തലസ്ഥാനഗരമായ റബാത്തില്‍ വിമാനമിറങ്ങുന്ന പാപ്പാ, രാഷ്ട്രത്തിന്‍റെ വിശിഷ്ട അതിഥിയായി ഔദ്യോഗിക സ്വീകരണച്ചടങ്ങുകളില്‍ പങ്കെടുക്കും.
റബാത്തിലെ രാജകൊട്ടാരത്തില്‍വച്ച് ഭരണകര്‍ത്താവ് മുഹമ്മദ് ആറാമന്‍ രാജാവുമായുള്ള സ്വകാര്യകൂടിക്കാഴ്ച, കൊട്ടാര വളപ്പിലെ കോട്ടമൈതാനിയില്‍വച്ചുള്ള ഔദ്യോഗിക സ്വീകരണച്ചടങ്ങ്, ഭരണകര്‍ത്താക്കളും ജനപ്രതിനിധികളും നയതന്ത്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയും പ്രഭാഷണവും, തുടര്‍ന്ന് റബാത്തിലെ കാരിത്താസ് കേന്ദ്രത്തില്‍വച്ച് കുടിയേറ്റക്കാരുമായുള്ള കൂടിക്കാഴ്ചയും പ്രഭാഷണവും എന്നിവയാണ് ആദ്യദിനത്തിലെ ഉച്ചതിരിഞ്ഞുള്ള പരിപാടികള്‍.

രണ്ടാമത്തെയും സന്ദര്‍ശനത്തിന്‍റെ അവസാനദിനവുമായ മാര്‍ച്ച് 31, ഞായറാഴ്ച ശ്രദ്ധേയമാകുന്നത് മൊറോക്കോയിലെ ന്യൂനപക്ഷമായ ക്രൈസ്തവരുമായുള്ള പരിപാടികളിലാണ്. തെമറായിലെ ഭദ്രാസനദേവാലയത്തില്‍വച്ച് രാവിലെ വൈദികരും സന്ന്യസ്തരും, സഭൈയ്ക്യ പ്രതിനിധികളുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തി സന്ദേശം നല്കും.
ഉച്ചതിരിഞ്ഞ്, മൊറോക്കോയിലെ വിശ്വാസികള്‍ക്കൊപ്പമുള്ള സമൂഹബലിയര്‍പ്പണത്തോടെയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ 28-‍മത് അപ്പസ്തോലിക സന്ദര്‍ശനം പരിസമാപ്തിയില്‍ എത്തുന്നത്. റബാത്ത് നഗരമദ്ധ്യത്തില്‍ മൂളേ അബ്ദുള്ള രാജാവിന്‍റെ നാമത്തിലുളള സ്പോര്‍ട്ട്സ് സ്റ്റേഡിയമാണ് താല്ക്കാലിക ബലിവേദി.

ഏറെ ലളിതമായ ഈ അപ്പോസ്തോലിക യാത്രയില്‍, “പ്രത്യാശയുടെ ദാസ”നായിട്ടാണ് (Servant of Hope) ഇസ്ലാമിക സാമ്രാജ്യമായ മൊറോക്കോ പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുന്നത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 March 2019, 19:40